അച്ഛനുറങ്ങാത്ത വീട്.
സംവിധാനം : ലാല്‍ ജോസ്
കഥ, തിരക്കഥ, സംഭാഷണം: ബാബു ജനാര്ദ്ദനന്.
ഗാന രചന : വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ.
സംഗീതം : അലക്സ് പോള്‍.
ഛായാഗ്രഹണം : മനോജ് പിള്ള.
ചിത്ര സംയോജനം : രഞ്ജന്‍ എബ്രഹാം.
അഭിനേതാക്കള്‍: സലിം കുമാര്‍, മുരളി, പൃഥിരാജ്, ഇന്ദ്രജിത്ത്, ഹരിശ്രീ അശോകന്,ടി.പി രാജു, സുജാ കാര്‍ത്തിക, സംവൃത സുനില്‍, മുക്ത തുടങ്ങിയവര്‍.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ താമസിക്കുന്ന കെട്ടിടത്തിനു മുന്പില് ഒരു പെണ്‍കുട്ടി രണ്ട് പോലീസ്കാരുടെ അകമ്പടിയോടെ വണ്ടിയിറങ്ങുമായിരുന്നു. അടുത്തുള്ള ഓഫീസില്‍ ആ കുട്ടി ജോലി ചെയ്ത് തീരും വരെ പോലിസ് ആ കുട്ടിക്ക് കാവലിരുന്നു. സൂര്യനെല്ലി കേസിലെ പീഡനങ്ങള്‍ക്കിരയായ പെണ്‍കുട്ടി.തിളക്കമറ്റ കണ്ണുകള്‍.നിര്‍ജ്ജിവമായ മുഖം. ആരോടും മിണ്ടാതെ ആ കുട്ടി നടന്ന് പോകുമ്പോള്‍ മനസ്സ് വല്ലാതെ വേദനിച്ചിട്ടുണ്ട്. എത്രപേരുടെ പീഡനങ്ങള്‍ക്കിരയായ കുട്ടി. നിയമത്തിന് മുന്നില്‍ തെളിവുകളും, ന്യായങ്ങളും, നിയമത്തിലെ പഴുതുകളും കീറി മുറിച്ചപ്പോള്‍ പ്രതികളെ വിട്ടയക്കാന്‍ ബഹു:ഹൈക്കോടതി നിര്‍ബന്ധിതമായി. ഏറ്റവും മിടുക്കനായ ജഡ്ജിമാരില്‍ ഒരാളായ ശ്രീ.ബസന്തിന്റേതായിരുന്നു വിധി. ആ വിധിയില്‍ ഞാന്‍ അല്‍പ്പം പോലും ഞെട്ടിയില്ല. സൂര്യനെല്ലി കേസിന്റെ കേസ് ഡയറി വായിച്ചിട്ടുള്ള ഒരാള്‍ക്കും അതില്‍ അസ്വാഭാവികത തോന്നാന്‍ വഴിയില്ല എന്നാണ് എന്റെ നിഗമനം. കേസ് ഇപ്പോഴും പരമോന്നത നീതി പീഠത്തിന്റെ പരിഗണനയിലായതിനാല്‍ ഞാന്‍ എന്റെ നാവു പൂട്ടുന്നു. അച്ഛനുറങ്ങാത്ത വീട് കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ഈ പെണ്‍കുട്ടിയായിരുന്നു. ആ വേദനയും, നൊമ്പരവും അത്ര മനോഹരമായി സംവിധായകന് പകര്‍ത്തിയിട്ടുണ്ട്. ചില പോരായ്മകളുണ്ടെങ്കിലും, ഒരു നല്ല സന്ദേശം നല്കാന് ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
