Monday, April 30, 2007

ബേജാ ഫ്രൈ


സംവിധാനം: സാഗര്‍ ബെല്ലാരി
നിര്‍മ്മാണം: സുനില്‍ ദോഷി
തിരക്കഥ: സാഗര്‍ ബെല്ലാരി, അര്‍പ്പിത ചാറ്റര്‍ജി
അഭിനേതാക്കള്‍: സരിക, രജത് കപൂര്‍, വിനയ് പാതക്ക്, രണ്‍‌വീര്‍ ഷോരെ, മിലിന്ദ് സോമന്‍, ഭൈരവി ഗോസ്വാമി

സാഗര്‍ ബെല്ലാരിയുടെ ആദ്യ ചിത്രമാണ് ബേജാ ഫ്രൈ. വന്‍ താരനിര ഒന്നും ഇല്ലാത്ത ഈ ചിത്രം മള്‍ട്ടിപ്ലെക്സ് പ്രേക്ഷകരെ മനസ്സില്‍ കണ്ട് കൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. വലിയ പരസ്യങ്ങളുടെയൊന്നും അകമ്പടിയില്ലാതെയാണ് ഈ സിനിമ ഭാരതമാകെ റിലീസ് ആയതും.

രജത് കപൂര്‍ ഒരു ധനികനാണ്. വെള്ളിയാഴ്ചകളില്‍ അധികം കഴിവൊന്നുമില്ലാത്ത കലാകാരന്മാരെ തന്റെ സുഹൃത്തുക്കളുമായി ചേര്‍ന്ന് നടത്തുന്ന പാര്‍ട്ടികളില്‍ വിളിച്ച്, അവരെക്കൊണ്ട് പരിപാടികള്‍ അവതരിപ്പിച്ച്, അവരറിയാതെ അവരെ കളിയാക്കി ചിരിക്കുന്ന വിനോദം ഉള്ള അഹങ്കാരിയായിട്ടാണ് രജത് കപൂര്‍ വേഷമിടുന്നത്. അങ്ങിനെയുള്ള ഒരു വിരുന്നിന് വിനയ് പാതക്ക് അവതരിപ്പിക്കുന്ന കഥാപാത്രത്തിനെ രജത് കപൂര്‍ ക്ഷണിക്കുന്നു. പക്ഷെ അന്നേ ദിവസം രജത് കപൂറിന്റെ നടുവ് ഉളുക്കിയതിനാല്‍ പാര്‍ട്ടിക്ക് പോകാനാകുന്നില്ല. വിനയ് പാതക്ക് അങ്ങിനെ രജത് കപൂറിന്റെ വീട്ടിലെത്തുന്നു. അവിടെ അന്നേ ദിവസം രാത്രി വിനയ് കാട്ടിക്കൂട്ടുന്ന വിവരക്കേടുകളാണ് ഈ ചിത്രത്തിന്റെ ബാക്കിയുള്ള ഭാഗം.

വിനയ് പാതക്ക് വളരെ നന്നായി ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. ഇഡിയറ്റ് എന്ന് രജത് കപൂര്‍ ആദ്യവസാനം വിശേഷിപ്പിക്കുന്ന ഈ കഥാപാത്രത്തിനെ എല്ലാത്തരത്തിലും ആസ്വാദ്യകരമാണ്. അദ്ദേഹത്തിന്റെ ചിരിയും, ഓരോ ഫോണ്‍ വിളിക്കുമ്പോഴും ആവര്‍ത്തിക്കുന്ന ചില ഡയലോഗുകളും, അബദ്ധം പറ്റുമ്പോള്‍ പ്രതികരിക്കുന്നതും, കയ്യില്‍ കൊണ്ട് നടക്കുന്ന തന്റെ ഫോട്ടോ ആല്‍ബവും, അദ്ദേഹത്തിന്റെ പാട്ടുകളും എല്ലാം ഒന്നിനൊന്ന് മെച്ചം. വിനയിനെക്കൊണ്ട് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും തമാശകളും ഒക്കെ രജത് കപൂറും ഭംഗിയാ‍ക്കി. ചെറുതെങ്കിലും പ്രാധാന്യമുള്ള വേഷം ചെയ്ത രണ്‍‌വീര്‍ ഷോരിയും പ്രേക്ഷകരെ ചിരിപ്പിക്കും. മിലിന്ദ് സോമന്‍ പക്ഷെ തന്റെ കഥാപാത്രത്തിനോട് നീതി പുലര്‍ത്തിയോ എന്ന് സംശയം, രണ്‍‌വീറിനോടും വിനയ്‌നോടും ഒരേപോലെ അടുപ്പം കാണിക്കുന്ന തരത്തിലുള്ള മിലിന്ദ് സോമന്റെ പ്രകടനം ചിലപ്പോഴെങ്കിലും അരോചകമായി.

