Friday, November 26, 2010

കോളേജ്‌ ഡേയ്സ്‌കഥ, തിരക്കഥ, സംവിധാനം: ജി. എന്‍. കൃഷ്ണകുമാര്‍
സംഭാഷണം: അജി. എം. എസ്‌.
നിര്‍മ്മാണം: സീന സാദത്ത്‌

ഒരു മെഡിക്കല്‍ കോളേജ്‌ കാമ്പസ്‌... രണ്ട്‌ പെണ്‍ കുട്ടികളും മൂന്നു ആണ്‍കുട്ടികളും അടങ്ങുന്ന ഒരു സീനിയേര്‍സിന്റെ ക്രിമിനല്‍ സംഘം.. അവരുടെ നേതാവ്‌ മന്ത്രി പുത്രന്‍... കോളേജില്‍ പുതിയതായി എത്തുന്ന ഒരു പെണ്‍കുട്ടിയെ വിരട്ടാന്‍ ശ്രമിക്കുന്നിടത്ത്‌ തടയിട്ടുകൊണ്ട്‌ നായകന്റെ (ഇന്ദ്രജിത്ത്‌) രംഗപ്രവേശം. പിന്നെ, ഈ നായകനോടും പുതിയ പെണ്‍കുട്ടിയോടും ഈ ഗ്യാങ്ങിനുള്ള നീരസവും ഇവരെ ദ്രോഹിക്കാനും ട്രാപ്പ്‌ ചെയ്യാനുമുള്ള ചില ശ്രമങ്ങളും. അതിന്റെ ഒരു ശ്രമത്തില്‍ നായകന്‍ മരിച്ചുപോകുന്നു. ഈ സംഘം ബോഡി മറാവ്‌ ചെയ്യുന്നു. പോലീസ്‌ കമ്മീഷണറുടെ (ബിജു മേനോന്‍) നേതൃത്വത്തില്‍ അന്വേഷണങ്ങള്‍..

ഇതിന്നിടയില്‍ മരിച്ചുപോയി എന്നു കരുതിയിരുന്ന നായകന്‍ പ്രേതസാന്നിധ്യപ്രതീതിയോടെ പലയിടത്തും എത്തി ഈ സംഘത്തിലെ ഓരോരുത്തരെയായി വകവരുത്തുന്നു. അവസാനമായി പ്രധാന വില്ലനെ കൊല്ലാനുള്ള ശ്രമത്തില്‍ കമ്മീഷണറും പോലീസും എത്തുന്നു. തുടര്‍ന്ന് സസ്പെന്‍സുകളുടെയും സത്യങ്ങളുടെയും ചുരുളഴിയുന്നു. ഇതാണ്‌ കോളേജ്‌ ഡേയ്സ്‌ എന്ന ഈ സിനിമ.

പുതുനിര യുവതീയുവാക്കള്‍ എല്ലാവരും തന്നെ മോശമല്ലാത്ത നിലവാരം പ്രകടിപ്പിച്ചു എന്നതാകുന്നു ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. റിയാന്‍, ഗോവിന്ദ്‌, പത്മസൂര്യ, സന്ധ്യ, ധന്യ മേരി വര്‍ഗ്ഗീസ്‌ എന്നിവരുടെ സംഘത്തിന്‌ ശരിക്കും ഒരു ക്രിമിനല്‍ ഫീല്‍ ഉണ്ടാക്കാന്‍ സാധിച്ചിരിക്കുന്നു. അതോടൊപ്പം ഇന്ദ്രജിത്തും തന്റെ റോള്‍ ഭംഗിയായി ചെയ്തിരിക്കുന്നു. ജഗതി ശ്രീകുമാര്‍, ബിജുമേനോന്‍, സായികുമാര്‍ എന്നിവരും മികച്ചുനിന്നു. അടുത്തകാല ചിത്രങ്ങളെ അപേക്ഷിച്ച്‌ സുരാജ്‌ വെഞ്ഞാര്‍മൂട്‌ പ്രേക്ഷകരെ വെറുപ്പിക്കാതെ കോമഡിരംഗങ്ങള്‍ കൈകാര്യം ചെയ്തു. കൂടെയുള്ള പുതിയ പിള്ളേരും മോശമാകാതെ കൂടെ നിന്നു.

ഒട്ടും പ്രായോഗികമല്ലാത്ത സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും സൃഷ്ടിച്ചുകൊണ്ട്‌ ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന കൃഷ്ണകുമാര്‍ നമ്മെ നിരാശരാക്കുന്നു. പ്രേതസാന്നിധ്യമാണെന്ന പ്രതീതിയുണ്ടാക്കാന്‍ ഉപഗോഗിച്ചിരിക്കുന്ന രീതികള്‍ ഒട്ടും ശാസ്ത്രീയമായില്ല എന്നതാകുന്നു പ്രധാന ന്യൂനത. സിനിമ തുടങ്ങി കുറച്ച്‌ പുരോഗമിക്കുമ്പോള്‍ തന്നെ സംഗതികളുടെ കിടപ്പുവശം ഒരുവിധം എല്ലാവര്‍ക്കും മനസ്സിലാകും. പക്ഷേ, എങ്ങനെ ആ സത്യത്തില്‍ ഭംഗിയായി കൊണ്ടെത്തിക്കും എന്ന സംശയമാണ്‌ നമ്മെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യം. ഒടുവില്‍ സത്യങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രേക്ഷകന്റെ അമ്പരപ്പ്‌ മാറും, കാരണം, അശാസ്ത്രീയതയും മണ്ടത്തരങ്ങളും കൂട്ടിച്ചേര്‍ത്ത്‌ ഏതൊരുത്തനും ഇത്തരം കാര്യങ്ങള്‍ തല്ലിക്കൂട്ടാം എന്ന തിരിച്ചറിവുള്ളതുകൊണ്ട്‌ അമ്പരപ്പ്‌ താനേ മാറും.

