കഥ, തിരക്കഥ, സംഭാഷണം: ശങ്കര്‍ രാമകൃഷ്ണന്
സംവിധാനം: സന്തോഷ് ശിവന്
നിര്‍മ്മാണം: ഷാജി നടേശന്, സന്തോഷ് ശിവന്, പൃഥ്യിരാജ്
ആദിവാസികളടങ്ങുന്ന ഒരു ജനത താമസിച്ചിരുന്ന ഒരു പ്രദേശത്തിന്റെ ഖ നനസാദ്ധ്യതകള്‍ മനസ്സിലാക്കി അതിന്റെ വില്പനയുമായി ബന്ധപ്പെട്ട് വര്‍ത്തമാന കാലഘട്ടത്തിലെ കഥാപാത്രങ്ങളില്‍ നിന്ന് തുടങ്ങി, ഭൂതകാലത്തിലെ സംഭവവികാസങ്ങളുടെ വിവരണങ്ങളിലേയ്ക്കും ചരിത്രപശ്ചാത്തലത്തിന്റെ ദൃശ്യാവിഷ്കാരത്തിലേയ്ക്കും പ്രേക്ഷകരെ ഈ സിനിമ കൊണ്ടുപോകുന്നു. വര്‍ത്തമാനകാലഘട്ടത്തിലെ ഈ ഓരോ പ്രധാന കഥാപാത്രങ്ങളേയും ഭൂതകാലത്തിലെ കഥാപാത്രങ്ങളുമായി ബന്ധിപ്പിക്കുകയും സാഹചര്യങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും ഒരു തുടര്‍ച്ച അനുഭവിപ്പിക്കുന്നിടത്തുമാണ് ഈ കഥയുടെ പ്രത്യേകതയും.
നമുക്ക് അവകാശപ്പെട്ട ഭൂമി, ഇവിടെ കച്ചവടം ചെയ്യാനെത്തിയവര്‍ ആധിപത്യം സ്ഥാപിക്കുന്നിടത്ത് ചെന്നെത്തുകയും അവരുടെ അധീനതയില്‍പെട്ട് അസ്ഥിത്വവും സംസ്കാരവും അടിയറവെച്ച് ചൂഷണം ചെയ്യപ്പെടുകയും സംഭവിക്കുന്ന ഒരു ജനവിഭാഗത്തെ ഈ രണ്ട് കാലഘട്ടത്തിലും വരച്ച് കാണിക്കുന്നു. അത്തരം അധിനിവേശങ്ങളെ എതിര്‍ക്കാനും അതിനുവേണ്ടി ജനങ്ങളെ സംഘടിപ്പിച്ച് പ്രതിരോധം സൃഷ്ടിക്കാന്‍ നേതൃത്വം ഏറ്റെടുക്കുന്ന ചങ്കുറപ്പുള്ളവരേയും വ്യക്തമായി ദര്‍ശിക്കാനാകുന്നു. ഈ പ്രക്രിയയ്ക്കിടയില്‍ സ്വന്തം നാടിനേയും ജനതയേയും അധികാരത്തിനും ധനത്തിനും വേണ്ടി ഒറ്റുകൊടുക്കുന്ന ചില ഹിജഡകളായ അധമരേയും ഈ രണ്ട് കാലഘട്ടത്തിലും ദൃശ്യമാകുന്നതാണ്.
അഭിനയം പൊതുവേ എല്ലാവരുടേയും മികച്ചുനിന്നു. പൃഥ്യിരാജ് തന്റെ കഥാപാത്രത്തോട് പൂര്‍ണ്ണമായും നീതിപുലര്‍ത്തി എന്ന് തന്നെ പറയാം. അതുപോലെ തന്നെ എടുത്ത് പറയാവുന്ന നിരവധി കഥാപാത്രങ്ങളുണ്ട് ഈ ചിത്രത്തില്‍. ഒരല്‍പ്പം നര്‍മ്മം കലര്‍ന്ന പ്രഭുദേവയുടെ കഥാപാത്രം പ്രേക്ഷകഹൃദയത്തോട് വളരെ അടുത്ത് നില്ക്കുന്നു. അറയ്ക്കല്‍ ആയിഷയായി ജെനീലിയ ഭാവചലനനടന വൈഭവം തീര്‍ത്ത് പ്രേക്ഷകമനസ്സില്‍ ഇടം പിടിച്ചു.
