Friday, October 29, 2010

ഫോര്‍ ഫ്രണ്ട്സ്‌




കഥ, തിരക്കഥ, സംഭാഷണം: കൃഷ്ണ പൂജപ്പുര

നിര്‍മ്മാണം: ടോമിച്ചന്‍ മുളകുപാടം

സംവിധാനം: സജി സുരേന്ദ്രന്‍

ജീവിതത്തിലെ ഒരു പ്രത്യേക അവസ്ഥ നേരിടുന്ന കുറച്ചുപേര്‍ക്കിടയില്‍ നിന്ന് നാല്‌ സുഹൃത്തുക്കള്‍ ഉണ്ടാകുന്നു. കണ്ണീരില്‍ നിന്ന് മാറി ജീവിതം ഒരു ഉത്സവമാക്കാന്‍ അവര്‍ തീരുമാനിക്കുന്നു. അതിനെത്തുടര്‍ന്നുള്ള ചില സംഭവങ്ങളും സുഹൃദ്‌ ബന്ധങ്ങളുടെ തീവ്രതയും പ്രേമത്തിന്റെ പൊള്ളത്തരവും ഈ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

നേരിട്ട്‌ പ്രേക്ഷകരോട്‌ "ഞങ്ങളുടെ കഥ പറയാം.." എന്ന് മുഖത്തുനോക്കി പറഞ്ഞുള്ള സംഗതി അല്‍പം അരോചകമായി തോന്നി. ഭേദപ്പെട്ട രീതികള്‍ സ്വീകരിക്കാമായിരുന്നു.

സിനിമ തുടങ്ങി കുറച്ച്‌ സമയത്തിനുള്ളില്‍ തന്നെ കഥ മുന്നോട്ട്‌ അറിയാനുള്ള താല്‍പര്യം നഷ്ടപ്പെടുന്ന രീതിയില്‍ പ്രേക്ഷകന്റെ പ്രതീക്ഷ നശിപ്പിക്കുന്നതില്‍ കഥയുടെ അവതരണത്തിന്‌ സാധിച്ചിരിക്കുന്നു.

'എന്തായാലും കാശ്‌ കൊടുത്ത്‌ കയറിയതല്ലേ, കണ്ടേക്കാം' എന്ന മനോഭാവത്തോടെ ഇരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ പിന്നീട്‌ നടക്കുന്ന സെന്റിമെന്റ്സെല്ലാം കോമഡിയായി തോന്നുകയും കൂവിയും ആര്‍ത്തട്ടഹസിച്ചും ആസ്വദിക്കുകയും ചെയ്യുന്നത്‌ തീയ്യറ്ററില്‍ ആഘോഷപ്രതീതി ജനിപ്പിച്ചു. ഈ സംഗതികള്‍ കണ്ട്‌ ചിരിക്കാനായി എന്നത്‌ ഒരു നേട്ടം തന്നെയായി ഞാന്‍ കണക്കാക്കുന്നു.

പല സീനുകളും അനാവശ്യമായിരുന്നു എന്നത്‌ എഡിറ്റര്‍ക്കും ഡയറക്ടര്‍ക്കും ഒഴികെ ഏതൊരാള്‍ക്കും വ്യക്തമായി മനസ്സിലാകും.

ഭൂരിഭാഗം കോമഡി രംഗങ്ങളും ദയനീയമായിരുന്നു.

സലിം കുമാര്‍ കുറേ നേരം കോമഡി പറഞ്ഞ്‌ അവസാനം സെന്റി യാവാന്‍ നോക്കിയെങ്കിലും അവിടെയും അത്ര ഏശിയില്ല.

സുരാജ്‌ വെഞ്ഞാര്‍മൂടിന്റെ ഒരു സീന്‍ അത്യുഗ്രനായിരുന്നു. ഗുണ്ടയുടെ തല്ലില്‍ നിന്ന് രക്ഷപ്പെടുന്ന രംഗം വളരെ രസകരമായിരുന്നു. ബാക്കി എല്ലം ഒരു തരം ആവര്‍ത്തനം.

കുറേ വിഗ്ഗ്‌ തലയന്മാരുടെ സിനിമയായിരുന്നു ഇത്‌. ഗണേഷ്‌ കുമാര്‍, ലാലു അലക്സ്‌, കുഞ്ചാക്കോ ബോബന്‍, സലിം കുമാര്‍ തുടങ്ങിയവരുടെയെല്ലാം തലയലങ്കാരം പ്രകടവും കേമവുമായി. അതില്‍ ഗണേഷ്‌ കുമാര്‍ ഇടയ്ക്കിടെ വിഗ്ഗ്‌ നെറ്റിയില്‍ നിന്ന് വടിച്ച്‌ നേരെയാക്കുന്നുണ്ട്‌.

