Tuesday, February 27, 2007

പച്ചക്കിളി മുത്തുച്ചരം

രചന, സംവിധാനം : ഗൌതം മേനോന്‍
നിര്‍മ്മാണം : ഓസ്കാര്‍ രവിചന്ദ്രന്‍
അഭിനേതാക്കള്‍ : ശരത്കുമാര്‍, ജ്യോതിക, മിലിന്ദ് സോമന്‍, ആഡ്രിയ
സംഗീതം : ഹാരിസ് ജയരാജ്
ഛായഗ്രഹണം : അരവിന്ദ് കൃഷ്ണ



കാക്ക കാക്കയിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ഗൌതം മേനോന്‍ രചിച്ച് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പച്ചക്കിളി മുത്തുച്ചരം. ശരത്കുമാര്‍, ജ്യോതിക, ആഡ്രിയ, മിലിന്ദ് സോമന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു. ഗൌതമിന്റെ മുന്‍‌ചിത്രങ്ങളെ അപേക്ഷിച്ച് മികച്ച തുടക്കമോ ജനപ്രീതിയോ ഇതിനു നേടാന്‍ കഴിഞ്ഞില്ല.

ജെയിംസ് സീഗളിന്റെ ഡീറെയില്‍ഡ് എന്ന നോവലിനെ ആധാരമാക്കിയാണ് ഗൌതം ഇതിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ക്ലൈവ് ഓവനും ജെന്നിഫര്‍ അനിസ്റ്റണും ചേര്‍ന്നഭിനയിച്ച് ഇതേ പേരില്‍ ഒരു ഹോളിവുഡ് ചിത്രവും ഇറങ്ങിയിരുന്നു. ഏതായാലും സത്യം തുറന്നു പറഞ്ഞത് അഭിനന്ദനീയം തന്നെ.

മെഡിക്കല്‍ റെപ്പായ വെങ്കിടേഷിന്റെ (ശരത്കുമാര്‍) ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം. ഏകമകനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഭാര്യ കല്യാണിക്ക് (ആഡ്രിയ) വെങ്കിയുടെ കാര്യങ്ങളില്‍ ശ്രദ്ധ കുറയുന്നു. ട്രെയിന്‍ യാത്രയില്‍ വെച്ച് വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഗീതയെ (ജ്യോതിക) വെങ്കി പരിചയപ്പെടുന്നു. അടുപ്പം വര്‍ദ്ധിച്ച് ഒരു ദിവസം ഓഫീസില്‍ പോകാതെ രണ്ടു പേരും ഒരു റിസോര്‍ട്ടില്‍ മുറിയെടുക്കുന്നു. അവിടെയെത്തുന്ന വില്ലനായ ലോറന്‍സ് (മിലിന്ദ് സോമന്‍) ഇവര്‍ ഭാര്യ ഭര്‍ത്താക്കന്മാരല്ലെന്നു മനസ്സിലാക്കുകയും തുടര്‍ന്ന് വെങ്കിടേഷിനെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്യുന്നു. അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളോടെയാണ് സിനിമ വികസിക്കുന്നത്.

സിനിമയുടെ ആദ്യപകുതി വിരസമാണ്. പകുതിക്ക് ഇറങ്ങിപ്പോയാലോയെന്നു തോന്നിക്കുമാറ് വലിച്ചു നീട്ടിയിരിക്കുന്നു. കഥാന്ത്യം പ്രതീക്ഷിച്ചതു പോലെ തന്നെയാകുമോയെന്നറിയാനുള്ള ആകാംക്ഷയായിരുന്നു പിടിച്ചു നിര്‍ത്തിയത്. പ്രതീക്ഷ ഒട്ടും തന്നെ തെറ്റിയില്ല. എങ്കിലും സസ്പെന്‍സ് മോശമായില്ല എന്നു പറയാം. രണ്ടാം പകുതി കുറച്ചു കൂടി ചടുലമാണ്.

ചുരുക്കി പറയേണ്ടിയിരുന്ന കഥ വലുതാക്കിയതിന്റെ പോരായ്മകള്‍ പലയിടത്തും പ്രകടമാണ്. എങ്കിലും ഗൌതമിന്റെ സംവിധായക മികവ് ദൃശ്യമാകുന്ന രംഗങ്ങളുമുണ്ട്. കൊലപാതകങ്ങളും സംഘട്ടനങ്ങളും നടക്കുമ്പോഴും പോലീസ് ഒരിക്കലും രംഗത്ത് വരാത്തത് അവിശ്വസനീയമാണ്.

