Tuesday, February 27, 2007

പച്ചക്കിളി മുത്തുച്ചരം

രചന, സംവിധാനം : ഗൌതം മേനോന്‍
നിര്‍മ്മാണം : ഓസ്കാര്‍ രവിചന്ദ്രന്‍
അഭിനേതാക്കള്‍ : ശരത്കുമാര്‍, ജ്യോതിക, മിലിന്ദ് സോമന്‍, ആഡ്രിയ
സംഗീതം : ഹാരിസ് ജയരാജ്
ഛായഗ്രഹണം : അരവിന്ദ് കൃഷ്ണ



കാക്ക കാക്കയിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ഗൌതം മേനോന്‍ രചിച്ച് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പച്ചക്കിളി മുത്തുച്ചരം. ശരത്കുമാര്‍, ജ്യോതിക, ആഡ്രിയ, മിലിന്ദ് സോമന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു. ഗൌതമിന്റെ മുന്‍‌ചിത്രങ്ങളെ അപേക്ഷിച്ച് മികച്ച തുടക്കമോ ജനപ്രീതിയോ ഇതിനു നേടാന്‍ കഴിഞ്ഞില്ല.

ജെയിംസ് സീഗളിന്റെ ഡീറെയില്‍ഡ് എന്ന നോവലിനെ ആധാരമാക്കിയാണ് ഗൌതം ഇതിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ക്ലൈവ് ഓവനും ജെന്നിഫര്‍ അനിസ്റ്റണും ചേര്‍ന്നഭിനയിച്ച് ഇതേ പേരില്‍ ഒരു ഹോളിവുഡ് ചിത്രവും ഇറങ്ങിയിരുന്നു. ഏതായാലും സത്യം തുറന്നു പറഞ്ഞത് അഭിനന്ദനീയം തന്നെ.

മെഡിക്കല്‍ റെപ്പായ വെങ്കിടേഷിന്റെ (ശരത്കുമാര്‍) ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം. ഏകമകനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഭാര്യ കല്യാണിക്ക് (ആഡ്രിയ) വെങ്കിയുടെ കാര്യങ്ങളില്‍ ശ്രദ്ധ കുറയുന്നു. ട്രെയിന്‍ യാത്രയില്‍ വെച്ച് വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഗീതയെ (ജ്യോതിക) വെങ്കി പരിചയപ്പെടുന്നു. അടുപ്പം വര്‍ദ്ധിച്ച് ഒരു ദിവസം ഓഫീസില്‍ പോകാതെ രണ്ടു പേരും ഒരു റിസോര്‍ട്ടില്‍ മുറിയെടുക്കുന്നു. അവിടെയെത്തുന്ന വില്ലനായ ലോറന്‍സ് (മിലിന്ദ് സോമന്‍) ഇവര്‍ ഭാര്യ ഭര്‍ത്താക്കന്മാരല്ലെന്നു മനസ്സിലാക്കുകയും തുടര്‍ന്ന് വെങ്കിടേഷിനെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്യുന്നു. അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളോടെയാണ് സിനിമ വികസിക്കുന്നത്.

സിനിമയുടെ ആദ്യപകുതി വിരസമാണ്. പകുതിക്ക് ഇറങ്ങിപ്പോയാലോയെന്നു തോന്നിക്കുമാറ് വലിച്ചു നീട്ടിയിരിക്കുന്നു. കഥാന്ത്യം പ്രതീക്ഷിച്ചതു പോലെ തന്നെയാകുമോയെന്നറിയാനുള്ള ആകാംക്ഷയായിരുന്നു പിടിച്ചു നിര്‍ത്തിയത്. പ്രതീക്ഷ ഒട്ടും തന്നെ തെറ്റിയില്ല. എങ്കിലും സസ്പെന്‍സ് മോശമായില്ല എന്നു പറയാം. രണ്ടാം പകുതി കുറച്ചു കൂടി ചടുലമാണ്.

ചുരുക്കി പറയേണ്ടിയിരുന്ന കഥ വലുതാക്കിയതിന്റെ പോരായ്മകള്‍ പലയിടത്തും പ്രകടമാണ്. എങ്കിലും ഗൌതമിന്റെ സംവിധായക മികവ് ദൃശ്യമാകുന്ന രംഗങ്ങളുമുണ്ട്. കൊലപാതകങ്ങളും സംഘട്ടനങ്ങളും നടക്കുമ്പോഴും പോലീസ് ഒരിക്കലും രംഗത്ത് വരാത്തത് അവിശ്വസനീയമാണ്.