സിനിമയുടെ ഹൈലൈറ്റ് അതിന്റെ കഥ തന്നെയാണ്. ഒരു രാത്രി സംഭവിക്കുന്ന കാര്യങ്ങളായതിനാല്‍ കഥ എന്നൊരുപക്ഷെ വിളിക്കാന്‍ കഴിയില്ലെങ്കിലും രസകരമായ സംഭവവികാസങ്ങളിലൂടെയുള്ള സിനിമയുടെ പോക്ക് മനോഹരമായിട്ടുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തില്‍ കഥ മാറിമറിയുന്നതും, അതിനുചേര്‍ന്ന് രീതിയിലുള്ള കഥാപാത്രങ്ങളുടെ മിന്നുന്ന പ്രകടനവും ഒക്കെയാകുമ്പോള്‍ ഈ സിനിമ എന്തുകൊണ്ടും ആസ്വാദ്യകരമാകും. ഒറ്റതവണയെങ്കിലും പൊട്ടിച്ചിരിക്കാതിരിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ലെന്ന്‍ തറപ്പിച്ച് തന്നെ പറയാനാകും.

സിനിമയില്‍ പാട്ട് ഒന്നേയുള്ളൂ. അത് തരക്കേടില്ലാത്ത നിലവാരം പുലര്‍ത്തി. സിനിമയില്‍ പാട്ടിനധികം പ്രാധാന്യമില്ലെങ്കിലും.

ചില പോരായ്മകളും ഉണ്ട് സിനിമയ്ക്ക്. അതീവ സുന്ദരി എന്ന് ഒന്നിലധികം തവണ വിശേഷിപ്പിച്ച രജത് കപൂറിന്റെ ഭാര്യാകഥാപാത്രമായി വേഷമിട്ടിരുന്നത് സരികയാണെന്നത് ഒന്ന്. ഭാര്യയെ ഒരു രാത്രി കാണാതാകുമ്പോള്‍ രജത് പലരേയും വിളിച്ച് ഭാര്യ അയാളുടെകൂടെയുണ്ടോ എന്നന്വേഷിക്കുന്നത് ഈ ഭാര്യയുടെ സ്വഭാവശുദ്ധിയില്‍ പ്രേക്ഷകന് അറപ്പുളവാക്കും എന്നത് വേറൊന്ന്. സിനിമയിലെ ആണ്‍ കഥാപാത്രങ്ങള്‍ക്ക് മുഴുവന്‍ പിണങ്ങിപ്പോയ ഭാര്യയോ, അല്ലെങ്കില്‍ പരപുരുഷബന്ധം സൂക്ഷിക്കുന്ന ഭാര്യയോ ആണുള്ളതെന്നതും ഒരു നല്ല കഥയ്ക്ക് ചേരുന്നതല്ല്ല എന്നത് മറ്റൊന്ന്.

മനസ്സ് തുറന്ന് ചിരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി പോയി കാണാവുന്ന ഒരു ചിത്രം. ദ്യയാര്‍ത്ഥപ്രയോഗങ്ങളുള്ള ഡയലോഗുകള്‍ ഇല്ലാതെ സിറ്റുവേഷണല്‍ കോമഡിയാണ് ഇതില്‍ ഉള്ളതെന്നതിനാല്‍ ഏത് പ്രായക്കാര്‍ക്കും ഒരേപോലെ രസിക്കും ഈ ചിത്രം. ഒരുപിടി നല്ല കഥാപാത്രങ്ങള്‍, നല്ല അഭിനയങ്ങള്‍, സിനിമ കഴിഞ്ഞാലും ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ കഴിയുന്ന പല പല രംഗങ്ങള്‍. എന്തുകൊണ്ടും നല്ല സിനിമ എന്ന് വിളിക്കാവുന്ന ഒരു ലോ ബഡ്ജസ്റ്റ് സിനിമ. പക്ഷെ കരച്ചില്‍ പടങ്ങള്‍ മാത്രം ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്കും, പ്രേമ രംഗങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മറ്റ് തിയറ്റര്‍ അന്വേഷിച്ച് പോകേണ്ടി വരും.