ലാല്‍ജോസിന്റേതായി ഇറങ്ങിയ ഈ ചിത്രം ഒരു സമൂഹത്തില്‍ ഒരു പെണ്‍കുട്ടി ഏറ്റുവാങ്ങിയ പീഡനങ്ങളുടേയും, അതേ തുടര്‍ന്ന് ആ കുടുംബം അനുഭവിക്കുന്ന ദുരിതങ്ങളുടേയും കഥയാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മറിച്ച് നമ്മുടെ സമൂഹത്തില്‍ ഇതൊരു തുടര്‍ക്കഥയാണ്. ഞാനും നിങ്ങളും അടങ്ങുന്ന ഈ സമൂഹത്തില്‍ നമുക്ക് ചുറ്റുമായി കാമത്തിന്റെ കനലടങ്ങാത്ത കണ്ണുകളും, തീ പിടിച്ച അരക്കെട്ടുകളുമായി ഭോഗത്തിന്റെ ആരോഹണാവരോഹണങ്ങളിലേക്ക് വീഴ്ന്നു പോകാന്‍ കാത്തിരിക്കുന്നവര്‍ എത്രപേര്‍...അവര്‍ക്ക് മുന്നില്‍ പ്രായം തികയാത്ത കുട്ടിയെന്നോ, ചങ്ങാതിയുടെ സഹോദരിയെന്നോ, അയല്‍വക്കത്തെ താമസക്കാരിയെന്നോ വ്യത്യാസമില്ല. പണം കൊണ്ടും, അധികാരം കൊണ്ടും, എന്തും നേടാനുള്ള ഒന്നായി നമ്മുടെ ജനാധിപത്യം മാറുമ്പോള്‍, ഇവര്‍ അവിടെ രാജാക്കന്മാര് ആകുന്നു. മറ്റുള്ളവര്‍ ഇവരുടെ ആജ്ഞാനുവര്‍ത്തികളും. വ്യാജമായ തെളിവുകളുടേയും, നിയമത്തിലെ പഴുതുകള്‍ ഇട്ട് എഴുതിയുണ്ടാക്കിയ ഒരു കേസിന്റേയും ബലത്തില്‍ ഒരു വ്യവഹാരം കോടതിയില്‍ എത്തുമ്പോള്‍, ദുര്‍ബലമായി പോകുന്ന വാദമുഖങ്ങളും, വിധിന്യായങ്ങളും മൂലം നീതി അര്ഹിക്കുന്നവന് നീതി ലഭിക്കുന്നുണ്ടോ എന്ന് നമ്മളെ ചിന്തിപ്പിക്കാന്‍ പോന്ന ഒരു ചിത്രമാണിത്. നീതി ലഭിക്കേണ്ടവന് തെളിവുകളില്ലായ്മയുടേയും, ദുര്‍ബ്ബലമായ എഴുതപ്പെട്ട കേസിന്റേയും, നിയമത്തിലെ പഴുതുകളുടേയും കാരണത്താല്‍ നീതി നിഷേധിക്കാമോ, എന്ന് നമ്മള് സ്വയം ചോദിക്കുകയും, ഒരു ഉത്തരത്തിനായി ഇനി ഒരു പോരാട്ടം കൂടി വേണമോ എന്ന് ചിന്തിപ്പിക്കുകയും ചെയ്യുന്നു ഈ ചിത്രം.
മക്കളെ എഞ്ചിനീയറും, ഡോക്ടറും ആക്കാന്‍ നമ്മുടെ രക്ഷകര്‍ത്താക്കള്‍ ആവശ്യമില്ലാത്ത, അനുചിതമായ രീതികള്‍ പ്രയോഗിക്കുമ്പോള്‍, ആത്മഹത്യ ചെയ്യുകയും, ഒളിച്ചോടുകയും, പിന്നീട് തെറ്റായ വഴികളിലേക്ക് വീണ് പോകുകയും ചെയ്യുന്നവരുടെ മാതാ പിതാക്കള്‍ക്ക് ഈ ചിത്രം ഒരു ഗുണപാഠമാണ്.
