Tuesday, March 06, 2007

വോള്‍വര്‍ (ബോള്‍ ‍ബെര്‍)


രചന, സംവിധാനം : പെഡ്രോ അല്‍മൊദവര്‍
ഭാഷ : സ്പാനിഷ്
അഭിനേതാക്കള്‍ : പെന്‍ലോപ് ക്രൂസ്, കാര്‍മെന്‍ മൌറ, ലോല ഡ്യുനസ്, യൊഹാന കോബൊ, ബ്ലാങ്ക പോര്‍ടിലൊ

പോയ വര്‍ഷം ഫിലിം ഫെസ്റ്റിവലുകളിലെ ഒരു പ്രധാന ആകര്‍ഷണമായിരുന്നു സ്പാനിഷ് സംവിധായകനായ പെഡ്രോ അല്‍മൊദവറുടെ വോള്‍വര്‍. നിരവധി അവാര്‍ഡുകളും നോമിനേഷനുകളും നേടിയ വോള്‍വര്‍ ലോകമെമ്പാടുമുള്ള സിനിമാ നിരൂപകരുടെ പ്രശംസ കരസ്ഥമാക്കി.

വോള്‍വര്‍ എന്നാല്‍ സ്പാനിഷ് ഭാഷയില്‍ തിരിച്ചു വരവ് എന്നാണര്‍ത്ഥം. മരിച്ചുപോയെന്നു കരുതിയ അമ്മയുടെ തിരിച്ചു വരവും കുടുംബജീവിതത്തിലെ അപസ്വരങ്ങളും അസ്വാരസ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകന്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ്. പൂര്‍ണമായും ഒരു സ്ത്രീപക്ഷ ചലചിത്രമാണ് വോള്‍വര്‍. കഴിഞ്ഞ വര്‍ഷം കാന്‍ ഫെസ്റ്റിവലില്‍ മികച്ച അഭിനേത്രിക്കുള്ള അവാര്‍ഡ് ഇതിലെ ആറു നടികള്‍ പങ്കിടുകയായിരുന്നു.

റൈമുണ്ടയുടെ (പെന്‍ലോപ് ക്രൂസ്) മാതാപിതാക്കള്‍ ഒരു തീപിടിത്തത്തില്‍ മരണപെട്ടതാണ്. അവള്‍ മദ്യപാനിയായ ഭര്‍ത്താവും മകള്‍ പൌളയുമൊത്ത് (യൊഹാന കോബൊ) താമസിക്കുന്നു. റൈമുണ്ടയുടെ സഹോദരിയാണ് സോള്‍ (ലോല ഡ്യുനാസ്). പൌള അവളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന അച്ഛനെ കുത്തികൊല്ലുന്നു. റൈമുണ്ട മകളെ സംരക്ഷിക്കുകയെന്നത് തന്റെ ദൌത്യമായി കരുതി മൃതശരീരം ഒളിപ്പിക്കുന്നു. മാതൃസഹോദരിയുടെ ശവമടക്കിനു പോകുന്ന് സോള്‍ അവിടെ വെച്ച് സ്വന്തം അമ്മയായ ഐറീന്റെ (കാര്‍മെന്‍ മൌറ) “പ്രേതത്തിനെ” കാണുന്നു. സോളിന്റെ കൂടെ വരുന്ന ഐറീന്‍ അവളുടെ വീട്ടില്‍ റഷ്യക്കാരിയായ സഹായിയായി ഒളിച്ചു താമസിക്കുന്നു.

ഐറീന്‍ എന്തിന് റൈമുണ്ടയെ ഒളിക്കുന്നു, തീപിടിത്തം എങ്ങിനെ സംഭവിച്ചു, തുടങ്ങി മനസ്സില്‍ വരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം തരുന്നതാണ് സിനിമയുടെ അവസാനം. തുടക്കം മുതല്‍ ഒടുക്കം വരെ ഒട്ടും മുഷിവില്ലാതെ രസകരമായി കഥ പറഞ്ഞിട്ടുണ്ട്. പെന്‍ലോപ് ക്രൂസിന്റെ ഏറ്റവും മികച്ച പ്രകടനമാണിതിലുള്ളത്. ഹോളിവുഡില്‍ നല്ല വേഷങ്ങളൊന്നും ലഭിക്കാതിരുന്ന ക്രൂസിന് തന്റെ കഴിവ് തെളിയിക്കാന്‍ കിട്ടിയ അവസരം ശരിക്കും മുതലാക്കിയിരിക്കുന്നു. എല്ലാവരും മികച്ച അഭിനയം കാഴ്ച വെച്ചിട്ടുണ്ടെങ്കിലും എടുത്തുപറയേണ്ട മറ്റൊരാള്‍ കാര്‍മെന്‍ മൌറയാണ്.