അക്കമിട്ട്‌ ചൂണ്ടിക്കാട്ടാനാണെങ്കില്‍ ഒരുപാട്‌ തെറ്റ്‌ കുറ്റങ്ങള്‍ ഇതിന്റെ തിരക്കഥയിലും സംവിധാനത്തിലുമുണ്ട്‌. പക്ഷേ, പുതിയ നിര അഭിനേതാക്കളും രചയിതാവുമൊക്കെ ആയതിനാല്‍ കുറേയൊക്കെ ക്ഷമിക്കാവുന്നതേയുള്ളൂ. ട്രാപ്പ്‌ പ്ലാന്‍ ചെയ്ത്‌ ടേപ്പില്‍ റെക്കോര്‍ഡ്‌ ചെയ്ത്‌ കഴിയുമ്പോള്‍ ആ ടേപ്പ്‌ സൂക്ഷിക്കാന്‍ അത്‌ പ്ലാന്‍ ചെയ്ത ആളെ തന്നെ കൃത്യമായി ഏല്‍പിക്കുന്ന സന്ദര്‍ഭം ആകസ്മികതയുടെ എല്ലാ അതിര്‍വ്വരമ്പുകളും ലംഘിച്ചിരിക്കുന്നു. ഒരാളെ കെട്ടിപ്പൊതിഞ്ഞ്‌ മറവ്‌ ചെയ്യാന്‍ കൊണ്ടുപോകുമ്പോള്‍ ജീവനുണ്ടോ മരിച്ചോ എന്ന് അറിയാന്‍ പോലും പറ്റാത്തത്ര ഭീകരമായ 'മരണാഭിനയം' ഗംഭീരമായി.. പ്രത്യേകിച്ചും അവസാനവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പോലും മനസ്സിലാകാത്തവിധം അഭിനയിക്കണമെങ്കിലുള്ള കാര്യം ആലോചിക്കാനേ വയ്യ.

സംഘത്തിലുള്ളവര്‍ ഓരോരുത്തരും വധിക്കപ്പെടാനുള്ള സാഹചര്യം സംവിധായകന്‍ വളരെ നാടകീയമായി ഒരുക്കിയിരിക്കുന്നു. പാതിരാത്രികളില്‍ തനിയെ പോകാന്‍ സംവിധായകന്‍ അവസരം ഉണ്ടാക്കിക്കൊടുത്തതുകൊണ്ട്‌ നായകന്‌ സംഗതികള്‍ വളരെ ഈസിയായി.

ഒരുത്തന്‍ നാട്ടില്‍ പോയി രാത്രി ബസ്സ്‌ ഇറങ്ങി നടക്കുന്ന സീനില്‍ ശരിക്കും ചിരിച്ചുപോയി. തൊട്ടടുത്തിരുന്ന എന്റെ ഭാര്യയുടെ കമറ്റ്‌ ആയിരുന്നു അതിന്‌ കാരണം.. "ഇതെന്താ കുറ്റിക്കാട്ടില്‍ ആണോ ഇയാള്‍ താമസിക്കുന്നത്‌... ഇയാള്‍ ആദിവാസിയാണോ?' എന്നതായിരുന്നു ആ ചോദ്യം. അത്രയ്ക്ക്‌ കേമമായി സംവിധായകന്‍ പ്ലോട്ട്‌ ഒരുക്കിക്കൊടുത്തിരിക്കുന്നു.

സായികുമാര്‍ അഭിനയിച്ച മന്ത്രിയുടെ സ്വഭാവം തികച്ചും അസ്വാഭാവികമായി തോന്നി. ഒരേ സമയം സത്യസന്ധന്റെ രീതി പ്രകടിപ്പിച്ച്‌ പുത്രനെ എതിര്‍ക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ഇദ്ദേഹം, മറ്റൊരു നിമിഷത്തില്‍ പുത്രനെ സംരക്ഷിക്കാന്‍ ഭാവം മാറുന്നതും കാണുമ്പോള്‍ പ്രേക്ഷകന്‌ ആകെ ഒരു കണ്‍ ഫ്യൂഷന്‍...

