Wednesday, April 18, 2007

വിനോദയാത്ര


രചന, സംവിധാനം : സത്യന്‍ അന്തിക്കാട്
അഭിനയം : ദിലീപ്, മീരാ ജാസ്മിന്‍, മുകേഷ്, മുരളി, ഇന്നസെന്റ്, മാമുക്കോയ, സീത, വിജയരാഘവന്‍, പാര്‍വതി, ബാബു നമ്പൂതിരി
സംഗീതം : ഇളയരാജ
ഛായാഗ്രഹണം : എസ്. കുമാര്‍


സത്യന്‍ അന്തിക്കാട് എന്ന സംവിധായകനിലുള്ള പ്രതീക്ഷയാണ് "വിനോദ യാത്ര" കാണണമെന്നുള്ള ആഗ്രഹമുണ്ടാക്കിയത്. അദ്ദേഹം നല്ലൊരു സംവിധായകന്‍ തന്നെയാണെന്ന് സിനിമ തെളിയിക്കുന്നുണ്ട്. പക്ഷേ, നല്ലൊരു തിരക്കഥാകൃത്തല്ലെന്നുള്ളത് രസതന്ത്രത്തിലൂടെ മനസ്സിലാക്കിയത് വിനോദയാത്ര അടിവരയിട്ട് ഉറപ്പിച്ചു.

ഉന്നത വിദ്യാഭ്യാസം നേടിയെങ്കിലും ജീവിക്കാനറിയാത്ത വിനോദിനെ (ദിലീപ്) പ്രാരാംബ്ധക്കാരിയായ അനുപമ (മീരാ ജാസ്മിന്‍) ജീവിതം എന്താണെന്നു പഠിപ്പിക്കുന്നതാണ് സിനിമ. ഉത്തരവാദിത്തമില്ലാത്ത ധനികനായ നായകനേയും പ്രായോഗിക ബുദ്ധിയുള്ള ദരിദ്രയായ നായികയേയും സത്യന്റെ തന്നെ “വീണ്ടും ചില വീട്ടുകാര്യങ്ങളിലും” മറ്റു പല ചിത്രങ്ങളിലും നമ്മള്‍ കണ്ടിട്ടുള്ളതാണ്. പറഞ്ഞു പഴകിയ കഥ ബോറഡിപ്പിക്കാതെ അവതരിപ്പിച്ചതിനുള്ള ക്രെഡിറ്റ് സത്യനും ദിലീപിനും പങ്കിട്ടെടുക്കാം.

കം‌പ്യൂട്ടര്‍ എഞ്ചിനീയര്‍മാരുടെ കാലമല്ലേ എന്നു കരുതിയായിരിക്കും നായകന്‍ എംസി‌എക്കാരനാണ്. വീടിനും നാടിനും ശല്യമാകുന്ന വിനോദിനെ അച്ഛന്‍ (ബാബു നമ്പൂതിരി) നന്നാക്കാനായി അയയ്കുന്നത് സഹോദരിയുടേയും (സീത) ഭര്‍ത്താവ് ഷാജിയുടേയും (മുകേഷ്) അടുത്തേക്കാണ്. ശല്യം ഒഴിവാക്കാനായി ഷാജി വിനോദിനെ ജീവചരിത്രമെഴുതുന്ന റിട്ടയേര്‍ഡ് ഐജിയുടെ (നെടുമുടി വേണു) സഹായത്തിനായി വിടുന്നു. ഒരു യാത്രയില്‍ കണ്ടുമുട്ടുന്ന അനുപമ വിനോദിന്റെ ജീവിതത്തില്‍ പിന്നീട് വരുത്തുന്ന മാറ്റങ്ങളാണ് സിനിമയുടെ കഥാതന്തു.

