Friday, February 02, 2007

നോട്ട് ബുക്ക്


സംവിധാനം:- റോഷന്‍ അന്‍ഡ്രൂസ്
നിര്‍മ്മാണം:- പി.വി. ഗംഗാധരന്‍
സംഗീതം:- മജോ ജോസഫ്
വരികള്‍:- വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
അഭിനേതാക്കള്‍:- രവീന്ദ്രന്‍, ഐശ്വര്യ, പ്രേം പ്രകാശ്, സീത, ജയ മുരളി, സുധ നായര്‍


ഉദയനാണു താരം എന്ന സിനിമയ്ക്ക് ശേഷം, സംവിധായകന്‍ റോഷന്‍ ആന്‍‌ഡ്രൂസ് അണിയിച്ചൊരുക്കുന്ന രണ്ടാമത് സിനിമയാണ് നോട്ട് ബുക്ക്. ശ്രീനിവാസന്‍ എന്ന കരുത്തുറ്റ തിരക്കഥാകൃത്തും, സൂപ്പര്‍സ്റ്റാറുകളുടെ സാന്നിധ്യവും ഒക്കെ നിറഞ്ഞ ആദ്യ ചിത്രത്തില്‍ നിന്ന് വിഭിന്നമായി പുതുമുഖങ്ങളെ വച്ച് രണ്ടാം ചിത്രമെടുക്കാന്‍ ധൈര്യം കാണിച്ചിടത്താണ് ഈ ചിത്രവും സംവിധായകനും ശ്രദ്ധേയരാകുന്നത്.

നോട്ട് ബുക്ക് എന്നത് ഏതോ ഒരു ബോര്‍ഡിങ്ങ് സ്കൂളിലെ‍ വിദ്യാര്‍ത്ഥികളുടെ കഥയാണ്. (സ്കൂള്‍ തമിഴ്നാട്ടില്‍ ആണെന്നതല്ലാതെ, ഏത് സ്കൂളാണെന്നതിന് മറ്റ് പ്രകടമായ സൂചനകളൊന്നും ഇല്ല.) സൈറ(റോമ), ശ്രീദേവി(മരിയ റോയ്), പൂജ(പാര്‍വതി), എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഈ മൂവര്‍ സംഘത്തിന്റെ ഇടയില്‍ ഉണ്ടാകുന്ന കൊച്ച് കൊച്ച് നര്‍മ്മങ്ങളും തമാ‍ശകളും, പ്രേമവും, അതിനെത്തുടര്‍ന്നുണ്ടാകുന്ന പുലിവാലുകളുമാണ് കഥയുടെ ഇതിവൃത്തം.

സ്കൂള്‍ കുട്ടികളുടെ ഇടയില്‍ ഉണ്ടാകുന്ന കാര്യങ്ങളെ അതേ ഗൌരവത്തോടെ തന്നെ (മാത്രം) സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. രസകരമായി പോകുന്ന കഥയില്‍ ഒരു പ്രേമം വരുന്നതോടുകൂടിയാണ് കാര്യമായ മാറ്റം കഥയില്‍ വരുന്നത്. എന്തിരുന്നാലും ഈ ഒരു മാറ്റം ഒരു കല്ലുകടിയായി പ്രേക്ഷകന് അനുഭവപ്പെടില്ല. അടുത്തത് എന്താകും എന്ന് കഥയുടെ ഒരു ഭാഗത്തും പ്രേക്ഷകന് ഊഹിക്കാന്‍ പറ്റാത്ത തരത്തിലാണ് തിരക്കഥ പുരോഗമിക്കുന്നത്. കണിശക്കാരനായ പ്രധാനാധ്യാപകനും, സ്നേഹനിധിയായ മാതാപിതാക്കളും, അസൂയക്കാരായ സഹപാഠികളും എന്നിങ്ങനെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കഥകളില്‍ കാണാറുള്ള സ്ഥിരം ചേരുവകള്‍ ഈ കഥയിലും‍ ഉണ്ട്. വളരെ തന്മയത്വമായ അവതരണമാണ് പലപ്പോഴും കഥയില്‍ ഉള്ളതെങ്കിലും ചില കാര്യങ്ങള്‍ സംവിധായകന്‍ ശ്രദ്ധിക്കാതെ വിട്ടു എന്ന് പറയാതെ വയ്യ. കഥയുടെ പ്രധാന തന്തു സംഭവിക്കാനുണ്ടായ സാഹചര്യം കഥയില്‍ കാര്യമായി ന്യായീകരിക്കപ്പെടുന്നില്ല. അതിനുശേഷം കുട്ടികള്‍ കാണിക്കുന്ന അസാധാരണമാം വിധം ധൈര്യവും, സ്കൂള്‍ പഠനം കഴിഞ്ഞ് അവരുടെ ജീവിതത്തില്‍ വന്നു ചേരുന്ന മാറ്റങ്ങളും എല്ലാം സ്വല്‍പ്പം അതിശയോക്തിയോടെയേ കണ്ടിരിക്കാന്‍ സാധിക്കൂ. പക്ഷെ ഒരു തിരക്കഥ എന്ന് പറയുന്നത് ഒരു ഭാവനാസൃഷ്ടിയാണെന്നും കഥയുടെ സുഖകരമായ മുന്നോട്ട്പോക്കിന് ചില വിട്ടുവീഴ്ചകള്‍ ആവശ്യമാണെന്നും മനസ്സിലാക്കി അതു വിഴുങ്ങിയാല്‍ സിനിമ രസകരമായ ഒരു അനുഭവം പകര്‍ന്നുതരും എന്നതില്‍ സംശയമില്ല.