കമലഹാസനെ അവതരിപ്പിച്ച്‌ അദ്ദേഹത്തിന്റെ കുറേ ഉപദേശങ്ങളും ഓര്‍മ്മക്കുറിപ്പുകളും കുറേ നേരം പറയിപ്പിച്ച്‌ നന്ദി പറഞ്ഞ്‌ പിരിഞ്ഞു. അത്ര ആധികം നേരം കമലഹാസനെക്കൊണ്ട്‌ ഇതെല്ലാം ഒറ്റ ശ്വാസത്തില്‍ പറയിപ്പിക്കുമ്പോഴും പ്രേക്ഷകര്‍ക്ക്‌ ഒരു മടുപ്പ്‌ തോന്നിത്തുടങ്ങിയെങ്കില്‍ തിരക്കഥാകൃത്തിന്റേയും സംവിധായകന്റെയും കഴിവിനെ പ്രകീര്‍ത്തിക്കാതെ വയ്യ.

ജയസൂര്യയ്ക്ക്‌ ആകെ ചേരുന്ന ചില വേഷങ്ങളേ ഉള്ളൂ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌.. പോക്കറ്റടിക്കാരന്‍, കള്ളന്‍ തുടങ്ങിയ ഏരിയയില്‍ പുള്ളിക്കാരന്‍ തകര്‍ക്കും. അതുകൊണ്ട്‌ ഈ സിനിമയിലും ജയസൂര്യ ഭേദപ്പെട്ട നിലവാരം പുലര്‍ത്തി. ഒരു സെന്റിമന്റ്‌ സീന്‍ പ്രേക്ഷകര്‍ കൂവിത്തകര്‍ത്തപ്പോല്‍ മറ്റൊരെണ്ണം പ്രേക്ഷകരെ ആകര്‍ഷിച്ചു.

കുഞ്ചാക്കോ ബോബന്‍ ഒരു പക്വത വന്ന രീതിയില്‍ തുടര്‍ന്നപ്പോള്‍ മീരാ ജാസ്മിന്‍ തീരെ ആകര്‍ഷണീയമായില്ലെന്ന് മാത്രമല്ല അഭിനയവും ഒരു വകയായിരുന്നു.

ഒരു ബെര്‍ത്ത്‌ ഡേ സോങ്ങ്‌ ആളുകളെ ബോറടിപ്പിച്ച്‌ കൊന്നു. ബെര്‍ത്ത്‌ ഡേയ്ക്ക്‌ കൊച്ചിന്റെ അച്ഛനമ്മമാര്‍ വരുമെന്നൊക്കെ പ്രേക്ഷകരെ അറിയിച്ചെങ്കിലും ആരെയും കാണിച്ചെന്ന് തോന്നുന്നില്ല, (സംവിധായകന്‍ വിളിക്കാന്‍ മറന്നുപോയതായിരിക്കും... ഈ ബോറിനിടയില്‍ അവരും കൂടി എന്തിനാ?)

ഒരൊറ്റ രംഗം കൊണ്ട്‌ തന്നെ കുഞ്ചാക്കോ ബോബനും ജയസൂര്യെയും ജയറാമിന്റെ സുഹൃത്തുക്കളായി. അതുപോലെ ഒരൊറ്റ സീനുകൊണ്ട്‌ മീരാ ജാസ്മിന്‍ ജയറാമിനെ ആരാധിക്കാന്‍ (പ്രേമിക്കാന്‍?) തുടങ്ങി. സിനിമ എങ്ങനെയെങ്കിലും തീര്‍ക്കാനുള്ള തിരക്കുകാരണം സംവിധായകന്‍ ചെയ്തതാണെങ്കിലും നമുക്കെന്തോ ഒരു വല്ലായ്ക.


ഒരു ഗാനത്തിലെ ദൃശ്യങ്ങള്‍ മനോഹരമായിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ തുടക്കം മുതല്‍ ഒടുക്കം വരെ ബോറടിപ്പിക്കുകയും നിരാശരാക്കുകയും ചെയ്യാന്‍ പ്രാപ്തിയുള്ള ഒരു മുട്ടന്‍ സിനിമ.

5 comments:

സൂര്യോദയം said...

സിനിമ തുടങ്ങി കുറച്ച്‌ സമയത്തിനുള്ളില്‍ തന്നെ കഥ മുന്നോട്ട്‌ അറിയാനുള്ള താല്‍പര്യം നഷ്ടപ്പെടുന്ന രീതിയില്‍ പ്രേക്ഷകന്റെ പ്രതീക്ഷ നശിപ്പിക്കുന്നതില്‍ കഥയുടെ അവതരണത്തിന്‌ സാധിച്ചിരിക്കുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ തുടക്കം മുതല്‍ ഒടുക്കം വരെ ബോറടിപ്പിക്കുകയും നിരാശരാക്കുകയും ചെയ്യാന്‍ പ്രാപ്തിയുള്ള ഒരു മുട്ടന്‍ സിനിമ.