ഇവരെ കൂടാതെ വേറേയും ധാരാളം കഥാപാത്രങ്ങളുണ്ട്. ഷാജിയുടെ പെങ്ങള്‍ രശ്മി (പാര്‍വതി), ഡ്രൈവര്‍ (മാമുക്കോയ), ഡാമിലെ ജോലിക്കാരനായ തങ്കച്ചനും (ഇന്നസെന്റും) ഭാര്യയായ വര്‍ക്ക്ഷോപ്പുടമയായി ശ്രീലത. അനുപമയുടെ പോലീസുകാരനായ അച്ചന്‍ (മുരളി), അമ്മ (സബിതാ ആനന്ദ്). വിനോദിന്റെ കഥയോടൊപ്പം സിനിമയില്‍ വരുന്ന മറ്റു കഥാപാത്രങ്ങളുടെ ജീവിതങ്ങള്‍ കൂടി പറയുമ്പോള്‍ സിനിമയുടെ ആത്മാവ് നഷ്ടമാകുന്നു. പലതും നായകന്റെ ഗുണഗണങ്ങള്‍ കാണിക്കാനെന്നല്ലാതെ നായകന്റെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ക്ക് ഹേതുവാകുന്നില്ല.

ദിലീപും മീരാ ജാസ്മിനും മോശമില്ലാത്ത അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. സിനിമയെ പലപ്പോഴും മുന്നോട്ട് കൊണ്ടുപോകുന്നത് ദിലീപ് തന്നെയാണ്. മറ്റുള്ളവരില്‍ എടുത്തുപറയ തക്കതായി തോന്നിയത് ഇന്നസെന്റ് മാത്രമാണ്.

സിനിമയിലെ ഹാസ്യം പുതുമയുള്ളതല്ലെങ്കിലും ചിരിപ്പിക്കുന്നതാണ്. അതു തന്നെയാണ് സിനിമയെ വിജയിപ്പിക്കുന്നതു. ശ്രദ്ധേയമായ മറ്റൊന്ന് സിനിമ വലിച്ചു നീട്ടാതെ പറഞ്ഞ രീതിയാണ്. പ്രേക്ഷകര്‍ക്ക് സ്പൂണ്‍ ഫീഡിംഗ് നടത്തിയാലേ കാര്യങ്ങള്‍ മനസ്സിലാകൂവെന്ന്‍ മലയാളത്തിലെ (ഇന്ത്യയിലെ തന്നെ) സംവിധായകര്‍ക്ക് ഒരു ധാരണയുണ്ട്. ഇതില്‍ പല കാര്യങ്ങളും ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നത് ആകര്‍ഷകമായി തോന്നി. ഉദാഹരണത്തിന് നായകനെ പോലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കികൊണ്ടു വരുന്ന രംഗം.

സിനിമയിലെ ഗാനങ്ങളെല്ലാം തന്നെ ഗാനങ്ങള്‍ വേണമല്ലോ എന്നു കരുതി സൃഷ്ടിച്ചതു പോലെയുണ്ട്. ഒന്നു തന്നെ സിനിമയോട് ചേര്‍ന്നു നില്‍ക്കുന്നില്ല. സത്യന്‍ അഴകപ്പനെ മാറ്റി കുമാറിനെ ക്യാമറയേല്‍പ്പിച്ചപ്പോള്‍ വിത്യസ്തത തോന്നിയെന്നല്ലാതെ പറയത്തക്കതായി ഒന്നുമില്ല.

ഒരു കിലോ അരിയുടെ വിലയറിയാതെ ലോകകാര്യങ്ങള്‍ പ്രസംഗിച്ചിട്ടു കാര്യമില്ല എന്നും ജീവിതം പ്രദര്‍ശന വസ്തുവല്ല എന്നും പറയുന്ന അനുപമയിലൂടെ സിനിമ നല്‍കുന്ന സന്ദേശങ്ങള്‍ അര്‍ത്ഥവത്തും സിനിമ കഴിഞ്ഞാലും ചിന്തിക്കാനുതകുന്നതും ആണ്. അതു തന്നെയാണ് സത്യനെ കുടുംബസദസ്സുകളുടെ പ്രിയങ്കരനാക്കുന്നതും. അടുത്ത ചിത്രത്തിലെങ്കിലും തിരക്കഥയില്‍ അദ്ദേഹത്തിനു കുറച്ചു കൂടി ശ്രദ്ധിക്കാവുന്നതാണ്

എന്റെ റേറ്റിംഗ് : 3/5

10 comments:

Siju | സിജു said...

സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രമായ വിനോദയാത്ര കണ്ടപ്പോള്‍ എന്റെ അഭിപ്രായം

sandoz said...

ശ്രീനിവാസന്‍,ലോഹിതദാസ്‌ തുടങ്ങിയ ഏഴുത്തുകാര്‍, സത്യന്‍ അന്തിക്കാടിന്റെ ഒപ്പം ചേര്‍ന്നപ്പോഴൊക്കെ നല്ല സിനിമകള്‍ ഉണ്ടായിട്ടുണ്ട്‌. ഒരു പരീക്ഷണം ആയിരുന്നു ലാലിനെ വച്ച്‌ സ്വന്തം തിരക്കഥയില്‍ രസതന്ത്രം ഒരുക്കിയത്‌.പക്ഷേ സാമ്പത്തികമായി വിജയിച്ചെങ്കിലും എഴുത്തിന്റെ മേഖലയോട്‌ നീതി പുലര്‍ത്താന്‍ അന്തിക്കാടിനു കഴിഞ്ഞിട്ടില്ലാ എന്ന് പലരും പറഞ്ഞ്‌ കേട്ടു.

സിജൂ.. ഈ വിലയിരുത്തല്‍ നന്നായി.ഇനി വല്ല കളമശേരി പ്രീതീലും വരുമ്പൊ പോയി കാണണം.. പറ്റിയാല്‍...അല്ലാതെ തല്ലും ഇടീം പിടിച്ച്‌ കേറി ഇരിന്നൊറങ്ങാന്‍ എനിക്ക്‌ വയ്യ....

vilakudy said...

A new reviewer is born.

Haree | ഹരീ said...

എനിക്കൊരു സംശയം. കഥയാണോ തിരക്കഥയാണോ മോശമായത്? ഒരു കഥയ്ക്ക് നല്ലൊരു തിരക്കഥയെഴുതി, അത് സംവിധാനം ചെയ്യുമ്പോഴല്ലേ ആസ്വാദ്യകരമാവൂ? രസതന്ത്രവും വിനോദയാത്രയും ആസ്വാദ്യകരം തന്നെയല്ലേ? പിന്നെ, ചിത്രത്തില്‍ സബ്ജക്ട് / ഫോക്കസ് ഇല്ലായ്മയാണ് പ്രശ്നം, അത് കഥയുടെ കുഴപ്പമല്ലേ, തിരക്കഥയുടേതാണോ? തിരക്കഥയെന്നാല്‍, ഷോട്ട്-സീന്‍ എന്നീ സങ്കേതങ്ങളില്‍ കഥയെ സിനിമക്കായി എഴുതുന്നതല്ലേ?
--
--

Siju | സിജു said...

