Wednesday, March 28, 2012

ദി കിംഗ്‌ & ദി കമ്മീഷണര്‍ (The King & The Commissioner)



പലവട്ടം കണ്ടിട്ടുള്ള ഷാജി കൈലാസ്‌, രഞ്ജി പണിക്കര്‍ സിനിമകളുടെ ഒരു ഘടന ആദ്യം നോക്കാം..
രാജ്യത്തെ ബാധിക്കുന്ന എന്തെങ്കിലും ഭീകരമായ സുരക്ഷാപ്രശനം, വളരെ പ്രധാനപ്പെട്ട ഏതെങ്കിലും വ്യക്തികളുടെ കൊലപാതകം, ദുരൂഹത. അതിണ്റ്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം പോലീസ്‌ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍, ബിസിനസ്‌ ലോബികള്‍, ഒരു ആള്‍ ദൈവം / ആശ്രമവാസി, കുറേ വിദേശ ഇടപെടലുകാര്‍...

ഇനി, ഈ സെറ്റപ്പിലേയ്ക്ക്‌ സംസ്ഥാനത്തിലെയോ രാജ്യത്തിലെയോ പ്രധാന ഭരണാധികാരി സ്വതന്ത്രമായ ഒരു അന്വേക്ഷണത്തിന്‌ ഏതെങ്കിലും പുലിയെയോ സിംഹത്തെയോ വിദഗ്ദാന്വേക്ഷണത്തിനായി നിയോഗിക്കും. ഇവര്‍ സ്ളോ മോഷനില്‍ പല പല ക്യാമറാ ആങ്കിളില്‍ പ്രത്യക്ഷപ്പെടും.

ഈ അവതാരത്തെ ഭൂരിഭാഗം പേരും എതിര്‍ക്കും, ഏതെങ്കിലും ഒന്നോ രണ്ടോ ഉന്നതര്‍ പിന്തുണയ്ക്കും...

ഈ വരുന്ന ഉദ്യേഗസ്ഥന്‍ നല്ല തന്തയ്ക്ക്‌ പിറന്നവനായിരിക്കും എന്ന്‌ ഉറപ്പ്‌..

ഇനി അന്വേക്ഷണങ്ങല്‍ തുടങ്ങും...

ഓരോ പ്രശ്നക്കാരെയും നേരിട്ട്‌ അവരുടെ കുട്ടിക്കാലത്ത്‌ കപ്പലണ്ടി മുട്ടായി കട്ടെടുത്ത്‌ തിന്നതടക്കമുള്ള വിവരണങ്ങള്‍ കൊടുത്ത്‌ അവണ്റ്റെ അപ്പനേയും അമ്മയേയും അപ്പാപ്പനേയും തെറിവിളിച്ച്‌ അവനും പറയുന്ന ആള്‍ക്കും കേള്‍ക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും മനസ്സിലാവാത്ത കുറേ ഇംഗ്ളീഷ്‌ ഡയലോഗില്‍ മലയാളം തെറി മിക്സ്‌ ചെയ്ത്‌ കാച്ചും... എല്ലാവരും നാണിച്ച്‌ നഖം കൊണ്ട്‌ നിലത്ത്‌ വരച്ചുകൊണ്ടിരിക്കുമ്പോള്‍ ഫുള്‍ മ്യൂസിക്ക്‌ പിന്‍ ബലത്തില്‍ നായകന്‍ സ്ളോ മോഷനില്‍ തിരിച്ച്‌ പോകും...

ഇനി തെളിവുകള്‍ ശേഖരിക്കല്‍, ഭേദ്യം ചെയ്യല്‍, കോടതി, ജഡ്ജി തുടങ്ങിയ പതിവ്‌ പരിപാടികള്‍ തുടരും..