ചേണിച്ചേരി കുറുപ്പിനെ അവതരിപ്പിച്ച ജഗതി ശ്രീകുമാറും ചിറയ്ക്കല്‍ തമ്പുരാനായി വന്ന അമോല്‍ ഗുപ്തയും രണ്ട് ഗാമമാരും (അച്ഛനും മകനും), ഇളമുറതമ്പുരാനും തങ്ങളുടേതായ ഒരു ഇടം പ്രക്ഷകമനസ്സില്‍ കണ്ടെത്തുന്നു.
തബു, വിദ്യാബാലന് എന്നിവര്‍ ഒരു ആട്ടവും പാട്ടുമായി അവശേഷിച്ചു.
ചിറയ്ക്കല്‍ തമ്പുരാന്റെ മകളായി നിത്യാ മേനോന് മോശമല്ലാത്ത കഥാപാത്രമാണെങ്കിലും വേണ്ടത്ര പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയില്ല.
കേളുനായരുടെ അച്ഛനെ അവതരിപ്പിച്ച ആര്യയ്ക്ക് തന്റെ രൂപത്തിലും ഭാവത്തിലും കേളുനായരോട് സാമ്യം ജനിപ്പിക്കാനായി.
ചിത്രത്തിലെ ഗാനങ്ങള്‍ മികച്ചതായിരുന്നു. ഗാനരംഗങ്ങളടക്കം ചിത്രത്തിലെ പല ഭാഗങ്ങളും ദൃശ്യവിരുന്ന് തന്നെയായിരുന്നു.
പറങ്കികളെ സധൈര്യം നേരിട്ട് കുറേപേരെ വകവരുത്തിയ ഹസൈനാര്‍ എന്ന യോദ്ധാവിനെ തൂക്കുകയറില്‍ നിന്ന് കേളുനായനാരും ആയിഷയും കൂട്ടരും ചേര്‍ന്ന് രക്ഷിക്കുന്നതുള്‍പ്പെടെ പല രംഗങ്ങളും ഗംഭീരമായി. ഹസൈനാരെ തൂക്കുമരത്തില്‍ നിന്ന് രക്ഷിച്ചിട്ട് കെട്ടഴിച്ച് പോലും വിടാതെ കേളുനായര്‍ പോകുകയും പിന്നീട് ആ കഥാപാത്രം വിസ്മൃതിയിലാകുകയും ചെയ്തത് അത്ഭുതപ്പെടുത്തി.
പലപ്പോഴും കഥാഗതിയില്‍ ഊര്‍ജ്ജം നഷ്ടപ്പെടുന്നതായി അനുഭവപ്പെട്ടു.
ഇത്രയൊക്കെയാണെങ്കിലും പല ന്യൂനതകളും ഈ ചിത്രത്തിലും തെളിഞ്ഞ് നില്ക്കുന്നു. കുറിക്ക് കൊള്ളുന്ന പല സംഭാഷണങ്ങളും ഉണ്ടെങ്കിലും ചില നെടുനീളന്‍ ഡയലോഗുകള്‍ ആസ്വാദനക്ഷമതയെ ബാധിച്ചതോടൊപ്പം ഒന്നും മനസ്സിലാകാത്ത അവസ്ഥയിലെത്തിക്കുകയും ചെയ്തു. ചില ഡയലോഗുകള്‍ വളരെ നാടകീയമായി തോന്നി.
ഈ ചിത്രത്തിന് അവിചാരിതമായിട്ടാകാമെങ്കിലും 'പഴശ്ശിരാജ' എന്ന സിനിമയോട് പലതരത്തിലും സാമ്യമുള്ളതായി അനുഭവപ്പെട്ടു. കഥയുടെ ഗതിയും സംഭവവികാസങ്ങളും പല കഥാപാത്രങ്ങളും 'പഴശ്ശിരാജ' യുടേതുമായി രസകരമായ ഒരു സാമ്യം തോന്നിപ്പിച്ചു.
'പഴശ്ശിരാജ' യില്‍ തിലകന് അവതരിപ്പിച്ച നാട്ടുരാജാവ് ഈ ചിത്രത്തിലെ ചിറയ്ക്കല്‍ തമ്പുരാനുമായി താരതമ്യം ചെയ്യാം. പഴശ്ശിരാജയിലെ നാട്ടുരാജാവ് ബ്രിട്ടീഷുകാരുമായി പൂര്‍ണ്ണമായി ഒരുമപ്പെടുന്നതാണെങ്കില്‍ ഉറുമിയിലെ തമ്പുരാന് മനസ്സില്‍ ആത്മാഭിമാനമുണ്ടെങ്കിലും ഗതികേടിന്റെ കീഴ് പെടല് അനുഭവിക്കുകയും അവസാനഘട്ടത്തില്‍ നെഞ്ചുറപ്പോടെ നില്‍ക്കുന്നതായും കാണാം.