സംവിധായകന്‍ എന്ന നിലയ്ക്ക് റോഷന്‍ ആന്‍‌ഡ്രൂസ് ഒരു പടി കൂടി ഉയര്‍ന്നിരിക്കുകയാണ് ഈ സിനിമയിലൂടെ. അസാധാരണമായ കൈവഴക്കമാണ് ഈ സിനിമ വഴി അദ്ദേഹം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. തിരക്കഥയില്‍ കാര്യമായ മാജിക്കുകള്‍ ഒന്നും ഇല്ലെങ്കിലും, ചില നിസ്സാര യുക്തിപരമായ മണ്ടത്തരങ്ങള്‍ കാണിച്ചുവെങ്കിലും തിരക്കഥയും ആസ്വാദ്യകരം തന്നെ. പുതുമുഖങ്ങള്‍ എല്ലാവരും തന്നെ അഭിനന്ദനാര്‍ഹമാം പ്രകടനം കാഴ്ച വച്ചു. ചിത്രീകരണവും ഭേദപ്പെട്ട നിലവാരം പുലര്‍ത്തി. പുതുമുഖ സംഗീത സംവിധായകനായ മജോ ജോസഫും വളരെ പ്രതീക്ഷ നല്‍കുന്നു. പാട്ടുകള്‍ എല്ലാം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചു കഴിഞ്ഞു. ഗാന ചിത്രീകരണത്തില്‍ സംവിധായകന്‍ കാണിച്ച ശ്രദ്ധ ഉദയനാണുതാരത്തിനെ ഒരു പടി കടത്തിവെട്ടി എന്നു പറയാം.

ചുരുക്കത്തില്‍, കഥയിലെ ചില അസ്വാഭാവിക വശങ്ങള്‍ക്കു നേരെ കണ്ണടയ്ക്കാമെങ്കില്‍ എന്തു കൊണ്ടും ആസ്വദിക്കാന്‍പറ്റുന്ന ഒരു സിനിമ. അടുത്തിടെ ഇറങ്ങിയ സിനിമകളില്‍ വച്ച് മികച്ചവയിലൊന്ന്. ഒരു തവണ കാണാതിരുന്നാല്‍ നഷ്ടമെന്ന് വരെ തോന്നിപ്പിക്കാവുന്ന ഒരു നല്ല കുടുമ്പചിത്രം.

എന്റെ റേറ്റിങ്ങ്: 4/5

മറ്റ് നിരൂപണങ്ങള്‍: വര്‍ണ്ണചിത്രം, ചിത്രവിശേഷം

5 comments:

Haree said...

സ്കൂള്‍ തമിഴ്നാട്ടില്‍ ആണെന്നതല്ലാതെ, ഏത് സ്കൂളാണെന്നതിന് മറ്റ് പ്രകടമായ സൂചനകളൊന്നും ഇല്ല: ഉണ്ടല്ലോ മാഷേ, “ലോഡ്സക്കദമി വില്‍...” എന്നൊരു ഗാനം തന്നെയുണ്ട് ചിത്രത്തില്‍, തുടക്കത്തില്‍ തന്നെ. ഓര്‍ക്കുന്നില്ലേ?
--

Sreejith K. said...