അങ്ങനെ പരിപാടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ നായകണ്റ്റെ ടീമിലുള്ള ഏതെങ്കിലും പ്രധാനികള്‍ കൊല്ലപ്പെടും. എല്ലാത്തിനും ചേര്‍ത്ത്‌ പ്രതികാരമായി എല്ലാം തെളിയിച്ചോണ്ട്‌ വെട്ടി വെളുപ്പിച്ചുകൊണ്ട്‌ മുന്നോട്ട്‌ പോകുമ്പോള്‍ ഈ അന്വേഷണത്തിന്‌ നിയോഗിച്ച ഭരണാധികാരി തന്നെ നേരിട്ട്‌ വിളിക്കും. 'എല്ലാം ഇഷ്ടപ്പെട്ടു... എല്ലാം ഇതോടെ നിര്‍ത്തിക്കോളണം' എന്ന്‌ ആജ്ഞാപിക്കും.

ആദ്യം വല്ലാതെ വിഷമിച്ച്‌ നിന്നതിനുശേഷം നായകന്‍ ഈ ഭരണാധികാരിയേയും രാജ്യത്തോ സംസ്ഥാനത്തോ നടക്കുന്ന പ്രശ്നങ്ങളേയും കുറിച്ച്‌ നിര്‍ത്താതെ ഘോര ഘോരം പ്രസംഗിക്കും. ഈ ഭരണാധികാരി ഇത്‌ കേട്ട്‌ അന്തം വിട്ട്‌ കണ്ണും മിഴിച്ച്‌ വായും പൊളിച്ച്‌ നില്‍ക്കും...

പിന്നെ, നായകന്‍ അവസാനഘട്ട പോരാട്ടത്തിനായി ഒരു ഇറങ്ങിപ്പോക്കാണ്‌. ഒടുവില്‍ എല്ലായിടത്തും കയറിച്ചെന്ന്‌ എല്ലാരെയും തെറിവിളിച്ച്‌ തല്ല്‌ നടത്തി വെടിവെച്ച്‌ സംഗതികള്‍ ഒരുവിധം വരുതിയിലാക്കും.

ഇനി ക്ളൈമാക്സ്‌.. പ്രധാന വില്ലന്‍മാരുമായി വാക്‌ പയറ്റും യുദ്ധവും കഴിഞ്ഞ്‌ അവരെ തല്ലിക്കൊന്ന്‌ വെടിവെച്ച്‌ ബോംബിട്ട്‌ നശിപ്പിക്കും... ഈ ബാക്ക്‌ ഗ്രൌണ്ടില്‍ നായകനും കൂട്ടരും സ്ളോ മോഷനില്‍ നടന്നുപോകും... ശുഭം...

മേല്‍ വിവരിച്ച കഥയില്‍ നിന്ന്‌ വ്യതിചലിക്കാതെ എല്ലാ ചേരുവകളും സമാസമം ചേര്‍ത്ത്‌ കുറച്ച്‌ കൂടി ഇറക്കുമതി ഉല്‍പന്നങ്ങള്‍ മിക്സ്‌ ചെയ്ത്‌ ഈ ചിത്രവും ഉണ്ടാക്കിയെടുത്തിരിക്കുന്നു.

രണ്ട്‌ നായകന്‍മാരായതിനാല്‍ ഇത്തവന സംസ്ഥാന അന്തരീക്ഷത്തില്‍ നിന്ന്‌ മാറ്റി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ലെവലിലേയ്ക്ക്‌ ഉയര്‍ത്തിയിരിക്കുന്നു. ഇതല്ലാതെ വേറെ ഒന്നും സംഭവിച്ചിട്ടില്ല.