പഴശ്ശിരാജ എങ്ങനെ ജനങ്ങളെ അണിനിര്‍ത്തി പ്രതിരോധം തീര്‍ത്തുവോ അതുപോലെ തന്നെയാണ് കേളുനായനാരും പറങ്കിപ്പടയ്ക്കെതിരെ തയ്യാറെടുപ്പുകള്‍ നടത്തുന്നത്. രണ്ട് സിനിമകളിലും നാനാവിധ ജനവിഭാഗങ്ങളേയും വിവിധമതസ്ഥരേയും സംയോജിപ്പിക്കുന്ന പ്രക്രിയ കാണാം.
പഴശ്ശിരാജയില്‍ നീലിയെന്ന ആദിവാസിയുവതി ബ്രിട്ടീഷ് അധിനിവേശത്തിനെതിരേ പഴശ്ശിരാജയോടൊപ്പം നിന്ന് യുദ്ധം ചെയ്തതെങ്കില്‍, ഉറുമിയില്‍ കേളുനായനാരോടൊപ്പം അറായ്ക്കല്‍ ആയിഷ സമാനമായരീതിയില്‍ പ്രകടനം കാഴ്ചവെക്കുന്നു.
പഴശ്ശിരാജയുടെ സന്തതസഹചാരിയായ യോദ്ധാവിനെപ്പോലെ കേളുനായനാര്‍ക്കും ഒരു സഹോദരസമാനനായ വവ്വാലിയുമുണ്ട്. പഴശ്ശിരാജയുടെ വലം കയ്യായിരുന്ന ഈ യോദ്ധാവ് വീരോചിതമായി കൊല്ലപ്പെടുന്നപോലെതന്നെ കേളുനായനാരുടെ വവ്വാലിയും അടിയറവ് പറയുന്നു.
ഇടയ്ക്ക് ബ്രിട്ടീഷ് പടയെ തുരത്താന്‍ പഴശ്ശിരാജയ്ക്ക് സാധിക്കുന്നപോലെ തന്നെ കേളുനായനാരും സംഘവും ഇടക്കാല വിജയം കൈവരിക്കുന്നുണ്ട്.
പ്രതിരോധങ്ങള്‍ക്കൊടുവില്‍ പഴശ്ശിരാജ വീരോചിതമായി അന്ത്യം വരിച്ചതിന്റെ മറ്റൊരു പതിപ്പാകുന്നു കേളുനായനാരുടെ വീരമൃത്യുവും.
പ്രതികാരത്തിന് ഒരു കുടുംബപരവും വൈകാരികവുമായ ഒരു പശ്ചാത്തലം ഉണ്ടാക്കി പ്രതികാരദാഹം ആറ്റിക്കുറിക്കി കാത്തിരുന്ന കഥാപാത്രമാണ് കേളുനായനാരെങ്കില്‍ പഴശ്ശിരാജയ്ക്ക് അങ്ങനെ വ്യക്തിപരമായ പൂര്‍വ്വവൈരാഗ്യങ്ങളൊന്നും ഇല്ല എന്നതാണ് വ്യത്യാസം. ഭൂതകാലത്തെ വര്‍ത്തമാനകാലവുമായി കഥാപാത്രങ്ങളെയുള്‍പ്പെടെ ബന്ധിപ്പിക്കാനായിരിക്കുന്നു എന്നതാണ് ഉറുമി എന്ന സിനിമയുടെ കഥയുടെ മറ്റൊരു പ്രത്യേകത.
ഇടയ്ക്കൊക്കെ 'മെല്ലെപ്പോക്ക്' അല്പം അലോസരപ്പെടുത്തുമെങ്കിലും പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനുള്ള വിവിധ ഘടകങ്ങളാല്‍ സമ്പുഷ്ടമാണ് 'ഉറുമി' എന്ന സിനിമ. ഉറുമിയുടെ ചടുലതയും തീവ്രതയും കുറച്ചെങ്കിലും അവിസ്മരണീയമായി മനസ്സില്‍ നില്‍ക്കുകയും ആത്മാഭിമാനമുള്ള പോരാളികളുടെ വീര്യം കുറച്ചെങ്കിലും ഹൃദയത്തില്‍ നിറയ്ക്കുകയും ചെയ്യുന്നു ഈ ചിത്രം.
