Tuesday, March 22, 2011

ക്രിസ്ത്യന്‍ ബ്രദേഴ്സ്‌ (Christian Brothers)കഥ, തിരക്കഥ, സംഭാഷണം: ഉദയകൃഷ്ണ, സിബി കെ തോമസ്‌
സംവിധാനം: ജോഷി
നിര്‍മ്മാണം: എ.വി. അനൂപ്‌, മഹാ സുബൈര്‍


ഒരു തമ്പികുടുംബത്തിലൂടെ ഈ ചിത്രം തുടങ്ങുന്നു. അച്ഛന്‍ തമ്പിയും (വിജയരാഘവന്‍) മക്കള്‍ തമ്പിമാരും (3 പേര്‍, അതില്‍ ഒരാള്‍ ഐ.പി.എസ്‌. ബിജുമേനോന്‍) ഏക്കറുകണക്കിന്‌ സ്ഥലം കൈവശം വച്ചിരുന്നത്‌ രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നു. അതിനുള്ള ശ്രമത്തിലൂടെ കഥയെ കൊണ്ട്‌ കെട്ടുന്നത്‌ അച്ഛന്‍ മാപ്പിളയും (ക്യാപ്റ്റന്‍ വര്‍ഗീസ്‌ മാപ്പിള - സായ്‌ കുമാര്‍) രണ്ട്‌ മക്കള്‍ മാപ്പിളകളും (മോഹന്‍ ലാല്‍, ദിലീപ്‌) രണ്ട്‌ പെണ്‍ മക്കളുമുള്ള കുടുംബത്തിന്റെ അതിര്‍ത്തിയിലേയ്ക്ക്‌. അതായത്‌, ഈ സ്ഥലം രജിസ്റ്റര്‍ ചെയ്യിക്കാനുള്ള സ്വാധീനശ്രമങ്ങള്‍ ചെന്നെത്തുന്നത്‌ വില്ലേജ്‌ ഓഫീസറായ അച്ഛന്‍ മാപ്പിളയുടെ അനിയന്റെ (ജഗതി ശ്രീകുമാര്‍) അടുത്താണ്‌. നീതിമാനായ അദ്ദേഹം അത്‌ പള്ളിവക സ്ഥലമാണെന്ന് പഴയ പട്ടയങ്ങള്‍ പരിശോധിച്ച്‌ കണ്ടെത്തി അത്‌ ചേട്ടന്റെ കയ്യില്‍ ഭദ്രമായി സൂക്ഷിക്കാന്‍ ഏല്‍പിച്ച്‌ പോകുന്ന വഴിക്ക്‌ തമ്പികുടുംബത്തിന്റെ കയ്യില്‍ അകപ്പെടുന്നു. ബാക്കിയീല്ലാം പിന്നെ ഊഹിക്കാമല്ലോ..

ഈ മാപ്പിള കുടുംബത്തിലെ മൂത്തമകന്‍ ക്രിസ്റ്റി (മോഹന്‍ലാല്‍) ഇപ്പോള്‍ മുംബെ അധോലോകവുമായി ബന്ധപ്പെട്ട്‌ എന്തൊക്കെയോ വലിയ സംഭവമാണത്രേ. പോലീസിന്റെ ഇന്‍ഫൊര്‍മര്‍, മീഡിയേറ്റര്‍, കേന്ദ്രത്തിലും അതിന്റെ മുകളിലും വരെ പിടിപാടുള്ള വലിയ സംഭവം എന്നൊക്കെ പറയുന്നുണ്ടെന്നത്‌ വച്ച്‌ എന്താണെന്ന് മനസ്സിലാക്കിക്കൊള്ളണം.