ഒരു ഗാനവും അതിന്റെ നൃത്തരംഗവും പവര്‍ഫുള്‍ ആയിരുന്നു. ഗാനത്തിന്റെ വരികള്‍ ശ്രദ്ധിച്ചാലും ചിരിക്കാനുള്ള വകയുണ്ട്‌ "വൈറസ്‌ ഉള്ള ഹാര്‍ഡ്‌ ഡിസ്കുള്ള എന്റെ ലാപ്‌ ടോപ്പില്‍ നീ പെന്‍ ഡ്രൈവ്‌ കുത്തല്ലേ.." എന്നോ മറ്റോ ഒക്കെ കേട്ടെന്നു തോന്നുന്നു... അസഭ്യമല്ല ഉദ്ദേശിച്ചത്‌.. ക്ഷമിക്കണം.


പ്രായോഗികബുദ്ധിയും കുറച്ചുകൂടെ വ്യക്തമായ സന്ദര്‍ഭങ്ങളും സൃഷ്ടിച്ച്‌ നല്ല തിരക്കഥയൊരുക്കുവാന്‍ ജി.എന്‍. കൃഷ്ണകുമാറിന്‌ ഭാവിയില്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.


Rating : 3 / 10

Saturday, November 20, 2010

ദി ത്രില്ലര്‍കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ഉണ്ണിക്കൃഷ്ണന്‍ ബി.
നിര്‍മ്മാണം: സാബു ചെറിയാന്‍

സമകാലീയമായ ഒരു കൊലപാതകവും അതിണ്റ്റെ അന്വേക്ഷണങ്ങളും കണ്ടെത്തലുകളുമാണ്‌ ഒരു മുഴുനീള കുറ്റാന്വേഷക ചിത്രം എന്ന പേരില്‍ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ ഒരുക്കിയിരിക്കുന്നത്‌.

വളരെ ഊര്‍ജ്ജ്വസ്വലനും സത്യസന്ധനുമായ ഒരു ഐ.പി.എസ്‌.ഒാഫീസറായി പൃഥ്യിരാജ്‌ ഈ സിനിമയില്‍ വേഷമിടുന്നു.

എന്തൊക്കെയാണ്‌ ഈ സിനിമയെ വ്യത്യസ്തനാക്കുന്നത്‌ എന്ന് പരിശോധിച്ചാല്‍ വളരെ ദയനീയമായ ഒരു കണ്ടെത്തലായിരിക്കും ഫലം.

മീശവെക്കാതെ ഐ.പി.എസ്‌. ഒാഫീസറായി മുഴുനീളം അവതരിപ്പിച്ചു എന്നത്‌ ഒരു പ്രത്യേകതയായി ഈ സിനിമയുടെ പിന്നണിക്കാര്‍ക്ക്‌ തോന്നിയിട്ടുണ്ടാകാം. 'വാട്ട്‌ എ ചേഞ്ച്‌.. '
കറപ്റ്റ്‌ ആയ സഹപ്രവര്‍ത്തകരുമായി (പ്രത്യേകിച്ചും ഒരേ പദവിയിലോ അല്ലെങ്കില്‍ തന്നെക്കാള്‍ ഉയര്‍ന്ന റാങ്കില്‍ ഉള്ളതോ) വാക്ക്‌ തര്‍ക്കങ്ങളും വിരട്ടലുകളും നടത്തുന്ന പോലീസ്‌ ഒാഫീസര്‍മാര്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തന്നേ പ്രേക്ഷകരെല്ലാം കണ്ടതും ആസ്വദിച്ചതുമാണ്‌. അതെല്ലാം, വീണ്ടും മീശവെക്കാതെ എടുത്ത്‌ കാണിച്ചാല്‍ പുതുമതന്നെയാണ്‌.
ഇങ്ങനെയുള്ള ഒരു പോലീസ്‌ ഒാഫീസര്‍ക്ക്‌ സര്‍വ്വീസില്‍ തന്നെ ഒരു സീനിയറ്‍ ഉദ്യേഗസ്ഥണ്റ്റെ സപ്പോര്‍ട്ടും സംരക്ഷണവും എല്ലാ പോലീസ്‌ ചിത്രങ്ങളിലും പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞതുമാണ്‌.

ഈ ചിത്രത്തില്‍ നിന്ന് വളരെ പെട്ടെന്ന് പ്രേക്ഷകന്‌ ഒരു പ്രതിഭയെ മനസ്സിലാകും... ബി. ഉണ്ണിക്കൃഷ്ണന്‍ എന്ന പ്രതിഭയെ.... അദ്ദേഹം പഠിക്കുകയാണ്‌.... ഒരേ സമയം രണ്ട്‌ വ്യക്തികളാവാനുള്ള പഠനം... അമല്‍ നീരദിനു പഠിക്കുമ്പോള്‍ തന്നെ രഞ്ജി പണിക്കരാകാനും അദ്ദേഹം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്‌...

