Monday, March 30, 2015

100 ഡേയ്സ്‌ ഓഫ്‌ ലവ്‌ (100 Days of Love)



രചന, സംവിധാനം : ജനു സ്‌ മുഹമ്മദ്‌

ബാംഗ്ലൂരിലെ ഒരു പ്രസിദ്ധമായ മാഗസിനില്‍ ജോലി ചെയ്യുന്ന ബാലന്‍ കെ നായര്‍ താമസിക്കുന്നത്‌ തന്റെ സുഹൃത്തായ ഉമ്മറിനോടൊപ്പമാണ്‌. ഭക്ഷണപ്രിയനും കമ്പ്യൂട്ടര്‍ ഗെയിമില്‍ വല്ലാത്ത ഭ്രമവുമുള്ള ആളാണ്‌ ഉമ്മര്‍.

ഒരു സായാഹ്നത്തില്‍ ബാലന്‍ ഒരു പെണ്‍കുട്ടിയെ അവിചാരിതമായി കണ്ടുമുട്ടുന്നു.
ആ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടുപോയ ഒരു കവറിനുള്ളില്‍ നിന്ന് പഴയ ഒരു ക്യാമറ കിട്ടുകയും അത്‌ ഡെവലപ്‌ ചെയ്തതില്‍ നിന്ന് കിട്ടുന്ന ചില ചിത്രങ്ങള്‍ വെച്ച്‌ ആ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഉമ്മറിന്റെ സഹായത്തോടെ ഒരു ഗെയിം കളിക്കുന്ന മാനസികാവസ്ഥയോടെ ഈ കണ്ടെത്തലിനുള്ള ശ്രമങ്ങള്‍ നടത്തുന്നു.

തുടര്‍ന്ന് ഷീല എന്ന ഈ പെണ്‍കുട്ടിയെ കണ്ടെത്തുകയും അവര്‍ തമ്മില്‍ ഇടപെടലുകളും സൗഹൃദവും വളരുകയും ഉണ്ടാകുന്ന തരത്തിലേയ്ക്ക്‌ കഥ വികസിക്കുന്നു.

ഒരു ലവ്‌ സ്റ്റോറിയുടെ തീവ്രത ഈ ചിത്രത്തില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടില്ലെങ്കിലും ചില സീനുകളെ രസകരമാക്കാനും ഭംഗിയാക്കാനും ഇതിന്റെ പിന്നണിപ്രവര്‍ത്തകര്‍ക്ക്‌ സാധിച്ചിരിക്കുന്നു.

മ്യൂസിക്‌ ഗംഭീരമായിട്ടില്ലെങ്കിലും മോശമായില്ല.

ദുല്‍ക്കറും നിത്യാമേനോനും ശേഖര്‍ മേനോനും തങ്ങളുടെ റോളുകള്‍ മോശമാകാതെ കൈകാര്യം ചെയ്തു.

സാധാരണ കുടുംബാന്തരീക്ഷത്തില്‍ നിന്ന് അകന്നു നില്‍ക്കുന്ന രംഗങ്ങളായതിനാല്‍ തന്നെ ഇത്‌ പ്രേക്ഷകഹൃദയങ്ങളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. നിത്യാമേനോന്റെ അച്ഛനായി വിനീത്‌ എത്തുന്നത്‌ കൗതുകകരമായി. അവരുടെ വീട്ടിലെ രീതികള്‍ കണ്ടാല്‍ ഇതെന്താ ഇങ്ങനെ എന്ന ചിന്തയില്‍ ചെറുതായിട്ടൊന്ന് ചിരി വരും.

ഷീല തന്റെ നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് മാറി ബാലനോടൊപ്പം പോകാന്‍ തീരുമാനിക്കുന്നതിലൊന്നും പ്രേമത്തിന്റെ തീവ്രതയോ അനിവാര്യതയോ ഒന്നും പ്രകടമായിരുന്നില്ല.

രണ്ടര മണിക്കൂറിലധികം സമയം എടുക്കാതെ ഒരു രണ്ട്‌ മണിക്കൂറില്‍ തീര്‍ത്തിരുന്നെങ്കില്‍ ഈ ചിത്രം പ്രേക്ഷകരെ അധികം ബോറടിപ്പിക്കാതെ കുറച്ചുകൂടി മെച്ചപ്പെട്ട ആസ്വാദനം നല്‍കുമായിരുന്നു.

Rating : 5.5 / 10

1 comment:

സുധി അറയ്ക്കൽ said...

അത്ര ഒരു അഭിപ്രായം തോന്നിയില്ല.