അഭിനേതാക്കളെല്ലാം തന്നെ മികച്ച പ്രകടനം നടത്തിയിരിക്കുന്നു. മിതാഭിനയം കാഴ്ച വെച്ച ശരതിന്റെ മികച്ച വേഷങ്ങളിലൊന്നാണിത്. ജ്യോതികയും നല്ല പ്രകടനം നടത്തിയിരിക്കുന്നു. തമിഴില്‍ ആദ്യമായി വരുന്ന് മിലിന്ദ് സോമന്‍ ഗൌതമിന്റെ മുന്‍‌ചിത്രങ്ങളിലെ വില്ലന്മാരെ അനുസ്മരിപ്പിക്കുന്നെങ്കിലും മോശമാക്കിയിട്ടില്ല. ഗായികയായി വന്ന (കണ്ണും കണ്ണും നോക്കിയ, കര്‍ക്ക കര്‍ക്ക) ആഡ്രിയയുടെയും ആദ്യ സിനിമയാണിത്.

ഹാരിസ് ജയരാജിന്റെ സംഗീതം ഗാനങ്ങളെ മനോഹരമാക്കിയെങ്കിലും ചിത്രീകരണം നന്നായില്ല. പാശ്ചാത്തല സംഗീതം പലപ്പോഴും അസഹനീയമാണ്. ഉനക്കുള്‍ നാന്‍ എന്ന ഗാനം വേട്ടൈയാട് വിളൈയാടിലെ ഉയിരിലെ എന്ന ഗാനത്തിന്റെ സ്മരണകളുണര്‍ത്തുന്നു. അരവിന്ദ് കൃഷ്ണയുടെ ക്യമറ ഭേദമെന്നേ പറയാന്‍ പറ്റൂ.

മുന്‍‌ധാരണകളില്ലാതെ വന്നാല്‍ ഒരു മിനിമം ഗ്യാരണ്ടി പടം തന്നെ.

എന്റെ റേറ്റിംഗ് : 2.5/5

Saturday, February 24, 2007

ഹണിമൂണ്‍ ട്രാവത്സ് പ്രൈവറ്റ് ലിമിറ്റഡ്

സംവിധാനം:- റീമ കാഗ്‌ടി
നിര്‍മ്മാണം:- ഫര്‍ഹാന്‍ അക്തര്‍, റിതേഷ് സിധ്വാനി
സംഗീതം:- വിഷാല്‍ ദദ്‌ലാനി, ശേഖര്‍ രവ്ജ്യാനി
ക്യാമറ:- ദീപ്തി ഗുപ്ത
അഭിനേതാക്കള്‍:- അഭയ് ഡിയോള്‍, മിനിഷ, ഷബാന ആസ്മി, ബൊമ്മന്‍ ഇറാനി, അമീഷ പട്ടേല്‍, റൈമ സെന്‍, കെ കെ മേനോന്‍, സന്ധ്യ മൃദുല്‍, വികരം ചാട്വാള്‍, കരണ്‍ ഖന്ന, രണ്‍‌വീര്‍ ഷോരെ, ദിയ മിര്‍സ, അര്‍ജുന്‍ രാം‌പാല്‍, സുസൈന്‍ ബെര്‍നെര്‍ട്ട്.


‘ഹണിമൂണ്‍ ട്രാവത്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്നത് സംവിധായക എന്ന നിലയില്‍ റീമ കാഗ്‌ടിയുടെ ആദ്യ സിനിമയാണ്. സൂപ്പര്‍ താരനിരയൊന്നുമില്ലാതെ ഒരു ലളിതമായ ഒരു കോമഡി ചിത്രമാണിത്.

ഹണിമൂണ്‍ ട്രാവത്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഒരു സ്ഥാപനം നടത്തുന്ന ഗോവന്‍ ഹണിമൂണ്‍ യാത്രയാണ് ഈ ചിത്രത്തിന്റെ കഥയുടെ ആധാരം. ഈ യാത്രയില്‍ ആറ് ദമ്പതികളാണ് പങ്കെടുക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ ഇവര്‍ പുറപ്പെടുന്ന ഈ യാത്ര തീരുന്നത് സിനിമയോടൊപ്പമാണ്. ഈ യാത്രയില്‍ സംഭവിക്കുന്ന കാര്യങ്ങളും തമാശകളും ആണ് ഈ സിനിമയുടെ ഇതിവൃത്തം.