'കമ്മീഷണര്‍' തുടങ്ങിയ ചിത്രങ്ങളില്‍ പ്രേക്ഷകര്‍ കയ്യടികളോടെ കണ്ടും കേട്ടും ആസ്വദിച്ച രംഗങ്ങള്‍ യാതൊരു ഉളുപ്പും കൂടാതെ വീണ്ടും എടുത്ത്‌ പ്രേക്ഷകണ്റ്റെ മുന്നില്‍ വേറൊരു ലേബല്‍ ഒട്ടിച്ച്‌ കാണിക്കുമ്പോള്‍ വല്ലാത്ത അസ്വസ്ഥതയായി മാറുന്നു. ഇംഗ്ളീഷ്‌ ഡയലോഗുകള്‍ കുറേ തള്ളിക്കയറ്റിയാല്‍ പ്രേക്ഷകര്‍ രോമാഞ്ചം കൊണ്ട്‌ കയ്യടിച്ചും കണ്ണും തള്ളി ഇരുന്നും സിനിമ ആസ്വദിക്കും എന്ന ചിന്തയും വളരെ സജീവം. മീശവെച്ച പോലീസ്‌ ഒാഫീസേര്‍സ്‌ പറയുന്ന ഇംഗ്ളീഷ്‌ ഡയലോഗുകളല്ലേ നിങ്ങള്‍ കണ്ടിട്ടുള്ളൂ... മീശയില്ലാത്തവര്‍ പറയുമ്പോള്‍ വാട്ട്‌ എ ചേഞ്ച്‌.... കൂട്ടത്തില്‍ കുറച്ച്‌ ഹിന്ദിയും...

സ്ളോ മോഷനില്‍ ഉള്ള ഈ സിനിമയില്‍ വല്ലപ്പോഴും മാത്രം സാധാരണ മോഷനും കാണാം.

കുറേ ഗുണ്ടകളുടെ പിന്നാലെ ഒളിമ്പിക്സിലെ ഒാട്ടക്കാരണ്റ്റെ മുഖഭാവത്തോടെ ഒാടുന്ന പോലീസ്‌ ഒാഫീസര്‍... ഒാടിച്ചിട്ട്‌ ഒരുത്തനെ തള്ളിയിട്ടാല്‍ ഉരുണ്ട്‌ കൂടെ വീഴുന്ന സഹഗുണ്ടകള്‍... ഊഴം നോക്കി വന്ന് സ്ളോ മോഷനില്‍ അടിയും തൊഴിയും കൊള്ളുന്ന ഗുണ്ടകള്‍.. കൂളിംഗ്‌ ഗ്ളാസ്‌ ധരിക്കുന്നത്‌... രോഷത്തോടെയുള്ള തിരിഞ്ഞു നടത്തം... ഇടിച്ച്‌ തെറിപ്പിച്ചതിനുശേഷമുള്ള നില്‍പ്പ്‌... തിരിഞ്ഞു നോട്ടം... ഇതെല്ലാം പലപ്രാവശ്യം കാണേണ്ടിവരും ഈ സിനിമയില്‍... അതും സ്ളോ മോഷനില്‍....

ഒരു കൊലപാതകം നടന്ന സ്ഥലത്ത്‌ എത്തുകയും മരണപ്പെടുന്ന ആളുടെ അവസാനമൊഴിയില്‍ നിന്ന് കിട്ടിയ ചിലവാക്കുകള്‍ കൂട്ടി വച്ച്‌ വലിയ അന്വേക്ഷണം നടത്തുകയും അവസാനം പ്രേക്ഷകരെ അത്ഭുതപരതന്ത്രരാക്കുകയും ചെയ്യുന്ന കണ്ടെത്തലുകളും എല്ലാം കഴിയുമ്പോള്‍ വല്ലാത്ത ഒരു സഹതാപവും അസ്വസ്ഥതയും മാത്രമാകുന്നു പ്രേക്ഷകനുണ്ടാകുന്നത്‌.

കൊലപാതകം നടന്നയുടനെയുള്ള ചില നിരീക്ഷണങ്ങളില്‍ വയറ്റിലേറ്റ മൂന്ന് കുത്തുകളും കഴുത്തിലുള്ള മുറിവും വ്യത്യസ്തങ്ങളാണ്‌ എന്നതും രണ്ടും രണ്ട്‌ തരം ആളുകള്‍ ചെയ്തതാണെന്നും വിവരിച്ച്‌ പറയുകയും തുടര്‍ന്ന് അന്വേഷണം നടന്ന് അവസാനം വരെ എത്തി നില്‍ക്കുമ്പോഴും ഈ നിരീക്ഷണത്തിന്‌ ഒരു പ്രസക്തിയുമില്ലാത്ത രീതിയില്‍ തന്നെ ചിത്രീകരിച്ചിരിക്കുന്നു എന്നത്‌ ഈ സ്ക്രിപ്റ്റിണ്റ്റെ ഏറ്റവും വലിയ ന്യൂനതയാകുന്നു.

എതിരാളിയുടെ ട്രാപ്പില്‍ പെടുന്നതായി സൂചനകൊടുത്ത്‌ തിരിച്ച്‌ അവര്‍ക്ക്‌ തന്നെ അതൊരു ട്രാപ്പ്‌ പ്ളാന്‍ ചെയ്യുന്ന രീതിയും വളരെ പുതുമയുള്ള ഇടപാട്‌ ആണെന്നത്‌ തോന്നണമെങ്കില്‍ പഴയ പല സിനിമകളും മനസ്സില്‍ നിന്ന് മാച്ച്‌ കളയണം . പക്ഷേ, തിരിച്ച്‌ ട്രാപ്പ്‌ ചെയ്ത രീതി വളരെ ദുര്‍ബലമായിപ്പോയത്‌ തിരക്കഥാകൃത്തിണ്റ്റെ ലോജിക്ക്‌ ഇല്ലാത്ത ഭാവനമാത്രമാകുന്നത്‌ ദയനീയമാണ്‌.