ഇളയ മകന്‍ ജോജി (ദിലീപ്‌) അച്ചന്‍ പട്ടത്തിനായി ഇറ്റലിയില്‍ പഠിക്കാന്‍ പോയിട്ട്‌ ഇപ്പോള്‍ പട്ടം ഊരി വച്ച്‌ ഏതോ പെണ്ണിന്റെ പിന്നാലെ കൂടിയിട്ടുണ്ടത്രേ. പാവം, ഇറ്റലിയില്‍ പോകേണ്ടിവന്നു കേരളത്തിന്റെ ആഭ്യന്തരമന്ത്രിയുടെ മകളില്‍ (മീനാക്ഷി - കാവ്യാമാധവന്‍) അനുരക്തനാവാന്‍... അതും ഒരൊറ്റ പാട്ടുകൊണ്ട്‌ പെണ്‍കുട്ടി ക്ലീന്‍ ആയി കയ്യിലായി, അതും ഇന്റര്‍കാസ്റ്റ്‌... (നാട്ടില്‍ ഇല്ലാത്ത ഏത്‌ വിചിത്രമായ കോഴ്സ്‌ പഠിക്കാനാണ്‌ ഈ പെണ്‍കുട്ടി ഇറ്റലിയില്‍ പോയതെന്ന് ആലോചിച്ച്‌ വിഷമിക്കേണ്ട... അത്‌ പറയില്ല). അവിടെ, പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിവരമറിഞ്ഞ്‌ നാട്ടില്‍ അറിയിച്ച്‌ അച്ഛന്‌ സുഖമില്ലെന്ന് പറഞ്ഞ്‌ പെണ്‍കുട്ടിയെ നാട്ടിലെത്തിക്കുന്നു. ജോജിയെ ഇറ്റലിയിലിട്ട്‌ നാലഞ്ച്‌ ഇറ്റലിക്കാരെക്കൊണ്ട്‌ തല്ലിച്ച്‌ പാസ്പോര്‍ട്ട്‌ കത്തിച്ചുകളയുന്നു. പെണ്‍കുട്ടി കൊച്ചിയില്‍ വിമാനമിറങ്ങി വീട്ടില്‍ പോകുന്ന വഴി തട്ടിക്കൊണ്ട്‌ പോകപ്പെടുന്നു. തട്ടിക്കൊണ്ട്‌ പോയവര്‍ ഒരു കോടി രൂപ ആവശ്യപ്പെടുന്നു. (എന്റെ ഈശ്വരാ..... ഈ തട്ടിക്കൊണ്ട്‌ പോയി കാശ്‌ ചോദിക്കുന്ന സമ്പ്രദായം നിര്‍ത്താറായില്ലേ? എന്ന് തോന്നുന്നുണ്ടല്ലേ... പ്രേക്ഷകന്‌ അങ്ങനെ പലതും തോന്നും... ഒരു കഥയുണ്ടാക്കി സിനിമയാക്കുന്നതിന്റെ ബുദ്ധിമുട്ട്‌ അത്‌ ചെയ്യുന്നവര്‍ക്ക്‌ മാത്രമേ അറിയൂ). സത്യസന്ധനായ ആഭ്യന്തരമന്ത്രി (ദേവന്‍) കാശില്ലാതെ വിഷമിക്കുമ്പോള്‍ തമ്പി കുടുംബം കാശ്‌ കൊടുക്കുന്നു (അതും മൂന്ന് കോടി... ഒരു കോടി തട്ടിക്കൊണ്ട്‌ പോയവര്‍ക്ക്‌ കൊടുക്കാന്‍, ബാക്കി ടിപ്സ്‌)., പോലീസിനെ ഇടപെടീച്ചാല്‍ പ്രശ്നമാണെന്ന് ഹോം സെക്രട്ടറി ഉപദേശിച്ച്‌ അദ്ദേഹം പണ്ട്‌ ഡെല്‍ ഹിയില്‍ ആയിരുന്നപ്പോള്‍ ഉപയോഗപ്പെട്ടിട്ടുള്ള ക്രിസ്റ്റ്യുടെ സേവനം ആവശ്യപ്പെടാന്‍ തീരുമാനിക്കുന്നു. ക്രിസ്റ്റി എന്നത്‌ വെറും പേര്‌.... മുംബെയില്‍ അദ്ദേഹം അറിയപ്പെടുന്നത്‌ 'ശേര്‍ സണ്‍'.... മനസ്സിലാവാത്തവര്‍ക്കായി പറയുന്ന ആള്‍ തന്നെ സിനിമയില്‍ അത്‌ വിശദീകരിച്ച്‌ പറയുന്നുണ്ട്‌... 'ശേര്‍' എന്നാല്‍ ഹിന്ദിയില്‍ 'സിംഹം' എന്നര്‍ത്ഥം... 'സണ്‍' എന്നത്‌ ഇംഗ്ലീഷ്‌... 'പുത്രന്‍', 'മകന്‍' എന്നൊക്കെ അര്‍ത്ഥം വരും. അതായത്‌ 'സിംഹക്കുട്ടി' എന്ന്‌. ഇത്‌ പറഞ്ഞു കഴിഞ്ഞതും സിംഹക്കുട്ടിയെ ആകെ വെടിയുടേയും പുകയുടേയും ഇടയില്‍ നിന്ന് രണ്ട്‌ കയ്യിലും തോക്കുകൊണ്ട്‌ വെടിവച്ചുകൊണ്ട്‌ പറന്നുവരുന്നതായി കാണിക്കുന്നുണ്ട്‌. കാര്‍ട്ടൂണ്‍ കാണുന്ന പോലെ തോന്നിയാല്‍ നിങ്ങളുടെ കണ്ണിന്റെ പ്രശ്നം.

