Tuesday, February 06, 2007

ട്രാഫിക്ക് സിഗ്നല്‍


സംവിധാനം: മധുര്‍ ഭണ്ഡാര്‍ക്കര്‍
നിര്‍മ്മാണം: പെര്‍ഫക്റ്റ് പിക്ചേര്‍സ്
തിരക്കഥ: സച്ചിന്‍ യാര്‍ദി
അഭിനേതാക്കള്‍: കൊണ്‍കണ സെന്‍ ഗുപ്ത, കുനാല്‍ ഖേമു, നീതു ചന്ദ്ര, രണ്‍‌വീര്‍ ഷോരെ


ചാന്ദ്നി ബാര്‍, പേജ് ത്രീ, കോര്‍പ്പൊറേറ്റ് എന്നീ സിനികളുടെ ശില്‍പ്പിയായ മധുര്‍ ഭണ്ഡാര്‍ക്കറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ട്രാഫിക്ക് സിഗ്നല്‍. വളരെ യഥാര്‍ത്ഥമയമായ രീതിയില്‍ ജീവിതത്തിനെ തുറന്ന് കാട്ടിയതിന് വിമര്‍ശന പ്രശംസ ഏറ്റുവാങ്ങിയവയായിരുന്നു മധുറിന്റെ മുന്‍ സിനിമകള്‍. അതുകൊണ്ട് തന്നെ റിലീസിനുമുന്‍പ് തന്നെ ഈ സിനിമ സിനിമാവൃത്തങ്ങളില്‍ സംസാരവിഷയമായിരുന്നു. സ്ത്രീ പ്രാധാന്യമുള്ള മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ മധുര്‍, നായകനാണ് പ്രാധാന്യം കൊടുക്കുന്നത് എന്നതും ഈ ചിത്രത്തിന് വലിയൊരു പരസ്യമായി.

പേര് സൂചിപ്പിക്കുന്നത്പോലെ ഒരു ട്രാഫിക്ക് സിഗ്നലിനെ ചുറ്റിപ്പറ്റിയുള്ള കുറേപ്പേരുടെ ജീവിതമാണ് ഈ സിനിമയുടെ ഇതിവൃത്തം. ഊഹിക്കാവുന്നതുപോലെ, ഭിക്ഷക്കാരാണ് സിനിമയിലെ മിക്ക കഥാപാത്രങ്ങളും. നായകന്‍ ഭിക്ഷക്കാരുടെ ഇടയില്‍ നിന്ന് പൈസ പിരിക്കുന്ന ഏജന്റും, നായിക വഴിവക്കില്‍ കച്ചവടം നടത്തുന്നവളും ആണ്. കൊണ്‍കൊണ സെന്‍ ഒരു അഭിസാരികയെ അവതരിപ്പിക്കുന്നു. രണ്‍‌വീര്‍ മാന്യനായി ചമഞ്ഞ് വലിയ സംഖ്യകള്‍ക്ക് മാത്രം ഭിക്ഷ യാചിക്കുന്നവനുമായി വരുന്നു.

ഭിക്ഷക്കാരുടെ ജീവിതവും, അവര്‍ കാണിക്കുന്ന കള്ളത്തരങ്ങളും പച്ചയ്ക്ക് തുറന്ന് കാണിക്കുന്നു ഈ സിനിമ. ഭിക്ഷയാചിക്കുന്നവരുടെ ഇടയിലുള്ള മാഫിയകളെപ്പറ്റിയും, അവരെ മുതലെടുക്കുന്ന രാഷ്ട്രീയക്കാരേയും സിനിമ ഏറെക്കുറേ വിശദമായി തന്നെ പറയുന്നു. ഭണ്ഡാര്‍ക്കറും സച്ചിന്‍ യാര്‍ദിയും നല്ല പഠനം ഇവരെക്കുറിച്ച് നടത്തിയിട്ടുണ്ടെന്ന് വ്യക്തമാകുന്നുണ്ട്.

പക്ഷെ സിനിമയില്‍ ഒരുപാട് കഥാപാത്രങ്ങളെ കുത്തി നിറച്ചത് ഓരോരുത്തരുടേയും പ്രാധാന്യവും കുറയാന്‍ കാരണമായി. നായകനു‍പോലും കാര്യമാത്ര പ്രസക്തമായ ഒരു റോള്‍ ചെയ്യാന്‍ പറ്റിയിട്ടില്ല. കുട്ടികളെ വച്ച് ഭിഷയാചിക്കുന്നതും, പത്രം വില്‍ക്കുന്ന കുട്ടികളും, തെരുവില്‍ വച്ച് അടികൂടുന്ന ഭിക്ഷക്കാരും, ഭിക്ഷക്കാരുടെ പാത്രത്തില്‍നിന്ന് കൈയിട്ട് വാരുന്ന ദ്രോഹികളും എന്നിങ്ങനെ ഇന്ത്യന്‍ തെരുവില്‍ നാം നിത്യേന കാണുന്ന കഥാപാത്രങ്ങള്‍ തന്നെ സ്ക്രീനിലും വരുന്നത് മടുപ്പാണ് ഉളവാക്കുന്നത്. കൊണ്‍കൊണ സെന്നിന്റേയും റണ്‍‌വീറിന്റേയും കഥാപാത്രങ്ങള്‍ മുഖ്യധാരാ കഥയിലേയ്ക്ക് വരുന്നത് തന്നെയില്ല. നായകന്റെ പ്രേമം, ഒരു സിനിമയായാല്‍ ഒരു പ്രേമമെങ്കിലും ഇല്ലെങ്കില്‍ മോശമല്ലേ എന്ന് വിചാരിച്ച് തിരുകിക്കയറ്റിയ പോലെയായിപ്പോയി. കഥയുടെ ക്ലൈമാക്സും ആസ്വാദ്യകരമല്ല.