ഹരീ..
ഞാന്‍ മനസ്സിലാക്കിയിട്ടിടത്തോളം (പൊട്ടതെറ്റായിരിക്കാം) സിനിമയില്‍ കഥയെന്നു പറയുന്നത് പലപ്പോഴും മൂലകഥയാണ്. അത് ഒരു ചെറിയ ബേസ് മാത്രമായിരിക്കും. തിരക്കഥ വരുമ്പോഴാണ് കഥാപാത്രങ്ങളും അവര്‍ തമ്മിലുള്ള ബന്ധങ്ങളും കൂടുതല്‍ വ്യക്തമാകുന്നത്. അതു കൊണ്ട് തന്നെ സിനിമയുടെ അടിത്തറയായി പലപ്പോഴും കണക്കാക്കുന്നത് തിരക്കഥയായിരിക്കും. അതിന് കൂടുതല്‍ പൂര്‍ണത വരുന്നത് സംഭാഷണങ്ങള്‍ കൂടെ വരുമ്പോള്‍. പക്ഷേ ഇവിടെ പലപ്പോഴും തിരക്കഥയും സംഭാഷണവും ഒരൊറ്റ ഐറ്റമായാണ് കണക്കാക്കാറ്.
അപ്പൊ പറഞ്ഞു വന്നത് കഥയില്‍ ഒരു പക്ഷേ ഈ കഥാപാത്രങ്ങളും അവരെ പറ്റിയും പരാമര്‍ശിച്ചേക്കാമെങ്കിലും അതു എങ്ങനെ സിനിമയാക്കണമെന്നു തീരുമാനിക്കുന്നത് തിരക്കഥ വരുമ്പോഴാണ്. അപ്പോഴാണ് പല പൊട്ടക്കഥകളും നല്ല സിനിമയാകുന്നതും നല്ല കഥകള്‍ പോലും കണ്ടിരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാകുന്നതും.
പിന്നെ ഇതെല്ലാം കൃത്യമായി പറയണമെങ്കില്‍ നമ്മള്‍ ഓരോന്നും സെപ്പറേറ്റായി എടുത്തു വായിക്കേണ്ടി വരും. അങ്ങിനെ വേറെ വേറെ ആയിട്ടുണ്ടാകുമെന്നു പോലും തോന്നുന്നില്ല

തമ്പിയളിയന്‍ said...

സിജു..പുതിയ സിനിമ ആദ്യം കാണുവാനുള്ള ചാന്‍സ് താങ്കള്‍ക്കായതുകൊണ്ട് താങ്കളുടെ ലിങ്ക് ഞങ്ങടെ ബ്ലോഗില്‍ കൊടുത്താലോ എന്നൊരു ചിന്ത..

താങ്കല്‍ നല്ലപോലെ review ചെയ്തിട്ടുണ്ട്..

Siju | സിജു said...

അളിയോ.. തമ്പിയളിയോ..
ലിങ്ക് കൊടുക്കാന്‍ ചോദിക്കേണ്ട വല്ല കാര്യവുമുണ്ടോ..
പിന്നെ ഇതു എന്റെ മാത്രമൊന്നുമല്ല.. ഒടമക്കാര്‍ കുറെപ്പേരുണ്ട്..

എസ്. ജിതേഷ്/S. Jithesh said...

വിനോദയാത്ര സിനിമ മികച്ച ഒരു എന്‍ടര്‍ടൈനര്‍ ആണെന്ന് സമ്മതിക്കുന്നു. പക്ഷേ സിനിമ ചില പിന്തിരിപ്പന്‍ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. "ഇറാക്കില്‍ എത്ര സൈനികത്താവളങ്ങളുണ്ട് " തുടങ്ങിയ ലോകകാര്യങ്ങള്‍ അറിയുന്നതിലും പ്രധാന്യത്തോടെ "ഒരുകിലോ പഞ്ച്സാരയുടെ വില" അറിയണമെന്നും മറ്റും പറഞ്ഞ് നായിക നായകനെ ഒരു മാതിരി കൊജ്ഞാണന്‍ ആക്കുന്നുണ്ട്. ഞാനും എന്‍ടെ വീടും എന്‍ടെ കെട്ട്യോളും എന്ന സങ്കല്പത്തിനപ്പുറത്തൊരു ലോകവുമെനിക്കറിയേണ്ട എന്ന പിന്തിരിപ്പന്‍ ചിന്ത പ്രചരിപ്പിക്കുന്നുണ്‍ട് ഈ സിനിമ. ഇത് എതിര്‍ക്കപ്പെടേണ്ടതാണ്‍.

അടുരാന്‍സ്‌..... said...

I cannot measure a feeling!
But i very much like the movie.
It touched my heart
mahesh

adithya said...

actually sathyan is a master craftsman.but the failure of RASATHANTHRAM may be its screenplay.