Wednesday, June 03, 2015

പ്രേമം


ചിത്രസംയോജനം, രചന, സംവിധാനം: അല്‍ഫോണ്സ് പുത്രന്‍ 

ഒരാളുടെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലായി സംഭവിക്കുന്ന പ്രണയമാണ് ഈ ചിത്രത്തിലെ കഥാതന്തു.

ജോർജ്ജ് എന്ന ചെറുപ്പക്കാരന്‍ (നിവിന്‍) പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു പ്രണയം ഉണ്ടാകുന്നു.  ഒരുപാട് വായ്നോക്കികളോട് മല്ലിട്ട് ജോര്‍ജ് ആ പ്രണയസാഫല്യത്തിനായ് ശ്രമിക്കുന്നു. ജോര്‍ജിന്‍റെ രണ്ട് ആത്മ സുഹൃത്തുക്കള്‍ എന്തിനും ഏതിനും ജോര്‍ജിനോടൊപ്പമുണ്ട്. ആ പ്രണയം വേരൊരുത്തന്‍ തട്ടിയെടുത്ത് ജോര്‍ജിന്‍റെ ബ്രദറാക്കി മാറ്റുന്നു.

പിന്നീട്, ഡിഗ്രി അവസാനവര്‍ഷകാലയളവിന്‍ കോളേജില്‍ ഗസ്റ്റ് ലക്ചററായി വന്ന ടീച്ചറോട് ജോര്‍ജ് പ്രണയത്തിലാകുന്നു.  ആ പ്രണയം ഒരു ചെറിയ ദുരന്തത്തില്‍ അവസാനിക്കുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം മുപ്പതാം വയസ്സില്‍ ജോര്‍ജിന് വീണ്ടും ഒരു പ്രണയമുണ്ടാകുന്നു.  ഈ പ്രണയത്തിന് ആദ്യപ്രണയവുമായി ഒരു ബന്ധമുള്ളതായി പിന്നീട് തിരിച്ചറിയപ്പെടുന്നു.

ഇത്ര മനോഹരമായി സത്യസന്ധമായി രസകരമായി ഒരു ചിത്രം അടുത്തകാലത്തെങ്ങും കണ്ടിട്ടില്ല എന്ന് നിസ്സംശയം പറയാം.

ഓരോ സീനും, അതില്‍ അഭിനയിച്ചിരിക്കുന്ന ഓരോ ചെറിയ കഥാപത്രങ്ങളും സംഭാഷണശകലങ്ങളും ചലനങ്ങളും മ്യൂസിക്കും ദൃശ്യങ്ങളും എല്ലാം പ്രേക്ഷകരെ ആസ്വാദനത്തിന്‍റെ പരമോന്നതിയില്‍ എത്തിച്ചുകൊണ്ടിരിക്കുന്നു.

യുവാക്കള്‍ക്ക് പ്രത്യേകിച്ചും ഈ ചിത്രം ഒരു മതിയാവാത്ത അനുഭവമാണ്. രണ്ട് തവണയെങ്കിലും ഈ ചിത്രം കാണാതെ മനസ്സ് ഒരിക്കലും അടങ്ങില്ല എന്നതാണ് സത്യം.

ഇതിലെ മൂന്ന് നായികമാരും പ്രേക്ഷകമനസ്സുകളെ മോഷ്ടിച്ചുകൊണ്ട് കടന്ന് കളയുന്നു.

ചിത്രത്തിന്‍റെ ആദ്യഘട്ടത്തില്‍ അനുപമ പരമേശ്വരന്‍ എന്ന പെണ്കുട്ടി യുവാക്കളുടെ രോമാഞ്ചമാകുന്നു.

പിന്നീട് വരുന്ന മലറ് (സായി പല്ലവി) എന്ന തമിഴ് പെണ്കുട്ടി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന തരത്തിലേയ്ക്ക് വളരുന്നു. പ്രേക്ഷകമനസ്സില്‍ ഒരല്‍പ്പം നൊമ്പരവും ഈ പെണ്കുട്ടി ഏല്‍പിക്കുന്നുണ്ട്.

മഡോണ സെബാസ്റ്റ്യന്‍ ആകര്‍ഷണീയമാണെങ്കിലും എന്തോ ഒരു ഉള്വലിവ് അഭിനയത്തിലുള്ളതായി അനുഭവപ്പെട്ടു.

നിവിന്‍ പോളി എന്ന യുവതാരത്തിന്‍റെ വളര്‍ച്ച ഈ ചിത്രത്തിലൂടെ വ്യക്തമായി കാണാം

ചില സീനുകളില്‍ വികാരങ്ങളെ വാക്കുകളിലൂടെയല്ലാതെ ഭംഗിയായി പ്രതിഫലിപ്പിക്കാന്‍ നിവിന്‍ നല്ലപോലെ സാധിച്ചിരിക്കുന്നു.

ഈ ചിത്രത്തിലെ ഓരോ ചെറിയ കഥാപാത്രങ്ങളായി വന്ന അഭിനേതാക്കളും അഭിനേത്രികളും മികവുറ്റ പ്രകടനം കാഴ്ചവെച്ചിരിക്കുന്നു.