സായികുമാറിണ്റ്റെ അഭിനയം മോശമായില്ല എന്നേ പറയാനാകൂ. സംവ്രതാ സുനില്‍ ഒന്നോ രണ്ടോ സീനില്‍ വന്ന്‌ പോയി എന്നല്ലാതെ അഭിനയിച്ചു എന്ന്‌ പറയാനാവില്ല. വയസ്സായതിണ്റ്റെ ചെറിയൊരു ഏനക്കേടുണ്ടെങ്കിലും മമ്മൂട്ടിയും സുരേഷ്‌ ഗോപിയും അവരുടെ റോളുകള്‍ ഒരുവിധം ഭംഗിയായി കൈകാര്യം ചെയ്തു. ചില പഞ്ച്‌ ഡയലോഗുകള്‍, സീനുകള്‍ എന്നിവ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതായിരുന്നു. നെടുമുടി വേണുവിണ്റ്റെ അഭിനയത്തില്‍ എന്തോ ഒരു കുറവ്‌ അനുഭവപ്പെട്ടു. പ്രധാനമന്ത്രിയായി അഭിനയിച്ച ആള്‍ മികച്ചുനിന്നു.

തെറിപ്രയോഗങ്ങള്‍ക്ക്‌ ഒരു കുറവും ഉണ്ടായിട്ടില്ല. കുട്ടികളെ ഈ സിനിമയ്ക്ക്‌ കൊണ്ടുപോകുന്നത്‌ അവരുടെ ശേഖരത്തില്‍ ഇല്ലാത്ത വല്ല തെറിയും ഉണ്ടോ എന്ന് പരിശോധിക്കാന്‍ ഇടനല്‍കുന്നതാണ്‌.

'മൈ' + 'രോമം'... ഇത്‌ തെറിയല്ലല്ലോ... പക്ഷേ, 'പുല..' + '... മോന്‍' എന്ന പദം ഇടയ്ക്കിടെ ഉപയോഗത്തില്‍ വരുന്നുണ്ട്‌. 'നായിണ്റ്റെ മോന്‍' എന്നതിണ്റ്റെ പര്യായങ്ങള്‍ ധാരാളം ഉപയോഗിച്ചിട്ടുള്ളതിനാല്‍ ആവര്‍ത്തനവിരസമല്ല.

ഇംഗ്ളീഷ്‌ തെറികള്‍ ഇഷ്ടം പോലെ ഉണ്ടെങ്കിലും അത്‌ തെറിയാണോ അതോ വേറെ എന്തെങ്കിലും ആണോ എന്ന് വലിയ നിശ്ചയമില്ലാത്തതിനാല്‍ പ്രശ്നമില്ല.

ഈ സിനിമയിലെ കഥയോ സന്ദര്‍ഭങ്ങളോ വിശദമായ ഒരു റിവ്യൂവിന്‌ വിധേയമാക്കുന്നില്ല. കാരണം, ഇത്ര ഉന്നതരായ ഒരു വില്ലന്‍ സംഘത്തിന്‌ ഈ രണ്ട്‌ നായകന്‍മാരെയും വന്ന ഉടനേ വെടിവെച്ച്‌ തീര്‍ത്തിരുന്നെങ്കില്‍ പിന്നെ ഈ സിനിമയേ ഇല്ലല്ലോ. (പുഷ്പം പോലെ പല പ്രധാനികളെയും കൊന്ന്‌ തീര്‍ക്കുകയും പ്രധാനമന്ത്രിയെ അടക്കം കൊന്ന്‌ കളയല്‍ വെറും നിസ്സാരകാര്യമാണെന്ന്‌ നമുക്ക്‌ മനസ്സിലാക്കി തരുകയും ചെയ്യുന്ന ഈ സംഘത്തിന്‌ രണ്ട്‌ ബുള്ളറ്റ്‌ വേറെ എടുക്കാനില്ലെന്ന്‌ തോന്നേണ്ട കാര്യമില്ലല്ലോ)

പൊതുവേ പറഞ്ഞാല്‍ വലരെ മോശം നിലവാരം പുലര്‍ത്തിയ, ആവര്‍ത്തനവിരസമായ, ബഹളമയമായ ഒരു സിനിമ. അട്ടഹാസങ്ങളും ബഹളങ്ങളും തെറിപ്രയോഗങ്ങളും ഹീറോയിസവും കണ്ട്‌ ആത്മനിര്‍വ്വൃതി അടയേണ്ടവര്‍ക്ക്‌ ആര്‍മ്മാദിക്കാം.