സ്നേഹത്തിനു മുന്നില്‍ എല്ലാം മറന്ന് ക്രൈസ്തവ മതത്തിലെ പെന്തികോസ്ത് വിഭാഗത്തിലേക്ക് മതം മാറിയ ആളാണ് സാമുവല്‍. വിഭാര്യനായ സാമുവലിന് മൂന്ന് പെണ്‍കുട്ടികള്‍. ട്രീസാമ്മ, ഷേര്‍ളി, ലിസമ്മ. ലിസമ്മ മാത്രമാണ് പഠിക്കുന്നത്. ലിസമ്മയെ കുറിച്ച് സാമുവേലിന് വളരെയേറെ പ്രതീക്ഷകളാണുള്ളത്. ഡോക്ടറാക്കണമെന്നാണ് മോഹം. ലിസമ്മയെന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കാണാതാവുന്നു. അന്വേഷണത്തില്‍ ലിസമമ സാധാരണ വരാറുള്ള ബസ്സിന്റെ മുതലാളി ചെക്കനുമായി നാട് വിട്ടതാണെന്ന് മനസ്സിലാക്കുന്നു. തുടര്‍ന്ന് വിവാഹം നടത്താമെന്ന ധാരണയിലും വിശ്വാസത്തിലും ഒരു പരാതി പോലും പോലീസില്‍ നല്‍കാത്ത സാമുവലിന്റെ മുന്നിലേക്ക് ലിസമ്മയുടെ കാമുകനായ ചെറുപ്പക്കാരന് ഒരു പുതിയ കഥയുമായി അവതരിക്കുമ്പോള്‍ കഥയുടെ ഗതി മാറുകയാണ്. പിന്നെ പീഡനത്തിന്റെ നാളുകളാണ് സാമുവലിനെ കാത്തിരുന്നത്. എട്ടും പൊട്ടും തിരിയാത്ത മകള്‍ പലരുടെ പീഡനങ്ങള്‍ക്കിരയായി എന്ന സത്യം സാമുവലിന് വല്ലാത്ത പ്രഹരമായിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി നിയമ പാലകര്‍ ആ കുട്ടിയെ ഒരു കാഴ്ചവസുതുവായി അവതരിപ്പിക്കുന്നതും, ചോദ്യം ചെയ്യലിന്റെ ഭാഗമായി ക്രൂശിക്കപ്പെടുന്നതും അയാളെ വല്ലാതെ വേദനിപ്പിക്കുന്നു. എന്നാല്‍ ഒടുവില്‍ അയാളെയും കുടുംബത്തേയും കാത്തിരുന്ന വിധി അയാളെ ഞെട്ടിച്ച് കളഞ്ഞു. പ്രതികളെ വെറുതെ വിട്ട് കൊണ്ടുള്ള വിധി അയാള്‍ക്ക് താങ്ങാവുന്നതിലും അധികം. അയാള്‍ ഒരു കൂട്ട ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കയാണ്.
കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു സംഭവത്തിന്റെ ചുവട് പിടിച്ച് എഴുതിയ കഥയാണിത്. രാഷ്ട്രീയക്കാരും, പോലീസ് ഉദ്യോഗസ്ഥരും, മത മേലാളന്മാരും ചേര്‍ന്ന് നമ്മുടെ ജനാധിപത്യത്തെ എത്രമാത്രം കശാപ്പു ചെയ്യുന്നു എന്ന് ഈ ചിത്രം കാണുമ്പോള്‍ നമ്മള് വേദനയോടെ ഓര്‍ക്കും. നമ്മുടെ നിയമത്തിന്റെ പഴുതുകളിലൂടെ ഏതൊരു നിരപരാധിയും പ്രതിയായി മാറാനും, അവനെ ശിക്ഷിക്കാനും,കഴിയും. രാക്ഷ്ട്രീയ- ഉദ്യോഗസ്ഥന്മാരുടെ അവിശുദ്ധ കൂട്ടുകെട്ട് അതിന് എത്രമാത്രം ഒത്താശ ചെയ്യുന്നുണ്ട്.പീഡനങ്ങള്‍ക്കിരയായ ഒരു പെണ്‍കുട്ടി തെളിവെടുപ്പിന്റെ പേരില്‍ അനുഭവിക്കുന്ന നീചവും, നികൃഷ്ടവുമായ മുറകള്‍, അത് ഒരു പിതാവിലും, ആ കുട്ടിയിലും, ഉളവാക്കുന്ന വികാരവും വേദനയും എല്ലാം മനോഹരമായി പറയാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.എന്നാല്‍ ബാബു ജനാര്‍ദ്ദനന്റെ തിരക്കഥയ്ക്ക് വേണ്ടത്ര കയ്യടക്കമില്ലാതെ പോയി. ആദ്യ രംഗങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. ഒരു നല്ല കഥയെ സാമൂഹിക സന്ദേശത്തിന് മുന്‍തൂക്കം നല്കി എഴുതിയപ്പോള്‍ തുടക്കത്തിലെ രംഗങ്ങളില്‍ തിരക്കഥ പാളി. അത് ചിത്ര സംയോജനത്തേയും കാര്യമായി ബാധിച്ചു. എങ്കിലും, കാഴ്ചക്കാരന്റെ മുന്നില്‍ സാമുവലിന്റേയും, കുടുംബത്തിന്റേയും വേദന പകര്‍ന്ന് നല്കാന് ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. അലക്സ് പോളിന്റെ സംഗീതവും, പശ്ചാത്തല സംഗീതവും നന്നായിട്ടുണ്ട്. വയലാര്‍ രാമവര്‍മ്മയുടെ മകന് ശരത്ചന്ദ്ര വര്‍മ്മയുടേ വരികളും തെറ്റില്ല.