തുടക്കം മുതല്‍ തന്നെ നല്ലവനും മാര്‍ഗ്ഗദര്‍ശിയുമായൊക്കെ കാണിക്കുന്ന ഒരാളെ അവസാനം പ്രധാന വില്ലനായി കാണിച്ചാല്‍ പ്രേക്ഷകര്‍ ഞെട്ടിപ്പോകും... വാട്ട്‌ എ സര്‍പ്രൈസ്‌....

അയാളെ ട്രാപ്പ്‌ ചെയ്യാന്‍ വേണ്ടി ഒരുക്കുന്ന കൂടിക്കാഴ്ചയില്‍ അയാല്‍ തന്നെ ട്രാപ്പ്‌ ചെയ്യാന്‍ എന്ത്‌ ചെയ്യുമെന്ന് വരെ കൃത്യമായി മനസ്സിലാക്കാന്‍ മാത്രം ആറാം ഇന്ദ്രിയം പ്രവര്‍ത്തിപ്പിക്കേണ്ടിവരികയും ചെയ്യുമ്പോള്‍ ക്ളെമാക്സിലേക്കുള്ള സീനുകള്‍ പൂര്‍ത്തിയായി.

നീട്ടിപ്പിടിച്ച്‌ തോക്കിനുമുന്നില്‍ നിന്ന് കുറേ ഡയലോഗുകള്‍ പറയുന്ന രീതികണ്ട്‌ പ്രേക്ഷകന്‌ മടുക്കാന്‍ ഈ ഒരു സിനിമ മാത്രം മതി. 'സാഗര്‍ ഏലിയാസ്‌ ജാക്കി' എന്ന സിനിമയിലെ വില്ലനും അദ്ദേഹത്തിണ്റ്റെ രീതികളും സാഹചര്യങ്ങളും ആക്‌ ഷനുമെല്ലാം അതേപോലെ പറിച്ച്‌ നട്ടിരിക്കുന്നു ഈ സിനിമയിലും. വീണ്ടും 'വാട്ട്‌ എ ചേഞ്ച്‌'..

ചുറ്റും തോക്കുമായി കുറേ പേര്‍... തൊട്ടടുത്തുപോലുമല്ല.. ചവിട്ടിയും തട്ടിയും തെറിപ്പിക്കാന്‍ പാകത്തിന്‌ അടുത്ത്‌ നിര്‍ത്തിയിട്ടില്ല... സ്മാര്‍ട്ട്‌.... എന്നിട്ട്‌ പ്രധാന വില്ലന്‍ കണ്ണടച്ച്‌ തുറക്കുന്ന ഗ്യാപ്പില്‍ തോക്ക്‌ തട്ടിത്തെറിപ്പിച്ച്‌ നായകന്‍ അങ്ങനെ നില്‍ക്കുമ്പോള്‍ മറ്റ്‌ തോക്ക്‌ ധാരികള്‍ അന്തം വിട്ട്‌ നില്‍ക്കുന്നു... ഡയറക്റ്റര്‍ പറയാതെ തോക്ക്‌ പൊട്ടിക്കില്ല എന്നതാവം ഒരു കാരണം... അല്ലെങ്കില്‍ 'ഉണ്ടയില്ലാത്തെ തോക്കുകൊണ്ട്‌ ഞങ്ങള്‍ എന്ത്‌ ചെയ്യാനാ?' എന്ന ധാരനയുമാകാം.. എന്നിട്ടും ഒരു ഗുണ്ട തോക്കില്‍ അമര്‍ത്തി നോക്കി... സംഭവം ശരിയാണ്‌.. തോക്ക്‌ പൊട്ടുന്നില്ല... 'അയ്യേ പറ്റിച്ചേ..' എന്ന ഡയറക്ടറുടെ ആത്മഗതം... വെരി സ്മാര്‍ട്ട്‌..

പൃഥ്യിരാജിണ്റ്റെ അഭിനയം ഈ ചിത്രത്തില്‍ എടുത്ത്‌ പറയേണ്ട സംഗതിയാണ്‌. കടുപ്പിച്ച നോട്ടവും ഭാവവും സ്ഥിരമായി കൊണ്ട്‌ നടക്കുമ്പോഴും പെട്ടെന്ന് ഭാവം മാറ്റി ഒരു ചിരിയോടെ വില്ലനോട്‌ ഡയലോഗ്‌ പറയുകയും വീണ്ടും രോഷാകുലനായി കടുപ്പിച്ച്‌ ഡയലോഗ്‌ പറയുകയും ചെയ്യുന്ന ചേഞ്ച്‌ ഓവര്‍... :)

പാട്ടും അനുബന്ധ ഗോഷ്ടികളും ഈ ചിത്രത്തിലെ മറ്റൊരു പ്രധാനമായ അനാവശ്യ സാധനമാണ്‌.