ഹാസ്യത്തിലൂടെയാണെങ്കിലും വളരെ പ്രധാനപെട്ട ഒരു വിഷയം കാര്യഗൌരവത്തോടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു. സിനിമ കഴിഞ്ഞാലും മനസ്സില്‍ അത് തങ്ങിനില്‍ക്കുന്നത് അല്‍മൊദവറുടെ വിജയം തന്നെ. മനോഹരമായൊരു കഥയും രസകരമായ സംഭാഷണങ്ങളും മികച്ച അഭിനയമുഹൂര്‍ത്തങ്ങളും തികഞ്ഞ സംവിധാനമികവും ഉള്ള വോള്‍വര്‍ കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ്.
എന്റെ റേറ്റിംഗ് : 4.5/5

8 comments:

Siju | സിജു said...

സിനിമാ നിരൂപണത്തിലിത്തവണ സ്പാനിഷ് ചലചിത്രമായ വോള്‍വര്‍ (ബോള്‍ ബെര്‍)

മനോഹരമായൊരു കഥയും രസകരമായ സംഭാഷണങ്ങളും മികച്ച അഭിനയമുഹൂര്‍ത്തങ്ങളും തികഞ്ഞ സംവിധാനമികവും ഉള്ള വോള്‍വര്‍ കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ്.

Siju | സിജു said...

സ്പെല്ലിംഗ് മിസ്റ്റേക്കുകളോ ഉച്ചാരണ മിസ്റ്റേക്കുകളോ ചൂണ്ടിക്കാട്ടുകയാണെങ്കില്‍ തിരുത്തുന്നതായിരിക്കും

Haree said...

സത്യം തന്നെ, വളരെ നല്ല ഒരു ചലച്ചിത്രം തന്നെയാണ് വോള്‍വര്‍. മരിച്ചയാള്‍ മറ്റൊരുത്തിയുമായി ഒളിച്ചോടി ജീവിക്കുന്നുവെന്ന് പറയുന്നു, മരിക്കാത്തയാള്‍ പ്രേതമായി തിരികെയെത്തിയെന്നു പറയുന്നു... ഇടയില്‍ മരിക്കാത്ത, പ്രേതമായി ജീവിക്കാത്ത കുറച്ചു മനുഷ്യരും... ഇവര്‍ ചേരുമ്പോളുള്ള തമാശകള്‍, സത്യമെന്തെന്നുള്ള അന്വേഷണമല്ലാത്ത അന്വേഷണം. കൂട്ടത്തില്‍ സ്വന്തം കല്ലറതീര്‍ക്കുന്നതുപോലെയുള്ള സ്പാനിഷ് സംസ്കാരത്തിന്റെ ചില ഏടുകളും... അവസാനം വരേയും ആകാംഷയോടെയിരുത്താന്‍ പര്യാപ്തമായ കഥാകഥനശൈലി... കൊമേഴ്സ്യല്‍ - അവാര്‍ഡ് ചിത്രങ്ങളുടെ അതിര്‍വരമ്പുകളില്ലാത്ത ഒരു ചിത്രം.
ശരിക്കും ഒരു നല്ല ചിത്രം. :)
പക്ഷെ സത്യമായും അതിന്റെ ക്ലൈമാക്സ് എത്ര ശക്തമാണ്... വിളിച്ചുപറയുന്നത് എത്ര ക്രൂരമായ സത്യമാണ്... തേടുന്ന സത്യം ഒന്നുമല്ലാതാവുന്നു... അല്ലേ? ഒരു വല്ലാത്ത നൊമ്പരമുണര്‍ത്തിയാണ് എന്റെ മുന്നില്‍ ചിത്രം അവസാനിച്ചത്...
--

പതാലി said...

സിജൂ...
വളരെ നന്ദി. വോള്‍വറിനെക്കുറിച്ച്
വായിച്ചറിഞ്ഞിട്ടേയുള്ളു.
ഇതുകൂടിയായപ്പോള്‍ കൂടുതല്‍ താല്‍പര്യം
തോന്നി. വി.സി.ഡി വരുമെന്നാണ് പ്രതീക്ഷ

പ്രിയംവദ-priyamvada said...

siju,
വളരെ നന്ദി...Will try to watch
qw_er_ty

ഷാജുദീന്‍ said...

ഇതൊരു നല്ല സിനിമയായിരുന്നു

വിന്‍സ് said...

I didn't get a chance to watch the film yet but I am hearing great reviews. I will be watching this film very soon. Thank you again Siju for another good review.

Ashly said...

This is indeed a wonderful movie. I liked the song too, which Penelop sings(in fact singer is Estrella Morente)