Rating : 2 / 10

Monday, March 19, 2012

ഓര്‍ഡിനറി



കഥ, സംവിധാനം: സുഗീത്‌
തിരക്കഥ, സംഭാഷണം: നിഷാദ്‌ കെ കോയ, മനു പ്രസാദ്‌
നിര്‍മ്മാണം: രാജീവ്‌ നായര്‍

ഗവി എന്ന സ്ഥലത്തേയ്ക്കുള്ള ഒരു ഓര്‍ഡിനറി കെ.എസ്‌.ആര്‍.ടി.സി. ബസ്സും അതിലെ ഡ്രൈവര്‍ സുകുവും (ബിജു മേനോന്‍) കണ്ടകടര്‍ ഇരവിയും (കുഞ്ചാക്കോ ബോബന്‍) ബസ്സിലെ യാത്രക്കാരും ഗവി എന്ന മലയോരഗ്രാമത്തെ ചില കഥാപാത്രങ്ങളും ചേര്‍ന്ന ഒരു നര്‍മ്മപ്രധാനമായ യാത്രയാണ്‌ ഈ സിനിമയുടെ നല്ലൊരു ഘട്ടം.

ക്ളൈമാസ്കിനോടടുക്കുമ്പോഴെയ്ക്കും അസ്വസ്ഥമായ തരത്തില്‍ ഗതി മാറുന്നുണ്ടെങ്കിലും ആദ്യഘട്ടത്തിലെ കഥാപാത്രങ്ങളും അവരുടെ തന്‍മയോടെയുള്ള നര്‍മ്മവും സന്ദര്‍ഭങ്ങളും മനസ്സിലുള്ളതിനാല്‍ പ്രേക്ഷകര്‍ക്ക്‌ ഒരു പരിധിവരെ സം തൃപ്തി നല്‍കാന്‍ ഈ ചിത്രത്തിന്‌ സാധിച്ചിരിക്കുന്നു.

പാലക്കാടന്‍ ഭാഷയും ഭാവവുമായി ബിജുമേനോന്‍ ഈ ചിത്രത്തില്‍ തിളങ്ങി നിന്നു. ബാബുരാജിണ്റ്റെ മദ്യപാനിയും പ്രേക്ഷകര്‍ക്ക്‌ രസകരമായ സംഭാവന നല്‍കി. ആസിഫ്‌ അലി ഒരു വ്യത്യസ്തമായ റോളില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു. ആന്‍ അഗസ്റ്റിന്‍ ഒരു സീനില്‍ ഒരല്‍പ്പം ഒാവറായെങ്കിലും അസഹനീയമായില്ല. പുതുമുഖ നായിക ശ്രിത ശിവദാസ്‌ മോശമല്ലാതെ തണ്റ്റെ റോള്‍ നിര്‍വ്വഹിച്ചു.

ചിത്രത്തിലെ ഒരു ഗാനം മികച്ചതും ഒരെണ്ണം പ്രേക്ഷകണ്റ്റെ ക്ഷമ പരീക്ഷിക്കുന്നതും ഒരെണ്ണം സഹിക്കാവുന്നതുമായിരുന്നു.

ആദ്യപകുതിമുഴുവന്‍ രസകരമായ സംഭാഷണങ്ങളും സന്ദര്‍ഭങ്ങളും കൊണ്ട്‌ പ്രേക്ഷകരെ രസിപ്പിച്ച്‌ മുന്നേറിയ ഈ ചിത്രം രണ്ടാം പകുതിക്കപ്പുറം ആവര്‍ത്തന വിരസവും വിശ്വാസയോഗ്യവുമല്ലാത്ത കഥാഗതിയിലേയ്ക്ക്‌ ചെന്നെത്തിച്ചേര്‍ന്നു എന്നതാണ്‌ സത്യം.

