Saturday, March 23, 2013

റെഡ്‌ വൈന്‍


കഥ : നൌഫല്‍ ബ്ളാത്തുറ്‍
തിരക്കഥ, സംഭാഷണം: മാമന്‍ കെ രാജന്‍
സംവിധാനം: സലാം ബാപ്പു
നിര്‍മ്മാണം: എ എസ്‌ ഗിരീഷ്‌ ലാല്‍

വയനാട്ടിലെ ഒരു പ്രദേശത്തെ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയായ അനൂപ്‌ (ഫഹദ്‌ ഫാസില്‍) എന്ന യുവാവ്‌ ഒരു ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല ചെയ്യപ്പെടുന്നു. ഇതേത്തുടര്‍ന്ന്‌ അന്വേഷണവുമായെത്തുന്ന അസിസ്റ്റണ്റ്റ്‌ കമ്മീഷണര്‍ (മോഹന്‍ ലാല്‍) അനൂപിണ്റ്റെ പഴയകാല ജീവിതത്തിലൂടെ സഞ്ചരിക്കുന്നു.

എഞ്ചിനീയറിംഗ്‌ ബിരുദധാരിയായ മുപ്പത്തിനാല്‌ വയസ്സുമാത്രമുള്ള ഈ യുവാവ്‌ ജനപ്രിയനായ ഒരു സാമൂഹ്യപ്രവര്‍ത്തകനും നാടകകലാകാരനുമായിരുന്നു.

ആര്‌ എന്തിന്‌ കൊല ചെയ്തെന്ന് ഇദ്ദേഹം അന്വേക്ഷിച്ച്‌ കണ്ടെത്തുന്നു. പക്ഷേ, പ്രേക്ഷകര്‍ക്ക്‌ അതിലൊരു താല്‍പര്യവും തോന്നില്ലെന്നു മാത്രം. കാരണം, ആര്‌ എന്തിന്‌ എന്നതൊക്കെ കുറേ കഴിയുമ്പോള്‍ ഒരു സംശയവും തോന്നാത്തവിധം പ്രേക്ഷകര്‍ക്ക്‌ വ്യക്തമാണ്‌.

ഇതേ സമയം അനൂപിണ്റ്റെ കഥാഗതിക്ക്‌ സമാന്തരമായി ഈ കൊല ചെയ്തുവെന്ന്‌ പ്രേക്ഷകര്‍ക്ക്‌ തുടക്കം മുതല്‍ വ്യക്തമാകുന്ന മറ്റൊരു യുവാവിണ്റ്റെയും (ആസിഫ്‌ അലി) ജീവിതവും വിവരിക്കപ്പെടുന്നു. 

കോര്‍പ്പറേറ്റുകളുടെ ഭൂമികയ്യേറ്റങ്ങളും പണസ്വാധീനത്തിലും പെട്ട്‌ രണ്ട്‌ നിസ്സഹായരായ ചെറുപ്പക്കാര്‍ എങ്ങനെ ഇരകളാകുന്നുവെന്നുള്ള ഒരു വെളിപ്പെടുത്തലാണ്‌ ഈ സിനിമയിലൂടെ ഉദ്ദേശിച്ചതെന്ന് തോന്നുന്നു.

ഫഹദ്‌ ഫാസിലിണ്റ്റെ കഥാപാത്രം താല്‍പര്യം ജനിപ്പിക്കുന്നതായിരുന്നു. അദ്ദേഹം ഈ റോള്‍ ഭംഗിയായി ചെയ്തു.

ആസിഫ്‌ അലി ഒരു നിസ്സഹായ ഭാവത്തില്‍ സ്ഥിരമായി ജീവിച്ചു (സോറി അഭിനയിച്ചു).

മോഹന്‍ ലാല്‍ പ്രത്യേകിച്ച്‌ ഒരു അത്ഭുതപ്രവര്‍ത്തികളും ചെയ്യാനില്ലാത്തതിനാല്‍ ജീപ്പോടിച്ചും അസ്വേഷണം നടത്തിയും പ്രേക്ഷകരെ ബുദ്ധിമുട്ടിക്കാതെ അഭിനയിച്ചു.

