Friday, November 26, 2010
കോളേജ് ഡേയ്സ്
കഥ, തിരക്കഥ, സംവിധാനം: ജി. എന്‍. കൃഷ്ണകുമാര്‍
സംഭാഷണം: അജി. എം. എസ്.
നിര്‍മ്മാണം: സീന സാദത്ത്
ഒരു മെഡിക്കല്‍ കോളേജ് കാമ്പസ്... രണ്ട് പെണ്‍ കുട്ടികളും മൂന്നു ആണ്‍കുട്ടികളും അടങ്ങുന്ന ഒരു സീനിയേര്‍സിന്റെ ക്രിമിനല്‍ സംഘം.. അവരുടെ നേതാവ് മന്ത്രി പുത്രന്‍... കോളേജില്‍ പുതിയതായി എത്തുന്ന ഒരു പെണ്‍കുട്ടിയെ വിരട്ടാന്‍ ശ്രമിക്കുന്നിടത്ത് തടയിട്ടുകൊണ്ട് നായകന്റെ (ഇന്ദ്രജിത്ത്) രംഗപ്രവേശം. പിന്നെ, ഈ നായകനോടും പുതിയ പെണ്‍കുട്ടിയോടും ഈ ഗ്യാങ്ങിനുള്ള നീരസവും ഇവരെ ദ്രോഹിക്കാനും ട്രാപ്പ് ചെയ്യാനുമുള്ള ചില ശ്രമങ്ങളും. അതിന്റെ ഒരു ശ്രമത്തില്‍ നായകന്‍ മരിച്ചുപോകുന്നു. ഈ സംഘം ബോഡി മറാവ് ചെയ്യുന്നു. പോലീസ് കമ്മീഷണറുടെ (ബിജു മേനോന്‍) നേതൃത്വത്തില്‍ അന്വേഷണങ്ങള്‍..
ഇതിന്നിടയില്‍ മരിച്ചുപോയി എന്നു കരുതിയിരുന്ന നായകന്‍ പ്രേതസാന്നിധ്യപ്രതീതിയോടെ പലയിടത്തും എത്തി ഈ സംഘത്തിലെ ഓരോരുത്തരെയായി വകവരുത്തുന്നു. അവസാനമായി പ്രധാന വില്ലനെ കൊല്ലാനുള്ള ശ്രമത്തില്‍ കമ്മീഷണറും പോലീസും എത്തുന്നു. തുടര്‍ന്ന് സസ്പെന്‍സുകളുടെയും സത്യങ്ങളുടെയും ചുരുളഴിയുന്നു. ഇതാണ് കോളേജ് ഡേയ്സ് എന്ന ഈ സിനിമ.
പുതുനിര യുവതീയുവാക്കള്‍ എല്ലാവരും തന്നെ മോശമല്ലാത്ത നിലവാരം പ്രകടിപ്പിച്ചു എന്നതാകുന്നു ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. റിയാന്‍, ഗോവിന്ദ്, പത്മസൂര്യ, സന്ധ്യ, ധന്യ മേരി വര്‍ഗ്ഗീസ് എന്നിവരുടെ സംഘത്തിന് ശരിക്കും ഒരു ക്രിമിനല്‍ ഫീല്‍ ഉണ്ടാക്കാന്‍ സാധിച്ചിരിക്കുന്നു. അതോടൊപ്പം ഇന്ദ്രജിത്തും തന്റെ റോള്‍ ഭംഗിയായി ചെയ്തിരിക്കുന്നു. ജഗതി ശ്രീകുമാര്‍, ബിജുമേനോന്‍, സായികുമാര്‍ എന്നിവരും മികച്ചുനിന്നു. അടുത്തകാല ചിത്രങ്ങളെ അപേക്ഷിച്ച് സുരാജ് വെഞ്ഞാര്‍മൂട് പ്രേക്ഷകരെ വെറുപ്പിക്കാതെ കോമഡിരംഗങ്ങള്‍ കൈകാര്യം ചെയ്തു. കൂടെയുള്ള പുതിയ പിള്ളേരും മോശമാകാതെ കൂടെ നിന്നു.