എങ്കിലും കാര്യമായ പാളിച്ചകളില്ലാതെ സംഗതികള്‍ പറഞ്ഞൊപ്പിക്കാന്‍ സാധിച്ചിരിക്കുന്നു എന്നതിനാല്‍ ഈ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല.

കാര്യമായ സംഭാവനകളില്ലാത്ത ജോസ്‌ മാഷ്‌ (ജിഷ്ണു), വഴിയില്‍ കാണാതായ മദ്യപാനിയായ ബാബുരാജ്‌, കുടുംബപശ്ചാത്തലം വ്യക്തമല്ലാത്ത നായിക തുടങ്ങിയ മുഴുമിപ്പിക്കാത്ത കഥാപാത്രങ്ങളുണ്ടെങ്കിലും അതൊക്കെ മറക്കുവാന്‍ മറ്റ്‌ കഥാപാത്രങ്ങളുടെ സ്വാധീനം കൊണ്ട്‌ സാധിച്ചിരിക്കുന്നു.

ഇരവിയോ സുകുവോ ഇല്ലാത്തപ്പോള്‍ ഈ ബസ്സിണ്റ്റെ സ്ഥിതി എന്തെന്ന് കാണിക്കുവാനുള്ള സാമാന്യമര്യാദ സംവിധായകന്‍ കാണിച്ചില്ല എന്നത്‌ ഖേദകരം (ലീവിനു പോകുന്നതും ജയിലില്‍ പോകുന്നതുമൊക്കെ കാണിക്കുമ്പോഴും ബസ്സിണ്റ്റെ സെറ്റപ്പ്‌ വ്യക്തമല്ല).

പൊതുവേ പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക്‌ വിനോദം പകരുന്നതില്‍ ഈ ചിത്രത്തിലൂടെ സുഗീതിന്‌ സാധിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം. അതിനാല്‍ തന്നെ ഈ ചിത്രം മികച്ച ഒരു വിജയമാകുമെന്നും വ്യക്തം.

Rating : 5.5 / 10

Thursday, March 01, 2012

ഈ അടുത്ത കാലത്ത്‌



കഥ, തിരക്കഥ, സംഭാഷണം: മുരളി ഗോപി
സംവിധാനം: അരുണ്‍ കുമാര്‍ അരവിന്ദ്‌
നിര്‍മ്മാണം: രാജു മല്ലിയത്ത്‌

പല കഥാപാത്രങ്ങളേയും കഥാസന്ദര്‍ഭങ്ങളേയും ഒരെ സമയം കൊണ്ടുപോയി ഒരു സ്ഥലത്ത്‌ യോജിപ്പിക്കുകയും ബാക്കി ഭാഗം കൂടി പൂരിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒരു ആവിഷ്കാരമാണ്‌ ഈ സിനിമ. ഇടയില്‍ പലപ്പോഴും സുഖകരമായ ചില ചെറു സംഗതികളും കഥാപാത്രങ്ങളുടെ നന്‍മയുടെ അംശങ്ങളും സത്യസന്ധവും സുതാര്യവുമായ സന്ദര്‍ഭങ്ങളും ഈ ചിത്രത്തില്‍ ഉണ്ട്‌ എന്നതാകുന്നു ഈ സിനിമയുടെ പ്രധാന സവിശേഷത. മാത്രമല്ല, ചില അസാധാരണരീതികളിലുള്ള കഥാസന്ദര്‍ഭങ്ങളുടെ സംയോജനവും പ്രത്യേകതയായി പറയാം.

ചിത്രത്തിണ്റ്റെ ആദ്യപകുതി കണ്ടിരിക്കാന്‍ അസാമാന്യ ക്ഷമ തന്നെ വേണം.