എന്റെ റേറ്റിങ്ങ്: 4.0/5

6 comments:

ചില നേരത്ത്.. said...

ശ്രീജിത്തേ,
റേറ്റിംഗ് ഒന്ന് കുറച്ചിട്, ഹണിമൂണ്‍ ട്രാവത്സ് , നിന്റെ റേറ്റ് കണ്ട് കണ്ടതാ. കൊന്നില്ല എന്നേയുള്ളൂ കൂടെയുണ്ടായിരുന്നവര്‍ ;)

Sreejith K. said...

ഇബ്രൂ, ഹണിമൂണ്‍ ട്രാവത്സ്റ്റിനെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കാന്‍ ആ സിനിമയെക്കുറിച്ചുള്ള പോസ്റ്റായിരുന്നു നല്ലത് ;) എന്തായാലും ആ സിനിമയെക്കുറിച്ച് ഇത്ര മോശം അഭിപ്രായം തോന്നാന്‍ കാരണം എന്തെന്നറിയാന്‍ എനിക്കും താത്പര്യമുണ്ട്.

ഈ സിനിമ ഒന്ന് കണ്ട് നോക്കി ഇബ്രുവായിരുന്നെങ്കില്‍ എത്ര റേറ്റിങ്ങ് കൊടുക്കുമെന്നും അറിയാന്‍ മോഹം. പടം ഇഷ്ടപ്പെട്ടില്ലെങ്കില്‍ ടിക്കറ്റിന്റെ കാ‍ശ് തരുന്നതല്ല, സോറി.

Anonymous said...

എകലവ്യ പോലുള്ള ബിഗ് ബഡ്ജറ്റ് മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ പൊളിയുന്നിടത്താണ് ഖോസല കി ഖോസല ,ബേജാ ഫ്രൈ തുടങ്ങിയ ലോ ബഡ്ജറ്റ് ചിത്രങ്ങള്‍ വിജയന്‍ കൊയ്യുന്നത് .ഇതിന് പിന്നിലുള്ളത് മള്‍ട്ടിപ്ലക്സുകളാണെന്ന്‌ കേല്‍ക്കുന്നു.അതെങ്ങെനെ?

Sreejith K. said...

ഖോസല കി ഖോസല ഒരു നല്ല ചിത്രം ആയിരുന്നു. നിരൂപണം എഴുതാന്‍ വിട്ടുപോയി :(

മള്‍ട്ടിപ്ലെക്സുകളില്‍ ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ്. ബാംഗ്ലൂരില്‍ ഇരുന്നൂറിലധികം രൂപ വരും ഒരു ടിക്കറ്റിന്. അതുകൊണ്ട് തന്നെ അവിടങ്ങളില്‍ സിനിമ കുറച്ചധികം കാലം ഓടിയാല്‍ നിര്‍മ്മാതാവിന്റെ കീശയില്‍ എത്തുന്നത് കനത്ത തുകയാണ്. മള്‍ട്ടിപ്ലെക്സ് തിയറ്ററുകള്‍ ചെറുതായതിനാല്‍ സിനിമ കുറേക്കാലം നിറാച്ചോടിക്കാനും സാധിക്കും. സിനിമ ലോ ബഡ്ജറ്റ് ആയതിനാല്‍ മള്‍ട്ടിപ്ലക്സില്‍ ഓടിത്തീരുമ്പോഴേക്കും മുടക്കിയ തുകയുടെ എത്രയോ ഇരട്ടി നിര്‍മ്മാതാവ് തിരികെ നേടിയിരിക്കും. അതുകൊണ്ട് തന്നെ ഇപ്പോള്‍ മള്‍ട്ടിപ്ലെക്സുകളില്‍ മാത്രം ഓടാന്‍ ഉള്ള തരത്തില്‍ ഹിന്ദിയില്‍ സിനിമകള്‍ കുറേ ഇറങ്ങുന്നുണ്ട്. അവയില്‍ മിക്കവയും നല്ല നിലവാരം പുലര്‍ത്തുന്നു എന്നത് വളരെ ആശ്വാസകരമാണ്.