ഒട്ടും പ്രായോഗികമല്ലാത്ത സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും സൃഷ്ടിച്ചുകൊണ്ട് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന കൃഷ്ണകുമാര്‍ നമ്മെ നിരാശരാക്കുന്നു. പ്രേതസാന്നിധ്യമാണെന്ന പ്രതീതിയുണ്ടാക്കാന്‍ ഉപഗോഗിച്ചിരിക്കുന്ന രീതികള്‍ ഒട്ടും ശാസ്ത്രീയമായില്ല എന്നതാകുന്നു പ്രധാന ന്യൂനത. സിനിമ തുടങ്ങി കുറച്ച് പുരോഗമിക്കുമ്പോള്‍ തന്നെ സംഗതികളുടെ കിടപ്പുവശം ഒരുവിധം എല്ലാവര്‍ക്കും മനസ്സിലാകും. പക്ഷേ, എങ്ങനെ ആ സത്യത്തില്‍ ഭംഗിയായി കൊണ്ടെത്തിക്കും എന്ന സംശയമാണ് നമ്മെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യം. ഒടുവില്‍ സത്യങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രേക്ഷകന്റെ അമ്പരപ്പ് മാറും, കാരണം, അശാസ്ത്രീയതയും മണ്ടത്തരങ്ങളും കൂട്ടിച്ചേര്‍ത്ത് ഏതൊരുത്തനും ഇത്തരം കാര്യങ്ങള്‍ തല്ലിക്കൂട്ടാം എന്ന തിരിച്ചറിവുള്ളതുകൊണ്ട് അമ്പരപ്പ് താനേ മാറും.
അക്കമിട്ട് ചൂണ്ടിക്കാട്ടാനാണെങ്കില്‍ ഒരുപാട് തെറ്റ് കുറ്റങ്ങള്‍ ഇതിന്റെ തിരക്കഥയിലും സംവിധാനത്തിലുമുണ്ട്. പക്ഷേ, പുതിയ നിര അഭിനേതാക്കളും രചയിതാവുമൊക്കെ ആയതിനാല്‍ കുറേയൊക്കെ ക്ഷമിക്കാവുന്നതേയുള്ളൂ. ട്രാപ്പ് പ്ലാന്‍ ചെയ്ത് ടേപ്പില്‍ റെക്കോര്‍ഡ് ചെയ്ത് കഴിയുമ്പോള്‍ ആ ടേപ്പ് സൂക്ഷിക്കാന്‍ അത് പ്ലാന്‍ ചെയ്ത ആളെ തന്നെ കൃത്യമായി ഏല്‍പിക്കുന്ന സന്ദര്‍ഭം ആകസ്മികതയുടെ എല്ലാ അതിര്‍വ്വരമ്പുകളും ലംഘിച്ചിരിക്കുന്നു. ഒരാളെ കെട്ടിപ്പൊതിഞ്ഞ് മറവ് ചെയ്യാന്‍ കൊണ്ടുപോകുമ്പോള്‍ ജീവനുണ്ടോ മരിച്ചോ എന്ന് അറിയാന്‍ പോലും പറ്റാത്തത്ര ഭീകരമായ 'മരണാഭിനയം' ഗംഭീരമായി.. പ്രത്യേകിച്ചും അവസാനവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോലും മനസ്സിലാകാത്തവിധം അഭിനയിക്കണമെങ്കിലുള്ള കാര്യം ആലോചിക്കാനേ വയ്യ.
സംഘത്തിലുള്ളവര്‍ ഓരോരുത്തരും വധിക്കപ്പെടാനുള്ള സാഹചര്യം സംവിധായകന്‍ വളരെ നാടകീയമായി ഒരുക്കിയിരിക്കുന്നു. പാതിരാത്രികളില്‍ തനിയെ പോകാന്‍ സംവിധായകന്‍ അവസരം ഉണ്ടാക്കിക്കൊടുത്തതുകൊണ്ട് നായകന് സംഗതികള്‍ വളരെ ഈസിയായി.
