Tuesday, October 26, 2010

അന്‍വര്‍രചന, സംവിധാനം: അമല്‍ നീരദ്‌
സംഭാഷണം: ഉണ്ണി ആര്‍., ശ്രീജിത്ത്‌ ഡി പിള്ള
നിര്‍മ്മാണം: രാജ്‌ സക്കറിയ


കോയമ്പത്തൂര്‍ സ്ഫോടനവും അതുമായി ബന്ധപ്പെട്ട തീവ്ര വര്‍ഗ്ഗീയ വാദികളുടെ പ്രവര്‍ത്തനങ്ങളും അതിന്നിടയിലുണ്ടാകുന്ന തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളുമാണ്‌ അന്‍ വര്‍ എന്ന സിനിമയുടെ പ്രധാന ഘടകം.

ബാബു സേട്ട്‌ (ലാല്‍) എന്ന മുസ്ലീം സംഘടനാ നേതാവിന്റെ അറസ്റ്റും, അതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ജയില്‍ വാസ കാലത്ത്‌ പുതിയതായി ജയിലില്‍ എത്തി അദ്ദേഹത്തിന്റെ വിശ്വാസവും പ്രീതിയും നേടിയെടുക്കുന്ന അന്‍ വര്‍(പൃഥ്യിരാജ്‌) എന്ന ചെറുപ്പക്കാരനിലൂടെ അദ്ദേഹം തന്റെ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ്‌ ഈ ചിത്രത്തിന്റെ ഉള്ളടക്കം.

അമല്‍ നീരദിന്റെ കയ്യൊപ്പ്‌ ഈ ചിത്രത്തിലും പതിഞ്ഞിട്ടുണ്ട്‌. ആ കയ്യൊപ്പ്‌ നല്ലതാണോ മോശമാണോ എന്നത്‌ വേറെ കാര്യം. സ്ലോ മോഷന്‍, തോക്ക്‌, മഴ, മണല്‍പ്പുറം, ബീച്ച്‌ തുടങ്ങിയവയൊക്കെ സ്ഥിരമായി ചേരുവകളായി ലഭിക്കുന്നു എന്നതാണ്‌ ആ കയ്യൊപ്പിന്റെ പ്രത്യേകത.

ബിഗ്‌ ബി എന്ന സിനിമയെ പല രംഗങ്ങളിലും അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ ചിത്രത്തിലേയും രംഗങ്ങള്‍. പ്രധാനമായും ക്ലൈമാക്സ്‌ രംഗങ്ങളോടടുക്കുന്ന സീനുകളില്‍ ആ ഒരു സാമ്യം വളരെ പ്രകടവുമായിരുന്നു.

ഒരു മണിക്കൂറിന്റെ സിനിമ സ്ലോ മോഷനില്‍ കാണിച്ച്‌ രണ്ട്‌ മണിക്കൂറിലധികമാക്കി റെഡിയാക്കിയിരിക്കുന്നു എന്നതും മറ്റൊരു സവിശേഷതയാണ്‌.

അഭിനേതാക്കളുടെയെല്ലാം പ്രകടനം മികച്ചതായിരുന്നു. ഫോട്ടോഗ്രാഫിയും മികച്ചുനിന്നു.

പൃഥ്യിരാജ്‌ തന്റെ റോള്‍ ഭംഗിയായി അവതരിപ്പിച്ചപ്പോള്‍ മമത ആകര്‍ഷണീയത നിലനിര്‍ത്തി. ലാലിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. പ്രകാശ്‌ രാജ്‌ അദ്ദേഹത്തിന്റെ പതിവ്‌ മേന്മ നിലനിര്‍ത്തി.

ചിത്രത്തിലെ ഒരു ഗാനം മികച്ചതായിരുന്നു. മറ്റൊരെണ്ണം സിനിമാചേരുവകയിലെ പതിവ്‌ രീതിയിലുള്ള സ്വപ്നവും മനോഹരമായ ഭൂപ്രദേശവും കൊണ്ട്‌ നിറച്ചപ്പോള്‍ സിനിക കഴിഞ്ഞപ്പോളുള്ള ഗാനം വേഷം കെട്ട്‌ (പൃഥ്വിരാജിനും മമതയ്ക്കും പാടാനും വേഷം കെട്ടി ആടാനും) പ്രകടനത്തിനുള്ളതായി മാറ്റിവച്ചുവെന്ന് മാത്രം.

ബസ്സിലിരുന്ന് ബോംബ്‌ സ്ഫോടനം ആസ്വദിക്കുന്ന സീന്‍ കൗതുകകരമായി. സ്ഫോടനമൊക്കെ പതിവ്‌ സംഭവങ്ങളായതുകൊണ്ടാണാവോ ബസ്സ്‌ യാതൊരു ഭാവമാറ്റവുമില്ലാതെ യാത്ര തുടര്‍ന്നത്‌.

കഥാപാത്രത്തിന്‌ വേണ്ട ട്രെയിനിംഗ്‌ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും, പത്തിരുപത്‌ പേരെ എത്രനേരം വേണമെങ്കിലും നിന്ന് ഇടിച്ച്‌ മലര്‍ത്താവുന്ന നിലയില്‍ പൃഥ്യിരാജ്‌ വളര്‍ച്ച നേടി എന്നതും ഈ ചിത്രം പ്രേക്ഷകന്‌ മനസ്സിലാക്കിത്തന്നു.

തീവ്രവര്‍ഗ്ഗീയവാദികളുടെ നിലപാടുകളിലെ പൊള്ളത്തരവും ദൂഷ്യഫലങ്ങളും സ്വാര്‍ത്ഥതയും വരച്ചുകാട്ടാനായി എന്നത്‌ ഈ ചിത്രത്തിന്റെ ഒരു പ്രധാന നേട്ടമായി കാണാം.

സിനിമ കഴിഞ്ഞ്‌ തീയ്യറ്റര്‍ വിട്ടാലുമൊരു സ്ലോമോഷന്‍ വലിച്ചിലും ബാക്ക്‌ ഗ്രൗണ്ട്‌ മ്യൂസിക്കിന്റെ ഇഴച്ചിലും കുറേ നേരം നമ്മുടെ കൂടെയുണ്ടാകും.

പൊതുവേ പറഞ്ഞാല്‍, വലിയ ബുദ്ധിമുട്ടുകളില്ലാതെ കണ്ടിരിക്കുകയും പൃഥ്യിരാജിന്റെ ഹീറോയിസം ആസ്വദിക്കുകയും ചെയ്യാവുന്ന ഒരു ചിത്രം.

2 comments:

സൂര്യോദയം said...

വലിയ ബുദ്ധിമുട്ടുകളില്ലാതെ കണ്ടിരിക്കുകയും പൃഥ്യിരാജിന്റെ ഹീറോയിസം ആസ്വദിക്കുകയും ചെയ്യാവുന്ന ഒരു ചിത്രം.

Rating : 5 / 10

സുഷേണന്‍ :: Sushen said...

2008-ഇൽ ഇറങ്ങിയ Don Cheadle അഭിനയിച്ച "Traitor" എന്ന സിനിമയെ വല്ലാതെ അനുസ്മരിപ്പിക്കുന്നു ഈ പടം.