കണ്ണൂസ്‌ said...

തുളസീ, ഇത്തരം പടങ്ങള്‍ മള്‍ട്ടിപ്ലെക്സിനെ ലക്ഷ്യമാക്കി ഉണ്ടാക്കുന്നതാണെന്ന് എനിക്ക്‌ തോന്നുന്നില്ല. താരാരാധന എന്നത്‌ ഗ്രാമങ്ങളിലെ പ്രേക്ഷകര്‍ക്കിടയില്‍ വലിയൊരു വ്യവസായ സാധ്യതയാണ്‌ ഇപ്പോഴും എന്നിരിക്കെ, സാധാരണക്കാരെ വെച്ചെടുക്കുന്ന പടങ്ങള്‍ വലിയ ശ്രദ്ധ നേടാതെ പോവുന്നു എന്നേ ഉള്ളൂ. ഖോസ്‌ലാ കാ ഗോസ്‌ല പോലുള്ള പടങ്ങള്‍ ശരിക്കും ഗ്രാമങ്ങളിലും തിരിച്ചറിയപ്പെടേണ്ട പ്രമേയം അല്ലേ? (ഈ പടത്തിനെപ്പറ്റി സിദ്ധുവിനോടും ദില്‍ബനോടും ഒരു രാത്രി മുഴുവന്‍ ഉപന്യസിച്ചതാണ്‌ ഞാന്‍, ചുള്ളന്‍മാര്‍ കണ്ടോ ആവോ?)

ചെറിയ ബഡ്‌ജറ്റില്‍ വരുന്ന കാലിക പ്രാധാന്യമുള്ള ഇത്തരം സിനിമകള്‍ എന്നെ ഓര്‍മിപ്പിക്കുന്നത്‌ എണ്‍പതുകളില്‍ സത്യന്‍ അന്തിക്കാടും കമലും ഒക്കെ മലയാളത്തില്‍ കൊണ്ടു വന്ന തരംഗത്തെ ആണ്‌. അന്നു വലിയ താരമല്ലാതിരുന്ന ജയറാമിനേയും, ബാലചന്ദ്ര മേനോനേയും, ശ്രീനിവാസനേയും ഒക്കെ വെച്ച്‌ ഇവര്‍ ചെയ്ത പടങ്ങള്‍ ഇപ്പോഴും നാം ഓര്‍മ്മിക്കുന്നുണ്ടല്ലോ.

ഇബ്രൂ, ഹണിമൂണ്‍ ട്രാവല്‍സിനെപ്പറ്റി ജിത്തിന്റെ നിരൂപണം ഞാന്‍ ഇപ്പോഴാണ്‌ വായിച്ചത്‌. അത്ര മോശമാണ്‌ ആ പടം എന്നെനിക്കും തോന്നിയില്ല. ജിത്തേ, ദാമ്പത്യ ബന്ധത്തിലെ കൃത്യമായ താളലയം ഒരു super natural ദമ്പതികള്‍ക്ക്‌ മാത്രം സാധിക്കുന്നതാണ്‌ എന്ന് പ്രതീകാത്‌മകമായി സംവിധായകന്‍ കാണിച്ചതല്ലേ മുഴച്ചു നിന്നതായി ജിത്തിന്‌ തോന്നിയ ആ ആറാമത്തെ ദമ്പതികളുടെ കഥ?

ഇപ്പോഴും മലയാളം പടങ്ങളുടെ ഗതകാല പ്രൌഢിയില്‍ മയങ്ങി ഇരിക്കുന്നവരേ, ഹിന്ദിയില്‍ വരുന്ന ഇത്തരം കൊച്ചു കൊച്ചു സിനിമകള്‍ കണ്ടില്ലെങ്കില്‍ നഷ്ടം നിങ്ങള്‍ക്ക്‌ മാത്രം!!

Satheesh said...

ചിക്കന്‍ ഫ്രൈ, മട്ടന്‍ ഫ്രൈ.. അതുപോലുള്ള വല്ല ഫ്രൈയും ആണെന്ന് തോന്നിയിട്ടാണ്‍ ഓടിവന്നത്!
സിനിമയും ഞാനും മുന്നാളായതുകൊണ്ട് അഭിപ്രായം പറയുന്നില്ല! :-)