(ആദ്യാവസാനം വരെ കുറ്റാന്വേഷണമുള്ള സിനിമയോ പോലീസ്‌ ഒാഫീസറോ ഇത്‌ ആദ്യമായാണെന്ന് ഒരു അവകാശവാദം കേട്ടപ്പോള്‍ ഒരു സംശയം തോന്നി. മറ്റ്‌ സിനിമകളില്‍ ഈ പോലീസ്‌ ഒാഫീസേറ്‍സ്‌ എല്ലാം കുറച്ച്‌ ദിവസം വേറെ വല്ല പണിയുമാണോ ചെയ്തിരുന്നത്‌ ആവോ... ബി. ഉണ്ണിക്കൃഷ്ണനും പൃഥ്യിരാജും പഴയ മലയാള നിനിമകള്‍ ഒരിക്കല്‍ കൂടി കാണുന്നത്‌ നന്നായിരിക്കും)

Rating : 3 / 10

Friday, November 12, 2010

കാര്യസ്ഥന്‍
കഥ, തിരക്കഥ, സംഭാഷണം: ഉദയ കൃഷ്ണ, സിബി കെ. തോമസ്‌

സംവിധാനം: തോംസണ്‍

നിര്‍മ്മാണം: നീറ്റ ആന്റോ


വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌..... അടുത്തടുത്ത്‌ വീടുള്ള വളരെ പേരുകേട്ട രണ്ട്‌ തറവാട്ടുകാര്‍ അടയും ചക്കരയുമായി ജീവിച്ചിരുന്നു. അവരുടെ മക്കളും വീട്ടുകാരും എല്ലാം ഒരു കുടുംബം പോലെ ആഘോഷിച്ച്‌ ജീവിക്കുന്നു.

അങ്ങനെ സുഖമായി ജീവിച്ചാല്‍ സിനിമയ്ക്ക്‌ കഥയുണ്ടാകില്ലല്ലോ...

അപ്പോള്‍, അവര്‍ തമ്മില്‍ കടുത്ത ശത്രുക്കളാവണം. അതിനായി പ്രധാനമായി ഉപയോഗിക്കുന്ന മാര്‍ഗ്ഗം തന്നെ ഇവിടെയും ഉപയോഗിച്ചിരിക്കുന്നു. രണ്ട്‌ വീട്ടുകാരേയും കൂടുതല്‍ അടുപ്പിക്കാന്‍ (അടിപ്പിക്കാന്‍) ഒരു കല്ല്യാണം... പക്ഷേ, അതില്‍ ഒരാള്‍ക്ക്‌ വേറെ പ്രണയമുള്ളതിനാല്‍ വല്ലാത്ത വീര്‍പ്പുമുട്ടല്‍. പിന്നെ, തറവാട്ടുകാരൊക്കെ കൂടി തീരുമാനിച്ചതിനായതിനാല്‍ ആ വീര്‍പ്പുമുട്ടല്‍ നിശ്ചയത്തിന്റെ തലേ ദിവസം വരെ നീട്ടിക്കൊണ്ടുപോയി, തുടര്‍ന്ന് കമിതാക്കള്‍ നാടുവിട്ടുപോകാന്‍ തീരുമാനിക്കുന്നു. അപ്പോഴേയ്ക്കും തറവാട്ടുകാര്‍ നിശ്ചയിച്ച പെണ്‍കുട്ടി വിശാലമനസ്കയായി യാത്രയാക്കുന്നു. ഇതിനെല്ലാം ഒരു കുടുംബസുഹൃത്ത്‌ കൂടെ നിന്ന് സഹായിക്കുന്നു. കമിതാക്കള്‍ റെയില്‍ വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്ത്‌ നില്‍ക്കുമ്പോഴേയ്ക്കും വിശാലമനസ്കത പ്രകടിപ്പിച്ച പെണ്‍കുട്ടി ഏതോ വലിയ ചിറയില്‍ ചാടി ആത്മഹത്യ ചെയ്തതായി അറിയുന്നു. രണ്ട്‌ തറവാട്ടുകാരും തമ്മില്‍ തല്ലും വഴക്കും, അതിന്നിടയില്‍ കമിതാക്കള്‍ ട്രെയിനില്‍ കയറി രക്ഷപ്പെടുന്നു.
അങ്ങനെ രണ്ട്‌ വീട്ടുകാരും ഇനി മുതല്‍ ബദ്ധ വൈരികളാണെന്ന് പ്രഖ്യാപിക്കുന്നു.

ഒരു സിനിമ തുടങ്ങാനുള്ള സംഗതികളൊക്കെ അങ്ങനെ ഒപ്പിച്ചെടുത്തു.