സലിം കുമാറിന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നാണ് സാമുവല്‍. സലിം കുമാര്‍ അത് നന്നായി ചെയ്തിട്ടുണ്ട്. ലിസമ്മയായി അഭിനയിക്കുന്ന മുക്ത (?) യുടെ ഭാവാഭിനയം എടുത്തു പറയത്തക്കതാണ്. ചെറുതെങ്കിലും ശേഖര്ജിയുടെ രംഗം മുരളി ജീവസ്സുറ്റതാക്കി. ഹരിശ്രീ അശോകനും, സുജാ കാര്‍ത്തികയും, സംവൃതാ സുനിലുമൊക്കെ മോശമായിട്ടില്ല. എന്നാല്‍ വളരെ ചെറിയ ഒരു രംഗത്ത് മാത്രമേ പൃഥിരാജും, ഇന്ദ്രജിത്തും പ്രത്യക്ഷപ്പെടുന്നുള്ളു. വലിയ കാര്യമായി ഒന്നും ചെയ്യാനില്ലാത്ത വേഷങ്ങള്‍ ആണെങ്കിലും, നന്നായി ചെയ്തിട്ടുണ്ട്.
പൊതുവില്‍ ചില പോരായ്മകള്‍ ഉണ്ടെങ്കിലും, കാഴ്ചക്കാരനിലേക്ക് ഒരു വ്യക്തമായ സന്ദേശം നല്‍കാനും,ഒരു കലാമൂല്യമുള്ള ചലചിത്രമൊരുക്കാന്‍ തനിക്ക് കഴിയുമെന്നും ലാല്‍ ജോസിന്റെ ഈ ചിത്രം നമ്മളെ ബോധ്യപ്പെടുത്തുന്നുണ്ട്.
15 comments:
മക്കളെ എഞ്ചിനീയറും, ഡോക്ടറും ആക്കാന്‍ നമ്മുടെ രക്ഷകര്‍ത്താക്കള്‍ ആവശ്യമില്ലാത്ത, അനുചിതമായ രീതികള്‍ പ്രയോഗിക്കുമ്പോള്‍, ആത്മഹത്യ ചെയ്യുകയും, ഒളിച്ചോടുകയും, പിന്നീട് തെറ്റായ വഴികളിലേക്ക് വീണ് പോകുകയും ചെയ്യുന്നവരുടെ മാതാ പിതാക്കള്‍ക്ക് ഈ ചിത്രം ഒരു ഗുണപാഠമാണ്.
ലാല്‍ ജോസിന്റെ അച്ഛനുറങ്ങാത്ത വീട്- ഒരു വിശകലനം.
ഈ അക്രമങ്ങള്‍ നിര്‍ത്താന്‍ എന്താ വഴി?
ഞാനും കണ്ടിരുന്നു ഈ ചിത്രം. പല സീനുകളിലും ശരിക്കും കണ്ണു നിറഞ്ഞു പോയി. ഒരു ശരാശ്ശരി പ്രേക്ഷകനായ എന്നെ ശരിക്കും ത്രിപ്ത്തിപ്പെടുത്തിയ ഒരു സിനിമ ആയിരുന്നു അത്.