ഊഹിക്കാവുന്നതുപോലെ ഈ ദമ്പതികളുടെ ഇണക്കങ്ങളും പിണക്കങ്ങളും കൊച്ച് കൊച്ച് തമാശകളും കുറച്ച് സ്നേഹപ്രകടനങ്ങളും എല്ലാം ചേര്‍ന്ന ഒരു ഹണിമൂണ്‍ തന്നെ ഈ സിനിമയില്‍ നമ്മള്‍ കാണുന്നതും. വളരെ വ്യത്യസ്ഥമാണ് ഈ യാത്രയിലെ ആറ്‌ ദമ്പതികളും, അതുകൊണ്ട് ഇവരുടെ കഥകളും വളരെ വ്യത്യസ്ഥം. കഥ പറയുന്ന രീതിയും കഥ മുന്നോട്ട് പോകുന്ന വിധവും സംവിധാനവും ഒന്നിനൊന്നോട് മികച്ച് നില്‍ക്കുന്നു. ക്യാമറയും ലൊക്കേഷനും ഒക്കെ മനോഹരം. കഥാപാത്രങ്ങള്‍ കുറച്ചധികം ഉണ്ടെങ്കിലും എല്ലാവര്‍ക്കും തുല്യ പ്രാധാന്യം കൊടുക്കുന്നതില്‍ സംവിധായിക വിജയിച്ചിട്ടുണ്ട്. അഭിനേതാക്കളും മനോഹരമായി തങ്ങളുടെ കടമ നിര്‍വ്വഹിച്ചിരിക്കുന്നു. ഹണിമൂണാണ് വിഷയമെങ്കിലും അതിരുകടന്ന സ്നേഹപ്രകടനം ഒന്നും സിനിമയില്‍ ഇല്ലാത്തതിനാല്‍ കുടുമ്പത്തോടൊപ്പമിരുന്ന് സിനിമ കാണാവുന്നതുമാണ്.

സിനിമയിലെ ഗാനങ്ങളും, നൃത്തവും ഒക്കെ നല്ല നിലവാ‍രം പുലര്‍ത്തുന്നുണ്ട്. അഭയ് ഡിയോളിന്റേയും മിനിഷ ലാമ്പയുടേയും സാല്‍‌സ നൃത്തം അതിമനോഹരമായിരിക്കുന്നു. കെ കെ മേനോന്‍ നേതൃത്വം കൊടുത്ത പാര്‍ട്ടി ഗാനവും ആസ്വാദ്യകരം.

ചില പോരായ്മകളും ഉണ്ട് സിനിമയ്ക്ക്. ആറ്‌ ദമ്പതികളിലൊന്നിന്റെ കഥ യുക്തിക്ക് നിരക്കാത്തതാണെന്നു മാത്രമല്ല, ഒരു കാര്‍ട്ടൂണിന്റെ നിലവാരത്തിലേയ്ക്ക് താഴ്ന്നിട്ടുമുണ്ട് (മറ്റുള്ളവരുടെ കഥ നല്ല യാഥാര്‍ത്ഥ്യബോധം ഉളവാ‍ക്കുന്നതാകയാല്‍ ഈ വ്യത്യാസം വല്ലാതെ അനുഭവപ്പെടുന്നു). ബംഗാളി, ബീഹാറി, ഗുജറാത്തി എന്നീ ഭാഷകളും ഈ സിനിമയില്‍ ഉപയോഗിക്കുന്നത് ഈ ഭാഷ മനസ്സിലാവാത്തവരില്‍ കുറച്ച് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. കഥയുടെ അന്ത്യം തീരെ സാധാരണമായിപ്പോയി. സിനിമ തീരുമ്പോഴും ചില ദമ്പതികളുടെ ഇടയിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ അവസാനിച്ചതായി തെളിയിക്കുന്നില്ല. സിനിമയിലെ ചില ചുമ്പനരംഗങ്ങളെങ്കിലും ഒഴിവാക്കാവുന്നതുമായിരുന്നു.

സംഗ്രഹം: ഒരു യാത്രയെക്കുറിച്ചുള്ള ഈ സിനിമ ഒരു യാത്രയില്‍ പോകുന്ന സുഖം പ്രേക്ഷകന് നല്‍കുന്നുണ്ട്. സരസമായ അവതരണവും ലളിതമായ കഥയും ആയാസരഹിതമായ അഭിനയവും ഒക്കെ ഈ സിനിമ ഒരു ആസ്വാദ്യകരമായ ഒരു അനുഭവമാക്കിത്തരുന്നു. കാതിനിമ്പമുള്ള പാട്ടുകളും ഉണ്ടെന്നതുകൊണ്ട് വിശ്വസിച്ച് പണം മുടക്കി തിയറ്ററില്‍ പോയി കാണാവുന്നതുമാണ്.