ഈ സിംഹക്കുട്ടി (ക്രിസ്റ്റി) യോട്‌ നാട്ടില്‍ വരരുതെന്ന് അച്ഛന്‍ മാപ്പിള പണ്ട്‌ പറഞ്ഞിട്ടുണ്ട്‌. ബാങ്ക്‌ ജോലിക്കാരനായ ക്രിസ്റ്റി സ്ഥലം മാറി മുംബെയില്‍ പോയിട്ട്‌ അവിടെ വച്ച്‌ ജയിലിലായി. അളിയന്‍ (സുരേഷ്‌ കൃഷ്ണ) ചെയ്ത കുറ്റങ്ങള്‍ തലയില്‍ കെട്ടിവെക്കപ്പെട്ട്‌ ശിക്ഷ അനുഭവിക്കുകയും നാട്ടില്‍ എത്തുമ്പോള്‍ സ്വന്തം മകനെക്കാള്‍ കൂടുതല്‍ മരുകമനെ (സുരേഷ്‌ കൃഷ്ണ) വിശ്വസിക്കുന്ന പിതാവിനാല്‍ ശാപവചനങ്ങള്‍ പേറി തിരിച്ച്‌ മുംബെയില്‍ എത്തുകയും അങ്ങനെ സിംഹക്കുട്ടി ആയിത്തീരുകയും ചെയ്തതാണത്രേ.

ആഭ്യന്തരമന്ത്രിയുടെ മകളെ രക്ഷിക്കാന്‍ എത്തുന്ന ക്രിസ്റ്റിയെ തളയ്ക്കാന്‍ പോലീസ്‌ നിയോഗിക്കുന്ന ജോസഫ്‌ വടക്കന്‍ ഐ.പി.എസ്‌. (സുരേഷ്‌ ഗോപി) ഒരു ഗുണ്ടയായി രംഗപ്രവേശം ചെയ്യുന്നു.

അങ്ങനെ സംഗതികള്‍ പുരോഗമിക്കുമ്പോള്‍ പോലീസിന്റെ പിടിയിലായ ക്രിസ്റ്റിയെതേടി അധോലോകത്തുനിന്ന് ആന്‍ഡ്രൂസ്‌ (ശരത്‌ കുമാര്‍) എത്തുന്നു.

ഇനിയെല്ലാം നിങ്ങള്‍ക്കൂഹിക്കാം.. ആഭ്യന്തരമന്ത്രിയുടെ മകളെ തമ്പിയുടെ മകന്‍ ഐ.പി.എസിന്‌ ആലോചിക്കുന്നതിന്‌ വിരോധം ഉണ്ടോ? അച്ചന്‍ പട്ടത്തിനുപോയ ജോജി നാട്ടില്‍ തിരിച്ചെത്തിയിട്ട്‌ എന്തു സംഭവിക്കും? ജോസഫ്‌ വടക്കന്‍ വര്‍ഗീസ്‌ മാപ്പിളയുടെ മകളെ കെട്ടിയാല്‍ എങ്ങനെയുണ്ടാകും? അപ്പോള്‍ ഉള്ളവരെല്ലാം ബന്ധുക്കളാവില്ലേ? ആന്‍ഡ്രൂസിനെക്കൂടി എങ്ങനെ ഈ കൂട്ടത്തില്‍ ചേര്‍ക്കാം?

