Saturday, February 24, 2007

ഹണിമൂണ്‍ ട്രാവത്സ് പ്രൈവറ്റ് ലിമിറ്റഡ്

സംവിധാനം:- റീമ കാഗ്‌ടി
നിര്‍മ്മാണം:- ഫര്‍ഹാന്‍ അക്തര്‍, റിതേഷ് സിധ്വാനി
സംഗീതം:- വിഷാല്‍ ദദ്‌ലാനി, ശേഖര്‍ രവ്ജ്യാനി
ക്യാമറ:- ദീപ്തി ഗുപ്ത
അഭിനേതാക്കള്‍:- അഭയ് ഡിയോള്‍, മിനിഷ, ഷബാന ആസ്മി, ബൊമ്മന്‍ ഇറാനി, അമീഷ പട്ടേല്‍, റൈമ സെന്‍, കെ കെ മേനോന്‍, സന്ധ്യ മൃദുല്‍, വികരം ചാട്വാള്‍, കരണ്‍ ഖന്ന, രണ്‍‌വീര്‍ ഷോരെ, ദിയ മിര്‍സ, അര്‍ജുന്‍ രാം‌പാല്‍, സുസൈന്‍ ബെര്‍നെര്‍ട്ട്.


‘ഹണിമൂണ്‍ ട്രാവത്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്നത് സംവിധായക എന്ന നിലയില്‍ റീമ കാഗ്‌ടിയുടെ ആദ്യ സിനിമയാണ്. സൂപ്പര്‍ താരനിരയൊന്നുമില്ലാതെ ഒരു ലളിതമായ ഒരു കോമഡി ചിത്രമാണിത്.

ഹണിമൂണ്‍ ട്രാവത്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഒരു സ്ഥാപനം നടത്തുന്ന ഗോവന്‍ ഹണിമൂണ്‍ യാത്രയാണ് ഈ ചിത്രത്തിന്റെ കഥയുടെ ആധാരം. ഈ യാത്രയില്‍ ആറ് ദമ്പതികളാണ് പങ്കെടുക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ ഇവര്‍ പുറപ്പെടുന്ന ഈ യാത്ര തീരുന്നത് സിനിമയോടൊപ്പമാണ്. ഈ യാത്രയില്‍ സംഭവിക്കുന്ന കാര്യങ്ങളും തമാശകളും ആണ് ഈ സിനിമയുടെ ഇതിവൃത്തം.

ഊഹിക്കാവുന്നതുപോലെ ഈ ദമ്പതികളുടെ ഇണക്കങ്ങളും പിണക്കങ്ങളും കൊച്ച് കൊച്ച് തമാശകളും കുറച്ച് സ്നേഹപ്രകടനങ്ങളും എല്ലാം ചേര്‍ന്ന ഒരു ഹണിമൂണ്‍ തന്നെ ഈ സിനിമയില്‍ നമ്മള്‍ കാണുന്നതും. വളരെ വ്യത്യസ്ഥമാണ് ഈ യാത്രയിലെ ആറ്‌ ദമ്പതികളും, അതുകൊണ്ട് ഇവരുടെ കഥകളും വളരെ വ്യത്യസ്ഥം. കഥ പറയുന്ന രീതിയും കഥ മുന്നോട്ട് പോകുന്ന വിധവും സംവിധാനവും ഒന്നിനൊന്നോട് മികച്ച് നില്‍ക്കുന്നു. ക്യാമറയും ലൊക്കേഷനും ഒക്കെ മനോഹരം. കഥാപാത്രങ്ങള്‍ കുറച്ചധികം ഉണ്ടെങ്കിലും എല്ലാവര്‍ക്കും തുല്യ പ്രാധാന്യം കൊടുക്കുന്നതില്‍ സംവിധായിക വിജയിച്ചിട്ടുണ്ട്. അഭിനേതാക്കളും മനോഹരമായി തങ്ങളുടെ കടമ നിര്‍വ്വഹിച്ചിരിക്കുന്നു. ഹണിമൂണാണ് വിഷയമെങ്കിലും അതിരുകടന്ന സ്നേഹപ്രകടനം ഒന്നും സിനിമയില്‍ ഇല്ലാത്തതിനാല്‍ കുടുമ്പത്തോടൊപ്പമിരുന്ന് സിനിമ കാണാവുന്നതുമാണ്.