എന്റെ റേറ്റിങ്ങ്: 3.5/5

ഇന്‍സ്പെകറ്റര്‍ ഗരുഡ്


സംവിധാനം:- ജോണി ആന്റണി
നിര്‍മ്മാണം:- മിലന്‍ ജലീല്‍
സംഗീതം:- അലക്സ് പോള്‍
വരികള്‍:- വയലാര്‍ ശര്‍ത്ചന്ദ്ര വര്‍മ്മ
അഭിനേതാക്കള്‍:- ദിലീപ്, കാവ്യ മാധവന്‍, ഇന്നസെന്റ്, വിജയരാഘവന്‍, തുടങ്ങിയവര്‍


സംവിധായകന്‍ ജോണി ആന്റണിയുടെ 2007-ലെ ആദ്യ ചിത്രമാണ് ‘ഇന്‍സ്പെകറ്റര്‍ ഗരുഡ്’. ഇതിനുമുന്‍പിറങ്ങിയ ജോണി ആന്റണി ചിത്രം ‘സി.ഐ.ഡി മൂസ‘ വന്‍-ജനപ്രീതി നേടിയ ഒരു ചിത്രമായിരുന്നു.

മലയാള സിനിമയില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത ഒരു സങ്കല്‍പ്പമാണ് ആന്റി-ഹീറോ എന്നത്. ദിലീപിന്റെ ആദ്യത്തേതും. വളരെ മോശം സ്വഭാവമുള്ള ഒരു നായകനെ ജോണി ആന്റണി അസ്സലായി അണിയിച്ചൊരുക്കിയിട്ടുണ്ട്.

പക്ഷെ അതിനുമപ്പുറം ഈ സിനിമ ഒന്നും തന്നെ പ്രേക്ഷകനു നല്‍കുന്നില്ല. ദിലീപ് എന്ന നായക നടനില്‍ നിന്നും ജോണി ആന്റണി എന്ന സംവിധായകനില്‍ നിന്നും പ്രതീക്ഷിക്കുന്ന തരത്തില്‍ ഈ സിനിമ പ്രേക്ഷകനെ ചിരിപ്പിക്കാത്തത് സിനിമയെ വല്ലാതെ വിരസമാക്കുന്നു. ഹരിശ്രീ അശോകന്‍, സലീം കുമാര്‍ എന്നീ ഹാസ്യ നടന്മാരും ഒരു തരത്തിലും ആസ്വദിക്കത്തക്ക നര്‍മ്മ കൈകാര്യം ചെയ്യുന്നില്ല. സിനിമയുടെ തുടക്കത്തില്‍ തന്നെ ഒരു ബക്കറ്റ് വെള്ളം കൊണ്ട് വച്ച് ഇതൊന്ന് വീഞ്ഞാക്കിത്തരുമോ കര്‍ത്തവേ എന്ന് സലീം കുമാര്‍ പ്രാര്‍ത്ഥിക്കുന്ന സീന്‍, ഈ സിനിമയില്‍ ഇല്ലാത്ത തമാശ കൊണ്ട് വരാനുള്ള തിരക്കഥാകൃത്തിന്റെ വികൃത ശ്രമമാണ് പുറത്ത് കൊണ്ട് വരുന്നത്. ശ്രീലങ്കയിലേയ്ക്ക് കൊണ്ട് പോകേണ്ടുന്ന ആയുധങ്ങള്‍ ആദ്യം തീവ്രവാദികളും, അത് സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുന്ന കോളനിക്കാരും, പിന്നെ അത് പിടിക്കാന്‍ ശ്രമിക്കുന്ന പോലീസുകാരും ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതായി കാണിക്കേണ്ടിവന്നതും തിരക്കഥാകൃത്തിന്റെ ഗുരുതരമായ പാളിച്ചയാണ്.