ഒരുത്തന്‍ നാട്ടില്‍ പോയി രാത്രി ബസ്സ് ഇറങ്ങി നടക്കുന്ന സീനില്‍ ശരിക്കും ചിരിച്ചുപോയി. തൊട്ടടുത്തിരുന്ന എന്റെ ഭാര്യയുടെ കമറ്റ് ആയിരുന്നു അതിന് കാരണം.. "ഇതെന്താ കുറ്റിക്കാട്ടില്‍ ആണോ ഇയാള്‍ താമസിക്കുന്നത്... ഇയാള്‍ ആദിവാസിയാണോ?' എന്നതായിരുന്നു ആ ചോദ്യം. അത്രയ്ക്ക് കേമമായി സംവിധായകന്‍ പ്ലോട്ട് ഒരുക്കിക്കൊടുത്തിരിക്കുന്നു.
സായികുമാര്‍ അഭിനയിച്ച മന്ത്രിയുടെ സ്വഭാവം തികച്ചും അസ്വാഭാവികമായി തോന്നി. ഒരേ സമയം സത്യസന്ധന്റെ രീതി പ്രകടിപ്പിച്ച് പുത്രനെ എതിര്‍ക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ഇദ്ദേഹം, മറ്റൊരു നിമിഷത്തില്‍ പുത്രനെ സംരക്ഷിക്കാന്‍ ഭാവം മാറുന്നതും കാണുമ്പോള്‍ പ്രേക്ഷകന് ആകെ ഒരു കണ്‍ ഫ്യൂഷന്‍...
ഒരു ഗാനവും അതിന്റെ നൃത്തരംഗവും പവര്‍ഫുള്‍ ആയിരുന്നു. ഗാനത്തിന്റെ വരികള്‍ ശ്രദ്ധിച്ചാലും ചിരിക്കാനുള്ള വകയുണ്ട് "വൈറസ് ഉള്ള ഹാര്‍ഡ് ഡിസ്കുള്ള എന്റെ ലാപ് ടോപ്പില്‍ നീ പെന്‍ ഡ്രൈവ് കുത്തല്ലേ.." എന്നോ മറ്റോ ഒക്കെ കേട്ടെന്നു തോന്നുന്നു... അസഭ്യമല്ല ഉദ്ദേശിച്ചത്.. ക്ഷമിക്കണം.
പ്രായോഗികബുദ്ധിയും കുറച്ചുകൂടെ വ്യക്തമായ സന്ദര്‍ഭങ്ങളും സൃഷ്ടിച്ച് നല്ല തിരക്കഥയൊരുക്കുവാന്‍ ജി.എന്‍. കൃഷ്ണകുമാറിന് ഭാവിയില്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
Rating : 3 / 10
ചാലക്കുടിക്കാരന്‍.... (sooryodayam@hotmail.com)
Subscribe to:
Post Comments (Atom)
4 comments:
പ്രായോഗികബുദ്ധിയും കുറച്ചുകൂടെ വ്യക്തമായ സന്ദര്‍ഭങ്ങളും സൃഷ്ടിച്ച് നല്ല തിരക്കഥയൊരുക്കുവാന്‍ ജി.എന്‍. കൃഷ്ണകുമാറിന് ഭാവിയില്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
"ട്രാപ്പ് പ്ലാന്‍ ചെയ്ത് ടേപ്പില്‍ റെക്കോര്‍ഡ് ചെയ്ത് കഴിയുമ്പോള്‍ ആ ടേപ്പ് സൂക്ഷിക്കാന്‍ അത് പ്ലാന്‍ ചെയ്ത ആളെ തന്നെ കൃത്യമായി ഏല്‍പിക്കുന്ന സന്ദര്‍ഭം ആകസ്മികതയുടെ എല്ലാ അതിര്‍വ്വരമ്പുകളും ലംഘിച്ചിരിക്കുന്നു. " - ഇത് ആകസ്മികമായി അവരെടുത്ത തീരുമാനമല്ല. ടേപ്പില്‍ നായകനെ കൊല്ലുന്നതായി റിക്കാര്‍ഡ് ചെയ്യപ്പെട്ട അല്ലെങ്കില്‍ കേസുണ്ടായാല്‍ ഒന്നാം പ്രതിയായി മാറുവാന്‍ സാധ്യതയുള്ള ആളുടെ കൈയ്യില്‍ ടേപ്പ് സൂക്ഷിക്കുവാന്‍ ഏല്‍പിച്ചതാണ്. അയാളാവുമല്ലോ അതൊരിക്കലും പുറത്ത് വരരുത് എന്ന് ഏറ്റവുമധികം ആഗ്രഹിക്കുക.