ഹരീ, ‘ആസ് വി ഓള്‍ നോ’ എന്ന പാട്ടിന്റെ വരികള്‍ ഞാന്‍ ഹരിയുടെ കമന്റ് വായിച്ചതിനു ശേഷമാണ് ശ്രദ്ധിച്ചത്. ശരിയാണ്, ലോഡ്‌സ് അക്കാദമി എന്ന് പാട്ടില്‍ പറയുന്നുണ്ട്. നൌ റണ്ണിങ്ങിന്റെ നിരൂപണത്തിലും സ്കൂള്‍, ലോഡ്‌സ് അക്കാദമി എന്ന് പറയുന്നുണ്ട്.

പക്ഷെ എങ്കിലും ഈ സ്കൂള്‍ ഊട്ടിയിലാണെന്ന് വിശ്വസിക്കാന്‍ ഇത് മതിയാകുന്നില്ല എന്നെനിക്ക് തോന്നുന്നു. ആ പേരിലുള്ള സ്കൂള്‍ എവിടേയുമുണ്ടാകാമല്ലോ, അല്ലേ. ഇനി സ്കൂള്‍ ഊട്ടിയിലാണെങ്കിലും അല്ലെങ്കിലും അത് സിനിമ ആസ്വദിക്കാന്‍ ഒരു തടസ്സമാകാത്തതിനാല്‍ നമുക്ക് വിടാം തല്‍ക്കാലം‍ ;)

രാജ് said...

യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള പാട്ടുകള്‍ മാത്രം ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍, പടം കുറേ കൂടി ആസ്വാദ്യമായേന്നെ എന്നു തോന്നുന്നു. അസംബ്ലിഹാളിലെ പ്രാര്‍ഥനാ ഗാനമോ, കഥയിലെ സ്റ്റേജില്‍ അവതരിപ്പിക്കുന്ന ഗാനങ്ങളോ, സംഭാഷണങ്ങളേക്കാള്‍ ഉപരി ദൃശ്യത്തിനു പ്രാധാന്യമുള്ള രംഗങ്ങളില്‍ ഉപയോഗിക്കുന്ന സൌണ്ട്‌ട്രാക്കുകളോ ഒഴികെ സിനിമയില്‍ പാട്ടുകള്‍ വലിയ ബോറായി തുടങ്ങിയിരിക്കുന്നു. കാണികള്‍ക്കു ഇത്രയ്ക്കധികം മൂത്രശങ്കയുണ്ടോ?

(ശ്രീജ്യേ ഒരു അരപ്പോയന്റ് കുറയ്ക്കെഡോ ഇതല്പം കൂടിപ്പോയി)

Haree said...

പക്ഷെ ലൊക്കേഷന്‍ Loranze Public School, Ootty ആയതുകൊണ്ടാവാം അങ്ങിനെയൊരു മുന്‍‌വിധി എല്ലാവര്‍ക്കുമുണ്ടായത്. അതുപോലെ സിനിമയെക്കുറിച്ച് സംവിധായകനും മറ്റുള്ളവരും സംസാരിച്ചപ്പോഴും (ടി.വി. ഷോകളില്‍) ഇങ്ങിനെ പറഞ്ഞാ‍ണ് തുടങ്ങിയതെന്നു തോന്നുന്നു.
അതെ, അതെവിടെയായാലും കുഴപ്പമില്ല... അതുകൊണ്ട് നമുക്കതു വിടാം. :)
--

Sreejith K. said...

പെരിങ്ങോടാ, പോയിന്റ് കൊടുക്കുന്ന കാര്യത്തില്‍ മാനദണ്ഡമില്ലാത്തത് പ്രശ്നമാകുന്ന ലക്ഷണമാണല്ലേ. ഹരി 2.5 മാത്രമേ തന്റെ പോസ്റ്റില്‍ കൊടുത്തിട്ടുള്ളൂ.

അടുത്തിടെ ഇറങ്ങിയ മലയാളം പടങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഈ ചിത്രത്തിന് ഉയര്‍ന്ന റേറ്റിങ്ങ് തന്നെ കൊടുക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. കൂടാതെ ഈ ചിത്രം കണ്ട എന്റെ സുഹൃത്തുക്കളും നല്ല അഭിപ്രായമാണ് പറഞ്ഞത്. സാങ്കേതിക തകരാറുകളെ നമുക്ക് അവഗണിക്കുന്നതല്ലേ നല്ലത്? സിനിമകള്‍ ഒരു നടന്ന സംഭവത്തിന്റെ പുനരാവിഷ്കരണമല്ലല്ലോ ഒരിക്കലും.