സാദ്ദിക്ക്, ഷമ്മി തിലകന്‍ തുടങ്ങിയവര്‍ അഭിനയിച്ച ദുഷ്‌കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ പലകുറി കണ്ടു മടുത്തവയാണ്. ഐശ്വര്യ, ജനാര്‍ദ്ദനന്‍, അബു സലിം, ഊര്‍മ്മിള ഉണ്ണി, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരുടെ കഥാപാത്രങ്ങള്‍ കഥയെ സ്വാധീനിക്കുന്നതേയില്ല. കൊച്ചിന്‍ ഹനീഫ ഒരിക്കല്‍ കൂടി ഒരു വിഡ്ഡി കഥാപാത്രമായി നമ്മുടെ മുന്നിലെത്തുന്നു. വിജയരാഘവന്‍ കൊച്ചിരാജാവ് എന്ന ചിത്രത്തിലേതുപോലുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു, ഒരു വ്യത്യസ്ഥതയ്ക്ക് വേണ്ടി മുഖം ഒന്ന് കോട്ടിപ്പിടിച്ചിട്ടുണ്ട്. വളരെ പാവമായ ഒരു പോലീസുകാരനായ ഇന്നസെന്റ് അവതരിപ്പിക്കുന്ന കഥാപാത്രം ദുഷ്ടനായ സി.ഐ-യോട് അനുകമ്പ കാണിക്കുന്നതിന് കാര്യമായ ന്യായീകരണമില്ല സിനിമയില്‍. കാവ്യാമാധവനും കാര്യമായി അഭിനയിക്കേണ്ടുന്ന ഒരു അവസരവും സിനിമ നല്‍കുന്നില്ല. ദിലീപ് എടുത്തുപറയത്തക്ക ഒരു വ്യത്യസ്ഥതയും ഈ സിനിമയിലെ കഥാപാത്രം അവതരിപ്പിക്കുമ്പോള്‍ കാണിക്കുന്നില്ല (തടി വല്ലാതെ കൂടുന്നു ദിലീപിന്).

സിനിമയിലെ പാട്ടുകളാണ് വിരസമായ സിനിമയെ ഒരല്‍പ്പമെങ്കിലും ആസ്വാദ്യകരമാക്കുന്നത്. പാട്ടുകള്‍ ചിത്രീകരിച്ചിരിക്കുന്ന വിധവും അതിലെ നര്‍മ്മവും പ്രേക്ഷകനെ പിടിച്ചിരുത്തിയേക്കാം, പ്രത്യേകിച്ചും കാന്താരിപ്പെണ്ണേ എന്ന ഗാനം.

ചുരുക്കം: നിലവാരമില്ലാത്ത തമാശകളും അടിസ്ഥാനമില്ലാത്ത ഒരു കഥയും കണ്ടു മടുത്ത കഥാപാത്രങ്ങളും ഉള്ള ഒരു തരികിട പടം. തിയറ്ററില്‍ പോയി പടം കണ്ടാല്‍ ദുഃഖിക്കേണ്ടി വന്നേക്കാം. ടി.വി.യില്‍ വരുന്ന പാട്ടുകള്‍ കണ്ട് തൃപ്തരാകുക, സിനിമയില്‍ കാണാന്‍ കൊള്ളാവുന്നതായി അതേ ഉള്ളൂ.

എന്റെ റേറ്റിങ്ങ്: 1/5

ചിത്രവിശേഷം, ഇന്ദുലേഖ, varnachitram

Tuesday, February 06, 2007

ട്രാഫിക്ക് സിഗ്നല്‍


സംവിധാനം: മധുര്‍ ഭണ്ഡാര്‍ക്കര്‍
നിര്‍മ്മാണം: പെര്‍ഫക്റ്റ് പിക്ചേര്‍സ്
തിരക്കഥ: സച്ചിന്‍ യാര്‍ദി
അഭിനേതാക്കള്‍: കൊണ്‍കണ സെന്‍ ഗുപ്ത, കുനാല്‍ ഖേമു, നീതു ചന്ദ്ര, രണ്‍‌വീര്‍ ഷോരെ


ചാന്ദ്നി ബാര്‍, പേജ് ത്രീ, കോര്‍പ്പൊറേറ്റ് എന്നീ സിനികളുടെ ശില്‍പ്പിയായ മധുര്‍ ഭണ്ഡാര്‍ക്കറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ട്രാഫിക്ക് സിഗ്നല്‍. വളരെ യഥാര്‍ത്ഥമയമായ രീതിയില്‍ ജീവിതത്തിനെ തുറന്ന് കാട്ടിയതിന് വിമര്‍ശന പ്രശംസ ഏറ്റുവാങ്ങിയവയായിരുന്നു മധുറിന്റെ മുന്‍ സിനിമകള്‍. അതുകൊണ്ട് തന്നെ റിലീസിനുമുന്‍പ് തന്നെ ഈ സിനിമ സിനിമാവൃത്തങ്ങളില്‍ സംസാരവിഷയമായിരുന്നു. സ്ത്രീ പ്രാധാന്യമുള്ള മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ മധുര്‍, നായകനാണ് പ്രാധാന്യം കൊടുക്കുന്നത് എന്നതും ഈ ചിത്രത്തിന് വലിയൊരു പരസ്യമായി.