വിഷ്ണു (ഇന്ദ്രജിത്‌) എന്നയാളും അയാളുടെ കുടുംബവും അനുഭവിക്കുന്ന ദാരിദ്ര്യത്തിലേയ്ക്കും കഷ്ടതയിലേയ്ക്കും കഥ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഈ സമയങ്ങളില്‍ വിഷ്ണുവിണ്റ്റെ ഭാര്യ 'രമണി' (മൈഥിലി) കരിപുരണ്ട ഒരു സെറ്റപ്പില്‍ പിച്ചക്കാരത്തി ലുക്കില്‍ ആയിരിക്കും. പിന്നീട്‌ അല്‍പം കാശ്‌ കയ്യില്‍ വന്നപ്പോള്‍ ഇതേ ഭാര്യ നിറം വെച്ച്‌ സുന്ദരിയാവാന്‍ തുടങ്ങി. പണം വന്നപ്പോഴേ കുളിയും ഭര്‍ത്താവിനോടുള്ള താല്‍പര്യവും വന്നുള്ളൂ എന്ന്‌ വേണം ഊഹിക്കാന്‍. രമണിയുടെ ശബ്ധം കഥാപാത്രത്തില്‍ നിന്ന് വേറിട്ട്‌ നിന്നത്‌ അരോചകമായി.

അജയ്‌ കുര്യന്‍ (മുരളി ഗോപി) എന്ന ഹോസ്പിറ്റല്‍ ഉടമ സുന്ദരിയായ തണ്റ്റെ ഭാര്യയെ ('മാധുരി' - തനുശ്രീ ഘോഷ്‌) തുടക്കം മുതലേ ഒരു വൈരാഗ്യബുദ്ധിയോടെ കാണുകയും 'കഴുത കാമം കരഞ്ഞു തീര്‍ക്കും' എന്നോ മറ്റോ ഉള്ള ചൊല്ലിനെ അന്വര്‍ത്ഥമാക്കും വിധം ചില പരിപാടികളുമായി മുന്നോട്ടുപോകുകയും ചെയ്യും.

ഇങ്ങനെയുള്ള അജയ്‌ കുര്യണ്റ്റെ ഭാര്യ ജീവിതം വെറുത്ത്‌ നരകിക്കുമ്പോഴെയ്ക്കും ഒരു പഞ്ചാരച്ചെക്കന്‍ ബന്ധം സ്ഥാപിച്ച്‌ വളച്ചെടുക്കാന്‍ ശ്രമിക്കുകയും ഈ പാവം ഭാര്യ ആ വഴിക്ക്‌ അല്‍പം സഞ്ചരിക്കുകയും ചെയ്ത്‌ ഒരു അപകടാവസ്ഥ വരെ എത്തുകയും ചെയ്യും. ഈ അപകടാവസ്ഥയിലേയ്ക്ക്‌ വിഷ്ണു എത്തി കാര്യങ്ങള്‍ കുറച്ച്‌ സീരിയസ്സ്‌ ആയി ഒരു കൊലപാതകം വരെ എത്തുകയും ചെയ്യുന്നിടത്ത്‌ ഇണ്റ്റര്‍ വെല്‍.

ഈ കഥാ തന്തുക്കള്‍ക്കിടയില്‍ വെറുതേ ഒരു സീരിയല്‍ കില്ലര്‍ കറങ്ങി നടക്കും. വയസ്സായവരെ വെറുതെ കഴുത്തില്‍ വെട്ടി കൊന്ന്‌ തള്ളുന്നതാണത്രേ ഹോബി. അനൂപ്‌ മേനോണ്റ്റെ കമ്മീഷണറെ അണിയിച്ചൊരുക്കാനും കൂടിയാണ്‌ ഈ കൊലപാതകിയുടെ ഉപയോഗം. കൂടാതെ, വിഷ്ണുവിണ്റ്റെ കയ്യില്‍ ചെന്നെത്താനാണ്‌ ഈ കൊലപാതകിയുടെ പോക്ക്‌ എന്ന് തുടക്കം മുതല്‍ ആര്‍ക്കും ഊഹിക്കാം.