ബാക്കിയോടൊക്കെ യോജിപ്പാണ്. :)
--
ഹരീ... അങ്ങനെയെങ്കില്‍ മറ്റൊരു സംശയം... ഈ ടേപ്പ് വേറെ ആരെങ്കിലുമാണ് കൈവശം വച്ചതെങ്കിലോ? റെക്കോര്‍ഡ് ചെയ്ത ടേപ്പ് കൃത്യമായി വേണ്ട ആളുടെ കയ്യില്‍ തന്നെ കിട്ടിയ രീതി കുറച്ചുകൂടി ലോജിക്കലായി മാറ്റാമായിരുന്നു. അതായത്, അവന്‍ തന്നെ അത് കയ്യില്‍ വക്കാനുള്ള താപര്യം പ്രകടിപ്പിക്കുകയോ മറ്റോ.. :)
കോളേജ് ഡേയ്സ് എന്ന സിനിമ ഇന്നാണ് കണ്ടത്.
അഗത ക്രിസ്റ്റിയുടെ ഒടുവില്‍ ആരും അവശേഷിച്ചില്ല എന്ന നോവലാണ് ഈ സിനിമ കണ്ടപ്പോള്‍ എനിക്ക് ഓര്‍മവന്നത്. ആ നോവലില്‍ നിയമത്തിനു കീഴടക്കാനാവാത്ത ചില കുറ്റവാളികളെ മരണശിക്ഷക്ക് വിധിക്കുന്ന ജസ്റ്റീസ് വാര്‍ഗ്രേവ് ആ വിധി നടപ്പാക്കാനായി തന്റെ ഇരകളിലൊരാളുടെ വിശ്വാസം നേടുന്നുണ്ട്. എന്നിട്ട് താന്‍ മരിച്ചതായി മറ്റുള്ളവരെ ധരിപ്പിക്കുന്നു. ഒടുവില്‍ തന്റെ സുഹൃത്തായ ഇര അടക്കം എല്ലാവരെയും, അതും ഓരോരുത്തരെയായി കൊല്ലുന്നു. ഓരോ മരണവും അവശേഷിക്കുന്ന മറ്റുള്ളവരെ ഭീതിദരാക്കുന്നു .
ഇന്ദ്രജിത്ത് തന്റെ കാമുകിയുടെ വധത്തിനു പ്രതികാരം ചെയ്യാന്‍ അവള്‍ പഠിച്ച മെഡിക്കല്‍ കോളേജില്‍ കള്ളപ്പേരില്‍ ഹൗസ് സര്‍ജന്‍സിക്ക് ചേരുന്നതിനു മുമ്പ് ഈ നോവല്‍ ഒന്നുകൂടി വായിച്ചിരിക്കണം. പോരാഞ്ഞ് നാദിയ കൊല്ലപ്പെട്ട രാത്രി എന്ന സിനിമ കണ്ടിട്ടും ഉണ്ടാവണം. അല്ലാത്ത പക്ഷം ഈ നോവലിന്റെ ലൈബ്രറി എഡിഷന്‍ കൊല്ലപ്പെട്ടയാളുടെ തോള്‍ ബാഗില്‍ നിന്നും (നാദിയയുടെ വായനാമൂറിയില്‍ നിന്നും ഏതോ കൊലപാതകിയുടെ ജീവിത കഥ കണ്ടെടുക്കുന്നതു പോലെ) കണ്ടെടുത്തിരുന്നേനേ.
എങ്കില്‍ ഇന്‍സ്പെക്ടര്‍ ബിജു മേനോന് കാര്യങ്ങള്‍ എത്ര എളുപ്പമായിരുന്നു !
Post a Comment