സംവിധാനം ഏറെക്കുറേ ഭേദപ്പെട്ട നിലവാരം പുലര്‍ത്തിയെങ്കിലും കഥ അതിനൊത്തുയരാതിരുന്നതിനാല്‍ സംവിധായകന്‍ ഇത്തവണ മുന്‍പ് കിട്ടിയത്ര അഭിനന്ദനങ്ങള്‍ നേടിയെടുക്കാന്‍ സാധ്യത കുറയും. അഭിനേതാക്കളുടേതില്‍ ആരുടേയും അഭിനയം എടുത്ത് പറയത്തക്ക രീതിയില്‍ മഹത്തരമല്ല, കഥ അവര്‍ക്കത് ചെയ്യാന്‍ അവസരം കൊടുത്തില്ല എന്ന് പറയുന്നതാകും കൂടുതല്‍ ശരി. ക്യാമറ ചലിപ്പിച്ചതിലും കാര്യമായ ഒരു മാജിക്കും കാണാന്‍ കിട്ടിയില്ല. എങ്കിലും ഗാനങ്ങള്‍ ശരാശരിയിലും മുകളിലുള്ള നിലവാരം പുലര്‍ത്തി.

ചുരുക്കി പറഞ്ഞാല്‍ ഭിക്ഷക്കാരെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഡോക്യുമെന്ററി കാണുന്നപോലെ കാണാന്‍ കഴിയുന്ന ഒരു പടം. അതല്ലാതെ, നല്ല കഥകള്‍ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ ഈ സിനിമ കാണാന്‍ പോയാല്‍ നിരാശയാകും ഫലം. അത്തരക്കാര്‍ ആദ്യ പകുതി കഴിയുമ്പോള്‍ മതിയാക്കി ഇറങ്ങിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കുക, രണ്ടാം പകുതിയില്‍ കഥ കുറച്ചുംകൂടി (താരതമ്യേന) ആസ്വാദ്യകരമാകുന്നുണ്ട്.

എന്റെ റേറ്റിങ്ങ്: 2/5

5 comments:

നന്ദു said...

ശ്രീജിത്. ഹിന്ദി സിനിമ കാണാറില്ല (മലയാളം വല്ലപ്പോഴും). എങ്കിലും താങ്കളുടെ റിവ്യൂ വായിച്ചു.:)

Siju | സിജു said...

സിനിമ കാണാന്‍ പറ്റിയില്ല
കേട്ട അഭിപ്രായം അത്ര പോര എന്നു തന്നെയാ..

Haree said...

സലാം-ഇ-ഇഷ്ക് കണ്ടിരുന്നോ മാഷേ? ഇതിനെക്കുറിച്ച് ഞാനറിഞ്ഞതും, പോര എന്നു തന്നെയാ...
--

Siju | സിജു said...

സിനിമ ഇന്നലെ കണ്ടു.
ഭണ്ടാര്‍ക്കറുടെ മുന്‍ സിനിമകളോളം വന്നിട്ടില്ലെങ്കിലും ഏകീകൃതമായ ഒരു കഥയുടെ അഭാവമുണ്ടെങ്കിലും എനിക്കിഷ്ടപെട്ടു.
കൊച്ചു കൊച്ചു സംഭവങ്ങളിലൂടെ തെരുവിന്റെ കഥ പറയാനാണ് ശ്രമിച്ചിരിക്കുന്നത്. ഇന്ത്യന്‍ തെരുവില്‍ നാം കാണുന്ന കാഴ്ചകള്‍ മടുപ്പുളവാക്കിയെന്നു പറഞ്ഞതിനോട് യോജിക്കുന്നില്ല.
പക്ഷേ, സിനിമ പലപ്പോഴും ഇനിയെന്താണ് സംഭവിക്കുകയെന്ന് ഒരു ആകാംക്ഷയുളവാക്കുന്നില്ല. കുനാല്‍ ഖേമുവിന് കഥാപാത്രത്തിനാവശ്യമായ പക്വത നല്‍കാന്‍ കഴിഞ്ഞിട്ടില്ല. മറ്റുള്ളവരൊന്നും മോശം പറയാന്‍ പറ്റില്ല. ഇതു നടന്മാരുടേതിനേക്കാള്‍ സംവിധായകന്റെ സിനിമയാണ് തോന്നിയത്

എന്റെ റേറ്റിംഗ് - 3/5

A Cunning Linguist said...

സത്യം ... ആ ചെറുക്കന്‍ ഉണ്ടല്ലോ, നായകന്‍ എന്താ അവന്റെ പേര്???.... അവന്‍ കാണിക്കുന്നതിനെ അഭിനയം എന്ന് പറയുകയാണെങ്കില്‍ മമ്മുട്ടിയും മോഹന്‍ലാലുമൊക്കെ കാണിക്കുന്നതെന്താ???....

ഹൈദരബാദില്‍ നിന്ന് പോരുന്നതിന് മുമ്പ് കണ്ട അവസാനത്തെ സിനിമയാ.... ജീവിതത്തിലെ രണ്ട് മണിക്കൂര്‍ പാഴായി... :(