Rating : 3.5 / 10

ബാദുഷ said...

അതെ ഇന്നലത്തെ തിരക്ക് ഇന്ന് ചിത്രത്തിന് ഇല്ല, കണ്ടവര്‍ കണ്ടവര്‍ മോശം അഭിപ്രായം പറയുന്നു ! ഫാമിലിയും ആയി പോകാന്‍ തീരുമാനിച്ചതായിരുന്നു , ഇനി പോകുന്നില്ല ! ഇറങ്ങി രണ്ടാം ദിവസം തന്നെ ആളൊഴിഞ്ഞ തിയേറ്റര്‍ കണ്ടപ്പോള്‍ വിഷമം തോന്നി ! ഇത് സജി സുരേന്ദ്രന്റെയും മലയാള സിനിമയുടെയും ഏറ്റവും വലിയ പരാജയം തന്നെ ആണ് ! ഈ പരാജയത്തില്‍ പങ്കാളിയാവാന്‍ ഉലകനയകനെ കൊണ്ട് വരേണ്ടിയുണ്ടയിരുന്നില്ല !

ബാദുഷ said...

അതെ ഇന്നലത്തെ തിരക്ക് ഇന്ന് ചിത്രത്തിന് ഇല്ല, കണ്ടവര്‍ കണ്ടവര്‍ മോശം അഭിപ്രായം പറയുന്നു ! ഫാമിലിയും ആയി പോകാന്‍ തീരുമാനിച്ചതായിരുന്നു , ഇനി പോകുന്നില്ല ! ഇറങ്ങി രണ്ടാം ദിവസം തന്നെ ആളൊഴിഞ്ഞ തിയേറ്റര്‍ കണ്ടപ്പോള്‍ വിഷമം തോന്നി ! ഇത് സജി സുരേന്ദ്രന്റെയും മലയാള സിനിമയുടെയും ഏറ്റവും വലിയ പരാജയം തന്നെ ആണ് ! ഈ പരാജയത്തില്‍ പങ്കാളിയാവാന്‍ ഉലകനയകനെ കൊണ്ട് വരേണ്ടിയുണ്ടയിരുന്നില്ല !

cloth merchant said...

സഹിക്കാന്‍ പറ്റില്ല ഈ സാധനം.ഇവനെ ഒക്കെ സീരിയലില്‍ തന്നെ അട ഇരുത്തണം.
ഈ പടത്തിനൊക്കെ കേറിയിട്ടു കൂവാതെ ഇറങ്ങി പോകാന്‍ ഗാന്ധിജിക്ക് പോലും പറ്റുമെന്ന് തോന്നുന്നില്ല.
സജി സുരേന്ദ്രനോപ്പം വേറെയും കുറെ ടി.വി സംവിധാന ശൂരര്‍ പുതിയ ചിത്രങ്ങളും പ്ലാനുകളും ഒക്കെ അന്നൌന്‍സ് ചെയ്തു കേട്ട്.
പേടിയാവുന്നു.

Mansoor said...

സജി സുരേന്ദ്രന്‍റെ മുന്‍ ചിത്രങ്ങളായ ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്‍റ് തുടങ്ങിയവ സൂപ്പര്‍ ഹിറ്റാണു പോലും ആ ചിത്രങ്ങള്‍ എങ്ങനെ വിജയിച്ചു എന്നത് ഒരു അല്‍ഭുതമായിട്ടാണ് എനിക്ക് ഇപ്പോഴും തോന്നുന്നത്, അദ്ദേഹത്തിന് ഇങ്ങനെയൊരു പതനം അത്യാവശ്യമാണ്. അല്ലെങ്കില്‍ ഇത്തരം കാട്ടിക്കൂട്ടലുകള്‍ ആവര്‍ത്തിക്കും, മേല്‍പറഞ്ഞ ചിത്രങ്ങളില്‍ ആദ്യത്തേതില്‍ പാട്ടൊഴികെ ഒന്നും ആകര്‍ശകമായി എനിക്കു തോന്നിയില്ല പിന്നെ ഹാപ്പി ഹസ്ബന്‍റ് എന്‍റമ്മോ............ എങ്ങനെ അതിലെ കോമഡി കണ്ട് ചിരിക്കും......... ഇതുവരെ ആ സിനിമ ഞാന്‍ കണ്ട് പൂര്‍ത്തിയാക്കിയില്ല.......രണ്ടാമത്തെ സി ഡിയില്‍ ഇപ്പോഴും 10-20 മിനുറ്റ് ബാക്കിയുണ്ട്......... സുരാജിന്‍റെ ഐഡിയ കാന്‍ ചേയ്ന്‍റ് യുവര്‍ ലൈഫ്...... ഒഴികെ ഒന്നും എനിക്ക് തമാശയായിന്‍ തോന്നിയിട്ടുമില്ല