മോഹന്‍ലാലിനുവേണ്ടി വളരെ ബാലിശമായ ചില രംഗങ്ങള്‍ കെട്ടിച്ചമച്ച്‌ വെച്ചത്‌ കുറച്ച്‌ അതിക്രമമായി.

ഒരു അസിസ്റ്റണ്റ്റ്‌ കമ്മീഷണര്‍ ഒരു സ്ഥാപനത്തില്‍ പോലീസുമായി വന്ന് അവിടത്തെ എം.ഡി യേയും മറ്റും അറസ്റ്റ്‌ ചെയ്ത്‌ കൊണ്ട്‌ പോകുമ്പോള്‍ തടഞ്ഞ്‌ നിര്‍ത്തി ചോദ്യം ചെയ്യുന്ന സ്റ്റാഫ്‌ ഒരു അത്ഭുതം തന്നെയായിരുന്നു. ചെകിടത്ത്‌ ഒരു അടിയും ഒരു വലിയും കൊടുത്തതോടെ ആ രംഗം ക്ളീന്‍.

അതുപോലെ, അനൂപിണ്റ്റെ ഫേസ്‌ ബുക്ക്‌ ഫ്രണ്ട്‌ 'കോമ്രേഡ്‌' എന്ന വിളിപ്പേരുള്ള ആളെ മോഹന്‍ലാല്‍ ലക്ഷണം വെച്ച്‌ കണ്ടെത്തി. അതും ഗംഭീരമായി!

ചില ധാരണാപ്പിശകുകള്‍ തിരക്കഥാകൃത്തിന്‌ വന്ന് ചേര്‍ന്നിട്ടുണ്ട്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറിയായ ഒരാല്‍ ബാറില്‍ ഇരുന്ന് പരസ്യ മദ്യപാനം നടത്തുന്ന രംഗം തിരക്കഥാകൃത്തിണ്റ്റെ അറിവില്ലായ്മയുടെ ഭാഗം മാത്രമാണ്‌. പുരോഗമനവാദിയും ആദര്‍ശധീരനായ ഒരു ചെറുപ്പക്കാരനെ അവതരിപ്പിച്ചപ്പോള്‍ ഈ കാര്യങ്ങളില്‍ക്കൂടി ഒരല്‍പം സൂക്ഷ്മത വേണമായിരുന്നു.

അതുപോലെ പല കഥാപാത്രങ്ങളെയും വെറുതേ അവതരിപ്പിക്കുന്നതല്ലാതെ കൂടുതല്‍ വ്യക്തതയിലേയ്ക്ക്‌ പോകാതിരുന്നതും തിരക്കഥയിലെ പിഴവാണ്‌.

ഗംഭീരമായ ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്‌ കൂടെ ചേര്‍ന്നതോടെ എന്തൊക്കെയോ സംഗതികള്‍ ഉണ്ടെന്ന ഒരു തോന്നല്‍ പൊതുവേ സൃഷ്ടിക്കാന്‍ ഈ സിനിമയ്ക്ക്‌ സാധിക്കുന്നുണ്ടെങ്കിലും ഒരു കഴമ്പും ത്രില്ലും ഇല്ലെന്ന സത്യം പ്രേക്ഷകര്‍ തിരിച്ചറിയുകയും ചെയ്യുന്നു.

എന്തായാലും പ്രേക്ഷകരെ ഈ ചിത്രം ഉപദ്രവിക്കുന്നില്ല എന്നത്‌ തന്നെ വലിയ ആശ്വാസം.

സലാം പാലപ്പെട്ടിയ്ക്കും കൂട്ടര്‍ക്കും ഇതിലും ഭേദപ്പെട്ട സിനിമകള്‍ ചെയ്യാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കാം.

Rating : 5 / 10 

1 comment:

സൂര്യോദയം said...

എന്തായാലും പ്രേക്ഷകരെ ഈ ചിത്രം ഉപദ്രവിക്കുന്നില്ല എന്നത്‌ തന്നെ വലിയ ആശ്വാസം.