ഇനി കാളിയന് ചോദിച്ചപോലെ ഈ അക്രമങ്ങള്‍ നിര്‍ത്താന്‍ എന്താ വഴി?
മറ്റെല്ലാ സാമൂഹിക പ്രശ്നങ്ങളേയും കൈകാര്യം ചെയ്യുന്ന പോലെ, സമൂഹത്തില്‍ ഒരു ബോധവല്‍ക്കരണം കൊണ്ടുമാത്രം ഈ പ്രശ്നത്തിനു ഒരു പരിഹാരം ഉണ്ടാകുമെന്നു തോന്നുന്നില്ല...ഈ ചിത്രത്തിന്റെ പരസ്സ്യവാചകത്തില് പറയുന്ന പോലെ തന്നെ, പെണ്മക്കളുള്ള എല്ല മാതാപിതാക്കളിലുമാണ് ബോധവല്‍ക്കരണം വേണ്ടത്..സ്വന്തം സ്വപ്നങ്ങള്‍ സാക്ഷാല്‍കരിക്കാനുള്ള ഒരു മാര്‍ഗ്ഗമായി കാണരുത് കുട്ടികളെ... അവരില്‍ സ്വപനങ്ങള്‍ ഉണ്ടാക്കിയെടുക്കുക... എന്നിട്ട് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ അവരെ സഹായിക്കുക... അതല്ലേ ശരിക്കും നമ്മള് ചെയ്യേണ്ടത്...?
പിന്നേ, ഇപ്പോ പൊതുവായി കേള്‍ക്കുന്ന ഒരു കാര്യമാണ്..” ഞാനും എന്റെ മോളും, സുഹ്രുത്തുക്കളെ പോലെയാണ്...” ഇതില്‍ എത്ര അമ്മമാരോട് അവരുടെ മക്കള്‍ സ്കൂളില്‍ അല്ലങ്കില്‍ കോളേജില്‍ തന്നോട് ഇഷ്ട്ം തോന്നിയ അല്ലങ്കില്‍ തനിക്ക് ഇഷ്ട്ം തോന്നിയ കൂട്ടുകാരന്റെ കാര്യം ചര്‍ച്ച ചെയാറുണ്ട്...? ഇനി കുട്ടി അതു പറഞ്ഞാല്‍ തന്നെ , “ഇനി നീ നാളെ മുതല്‍ അവനോടു സംസാരിക്കേണ്ട..” എന്നല്ലാതെ ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവരെ പറഞ്ഞു മനസ്സിലാക്കാറുണ്ട് ? തന്നോളം ആവുമ്പോഴേ...താനെന്നു വിളിക്കാവൂ...
മറ്റോരുകാര്യമാണു മൊബൈല്‍ ഫോണ്‍... എനിക്കു എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത ഒരു കാര്യമാണ്..ഈ പഠിക്കുന്ന കുട്ടികളുടെ കയ്യില്‍ എന്തിനാ മൊബൈല്‍ ഫോണ്‍...? “കോളേജില്‍ എല്ലാവര്ക്കും മൊബൈല്‍ ഫോണ്‍ ഉണ്ട്.. എനിക്കുമാത്രം ഇല്ല എന്നു പറയുമ്പോള്‍ നമ്മളും വാങ്ങികൊടുക്കും ഒരെണ്ണം...” . ഈ വയറില്ലാത്ത ഫോണ്‍ ആണു എല്ലാ ചുറ്റിക്കളികള്‍ക്കും കാരണക്കാരന്‍...എന്റെ അഭിപ്രായത്തില്‍ ഒരിക്കലും നിങ്ങളുടെ കുട്ടികള്‍ക്കു മൊബൈല്‍ വാങ്ങികൊടുക്കരുത്...
പിന്നെ കുട്ടികളെയും പറഞ്ഞിട്ടു കാര്യമില്ല... നെല്ലേതാ പതിരേതാ എന്ന് അറിയാത്ത പ്രായത്തില്‍ അവര്‍ എന്തോക്കെയാണു കാണുന്നത്?...എന്തോക്കെയാണു കേള്‍ക്കുന്നത്?...എന്തൊക്കെയാണു വായിക്കുന്നത്?...