പേര് സൂചിപ്പിക്കുന്നത്പോലെ ഒരു ട്രാഫിക്ക് സിഗ്നലിനെ ചുറ്റിപ്പറ്റിയുള്ള കുറേപ്പേരുടെ ജീവിതമാണ് ഈ സിനിമയുടെ ഇതിവൃത്തം. ഊഹിക്കാവുന്നതുപോലെ, ഭിക്ഷക്കാരാണ് സിനിമയിലെ മിക്ക കഥാപാത്രങ്ങളും. നായകന്‍ ഭിക്ഷക്കാരുടെ ഇടയില്‍ നിന്ന് പൈസ പിരിക്കുന്ന ഏജന്റും, നായിക വഴിവക്കില്‍ കച്ചവടം നടത്തുന്നവളും ആണ്. കൊണ്‍കൊണ സെന്‍ ഒരു അഭിസാരികയെ അവതരിപ്പിക്കുന്നു. രണ്‍‌വീര്‍ മാന്യനായി ചമഞ്ഞ് വലിയ സംഖ്യകള്‍ക്ക് മാത്രം ഭിക്ഷ യാചിക്കുന്നവനുമായി വരുന്നു.

ഭിക്ഷക്കാരുടെ ജീവിതവും, അവര്‍ കാണിക്കുന്ന കള്ളത്തരങ്ങളും പച്ചയ്ക്ക് തുറന്ന് കാണിക്കുന്നു ഈ സിനിമ. ഭിക്ഷയാചിക്കുന്നവരുടെ ഇടയിലുള്ള മാഫിയകളെപ്പറ്റിയും, അവരെ മുതലെടുക്കുന്ന രാഷ്ട്രീയക്കാരേയും സിനിമ ഏറെക്കുറേ വിശദമായി തന്നെ പറയുന്നു. ഭണ്ഡാര്‍ക്കറും സച്ചിന്‍ യാര്‍ദിയും നല്ല പഠനം ഇവരെക്കുറിച്ച് നടത്തിയിട്ടുണ്ടെന്ന് വ്യക്തമാകുന്നുണ്ട്.

പക്ഷെ സിനിമയില്‍ ഒരുപാട് കഥാപാത്രങ്ങളെ കുത്തി നിറച്ചത് ഓരോരുത്തരുടേയും പ്രാധാന്യവും കുറയാന്‍ കാരണമായി. നായകനു‍പോലും കാര്യമാത്ര പ്രസക്തമായ ഒരു റോള്‍ ചെയ്യാന്‍ പറ്റിയിട്ടില്ല. കുട്ടികളെ വച്ച് ഭിഷയാചിക്കുന്നതും, പത്രം വില്‍ക്കുന്ന കുട്ടികളും, തെരുവില്‍ വച്ച് അടികൂടുന്ന ഭിക്ഷക്കാരും, ഭിക്ഷക്കാരുടെ പാത്രത്തില്‍നിന്ന് കൈയിട്ട് വാരുന്ന ദ്രോഹികളും എന്നിങ്ങനെ ഇന്ത്യന്‍ തെരുവില്‍ നാം നിത്യേന കാണുന്ന കഥാപാത്രങ്ങള്‍ തന്നെ സ്ക്രീനിലും വരുന്നത് മടുപ്പാണ് ഉളവാക്കുന്നത്. കൊണ്‍കൊണ സെന്നിന്റേയും റണ്‍‌വീറിന്റേയും കഥാപാത്രങ്ങള്‍ മുഖ്യധാരാ കഥയിലേയ്ക്ക് വരുന്നത് തന്നെയില്ല. നായകന്റെ പ്രേമം, ഒരു സിനിമയായാല്‍ ഒരു പ്രേമമെങ്കിലും ഇല്ലെങ്കില്‍ മോശമല്ലേ എന്ന് വിചാരിച്ച് തിരുകിക്കയറ്റിയ പോലെയായിപ്പോയി. കഥയുടെ ക്ലൈമാക്സും ആസ്വാദ്യകരമല്ല.

സംവിധാനം ഏറെക്കുറേ ഭേദപ്പെട്ട നിലവാരം പുലര്‍ത്തിയെങ്കിലും കഥ അതിനൊത്തുയരാതിരുന്നതിനാല്‍ സംവിധായകന്‍ ഇത്തവണ മുന്‍പ് കിട്ടിയത്ര അഭിനന്ദനങ്ങള്‍ നേടിയെടുക്കാന്‍ സാധ്യത കുറയും. അഭിനേതാക്കളുടേതില്‍ ആരുടേയും അഭിനയം എടുത്ത് പറയത്തക്ക രീതിയില്‍ മഹത്തരമല്ല, കഥ അവര്‍ക്കത് ചെയ്യാന്‍ അവസരം കൊടുത്തില്ല എന്ന് പറയുന്നതാകും കൂടുതല്‍ ശരി. ക്യാമറ ചലിപ്പിച്ചതിലും കാര്യമായ ഒരു മാജിക്കും കാണാന്‍ കിട്ടിയില്ല. എങ്കിലും ഗാനങ്ങള്‍ ശരാശരിയിലും മുകളിലുള്ള നിലവാരം പുലര്‍ത്തി.