Rating: 7 / 10
6 comments:
ഇടയ്ക്കൊക്കെ 'മെല്ലെപ്പോക്ക്' അല്പം അലോസരപ്പെടുത്തുമെങ്കിലും പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനുള്ള വിവിധ ഘടകങ്ങളാല്‍ സമ്പുഷ്ടമാണ് 'ഉറുമി' എന്ന സിനിമ. ഉറുമിയുടെ ചടുലതയും തീവ്രതയും കുറച്ചെങ്കിലും അവിസ്മരണീയമായി മനസ്സില്‍ നില്‍ക്കുകയും ആത്മാഭിമാനമുള്ള പോരാളികളുടെ വീര്യം കുറച്ചെങ്കിലും ഹൃദയത്തില്‍ നിറയ്ക്കുകയും ചെയ്യുന്നു ഈ ചിത്രം.
അമോല്‍ ഗുപ്ത ഇളമുറ തമ്പുരാനായല്ല ചിറക്കല്‍ തമ്പുരാന് ആയാണ് അഭിനയിച്ചത്..ആളു "കമീനെ", "ഫസ് ഗയ ഒബാമാ" പോലുള്ള സിനിമകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച കക്ഷി ആണ്..Tare Sameen Par എന്ന ബോളിവുഡ് ഹിറ്റിന്റെ തിരക്കഥ എഴുതി ഉറുമിയില്‍ മികച്ച ഒരു കഥാപാത്രം ആണ് ചെയ്തത്..എനിക്ക് ജഗതി/അമോല്‍ ഗുപ്ത ഇവര്‍ രണ്ടു പേരെയും ആണ് കൂടുതല്‍ ഇഷ്ടമായത്..ജഗതിക്ക് പകരം മറ്റാരെങ്കിലും അത് ചെയ്തിരുന്നെങ്കില്‍ ചാന്ത്പൊട്ട് ടൈപ്പ് ആയേനെ..
മറ്റൊരു കാര്യം ശ്രദ്ധിച്ചത് പോര്‍ച്ചുഗല്‍ സംഭാഷണങ്ങള്‍ക്ക് ഇംഗ്ലീഷ് സബ് ടൈറ്റിലുകള്‍ കൊടുത്തതാണ്..
Sijith... തെറ്റ് തിരുത്തിയിട്ടുണ്. നന്ദി
പതിനാറാം നൂറ്റാണ്ടിലെ സ്ത്രീകള്‍ മാറ് മറച്ചിരുന്നു എന്നാ തിരിച്ചറിവ് എന്നെ ഞെട്ടിച്ചു കളഞ്ഞു ..ഞാന്‍ നിരാശന്‍ ആയി പോയി...
ഈ ചിത്രത്തില്‍ വെടിക്കെട്ട് ഡയലോഗ് ഉണ്ടോ ? നായകന് കൂളിംഗ് ഗ്ലാസ് വയ്ക്കുന്നുണ്ടോ ? നായകന് സിഗരെറ്റ് കടിച്ചു പിടിച്ചു വാസ്കോ ഡാ ഗാമയുടെ മുഖത്ത് തുപ്പുന്നുണ്ടോ ? നായകന് പച്ച ടി ഷര്‍ട്ടും ചുകന്ന പാന്റ്സും ധരിച്ചു ..പിടിയാന മാധയാന എന്നും പാടി ജെനീളിയക്ക് ചുറ്റും നൃത്തം വയ്ക്കുന്നുണ്ടോ ? ഇതൊക്കെ ഇല്ലേല് എന്തോന്ന് പടം ?
പഴശ്ശിരാജയെക്കാള്‍ മികച്ചൊരു ചിത്രമെന്ന് തോന്നി
ഉറുമിയിലെ ഡയലോഗുകള്‍ ആരെഴുതിയതാണാവോ,മിക്കവാറും
ഡയലോഗുകളൊക്കെ തലതിരിച്ചാണ്.പിന്നെ ചരിത്ര സിനിമ എന്നൊന്നും വിളിക്കാന്‍ പറ്റില്ലെങ്കിലും കാണാന്‍ കൊള്ളാവുന്ന പടം.
Post a Comment