ഒടുവില്‍ സിനിമ അവസാനിക്കുമ്പോള്‍ എല്ലാവരേയും നിരത്തി നിര്‍ത്തി 'ക്രിസ്ത്യന്‍ ബ്രദേഴ്സ്‌' എന്നെഴുതിക്കാണിച്ചപ്പോഴാണ്‌ ഗുട്ടന്‍സ്‌ പിടികിട്ടിയത്‌. ശരിയാണ്‌... ക്രിസ്ത്യന്‍ ബ്രദേഴ്സ്‌...

'നിങ്ങള്‍ക്കൊന്നും സ്നേഹത്തിന്റെ വിലയറിയില്ല' എന്ന് മീനാക്ഷി കരഞ്ഞുകൊണ്ട്‌ മൊഴിയുമ്പോള്‍ ക്രിസ്റ്റിയുടെ ഓര്‍മ്മകളിലേക്ക്‌ 'സയ്യാരേ....' എന്ന ഗാനവുമായി ലക്ഷ്മിറായ്‌ എത്തുകയും കുറേനേരം സാരിയുടുത്തും അല്ലാതെയും വെയിലിലും മഴയിലും ശരീരഭാഗങ്ങള്‍ ഇളക്കിയാട്ടി നൃത്താവിഷ്കാരത്തിലൂടെ ആ ഗാനത്തെ ധന്യമാക്കുന്നു. ക്രിസ്റ്റിയുടെ സഹോദരിയുടെ (ലക്ഷ്മി ഗോപാലസ്വാമി) വിവാഹത്തിനും ഗാനരംഗത്തില്‍ ലക്ഷ്മിറായ്‌ ഇടപെടുകയും സാരിയുടുത്തുള്ള തന്റെ ലാവണ്യം ഇളക്കിപ്രദര്‍ശിപ്പിക്കുന്നുമുണ്ട്‌. പിന്നീട്‌ ക്രിസ്റ്റി ജയിലിലായപ്പോള്‍ താന്‍ സ്നേഹിച്ചിരുന്ന ക്രിസ്റ്റിയേക്കാള്‍ തനിക്ക്‌ വിശ്വാസം ക്രിസ്റ്റിയുടെ അളിയന്‍ പറയുന്നതാണെന്ന് പറഞ്ഞ്‌ വീട്ടുകാരുടെ താല്‍പര്യത്തിനായി വേറെ വിവാഹം കഴിച്ച്‌ സ്ഥലം വിട്ടുവത്രേ... പാവം.. (എത്ര ദിവ്യമായ പ്രേമം!)

രണ്ട്‌ ഗാനങ്ങള്‍ കേള്‍ക്കാനും കുറച്ച്‌ കാണാനും രസമുള്ളതായിരുന്നു. മൂന്നാമത്തെ ഗാനം അനവസരത്തില്‍ കുത്തിക്കയറ്റി പ്രേക്ഷകന്റെ മനോനിലയെ വഷളാക്കാന്‍ ചേര്‍ത്തതാണെന്ന് തെറ്റിദ്ധരിക്കരുത്‌. കാരണം, വെടിക്കെട്ടിന്നിടയ്ക്ക്‌ ഒരു ചെറിയ ഇടവേളവേണമല്ലോ... അതിനുവേണ്ടി മാത്രം.. ഒരു വിശ്രമം...

സുരാജ്‌ വെഞ്ഞാര്‍മൂടിനെ കുറച്ച്‌ സീനുകളിലേ കാണിക്കുന്നുള്ളൂ എങ്കിലും ഒന്നൊഴിയാതെ എല്ലാ സെക്കന്റിലും പരമാവധി ബോറാക്കി വെറുപ്പിക്കാന്‍ നന്നായി സാധിച്ചിരിക്കുന്നു.

ദിലീപിന്റെ വില്ലത്തരത്തില്‍ നിഷ്കളങ്കത കലര്‍ത്തിയ കോമഡി ആവര്‍ത്തനമായി ഈ സിനിമയിലും കാണാം. എങ്കിലും, ചില രംഗങ്ങള്‍ രസകരമായിരുന്നു.