ചുരുക്കി പറഞ്ഞാല്‍ ഭിക്ഷക്കാരെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഡോക്യുമെന്ററി കാണുന്നപോലെ കാണാന്‍ കഴിയുന്ന ഒരു പടം. അതല്ലാതെ, നല്ല കഥകള്‍ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ ഈ സിനിമ കാണാന്‍ പോയാല്‍ നിരാശയാകും ഫലം. അത്തരക്കാര്‍ ആദ്യ പകുതി കഴിയുമ്പോള്‍ മതിയാക്കി ഇറങ്ങിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കുക, രണ്ടാം പകുതിയില്‍ കഥ കുറച്ചുംകൂടി (താരതമ്യേന) ആസ്വാദ്യകരമാകുന്നുണ്ട്.

എന്റെ റേറ്റിങ്ങ്: 2/5

Friday, February 02, 2007

നോട്ട് ബുക്ക്


സംവിധാനം:- റോഷന്‍ അന്‍ഡ്രൂസ്
നിര്‍മ്മാണം:- പി.വി. ഗംഗാധരന്‍
സംഗീതം:- മജോ ജോസഫ്
വരികള്‍:- വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
അഭിനേതാക്കള്‍:- രവീന്ദ്രന്‍, ഐശ്വര്യ, പ്രേം പ്രകാശ്, സീത, ജയ മുരളി, സുധ നായര്‍


ഉദയനാണു താരം എന്ന സിനിമയ്ക്ക് ശേഷം, സംവിധായകന്‍ റോഷന്‍ ആന്‍‌ഡ്രൂസ് അണിയിച്ചൊരുക്കുന്ന രണ്ടാമത് സിനിമയാണ് നോട്ട് ബുക്ക്. ശ്രീനിവാസന്‍ എന്ന കരുത്തുറ്റ തിരക്കഥാകൃത്തും, സൂപ്പര്‍സ്റ്റാറുകളുടെ സാന്നിധ്യവും ഒക്കെ നിറഞ്ഞ ആദ്യ ചിത്രത്തില്‍ നിന്ന് വിഭിന്നമായി പുതുമുഖങ്ങളെ വച്ച് രണ്ടാം ചിത്രമെടുക്കാന്‍ ധൈര്യം കാണിച്ചിടത്താണ് ഈ ചിത്രവും സംവിധായകനും ശ്രദ്ധേയരാകുന്നത്.

നോട്ട് ബുക്ക് എന്നത് ഏതോ ഒരു ബോര്‍ഡിങ്ങ് സ്കൂളിലെ‍ വിദ്യാര്‍ത്ഥികളുടെ കഥയാണ്. (സ്കൂള്‍ തമിഴ്നാട്ടില്‍ ആണെന്നതല്ലാതെ, ഏത് സ്കൂളാണെന്നതിന് മറ്റ് പ്രകടമായ സൂചനകളൊന്നും ഇല്ല.) സൈറ(റോമ), ശ്രീദേവി(മരിയ റോയ്), പൂജ(പാര്‍വതി), എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഈ മൂവര്‍ സംഘത്തിന്റെ ഇടയില്‍ ഉണ്ടാകുന്ന കൊച്ച് കൊച്ച് നര്‍മ്മങ്ങളും തമാ‍ശകളും, പ്രേമവും, അതിനെത്തുടര്‍ന്നുണ്ടാകുന്ന പുലിവാലുകളുമാണ് കഥയുടെ ഇതിവൃത്തം.

