Friday, November 12, 2010

കാര്യസ്ഥന്‍
കഥ, തിരക്കഥ, സംഭാഷണം: ഉദയ കൃഷ്ണ, സിബി കെ. തോമസ്‌

സംവിധാനം: തോംസണ്‍

നിര്‍മ്മാണം: നീറ്റ ആന്റോ


വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌..... അടുത്തടുത്ത്‌ വീടുള്ള വളരെ പേരുകേട്ട രണ്ട്‌ തറവാട്ടുകാര്‍ അടയും ചക്കരയുമായി ജീവിച്ചിരുന്നു. അവരുടെ മക്കളും വീട്ടുകാരും എല്ലാം ഒരു കുടുംബം പോലെ ആഘോഷിച്ച്‌ ജീവിക്കുന്നു.

അങ്ങനെ സുഖമായി ജീവിച്ചാല്‍ സിനിമയ്ക്ക്‌ കഥയുണ്ടാകില്ലല്ലോ...

അപ്പോള്‍, അവര്‍ തമ്മില്‍ കടുത്ത ശത്രുക്കളാവണം. അതിനായി പ്രധാനമായി ഉപയോഗിക്കുന്ന മാര്‍ഗ്ഗം തന്നെ ഇവിടെയും ഉപയോഗിച്ചിരിക്കുന്നു. രണ്ട്‌ വീട്ടുകാരേയും കൂടുതല്‍ അടുപ്പിക്കാന്‍ (അടിപ്പിക്കാന്‍) ഒരു കല്ല്യാണം... പക്ഷേ, അതില്‍ ഒരാള്‍ക്ക്‌ വേറെ പ്രണയമുള്ളതിനാല്‍ വല്ലാത്ത വീര്‍പ്പുമുട്ടല്‍. പിന്നെ, തറവാട്ടുകാരൊക്കെ കൂടി തീരുമാനിച്ചതിനായതിനാല്‍ ആ വീര്‍പ്പുമുട്ടല്‍ നിശ്ചയത്തിന്റെ തലേ ദിവസം വരെ നീട്ടിക്കൊണ്ടുപോയി, തുടര്‍ന്ന് കമിതാക്കള്‍ നാടുവിട്ടുപോകാന്‍ തീരുമാനിക്കുന്നു. അപ്പോഴേയ്ക്കും തറവാട്ടുകാര്‍ നിശ്ചയിച്ച പെണ്‍കുട്ടി വിശാലമനസ്കയായി യാത്രയാക്കുന്നു. ഇതിനെല്ലാം ഒരു കുടുംബസുഹൃത്ത്‌ കൂടെ നിന്ന് സഹായിക്കുന്നു. കമിതാക്കള്‍ റെയില്‍ വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്ത്‌ നില്‍ക്കുമ്പോഴേയ്ക്കും വിശാലമനസ്കത പ്രകടിപ്പിച്ച പെണ്‍കുട്ടി ഏതോ വലിയ ചിറയില്‍ ചാടി ആത്മഹത്യ ചെയ്തതായി അറിയുന്നു. രണ്ട്‌ തറവാട്ടുകാരും തമ്മില്‍ തല്ലും വഴക്കും, അതിന്നിടയില്‍ കമിതാക്കള്‍ ട്രെയിനില്‍ കയറി രക്ഷപ്പെടുന്നു.
അങ്ങനെ രണ്ട്‌ വീട്ടുകാരും ഇനി മുതല്‍ ബദ്ധ വൈരികളാണെന്ന് പ്രഖ്യാപിക്കുന്നു.

ഒരു സിനിമ തുടങ്ങാനുള്ള സംഗതികളൊക്കെ അങ്ങനെ ഒപ്പിച്ചെടുത്തു.

ആ ഓടിപ്പോയ പുത്രന്‍ (സിദ്ധിക്ക്‌) തെങ്കാശിയില്‍ പോയി വലിയ കൃഷിക്കാരനോ മറ്റോ ആകുന്നു. അദ്ദേഹത്തിന്റെ സല്‍പുത്രനാകുന്നു നമ്മുടെ നായകന്‍ കൃഷ്ണനുണ്ണി (ദിലീപ്‌). ഇദ്ദേഹം വിത്തെറിഞ്ഞാലേ ആ നാട്ടില്‍ വിത്ത്‌ മുളയ്ക്കൂ അത്രേ.. അതുകൊണ്ട്‌ അദ്ദേഹം വരാന്‍ ലേറ്റ്‌ ആയതും വച്ചുകൊണ്ട്‌ ഒരു ബില്‍ഡ്‌ അപ്‌... ഒടുവില്‍ കൃത്യ സമയത്ത്‌ ഒരു കുതിരവണ്ടിയില്‍ നായകന്‍ എത്തിച്ചേരുന്നു. നിര്‍ത്തിയ കുതിരവണ്ടിയില്‍ നിന്ന് നേരെ മലക്കം മറിഞ്ഞ്‌ നിലത്ത്‌ വന്ന് ലാണ്ട്‌ ചെയ്യുന്നു (ഇദ്ദേഹം സര്‍ക്കസ്സിലാണോ എന്ന് അപ്പോള്‍ നമുക്ക്‌ സംശയം സ്വാഭാവികം).