ആ ഓടിപ്പോയ പുത്രന്‍ (സിദ്ധിക്ക്‌) തെങ്കാശിയില്‍ പോയി വലിയ കൃഷിക്കാരനോ മറ്റോ ആകുന്നു. അദ്ദേഹത്തിന്റെ സല്‍പുത്രനാകുന്നു നമ്മുടെ നായകന്‍ കൃഷ്ണനുണ്ണി (ദിലീപ്‌). ഇദ്ദേഹം വിത്തെറിഞ്ഞാലേ ആ നാട്ടില്‍ വിത്ത്‌ മുളയ്ക്കൂ അത്രേ.. അതുകൊണ്ട്‌ അദ്ദേഹം വരാന്‍ ലേറ്റ്‌ ആയതും വച്ചുകൊണ്ട്‌ ഒരു ബില്‍ഡ്‌ അപ്‌... ഒടുവില്‍ കൃത്യ സമയത്ത്‌ ഒരു കുതിരവണ്ടിയില്‍ നായകന്‍ എത്തിച്ചേരുന്നു. നിര്‍ത്തിയ കുതിരവണ്ടിയില്‍ നിന്ന് നേരെ മലക്കം മറിഞ്ഞ്‌ നിലത്ത്‌ വന്ന് ലാണ്ട്‌ ചെയ്യുന്നു (ഇദ്ദേഹം സര്‍ക്കസ്സിലാണോ എന്ന് അപ്പോള്‍ നമുക്ക്‌ സംശയം സ്വാഭാവികം).

നായകന്‍ അഭ്യാസിയാണെന്ന് കാണിക്കാന്‍ വേണ്ട ഒരു സാഹചര്യവും സൃഷ്ടിച്ചെടുത്തിട്ടുണ്ട്‌. കുറേ ഗുണ്ടകള്‍ വടിയുമായി എത്തുകയും നായകന്‍ കയ്യും കെട്ടി കുറേ നേരം നോക്കിനിന്നിട്ട്‌ ഒടുവില്‍ എല്ലാവരേയും വടികൊണ്ട്‌ മെല്ലെ മെല്ലെ നോവാതെ തല്ലിയും തോണ്ടിയും തോല്‍പ്പിക്കുന്നു. (ഇതിലൂടെ അഭ്യാസിയാണെന്ന് മനസ്സിലായല്ലോ).

ഈ സല്‍പുത്രന്‍ രണ്ട്‌ വീട്ടുകാരുടേയും ശത്രുത തീര്‍ക്കാനായി കാര്യസ്ഥനായി ഒരു തറവാട്ടിലേയ്ക്ക്‌ പുറപ്പെടുന്നു. കാര്യസ്ഥനാവാന്‍ വേണ്ട സാഹചര്യങ്ങളെല്ലാം തിരക്കഥാകൃത്തുക്കള്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്‌, കൂടുതല്‍ ചോദ്യങ്ങള്‍ വേണ്ട...

കാര്യസ്ഥനാണെന്ന് വീട്ടുകാര്‍ക്കും പ്രേക്ഷകര്‍ക്ക്‌ തോന്നണമെങ്കില്‍ അങ്ങനെ ഒരു വേഷം ഉറങ്ങുമ്പോള്‍ പോലും വേണമെന്ന സംവിധായകന്റെ നിശ്ചയകാമാം നായകന്റെ ഈ വേഷപ്പകര്‍ച്ച.

ഇതിന്നിടയില്‍ നായകന്റെ സുഹൃത്തായ പൊട്ടന്‍ വടിവേലു എന്ന സുരാജ്‌ വെഞ്ഞാര്‍മൂടും കള്ളനായി സലിം കുമാറും പ്രേക്ഷകരെ തമാശകാണിച്ചും പറഞ്ഞും വെറുപ്പിച്ച്‌ കൊല്ലുന്നു.

ഇനി, കാര്യസ്ഥപ്പണിയെടുക്കുന്ന വീട്ടിലെ പെണ്‍കൊച്ചിന്റെ കോളേജ്‌ പ്രോഗ്രാമിനുള്ള പാട്ട്‌ കാലഹരണപ്പെട്ടു എന്ന് അഭിപ്രായപ്പെട്ട്‌ പാശ്ചാത്യസംഗീതത്തില്‍ മിക്സ്‌ ചെയ്ത്‌ കോളേജ്‌ പ്രോഗ്രാമില്‍ നായികയ്ക്ക്‌ കയ്യടി വാങ്ങിക്കൊടുക്കുന്നു (ഒരു പാട്ടിനെ കുളമാക്കിയതിന്‌ സംഗീതപ്രേമികളുടെ കയ്യില്‍ നിന്ന് 'കയ്യടി' കിട്ടാനുള്ള നല്ലൊരു സാഹചര്യം തന്നെ). പാശ്ചാത്യസംഗീതം മിക്സ്‌ ചെയ്യാനായി നായകന്‍ ഡ്രംസ്‌ (ജാസ്‌) പ്ലേ ചെയ്യുന്ന കണ്ട്‌ കോരിത്തരിച്ചുപോയി (തെങ്കാശിയില്‍ ഏഴാം ക്ലാസ്സില്‍ പഠിപ്പ്‌ നിര്‍ത്തി കുടുംബത്തിനുവേണ്ടി ജോലിയെടുത്ത്‌ ജീവിച്ചപ്പോള്‍ ജാസ്‌ ഭഗവാന്‍ പ്രത്യക്ഷപ്പെട്ട്‌ കൊടുത്ത വരമായിരിക്കും ഈ കഴിവ്‌)

രണ്ട്‌ വീട്ടുകാരേയും തമ്മില്‍ വീണ്ടും ഒന്നിപ്പിക്കാന്‍ ഈ നായകന്‍ നടത്തുന്ന പരിശ്രമങ്ങളും സന്ദര്‍ഭങ്ങളുമാകുന്നു തുടര്‍ന്ന്.

