Monday, March 30, 2015

എന്നും എപ്പോഴും



കഥ : രവീന്ദ്രന്‍
തിരക്കഥ, സംഭാഷണം: രഞ്ജന്‍ പ്രമോദ്‌
സംവിധാനം : സത്യന്‍ അന്തിക്കാട്‌

ഒട്ടും കൃത്യനിഷ്ഠയില്ലാത്ത, പക്ഷേ ജോലിയില്‍ മിടുക്കനായ 'വനിതാരത്നം' മാഗസിന്‍ എഡിറ്ററായ വിനീത്‌ എന്‍ പിള്ളൈ (മോഹന്‍ ലാല്‍).

കുടുംബക്കോടതി വക്കീലും മുന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകളുടെ അമ്മയുമായ വിവാഹമോചിത ദീപ.

ഒരു സാഹചര്യത്തില്‍ വിനീതിന്‌ ദീപയുടെ ഇന്റര്‍ വ്യൂ  തന്റെ മാഗസിന്റെ വിശേഷാല്‍ പതിപ്പില്‍ ചേര്‍ക്കുന്നതിനുവേണ്ടി സംഘടിപ്പിക്കേണ്ടിവരുന്നു. ദീപയാണെങ്കില്‍ അങ്ങനെ ഒരു ഇന്റര്‍ വ്യൂവിന്‌ താല്‍പര്യം കാണിക്കുന്നില്ല.

തുടര്‍ന്ന് വിനീതിന്റെ ശ്രമങ്ങളും അതിന്നിടയ്ക്ക്‌ ദീപയെക്കുറിച്ചും അവരുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ചും വിനീതിന്റെ കണ്ടെത്തലുകളും ചില ഇടപെടലുകളും എല്ലാം ചേര്‍ന്ന് കഥ വികസിക്കുന്നു.

ഒടുവില്‍ ദീപയുടെ ജീവിതത്തിലെ ചില നിര്‍ണ്ണായകഘട്ടങ്ങളില്‍ വിനീതിന്റെ സാന്നിദ്ധ്യം ദീപയ്ക്ക്‌ ആശ്വാസകരമാകുന്നതും ദീപ എന്ന സ്ത്രീയോട്‌ വിനീതിന്‌ ബഹുമാനം കലര്‍ന്ന് സ്നേഹം രൂപപ്പെടുന്നതും കാണാം.

സത്യന്‍ അന്തിക്കാടിന്റെ ചില സ്ഥിരം മെലോഡ്രാമ ലൈന്‍ ഈ ചിത്രത്തിലില്ല എന്നത്‌ വളരെ ആശ്വാസകരമാണ്‌.
മദ്ധ്യവയസ്കനായ ഒരു അവിവാഹിതനും വിവാഹിതയായ ഒരു സ്ത്രീയും തമ്മില്‍ രൂപപ്പെടുന്ന ഒരു പ്രത്യേകതരം ഫ്രണ്ട്ഷിപ്പിലൂടെ കഥയെ കൊണ്ടുപോകാനും ക്ലൈമാക്സോടടുക്കുമ്പോള്‍ വലിയ കോലാഹലങ്ങളോ ബഹളങ്ങളോ നിലവിളിയോ ഇല്ലാതെ പര്യവസാനിപ്പിക്കാനും സാധിച്ചിരിക്കുന്നു എന്നത്‌ ഈ ചിത്രത്തിന്റെ പോസിറ്റീവായ കാര്യമാണ്‌.

അതേസമയം, ഇന്നസെന്റിന്റെയും ഭാര്യയുടേയും കഥാപാത്രങ്ങള്‍ ഒരു മാറ്റവുമില്ലാതെ പഴയപടി ഈ ചിത്രത്തിലും തുടരുന്നു. സത്യന്‍ അന്തിക്കാടിന്‌ മടുത്തില്ലെങ്കിലും, പ്രേക്ഷകര്‍ക്ക്‌ മടുത്തില്ലെങ്കിലും , ശ്രീമാന്‍ ഇന്നസെന്റിനെങ്കിലും മടുത്തുകാണും ഈ പ്രക്രിയ എന്ന വിചാരം വെറുതേയായി.

പൊതുവേ സീനുകള്‍ അല്‍പം ബോറാണെങ്കിലും, മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയുടെ ചെറിയ ചെറിയ ചില ഭാവങ്ങളും ചേഷ്ടകളും കൊണ്ട്‌ ഓരോ സീനും പ്രേക്ഷകരെ ബോറടിപ്പിക്കാതെ കടന്നുപോകുന്നു എന്നതാണ്‌ സത്യം.