ഗംഭീരമായ ചിത്രസംയോജനമികവ് ഈ ചിത്രത്തില്‍ വ്യക്തമായി കാണാം. ഓരോ സീനും പരമാവധി മെച്ചപ്പെടുത്താന്‍ അദ്ധ്വാനിച്ചതിന്‍റെ ഫലമാണ് നൂറ് ശതമാനം ആസ്വാദ്യകരമായ ഈ ചിത്രം.

കുടുംബ പ്രേക്ഷകര്‍ക്കും സ്ത്രീകള്‍ക്കും ഈ ചിത്രം ഒരു ശരാശരി മികവ് പുലര്‍ത്തി എന്നേ തോന്നൂ എങ്കിലും പുരുഷന്മാര്‍ക്ക് പ്രത്യേകിച്ച് യുവാക്കള്‍ക്ക് ഈ ചിത്രം ഒരു ഹരമാണ്.

അല്‍ഫോണ്സ് പുത്രനേയും കൂട്ടുകാരേയും എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഇവര്‍ മലയാള സിനിമയ്ക്ക് ഭാവിയിലും ഗംഭീരമായ സിനിമകള്‍ പ്രദാനം ചെയ്യട്ടെ എന്ന് ആഗ്രഹിക്കുന്നു. ഈ സിനിമയുടെ അവസാനം, ഇതില്‍ അഭിനയിച്ചിരിക്കുന്ന ഓരോ കഥാപാത്രവും അഭിനയിച്ചവരെ പേരെഴുതി കാണിക്കുന്നതിലൂടെ അല്‍ഫോണ്സ് പുത്രന്‍ കൂടെ നിന്നവരെ ആത്മാര്‍ത്ഥമായി അംഗീകരിക്കുന്നു. സിനിമ കഴിഞ്ഞിട്ടും ഇത് മുഴുവന്‍ കാണാതെ ഒരാളും തീയ്യറ്ററ് വിട്ട് പോകുന്നില്ല എന്നത് ഈ ചിത്രത്തിന്‍റെ ശക്തിയും സ്വാധീനവുമാണ്.

Rating : 8.5 / 10

4 comments:

ശ്രീ said...

കാണണം

ചെറുതെങ്കിലും നല്ലൊരു ആസ്വാദനക്കുറിപ്പ്

കപ്പ ത്തണ്ട് said...

ഒരു ഹിറ്റ്‌ എന്നതിനപ്പുറം ഒന്നും തന്നെ ആകാന്‍ പാടില്ലാത്ത ഒരു സിനിമ....സിനിമയുടെ പേര് പ്രേമം എന്നാണെങ്കിലും പ്രേമത്തെ നല്ല രീതിയില്‍ അവതരിപ്പിക്കുന്നതില്‍ സംവിധായകനായ തിരക്കഥാകൃത്ത് പരാജയപ്പെട്ടു. നാട്ടിന്‍ പുറത്തെ ഒരു പറ്റം ചെറുപ്പക്കാരുടെ വിചാര വികാരങ്ങള്‍ ഫലപ്രദമായി വെള്ളിത്തിരയില്‍ എത്തിക്കാന്‍ സംവിധായകന് സാധിച്ചതാണ് ഈ ചിത്രത്തിന്റെ വിജയത്തിന്റെ മൂല കാരണം....

കപ്പ ത്തണ്ട് said...

കഥകള്‍ ഇഷ്ട്ടപ്പെടുന്നവര്‍ എന്‍റെ ഈ കുഞ്ഞു ബ്ലോഗില്‍ കയറാന്‍ മറക്കരുതേ....ലിങ്ക്

http://kappathand.blogspot.in/

Sreejith K said...

ഒരു സാധാരണ ചിത്രം. ഇത്ര ഭീകര ഹിറ്റ് ആകാൻ മാത്രം എന്താണ് സിനിമയുടെ പ്രത്യേകത എന്ന് മനസ്സിലായില്ല.

പല ഭാഗത്തും വലിച്ചിൽ അനുഭവപ്പെട്ടു. അനാവശ്യമായ ഒരുപാട് കഥാപാത്രങ്ങൾ തിരുകിക്കയറ്റി സിനിമ ഇങ്ങനെ വല്ലാതെ നീട്ടേണ്ട കാര്യം ഇല്ലായിരുന്നു. ഗിരിരാജൻ കോഴി, ജോർജ്ജിനെ പ്രേമിക്കാൻ ശ്രമിച്ച അഞ്ജലി എന്ന സഹപാഠി, രഞ്ജിപണിക്കരുടെ അച്ഛൻ കഥാപാത്രം എന്നിങ്ങനെ കുറേ കഥാപാത്രങ്ങൾ ഒക്കെ ഒഴിവാക്കി സിനിമ ഒരു രണ്ട് മണിക്കൂർ ആക്കിയിരുന്നെങ്കിൽ സിനിമ കുറച്ച് കൂടി ആസ്വദിക്കാൻ പറ്റുമായിരുന്നു എന്ന് തോന്നുന്നു.