ഇതെല്ലാം ശരിയാണോ എന്നെനിക്കറിയില്ല...ഇതെല്ലം ഇവിടെയാണോ എഴുതേണ്ടതെന്നും എനിക്കുറപ്പില്ല...ഈ ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ കാളിയനെ പോലെ ഞാനും ചിന്തിച്ചു ...ആരോക്കെയാണു ഇതിനുത്തരവാദികള്‍...? അപ്പോതോന്നിയതാണിതെല്ലാം...
അനംഗാരീ... വിവരണം നന്നായിട്ടുണ്ട്...സിനിമ അതിന്റെ എല്ലാ സന്ദേശങ്ങളും ഉള്‍ക്കൊണ്ട് ഒരു പ്രാവശ്ശ്യം കൂടി കണ്ടതു പോലെ....
കാളിയന്. ഇതു വായിച്ചതിനും, പ്രതികരിച്ചതിനും നന്ദി.
അന്‍വര്‍: നന്ദി. നമ്മുടെ സമൂഹത്തെ മാറ്റുവാന്‍ നമുക്ക് കഴിയില്ല. മക്കളെ, ഡോക്ടറും, എഞ്ചിനീയറും ഒക്കെ ആക്കണമെന്നതിനു പിന്നില്‍ ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളും ആണ്. വിവാഹ കമ്പോളത്തില്‍ അവരുടെ മാര്‍ക്കറ്റ് കൂട്ടും എന്നുള്ളതാണ് അതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. പിന്നെ മക്കളോട് പ്രത്യേകിച്ച് പെണ്മക്കളോട് ഒരു അമ്മമാരും വേണ്ട പോലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല. അതിന്റെയൊക്കെ പരിണത ഫലങ്ങളാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. കുട്ടികള്‍ക്ക് നല്ലതും ചീത്തയും വേര്‍തിരിച്ച് നല്കാന് അമ്മമാരും, അച്ഛന്മാരും തയ്യാറാകുന്നില്ല. ഓരോ പീഡനകഥകളുടെ പിന്നിലും, ഒരു സ്ത്രീയുണ്ട് എന്നത് അതിലും ഞെട്ടിപ്പിക്കുന്ന സത്യമാണ്. പ്രതികരണത്തിന് നന്ദി.
അനംഗാരീ. സിനിമ കണ്ടിരുന്നില്ല. എന്നാല്‍ നിരൂപണം വായിച്ചുകഴിഞപ്പോള്‍ ഒന്നു കാണണമെന്നു തോന്നുന്നു. ഇനിയുമെഴുതൂ...
സിനിമ കണ്ടില്ല, കണ്ടവര്‍ പറഞ്ഞുകേട്ടു, പിന്നെ ഇപ്പോള്‍ ഈ നിരൂപണം വായിച്ചപ്പോള്‍ കൂടുതല്‍ അറിഞ്ഞു.
ഒരു പെണ്കുഞ്ഞുള്ളതുക്കൊണ്ട് ഈ പ്രമേയം ഉള്ള വാര്‍ത്തകള്‍ പോലും ഒരു നടുക്കത്തോടെയാണ് വായിക്കുന്നത്. സൂര്യനെല്ലി കേസിലെ കുട്ടിയുടെ വാര്‍ത്തകളെ പത്രക്കാര് ഒരു നാലാംകിട പൈങ്കിളി നോവലിനെപോലെ കൈകാര്യം ചെയ്യുന്നത് കണ്ട് വേദനിച്ചിട്ടുണ്ട്. എനിക്ക് ഒരു പെണ്‍കുഞ്ഞ് വേണ്ടാ എന്നു പോലും ചിന്തിച്ചിട്ടുണ്ട്.
ഒരു 10 വര്‍ഷം മുന്‍പത്തെ കേരളമല്ല ഇപ്പോള്‍ എന്നു തോന്നുന്നു. എങ്ങോട്ടാണ് നമ്മുടെ പോക്ക്!
തന്മാത്രയുടെ പകിട്ടില്‍ മുങിപ്പോയ ഒരു നല്ല ചിത്രമായിരുന്നു ഇത്.