സ്കൂള്‍ കുട്ടികളുടെ ഇടയില്‍ ഉണ്ടാകുന്ന കാര്യങ്ങളെ അതേ ഗൌരവത്തോടെ തന്നെ (മാത്രം) സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. രസകരമായി പോകുന്ന കഥയില്‍ ഒരു പ്രേമം വരുന്നതോടുകൂടിയാണ് കാര്യമായ മാറ്റം കഥയില്‍ വരുന്നത്. എന്തിരുന്നാലും ഈ ഒരു മാറ്റം ഒരു കല്ലുകടിയായി പ്രേക്ഷകന് അനുഭവപ്പെടില്ല. അടുത്തത് എന്താകും എന്ന് കഥയുടെ ഒരു ഭാഗത്തും പ്രേക്ഷകന് ഊഹിക്കാന്‍ പറ്റാത്ത തരത്തിലാണ് തിരക്കഥ പുരോഗമിക്കുന്നത്. കണിശക്കാരനായ പ്രധാനാധ്യാപകനും, സ്നേഹനിധിയായ മാതാപിതാക്കളും, അസൂയക്കാരായ സഹപാഠികളും എന്നിങ്ങനെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കഥകളില്‍ കാണാറുള്ള സ്ഥിരം ചേരുവകള്‍ ഈ കഥയിലും‍ ഉണ്ട്. വളരെ തന്മയത്വമായ അവതരണമാണ് പലപ്പോഴും കഥയില്‍ ഉള്ളതെങ്കിലും ചില കാര്യങ്ങള്‍ സംവിധായകന്‍ ശ്രദ്ധിക്കാതെ വിട്ടു എന്ന് പറയാതെ വയ്യ. കഥയുടെ പ്രധാന തന്തു സംഭവിക്കാനുണ്ടായ സാഹചര്യം കഥയില്‍ കാര്യമായി ന്യായീകരിക്കപ്പെടുന്നില്ല. അതിനുശേഷം കുട്ടികള്‍ കാണിക്കുന്ന അസാധാരണമാം വിധം ധൈര്യവും, സ്കൂള്‍ പഠനം കഴിഞ്ഞ് അവരുടെ ജീവിതത്തില്‍ വന്നു ചേരുന്ന മാറ്റങ്ങളും എല്ലാം സ്വല്‍പ്പം അതിശയോക്തിയോടെയേ കണ്ടിരിക്കാന്‍ സാധിക്കൂ. പക്ഷെ ഒരു തിരക്കഥ എന്ന് പറയുന്നത് ഒരു ഭാവനാസൃഷ്ടിയാണെന്നും കഥയുടെ സുഖകരമായ മുന്നോട്ട്പോക്കിന് ചില വിട്ടുവീഴ്ചകള്‍ ആവശ്യമാണെന്നും മനസ്സിലാക്കി അതു വിഴുങ്ങിയാല്‍ സിനിമ രസകരമായ ഒരു അനുഭവം പകര്‍ന്നുതരും എന്നതില്‍ സംശയമില്ല.

സംവിധായകന്‍ എന്ന നിലയ്ക്ക് റോഷന്‍ ആന്‍‌ഡ്രൂസ് ഒരു പടി കൂടി ഉയര്‍ന്നിരിക്കുകയാണ് ഈ സിനിമയിലൂടെ. അസാധാരണമായ കൈവഴക്കമാണ് ഈ സിനിമ വഴി അദ്ദേഹം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. തിരക്കഥയില്‍ കാര്യമായ മാജിക്കുകള്‍ ഒന്നും ഇല്ലെങ്കിലും, ചില നിസ്സാര യുക്തിപരമായ മണ്ടത്തരങ്ങള്‍ കാണിച്ചുവെങ്കിലും തിരക്കഥയും ആസ്വാദ്യകരം തന്നെ. പുതുമുഖങ്ങള്‍ എല്ലാവരും തന്നെ അഭിനന്ദനാര്‍ഹമാം പ്രകടനം കാഴ്ച വച്ചു. ചിത്രീകരണവും ഭേദപ്പെട്ട നിലവാരം പുലര്‍ത്തി. പുതുമുഖ സംഗീത സംവിധായകനായ മജോ ജോസഫും വളരെ പ്രതീക്ഷ നല്‍കുന്നു. പാട്ടുകള്‍ എല്ലാം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചു കഴിഞ്ഞു. ഗാന ചിത്രീകരണത്തില്‍ സംവിധായകന്‍ കാണിച്ച ശ്രദ്ധ ഉദയനാണുതാരത്തിനെ ഒരു പടി കടത്തിവെട്ടി എന്നു പറയാം.

ചുരുക്കത്തില്‍, കഥയിലെ ചില അസ്വാഭാവിക വശങ്ങള്‍ക്കു നേരെ കണ്ണടയ്ക്കാമെങ്കില്‍ എന്തു കൊണ്ടും ആസ്വദിക്കാന്‍പറ്റുന്ന ഒരു സിനിമ. അടുത്തിടെ ഇറങ്ങിയ സിനിമകളില്‍ വച്ച് മികച്ചവയിലൊന്ന്. ഒരു തവണ കാണാതിരുന്നാല്‍ നഷ്ടമെന്ന് വരെ തോന്നിപ്പിക്കാവുന്ന ഒരു നല്ല കുടുമ്പചിത്രം.

എന്റെ റേറ്റിങ്ങ്: 4/5

മറ്റ് നിരൂപണങ്ങള്‍: വര്‍ണ്ണചിത്രം, ചിത്രവിശേഷം