നായകന്‍ അഭ്യാസിയാണെന്ന് കാണിക്കാന്‍ വേണ്ട ഒരു സാഹചര്യവും സൃഷ്ടിച്ചെടുത്തിട്ടുണ്ട്‌. കുറേ ഗുണ്ടകള്‍ വടിയുമായി എത്തുകയും നായകന്‍ കയ്യും കെട്ടി കുറേ നേരം നോക്കിനിന്നിട്ട്‌ ഒടുവില്‍ എല്ലാവരേയും വടികൊണ്ട്‌ മെല്ലെ മെല്ലെ നോവാതെ തല്ലിയും തോണ്ടിയും തോല്‍പ്പിക്കുന്നു. (ഇതിലൂടെ അഭ്യാസിയാണെന്ന് മനസ്സിലായല്ലോ).

ഈ സല്‍പുത്രന്‍ രണ്ട്‌ വീട്ടുകാരുടേയും ശത്രുത തീര്‍ക്കാനായി കാര്യസ്ഥനായി ഒരു തറവാട്ടിലേയ്ക്ക്‌ പുറപ്പെടുന്നു. കാര്യസ്ഥനാവാന്‍ വേണ്ട സാഹചര്യങ്ങളെല്ലാം തിരക്കഥാകൃത്തുക്കള്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്‌, കൂടുതല്‍ ചോദ്യങ്ങള്‍ വേണ്ട...

കാര്യസ്ഥനാണെന്ന് വീട്ടുകാര്‍ക്കും പ്രേക്ഷകര്‍ക്ക്‌ തോന്നണമെങ്കില്‍ അങ്ങനെ ഒരു വേഷം ഉറങ്ങുമ്പോള്‍ പോലും വേണമെന്ന സംവിധായകന്റെ നിശ്ചയകാമാം നായകന്റെ ഈ വേഷപ്പകര്‍ച്ച.

ഇതിന്നിടയില്‍ നായകന്റെ സുഹൃത്തായ പൊട്ടന്‍ വടിവേലു എന്ന സുരാജ്‌ വെഞ്ഞാര്‍മൂടും കള്ളനായി സലിം കുമാറും പ്രേക്ഷകരെ തമാശകാണിച്ചും പറഞ്ഞും വെറുപ്പിച്ച്‌ കൊല്ലുന്നു.

ഇനി, കാര്യസ്ഥപ്പണിയെടുക്കുന്ന വീട്ടിലെ പെണ്‍കൊച്ചിന്റെ കോളേജ്‌ പ്രോഗ്രാമിനുള്ള പാട്ട്‌ കാലഹരണപ്പെട്ടു എന്ന് അഭിപ്രായപ്പെട്ട്‌ പാശ്ചാത്യസംഗീതത്തില്‍ മിക്സ്‌ ചെയ്ത്‌ കോളേജ്‌ പ്രോഗ്രാമില്‍ നായികയ്ക്ക്‌ കയ്യടി വാങ്ങിക്കൊടുക്കുന്നു (ഒരു പാട്ടിനെ കുളമാക്കിയതിന്‌ സംഗീതപ്രേമികളുടെ കയ്യില്‍ നിന്ന് 'കയ്യടി' കിട്ടാനുള്ള നല്ലൊരു സാഹചര്യം തന്നെ). പാശ്ചാത്യസംഗീതം മിക്സ്‌ ചെയ്യാനായി നായകന്‍ ഡ്രംസ്‌ (ജാസ്‌) പ്ലേ ചെയ്യുന്ന കണ്ട്‌ കോരിത്തരിച്ചുപോയി (തെങ്കാശിയില്‍ ഏഴാം ക്ലാസ്സില്‍ പഠിപ്പ്‌ നിര്‍ത്തി കുടുംബത്തിനുവേണ്ടി ജോലിയെടുത്ത്‌ ജീവിച്ചപ്പോള്‍ ജാസ്‌ ഭഗവാന്‍ പ്രത്യക്ഷപ്പെട്ട്‌ കൊടുത്ത വരമായിരിക്കും ഈ കഴിവ്‌)

രണ്ട്‌ വീട്ടുകാരേയും തമ്മില്‍ വീണ്ടും ഒന്നിപ്പിക്കാന്‍ ഈ നായകന്‍ നടത്തുന്ന പരിശ്രമങ്ങളും സന്ദര്‍ഭങ്ങളുമാകുന്നു തുടര്‍ന്ന്.