അഭിനേതാക്കളെല്ലാം തന്നെ മികച്ച പ്രകടനം നടത്തിയിരിക്കുന്നു. മിതാഭിനയം കാഴ്ച വെച്ച ശരതിന്റെ മികച്ച വേഷങ്ങളിലൊന്നാണിത്. ജ്യോതികയും നല്ല പ്രകടനം നടത്തിയിരിക്കുന്നു. തമിഴില്‍ ആദ്യമായി വരുന്ന് മിലിന്ദ് സോമന്‍ ഗൌതമിന്റെ മുന്‍‌ചിത്രങ്ങളിലെ വില്ലന്മാരെ അനുസ്മരിപ്പിക്കുന്നെങ്കിലും മോശമാക്കിയിട്ടില്ല. ഗായികയായി വന്ന (കണ്ണും കണ്ണും നോക്കിയ, കര്‍ക്ക കര്‍ക്ക) ആഡ്രിയയുടെയും ആദ്യ സിനിമയാണിത്.

ഹാരിസ് ജയരാജിന്റെ സംഗീതം ഗാനങ്ങളെ മനോഹരമാക്കിയെങ്കിലും ചിത്രീകരണം നന്നായില്ല. പാശ്ചാത്തല സംഗീതം പലപ്പോഴും അസഹനീയമാണ്. ഉനക്കുള്‍ നാന്‍ എന്ന ഗാനം വേട്ടൈയാട് വിളൈയാടിലെ ഉയിരിലെ എന്ന ഗാനത്തിന്റെ സ്മരണകളുണര്‍ത്തുന്നു. അരവിന്ദ് കൃഷ്ണയുടെ ക്യമറ ഭേദമെന്നേ പറയാന്‍ പറ്റൂ.

മുന്‍‌ധാരണകളില്ലാതെ വന്നാല്‍ ഒരു മിനിമം ഗ്യാരണ്ടി പടം തന്നെ.

എന്റെ റേറ്റിംഗ് : 2.5/5

6 comments:

Siju | സിജു said...

പച്ചക്കിളി മുത്തുച്ചരം - ഒരു മിനിമം ഗ്യാരണ്ടി പടം

അതിനേക്കാളുപരി സിനിമാ നിരൂപണമെഴുതാനുള്ള എന്റെ ശ്രമം :-)

Unknown said...

പടം അപ്പൊ ഇങ്ങനെയാണല്ലേ. പാട്ട് കൊള്ളാം. ബി ജീ എം പഴയ പാട്ടുകളെ ഓര്‍മ്മിപ്പിയ്ക്കുന്നു എങ്കിലും മെലഡി പുതുമയുണ്ട് എന്ന് തോന്നി.ചില ഭാഗങ്ങളില്‍ അതും പഴയവ പോലെയുണ്ട് എങ്കിലും. ഏ ആറിനെ പോലെ ഹാരിസിനും ഒരു പാറ്റേണ്‍ ഉണ്ടായിവരുന്നതാവാം.

Unknown said...

'Karu karu vizhikalal' is a nice song. It is my BGM now... njan nadakkumbolum kidakkumbolumokke athaanu background music!! It is much impressive...

sandoz said...

സിജൂ....ശ്രമം മോശമായിട്ടില്ലാ....നന്നായി ഒതുക്കി പറഞ്ഞിരിക്കുന്നു.....തമിഴ്‌ സിനിമ കാണല്‍ കണക്കാ..മലയാളം സിനിമ തന്നെ....... കാണാന്‍ ഇവിടുന്ന് പുറപ്പെടും...പക്ഷേ...വണ്ടി ചില കേന്ദ്രങ്ങളില്‍[അകത്ത്‌ വെളിച്ചം കുറഞ്ഞത്‌] ചെല്ലുമ്പോ....തന്നെ നിന്നു പോകും......അങ്ങനെ അങ്ങനെ ആയി...ഇപ്പോ..കേന്ദ്രങ്ങള്‍ മാത്രം...സിനിമ....നഹീ.....

Haree said...

പച്ചൈക്കിളി മുത്തുച്ചരം നല്ല ചിത്രമാണെന്നാണു കേട്ടത്. ജ്യോതികയുടെ അഭിനയവും നന്നായി എന്നു പറയപ്പെടുന്നു. കഥ കേട്ടപ്പോള്‍ ‘വേഷ’ത്തിന്റെ ഒരു ത്രഡും ഫീല്‍ ചെയ്യാതിരുന്നില്ല (അതിനിയിപ്പോള്‍ ഏതിന്റെ കോപ്പിയാണോ ആവോ!). ഇനിയിപ്പോള്‍ ഈ പടം വിട്ട് ‘വെയില്‍’ കാണാമെന്നു കരുതുന്നു. :)
ശ്രമം നന്നായീട്ടോ...
--

Sreejith K. said...

ഗൌതമിന്റേയും ഹാരിസ് ജയരാജിന്റേയും ഗ്രാഫ് താഴോട്ടാണല്ലോ :( നല്ല പ്രതീക്ഷ ഉണര്‍ത്തിയ പ്രതിഭകളായിരുന്നു രണ്ടുപേരും.