ഒരുപാട് സാധ്യതകളുണ്ടായിരുന്ന ഒരു പ്രമേയം നശിപ്പിച്ചു എന്നാണ് ചിത്രം കണ്ടപ്പോള്‍ തോന്നിയത്. ലാല്‍ ജോസ് തന്റെ പൈങ്കിളിത്വം വിടുന്നില്ല ഇവിടെയും. പൃഥിരാജ്, ഹരിശ്രീ അശോകന് എന്നിവരുടെ കഥാപാത്രങ്ങള്‍ ക്ളീഷെ ആണെന്നു മാത്രമല്ല, അനാവശ്യവുമാണ്. പൃഥിരാജ് ഉള്‍പ്പെട്ട ആദ്യ ഗാന രംഗം ചിത്രത്തിന്റെ മുഴുവന്‍ ഉദ്ദെശ്യങ്ങള്യും പരിഹസിക്കുന്നു. ഈ ചിത്രത്തിന് പ്രതീക്ഷിക്കാവുന്ന പ്രേക്ഷകരെ ഇതിലെ commercial compromises നിരാശപ്പെടുത്തുന്നു. പക്ഷെ തന്മാത്രയിലെ മോഹന്‍ലാലിന്റെ അഭിനയത്തേക്കാള്‍ മികച്ചതായിരുന്നു ഇവിടെ സലിം കുമാര്‍.
പുള്ളി: നന്ദി.
ശാലിനി: ഈ ചിത്രം കാണണം. കാരണം ഒരു പെണ്‍കുട്ടിയും, കുടുംബവുമനുഭവിക്കുന്ന പീഡനങ്ങള്‍ എത്ര വേദനാജനകമാണെന്ന് ഈ ചിത്രം നമ്മളോട് പറയും. നന്ദി.
കുട്ടപ്പായി.:സത്യമാണ്. തന്മാത്രയേക്കാള് നല്ല സിനിമ. തന്മാത്ര, ഭാര്യയെ സാരി ഉടുപ്പിക്കുന്ന ഭര്‍ത്താവിന്റെ പരസ്യം കൊണ്ടാണ് ക്ലിക്കായത്. സ്ത്രീകള്‍ ഇഷ്ടപ്പെടാതിരിക്കാന്‍ വേറെ വല്ലതും വേണോ?.നന്ദി.
റോബി:എന്റെ വിലയിരുത്തലും അതു തന്നെയാണ്. പക്ഷെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഈ ചിത്രം നന്നായി എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഒരു പൈങ്കിളിക്കഥ മോഹന്‍ലാലിനെ വെച്ച് പരസ്യം കൊണ്ട് ഈ ചിത്രത്തെ മറികടന്നതാണ് തന്മാത്രയ്ക്കുണ്ടായ വിജയം. എന്നെ തീര്‍ത്തും നിരാശപ്പെടുത്തിയ ചിത്രമാണ് തന്മാത്ര. സത്യത്തില്‍ അവാര്‍ഡിനര്‍ഹന്‍ സലിം കുമാര്‍ തന്നെയാണ്. അവാര്‍ഡിന്റെ പതിവു രീതികളില്‍ സലിം കുമാര്‍ എന്ന നടനെ തിരിച്ചറിയാന്‍ മഞ്ഞ കണ്ണട വെച്ചവര്‍ക്ക് കഴിഞ്ഞില്ല.നന്ദി.
റോബി മാഷേ, എനിക്കു വയ്യ! ഞാന്‍ മനസ്സില്‍ വിചാരിച്ചതൊക്കെ എഴുതിയേക്കണു. ഞാന്‍ തന്മാത്രയില് മോഹന്‍ലാല്‍ കൊള്ളൂല്ലായിരുന്നു (അതിനേക്കാള്‍ എന്തു രസാ ഭരതവും കിരീടവും) എന്നൊക്കെ പറഞ്ഞപ്പൊ, ആളോള് കൊല്ലാന്‍ വന്നു..
ശരിക്കും നല്ലൊരു പ്രമേയത്തെ ലാല്‍ ജോസ് നശിപ്പിച്ചു കളഞ്ഞു. എന്തു നല്ല പ്രമേയം ആയിരുന്നു അത്...സിനിമ കണ്ട ശേഷം ഞാന്‍ കരഞ്ഞത്, ആ പ്രമേയം കുട്ടിച്ചോറാക്കീല്ലൊ എന്ന് വിചാരിച്ചിട്ടാണ്.