മോഹന്‍ലാല്‍ എന്ന നടന്റെ ഹീറോയിസം പരമാവധി ഉപയോഗിക്കാന്‍ ശ്രമിച്ചിരിക്കുന്നുവെങ്കിലും വേഷങ്ങളിലും ചില അഭിനയരംഗങ്ങളിലും എന്തൊക്കെയോ ചേര്‍ച്ചക്കുറവ്‌ പ്രകടമായിരുന്നു. പക്ഷേ, ചില സീനുകളില്‍ മോഹന്‍ലാലിന്റെ ആദ്യകാല കോമഡി രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന ആസ്വാദ്യകരമായ ചില മുഹൂര്‍ത്തങ്ങളും ഡയലോഗുകളും സുഖം തരുന്നു.

സുരേഷ്‌ ഗോപി പച്ചവെള്ളം പോലെ നിറവും രുചിയുമില്ലാതെ തുടരുന്നു.

ശരത്‌ കുമാറിന്റെ കഥാപാത്രത്തിലും ഡയലോഗുകളിലും എന്തൊക്കെയോ ന്യൂനതകള്‍ വ്യക്തമാണ്‌.

സായ്‌ കുമാര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അഭിനയത്തില്‍ മികച്ചുനില്‍ക്കുന്നു.

ഈ സിനിമയില്‍ ഒരു പ്രത്യേകത എന്തെന്നാല്‍ തോക്ക്‌ എന്ന സാധനം വെടിവെയ്ക്കാനുള്ളതാണെന്ന് വ്യക്തമായി സ്ഥാപിക്കുന്നു. തോക്ക്‌ കിട്ടിയാല്‍ ഉടനെ വെറുതെയെങ്കിലും വെടിവെക്കുന്നുണ്ട്‌ എല്ലാവരും.

ഇന്ത്യന്‍ കമാന്‍ഡോസിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചതിന്‌ ജോഷി മാപ്പുപറായേണ്ടി വരുമോ ആവോ? അഞ്ച്‌ ബ്ലാക്‌ ക്യാറ്റ്‌ കമാന്‍ഡോസിനെ ഒരൊറ്റ വെടികൊണ്ട്‌ ജീപ്പടക്കം പെട്ടിത്തെറിപ്പിച്ച്‌ കത്തിച്ചുകളഞ്ഞത്‌ ഭീകരമായിപ്പോയി. ബ്ലാക്ക്‌ ക്യാറ്റ്‌ കമാന്‍ഡോകളുടെ തലവനെ (ബാബു ആന്റണി) പുഷ്പം പോലെ ആന്‍ഡ്രൂസ്‌ കീഴ്‌ പെടുത്തുകയും ചെയ്തു.

ഉദയകൃഷ്ണ, സിബി കെ തോമസ്‌ എന്നിവരെ അഭിനന്ദിക്കേണ്ടതായ ഒരു പ്രധാനകാര്യം എന്തെന്നാല്‍ കഥയില്‍ ലോജിക്കിന്റെ ആവശ്യമില്ലെന്ന് അവര്‍ക്ക്‌ തുടര്‍ച്ചയായി സ്ഥാപിക്കാന്‍ കഴിയുന്നു എന്നിടത്താണ്‌. അതൊക്കെ ആലോചിക്കാന്‍ ഗ്യാപ്പ്‌ കിട്ടുന്നതിനുമുന്‍പ്‌ കുറേ വെടിയും ,ഇടിയും ഡയലോഗുകളും നിറച്ച്‌ പ്രേക്ഷകനെ കണ്‍ ഫ്യൂഷനടിപ്പിച്ച്‌ ഒതുക്കുന്നതില്‍ കുറേയൊക്കെ വിജയിക്കുന്നുണ്ടെന്നും തോന്നുന്നു. ഈ ചിത്രത്തിലും എണ്ണിയാലൊടുങ്ങാത്തവിധം ലോജിക്കിന്റെ കുറവുകളും മിന്നിമറഞ്ഞുപോകുന്നതും പൂര്‍ത്തിയാവാത്തതുമായ കഥാപാത്രങ്ങളും കാണുന്നതില്‍ ഒട്ടും അത്ഭുതപ്പെടാനുമില്ല.

ഒരു തെറ്റിദ്ധാരണ ഉണ്ടാക്കിയെടുക്കുകയും അത്‌ അവസാനം വരെ കൊണ്ടുപോകുകയും ഒടുവില്‍ തെറ്റിദ്ധാരണമാറുകയും കെട്ടിപ്പിടിച്ച്‌ പൊട്ടിക്കരയുകയും കുറച്ച്‌ കഴിയുമ്പോഴേയ്ക്ക്‌ തട്ടിപ്പോകുകയും ചെയ്യുന്ന സംഗതികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമായിരിക്കും.