വിനീത്‌ ജോലി ചെയ്യുന്ന മാഗസിന്റെ ഉടമയായ സ്ത്രീയും വിനീതിന്റെ അമ്മയ്ക്കും തമ്മില്‍ പണ്ട്‌ മുതലേ ഒരു വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു എന്നതാണ്‌ വിനീതിന്‌ ആ മാഗസിനില്‍ അച്ചടക്കരാഹിത്യത്തിലും തുടരാന്‍ സാധിക്കുന്നതിന്‌ കാരണമായിരുന്നത്‌. ഇവരുടെ മകള്‍ കല്ല്യാണി (റീനു മാത്യൂസ്‌) ലണ്ടനില്‍ നിന്നെത്തി മാഗസിനില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുമ്പോള്‍ വിനീതുമായി സ്വരച്ചേര്‍ച്ചയുണ്ടാകുകയും ഒരു ഘട്ടത്തില്‍ വിനീത്‌ ജോലി രാജിവെക്കുകയും ചെയ്യുന്നു.

തുടര്‍ന്ന് വിനീതിനെ വീട്ടില്‍ വന്നുകാണുന്ന കല്ല്യാണിയും അമ്മയും വിനീതിനോട്‌ തിരിച്ച്‌ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുന്നു. അവിടെ വെച്ച്‌ കല്ല്യാണിയ്ക്ക്‌ തന്റെ ഇഷ്ടപ്പെട്ട ചില വെസ്റ്റേര്‍ണ്‍ മ്യൂസിക്‌ ഗാനങ്ങള്‍ വിനീതിന്റെയും ഫേവറേറ്റ്‌ ആണെന്ന് മനസ്സിലാകുന്നു. കൂട്ടത്തില്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ഒരു ബോക്സിങ്ങ്‌ ഫോട്ടോ നോക്കി കല്ല്യാണിയുടെ അമ്മയുടെ 'ഇവന്‍ കോളേജില്‍ ബോക്സിങ്ങ്‌ ചാമ്പ്യനായിരുന്നു' എന്ന ഒരു കമന്റും. ഉടനെ കല്ല്യാണി ഫ്ലാറ്റ്‌. ഇതൊക്കെ സഹിക്കേണ്ടി വരുന്ന പ്രേക്ഷകരും ഫ്ലാറ്റ്‌!

കാര്യമായി പ്രേക്ഷകഹൃദയത്തെ സ്പര്‍ശിക്കുന്ന രംഗങ്ങളോ കഥയോ ഒന്നും തന്നെ ഈ ചിത്രത്തിലില്ലെങ്കിലും ഈ ചിത്രം പ്രേക്ഷകനെ ദ്രോഹിക്കുന്നില്ല.

സിനിമയുടെ അവസാനഘട്ടത്തോടടുക്കുമ്പോഴുള്ള 'മലര്‍ വാക കൊമ്പത്ത്‌' എന്ന് തുടങ്ങുന്ന ഗാനം ഈ സിനിമയ്ക്ക്‌ അല്‍പമെങ്കിലും ആശ്വാസകരമായ ഒരു ആത്മാവ്‌ ഉണ്ടാക്കിക്കൊടുത്തു എന്ന് തോന്നി.

ഗ്രിഗറി എന്ന നടന്‍ മോഹന്‍ ലാലിനോടൊപ്പം നിന്ന് ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക്‌ ആസ്വദിക്കാവുന്ന കുറച്ച്‌ നര്‍മ്മ രംഗങ്ങള്‍ പ്രദാനം ചെയ്തു.

മഞ്ജുവാര്യര്‍ ഒന്ന് രണ്ട്‌ സീനുകളില്‍ തന്റെ അഭിനയതീവ്രത പ്രകടമാക്കിയെങ്കിലും കഥാപാത്രത്തിന്റെ ആവര്‍ത്തനം ചെറിയൊരു വിരസതയിലേയ്ക്ക്‌ എത്തിക്കുന്നുണ്ടായിരുന്നു. അതേപോലെ തന്നെ, പ്രായത്തിന്റെ അഭംഗിയും മനസ്സിലായിത്തുടങ്ങി.

വളരെ ആസ്വാദ്യകരമായ മികച്ച കഥാസാഹചര്യങ്ങളുള്ള ഒരു സിനിമയായിരിക്കും എന്ന പ്രതീക്ഷയോടെ ഈ ചിത്രം കാണാന്‍ പോകുന്നവര്‍ക്ക്‌ നിരാശയായിരിക്കും ഫലം എന്നതാണ്‌ സത്യം.

Rating : 5.5/ 10

3 comments:

Elizabeth said...

വിവാഹപ്രായം കഴിഞ്ഞ ഒരു അവിവാഹിതനനും മദ്ധ്യവയസ്കയായ ഒരു സ്ത്രീയും.

Really? So, late thirties is now middle age and late fifties is now "a little late for marriage"?

സൂര്യോദയം said...

Accepted the comment and corrected :)

സുധി അറയ്ക്കൽ said...

സത്യൻ അന്തിക്കാട്‌ സിനിമ നിർത്തേണ്ട സമയം കഴിഞ്ഞു.