സിനിമ കണ്ടിട്ടില്ല. അതുകൊണ്ട് അതിനെ പറ്റി അഭിപ്രായം പറയാനില്ല. പക്ഷേ എഴുതിയിരിക്കുന്ന രീതി കൊള്ളാം.
ഈ ചിത്രവും തന്മാത്രയും റിലീസ് ചെയ്ത ആഴ്ച്ചയില്‍ തന്നെ ഞാന്‍ കണ്ടിരുന്നു.
തന്മാത്ര ബ്ലെസ്സിയുടെ കരവിരുതില്‍ ക്ലിക്ക്ഡ് ആയെങ്കില്‍ അച്ഛനുറങ്ങാത്ത വീട് ലാല്‍ ജോസിന്റെ ഇത്തിരി അശ്രദ്ധ കൊണ്ട് വേണ്ടത്ര വിജയിച്ചില്ല എന്ന് പറയാം.
രണ്ടു ചിത്രങ്ങളും വ്യതസ്തങ്ങളായ ആനുകാലിക വിഷയങ്ങളെ കൈകാര്യം ചെയ്യുന്നു. പക്ഷേ തിരക്കഥയില്‍ തന്മാത്ര അതിന്റെ വഴികളില്‍ നിന്നു വ്യതിചലിക്കാതെ ആദ്യാവസാനം നില്ക്കുമ്പോള്, അച്ഛനുറങ്ങാത്ത വീട് ഇത്തിരി പാളി..
പിന്നെ മോഹന്‍ലലിന്റെ തന്മാത്രയിലെ വേഷവും സലിംകുമാറിന്റെ വേഷവും തുലനം ചെയ്താല്‍ സലിംകുമാര്‍ തന്നെയാണ് മുന്നില്‍.
സിനിമ കണ്ടിറങ്ങുമ്പോള്‍ തന്മാത്രയെക്കള് കൂടുതല്‍ നമ്മെ സ്പര്‍ശിക്കുന്നത് അച്ഛനുറങ്ങാത്ത വീട് തന്നെ.
ഓ:ടോ തിരുവനന്തപുരം ന്യൂവില്‍ സെക്കന്റ് ഷോയ്ക്കാണ് അച്ഛനുറങ്ങാത്ത വീട് കാണാന്‍ പോയത്. സിനിമയുടെ രണ്ടാം പകുതി തുടങ്ങിയപ്പോള്‍ കൂവിവിളിച്ചു, ലാല്‍ജോസിനെ ചീത്ത വിളിച്ചു ഇറങ്ങിപോയ എട്ടു പത്തു ചെറുപ്പക്കാരെ ഓര്‍ക്കുന്നു...സിനിമയുടെ വിഷയം വച്ച് പ്രതീക്ഷിച്ച എരിവും പുളിയും കിട്ടാത്തവരായിരുന്നു അവര്‍ !.
only two dialogues...keep echoing on my mind...
salim kumar to judge...
Can you tell me areason not to die.. ???
Salim kumar to..his daughters...
We are lucky...really lucky..It took 10 years for the killers of Indira gandhi to get punishment...
We got justice..very quickly...
If possible dont see this movie..it will haunt u for long..
അച്ഛനുറങ്ങാത്ത വീട് കാണാന്‍ പറ്റിയില്ല. തന്മാത്ര കണ്ടിരുന്നു.തന്മാത്രയിലെ മോഹന്‍ലാലിന്റെ അഭിനയം മികച്ചതായി തോന്നിയിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശ്ശനത്തിന് തിരഞ്ഞെടുക്കപ്പെട്ട സിനിമകളിലും അച്ഛനുറങ്ങാത്ത വീട് തഴയപ്പെട്ടു.
sarikkum keralthile oro vekthiyum kaaneda chithram thanne yaane....
oru pate manasinne alattunna chithippikkunna ,manasillakkenda rangangal thanne unde..
enthu konde ethonnum "classmate" pole hittakunnila???
Post a Comment