ഇത്ര വലിയ താരനിരയും സംഭവങ്ങളും എല്ലാം ഉള്ളപ്പോള്‍ രണ്ട്‌ രണ്ടര സിനിമ എടുക്കുവാന്‍ സാധിക്കുമായിരുന്നിട്ടും ഒന്നര സിനിമയാക്കി ഇത്‌ ഒതുക്കി പ്രക്ഷകര്‍ക്കുണ്ടാവുമായിരുന്ന പീഢനത്തിന്റെ അളവ്‌ ചുരുക്കിയതിന്‌ ഇതിന്റെ പിന്നണിപ്രവര്‍ത്തകര്‍ക്ക്‌ പ്രത്യേക നന്ദി.

Rating : 3 / 10

7 comments:

സൂര്യോദയം said...

ഇത്ര വലിയ താരനിരയും സംഭവങ്ങളും എല്ലാം ഉള്ളപ്പോള്‍ രണ്ട്‌ രണ്ടര സിനിമ എടുക്കുവാന്‍ സാധിക്കുമായിരുന്നിട്ടും ഒന്നര സിനിമയാക്കി ഇത്‌ ഒതുക്കി പ്രക്ഷകര്‍ക്കുണ്ടാവുമായിരുന്ന പീഢനത്തിന്റെ അളവ്‌ ചുരുക്കിയതിന്‌ ഇതിന്റെ പിന്നണിപ്രവര്‍ത്തകര്‍ക്ക്‌ പ്രത്യേക നന്ദി.

Satheesh :: സതീഷ് said...

സിനിമാ നിരൂപണം എന്ന് പറഞ്ഞാല്‍ ഇതാണ്! കൊടു കൈ!
ആ നന്ദി പ്രകടനം വായിച്ചിട്ട് ചിരിയടക്കാന്‍ പറ്റിയില്ല !!!

സൂര്യോദയം said...

സാധാരണ സെക്കന്റ്‌ ഷോ കഴിയുന്നതിനുമുന്‍പ്‌ ഉറക്കം പതിവുള്ള 6 വയസ്സുള്ള എന്റെ മോള്‍ക്ക്‌ ഈ സിനിമ കഴിയുന്നതുവരെ ഉറങ്ങാതിരിക്കേണ്ടിവന്നു. ഉറക്കം പിടിച്ചുവരുമ്പോഴേയ്ക്കും ഇടിയും വെടിയും ബഹളവും. പിറ്റേന്ന് സിനിമയെക്കുറിച്ച്‌ മോള്‌ പറഞ്ഞ കമന്റ്‌ താഴെ കൊടുക്കുന്നു.

"ഫുള്ള്‌ വെടിവെപ്പ്‌ തന്നെ അല്ലേ അച്ഛേ...? ഈ സിനിമയുടെ പേര്‌ 'വെടിസിനിമ' എന്ന് ഇടണായിരുന്നു.."

നാനാര്‍ത്ഥങ്ങള്‍ നോക്കിയാല്‍ ആ പേരും ചേരും എന്നെനിക്കു തോന്നി :)

kamil said...

രണ്ട് ഭീകരന്മാരേയും(മുസ്ലീംകള്) ഉള്പെടുത്താമായിരുന്നു..... അതല്ലേ മലയാള സിനിമയുടെ ഇപ്പോയത്തെ trend

Ricky said...

Enikk 70s-80s il irangiya hindi films kaanumbol ulla oru "thrill" feel cheythu :). Bachan-Feroz Khan -Mithun Chakravarthi-Pran-Prem chopra-Rain il nananja Chiffon sari- Vedi-Poka-Idi. :) Saji surendran nte film kandappol undaaya swayam-pucham onnum undaayilla. Adhikam logically chinthikkate irunnal "Kandirikkaam" ennu parayaam. By the way..Suryodayam...Dileep premikkan vendi Italy il ninnu England lekku poyirunnu.

Dare said...

Fucking Review

Muhammed Fayiz said...

asaadhyam amazing wonderfull