ഒടുവില്‍, പണ്ട്‌ നടന്ന ആത്മഹത്യയുടെ ഉത്തരവാദിത്വം തന്റെ അച്ഛന്റേതല്ല എന്ന് തെളിയിക്കുകയും ചെയ്യുന്നു. (ഇത്‌ അത്ര തെളിയിക്കാനൊന്നും ഇല്ലായിരുന്നു. പണ്ടത്തെ ആ സംഭവത്തിനുശേഷം സുഹൃത്തായി കൂടെ നിന്നിരുന്ന സുരേഷ്‌ കൃഷ്ണ എന്ന ആളെ കഥാ സന്ദര്‍ഭങ്ങളിലൊന്നും കാണിക്കാതിരിക്കുകയും അദ്ദേഹം ഇപ്പോള്‍ കോഴിക്കോട്‌ വലിയ ബിസിനസ്സ്‌ നടത്തുകയാണെന്നുമൊക്കെ പറഞ്ഞ്‌ പിന്നീട്‌ അവതരിപ്പിച്ചപ്പോള്‍ കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാക്കാത്തവര്‍ സിനിമ കാണാത്തവര്‍ മാത്രമായിരിക്കും).

കുറേ പാട്ടുകള്‍ കുത്തി നിറച്ചിട്ടുണ്ട്‌. പാട്ടിനോടുള്ള ഇഷ്ടം നശിക്കാന്‍ ഇത്‌ തന്നെ ധാരാളം. പഴയ ചില പാട്ടുകളെ ഓര്‍മ്മപ്പെടുത്തുന്ന ചില ഈണങ്ങള്‍... ടി വി താരങ്ങളേയും ഗായകരേയുമെല്ലാം പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗാനം മോശമായില്ല. അവസാനഭാഗത്ത്‌ ഈ ഗാനത്തിലൂടെ അണിയറപ്രവര്‍ത്തകരെ കാണിച്ചതും ഇഷ്ടപ്പെട്ടു.

അഖില എന്ന പുതുമുഖ നായിക തന്റെ ഭാഗങ്ങള്‍ ഭംഗിയാക്കി.

പി.സുകുമാറിന്റെ ഛായാഗ്രഹണവും നന്നായിരുന്നു.

സുരാജ്‌ വെഞ്ഞാര്‍മൂട്‌, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, ദിലീപ്‌ എന്നിവരൊക്കെ കോമഡി രംഗങ്ങള്‍ ട്രാജഡിയാക്കി. പക്ഷേ, അവര്‍ കാട്ടിക്കൂട്ടിയതില്‍ ഒരു പത്ത്‌ ശതമാനം ഭാഗങ്ങള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നവയായിരുന്നു.

'എന്തിരന്‍' എന്ന വാക്ക്‌ ചിത്രത്തില്‍ ഒന്ന് രണ്ടിടത്ത്‌ ഉപയോഗിച്ചത്‌ എന്തിനാണെന്ന് മനസ്സിലായില്ല. (അതിന്റെ പേരില്‍ രണ്ട്‌ കയ്യടി കിട്ടാമോ എന്ന ശ്രമമാണെന്ന് തോന്നുന്നു).

കുറേ സിനിമകളില്‍ കണ്ട്‌ മടുത്ത പല സംഗതികളും ഇവിടെയും ആവര്‍ത്തിച്ചിട്ടുണ്ട്‌. പ്രേക്ഷകരെങ്ങാനും അതെല്ലാം മറന്നിട്ടുണ്ടെങ്കില്‍ ഓര്‍ക്കാന്‍ ഒരു അവസരമാകുമല്ലോ എന്ന തിരക്കഥാകൃത്തുക്കളുടെ നല്ല മനസ്സ്‌ മാത്രമായി ഇതിനെ കണ്ടാല്‍ മതി. ഉദാഹരണത്തിന്‌ ഒരേ പേരായതിനാല്‍ തെറ്റിദ്ധരിക്കപ്പെട്ട്‌ ഉണ്ടാകുന്ന കുറേ സംഭവവികാസങ്ങള്‍, ചാക്കില്‍ കെട്ടി ഇരുത്തല്‍, ചാക്ക്‌ മാറിപ്പോകല്‍, മോഷണശ്രമങ്ങള്‍ എന്നിങ്ങനെ കുറേയുണ്ട്‌ കാര്യങ്ങള്‍. ('ചാക്ക്‌' ഈ സിനിമയിലെ ഏറ്റവും പ്രധാന ഘടകമാകുന്നു)

എന്തായാലും കൊടുത്ത കാശിന്‌ ഒരു പ്രേക്ഷകന്‌ ഇങ്ങനെ തന്നെ കിട്ടണം... മടുപ്പിച്ച്‌ വെറുപ്പിച്ച്‌ തീയ്യറ്ററില്‍ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ 'ജനപ്രിയനായകന്റെ നൂറാമത്തെ ചിത്രം' എന്ന ടൈറ്റിലിന്റെ ദുര്‍ഗതി മനസ്സിലൂടെ കടന്നുപോകുമെന്ന് ഉറപ്പ്‌.

Rating: 3 / 10