സിനിമയിലെ ഗാനങ്ങളും, നൃത്തവും ഒക്കെ നല്ല നിലവാ‍രം പുലര്‍ത്തുന്നുണ്ട്. അഭയ് ഡിയോളിന്റേയും മിനിഷ ലാമ്പയുടേയും സാല്‍‌സ നൃത്തം അതിമനോഹരമായിരിക്കുന്നു. കെ കെ മേനോന്‍ നേതൃത്വം കൊടുത്ത പാര്‍ട്ടി ഗാനവും ആസ്വാദ്യകരം.

ചില പോരായ്മകളും ഉണ്ട് സിനിമയ്ക്ക്. ആറ്‌ ദമ്പതികളിലൊന്നിന്റെ കഥ യുക്തിക്ക് നിരക്കാത്തതാണെന്നു മാത്രമല്ല, ഒരു കാര്‍ട്ടൂണിന്റെ നിലവാരത്തിലേയ്ക്ക് താഴ്ന്നിട്ടുമുണ്ട് (മറ്റുള്ളവരുടെ കഥ നല്ല യാഥാര്‍ത്ഥ്യബോധം ഉളവാ‍ക്കുന്നതാകയാല്‍ ഈ വ്യത്യാസം വല്ലാതെ അനുഭവപ്പെടുന്നു). ബംഗാളി, ബീഹാറി, ഗുജറാത്തി എന്നീ ഭാഷകളും ഈ സിനിമയില്‍ ഉപയോഗിക്കുന്നത് ഈ ഭാഷ മനസ്സിലാവാത്തവരില്‍ കുറച്ച് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. കഥയുടെ അന്ത്യം തീരെ സാധാരണമായിപ്പോയി. സിനിമ തീരുമ്പോഴും ചില ദമ്പതികളുടെ ഇടയിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ അവസാനിച്ചതായി തെളിയിക്കുന്നില്ല. സിനിമയിലെ ചില ചുമ്പനരംഗങ്ങളെങ്കിലും ഒഴിവാക്കാവുന്നതുമായിരുന്നു.

സംഗ്രഹം: ഒരു യാത്രയെക്കുറിച്ചുള്ള ഈ സിനിമ ഒരു യാത്രയില്‍ പോകുന്ന സുഖം പ്രേക്ഷകന് നല്‍കുന്നുണ്ട്. സരസമായ അവതരണവും ലളിതമായ കഥയും ആയാസരഹിതമായ അഭിനയവും ഒക്കെ ഈ സിനിമ ഒരു ആസ്വാദ്യകരമായ ഒരു അനുഭവമാക്കിത്തരുന്നു. കാതിനിമ്പമുള്ള പാട്ടുകളും ഉണ്ടെന്നതുകൊണ്ട് വിശ്വസിച്ച് പണം മുടക്കി തിയറ്ററില്‍ പോയി കാണാവുന്നതുമാണ്.

എന്റെ റേറ്റിങ്ങ്: 3.5/5

3 comments:

Haree said...

ഞാന്‍ ആലപ്പുഴയിലായതുകൊണ്ട് ഇതു കാണുവാനൊത്തില്ല... അപ്പോള്‍ കാണുന്നതുകൊണ്ട് കുഴപ്പമില്ല, അല്ലേ? പാട്ടുകള്‍ കൊള്ളാമെന്നാണല്ലോ പറഞ്ഞത്, മെലഡിയാണോ? ഗോസ്റ്റ് റൈഡര്‍ എന്നൊരു പടം ഇറങ്ങിയല്ലോ, കണ്ടിരുന്നോ? അതുപോലെ ഗൌതം ഘോഷ് (കാക്ക കാക്ക) സംവിധാനം ചെയ്ത പച്ചൈക്കിളി മുത്തുച്ചിരം എന്ന തമിഴ് സിനിമ, കൊള്ളാമെന്നു കേള്‍ക്കുന്നു. ജ്യോതികയുടെ ഒരു നല്ല കഥാപാത്രമാണത്രേ...
--

mariam said...

ഹരീ,
ഗൗതം ഘോഷ്‌ ബംഗാളീ ഫിലിം മേക്കര്‍ ആണ്‌. പച്ചൈക്കിളി മുത്തുച്ചിറം ഗൗതം മേനോന്‍ ആണ്‌.

Haree said...

മറിയത്തൊട്,
തെറ്റ് തിരുത്തിയതിന് നന്ദി... :)
ഞാന്‍ കാക്ക കാക്ക ഡയറക്ട് ചെയ്ത അതേ ഡയറക്ടര്‍ എന്നാണ് ഉദ്ദേശിച്ചത്. അത് ഗൌതം മേനോന്‍ തന്നെ.
--