ഒടുവില്‍, പണ്ട്‌ നടന്ന ആത്മഹത്യയുടെ ഉത്തരവാദിത്വം തന്റെ അച്ഛന്റേതല്ല എന്ന് തെളിയിക്കുകയും ചെയ്യുന്നു. (ഇത്‌ അത്ര തെളിയിക്കാനൊന്നും ഇല്ലായിരുന്നു. പണ്ടത്തെ ആ സംഭവത്തിനുശേഷം സുഹൃത്തായി കൂടെ നിന്നിരുന്ന സുരേഷ്‌ കൃഷ്ണ എന്ന ആളെ കഥാ സന്ദര്‍ഭങ്ങളിലൊന്നും കാണിക്കാതിരിക്കുകയും അദ്ദേഹം ഇപ്പോള്‍ കോഴിക്കോട്‌ വലിയ ബിസിനസ്സ്‌ നടത്തുകയാണെന്നുമൊക്കെ പറഞ്ഞ്‌ പിന്നീട്‌ അവതരിപ്പിച്ചപ്പോള്‍ കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാക്കാത്തവര്‍ സിനിമ കാണാത്തവര്‍ മാത്രമായിരിക്കും).

കുറേ പാട്ടുകള്‍ കുത്തി നിറച്ചിട്ടുണ്ട്‌. പാട്ടിനോടുള്ള ഇഷ്ടം നശിക്കാന്‍ ഇത്‌ തന്നെ ധാരാളം. പഴയ ചില പാട്ടുകളെ ഓര്‍മ്മപ്പെടുത്തുന്ന ചില ഈണങ്ങള്‍... ടി വി താരങ്ങളേയും ഗായകരേയുമെല്ലാം പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗാനം മോശമായില്ല. അവസാനഭാഗത്ത്‌ ഈ ഗാനത്തിലൂടെ അണിയറപ്രവര്‍ത്തകരെ കാണിച്ചതും ഇഷ്ടപ്പെട്ടു.

അഖില എന്ന പുതുമുഖ നായിക തന്റെ ഭാഗങ്ങള്‍ ഭംഗിയാക്കി.

പി.സുകുമാറിന്റെ ഛായാഗ്രഹണവും നന്നായിരുന്നു.

സുരാജ്‌ വെഞ്ഞാര്‍മൂട്‌, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, ദിലീപ്‌ എന്നിവരൊക്കെ കോമഡി രംഗങ്ങള്‍ ട്രാജഡിയാക്കി. പക്ഷേ, അവര്‍ കാട്ടിക്കൂട്ടിയതില്‍ ഒരു പത്ത്‌ ശതമാനം ഭാഗങ്ങള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നവയായിരുന്നു.

'എന്തിരന്‍' എന്ന വാക്ക്‌ ചിത്രത്തില്‍ ഒന്ന് രണ്ടിടത്ത്‌ ഉപയോഗിച്ചത്‌ എന്തിനാണെന്ന് മനസ്സിലായില്ല. (അതിന്റെ പേരില്‍ രണ്ട്‌ കയ്യടി കിട്ടാമോ എന്ന ശ്രമമാണെന്ന് തോന്നുന്നു).

കുറേ സിനിമകളില്‍ കണ്ട്‌ മടുത്ത പല സംഗതികളും ഇവിടെയും ആവര്‍ത്തിച്ചിട്ടുണ്ട്‌. പ്രേക്ഷകരെങ്ങാനും അതെല്ലാം മറന്നിട്ടുണ്ടെങ്കില്‍ ഓര്‍ക്കാന്‍ ഒരു അവസരമാകുമല്ലോ എന്ന തിരക്കഥാകൃത്തുക്കളുടെ നല്ല മനസ്സ്‌ മാത്രമായി ഇതിനെ കണ്ടാല്‍ മതി. ഉദാഹരണത്തിന്‌ ഒരേ പേരായതിനാല്‍ തെറ്റിദ്ധരിക്കപ്പെട്ട്‌ ഉണ്ടാകുന്ന കുറേ സംഭവവികാസങ്ങള്‍, ചാക്കില്‍ കെട്ടി ഇരുത്തല്‍, ചാക്ക്‌ മാറിപ്പോകല്‍, മോഷണശ്രമങ്ങള്‍ എന്നിങ്ങനെ കുറേയുണ്ട്‌ കാര്യങ്ങള്‍. ('ചാക്ക്‌' ഈ സിനിമയിലെ ഏറ്റവും പ്രധാന ഘടകമാകുന്നു)

എന്തായാലും കൊടുത്ത കാശിന്‌ ഒരു പ്രേക്ഷകന്‌ ഇങ്ങനെ തന്നെ കിട്ടണം... മടുപ്പിച്ച്‌ വെറുപ്പിച്ച്‌ തീയ്യറ്ററില്‍ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ 'ജനപ്രിയനായകന്റെ നൂറാമത്തെ ചിത്രം' എന്ന ടൈറ്റിലിന്റെ ദുര്‍ഗതി മനസ്സിലൂടെ കടന്നുപോകുമെന്ന് ഉറപ്പ്‌.

Rating: 3 / 10

2 comments:

സൂര്യോദയം said...

'ജനപ്രിയനായകന്‍' പട്ടം ഈ നിലയ്ക്ക്‌ പോയാല്‍ അധികം കാണിക്കേണ്ടിവരില്ല എന്ന് മനസ്സിലാക്കിക്കാന്‍ ഈ നൂറാമത്തെ ചിത്രമെങ്കിലും ഉപകരിച്ചെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.

kARNOr(കാര്‍ന്നോര്) said...

അപ്പൊ അതും നെറ്റിൽ വന്നിട്ട് കണ്ടാൽ മതി.