ലെന അവതരിപ്പിച്ച രൂപ എന്ന ടി വി റിപ്പോര്‍ട്ടര്‍ കമ്മീഷണറുടെ ഇഷ്ടപാത്രമാണ്‌. എല്ലാ കൊലപാതക ലൊക്കേഷനുകളിലും ഇവരെ മാത്രം ഉള്ളിലേയ്ക്ക്‌ കയറ്റിവിടുന്ന കമ്മീഷണറെയും അത്‌ കണ്ട്‌ പുറത്ത്‌ വായും പൊളിച്ച്‌ നില്‍ക്കുന്ന മറ്റ്‌ റിപ്പോര്‍ട്ടര്‍മാരെയും കണ്ടാല്‍ ഇത്‌ 'വെള്ളരിക്കാപ്പട്ടണം' ആണോ എന്ന് തോന്നിപ്പോകും.

ഒരു മനോരോഗവിദഗ്ദന്‍ ഒരു മഞ്ഞപ്പത്രക്കാരണ്റ്റെ മുന്നില്‍ സമൂഹത്തില്‍ ഉന്നതനായ തണ്റ്റെ ഒരു പേഷ്യണ്റ്റിണ്റ്റെ ഹിസ്റ്ററി പറഞ്ഞുകൊടുക്കുന്നത്‌ കണ്ടപ്പോള്‍ കഷ്ടം തോന്നിപ്പോയി.

യാദൃശ്ചികതകള്‍ സ്വാഭാവികതയോടെ അവതരിപ്പിക്കാന്‍ സാധിക്കാത്തതാണ്‌ ഈ ചിത്രത്തിണ്റ്റെ ഏറ്റവും വലിയ ഒരു പരിമിതി. യാദൃശ്ചികതകളെ ഒരുമിപ്പിക്കാന്‍ നേരത്തേ തന്നെ കഥാപാത്രങ്ങളേയും സിറ്റുവേഷനുകളേയും കെട്ടിയൊരുക്കുന്നതു കണ്ടാല്‍ തന്നെ കാര്യങ്ങളുടെ പോക്ക്‌ മനസ്സിലാവും.

സുന്ദരിയും അതൃപ്തയുമായ ഒരു വീട്ടമ്മയുടെ സ്വാതന്ത്യദാഹത്തെയും കാമചേതനയേയും ഒരു വഴിയിലൂടെ കൊണ്ടുപോയി പ്രേക്ഷകരില്‍ ഒരു വിഭാഗത്തെ വശീകരിക്കാനുള്ള ഒരു ശ്രമവും ഇതിണ്റ്റെ ഒരു ഘടകമാണ്‌. അതില്‍ ഒരു പരിധിവരെ രചയിതാവും സംവിധായകനും വിജയിച്ചിട്ടുണ്ട്‌ എന്ന് വേണം കരുതാന്‍.

അധികം പ്രായമായിട്ടില്ലെങ്കിലും നരയുള്ള വിഗ്ഗ്‌ ധരിക്കുന്ന ഒരാളെ അജയ്‌ കുര്യന്‍ എന്ന കഥാപാത്രത്തിലൂടെ ജീവിതത്തിലാദ്യമായി കാണാന്‍ സാധിച്ചു.

ക്ളൈമാക്സിനോടടുക്കുമ്പോള്‍ രഹസ്യമായി മറവുചെയ്ത ശവശരീരം പോലീസ്‌ കണ്ടെടുക്കുമ്പോഴെയ്ക്ക്‌ താന്‍ കീഴടങ്ങാന്‍ പോകുകയാണെന്നും തണ്റ്റെ കുട്ടികള്‍ക്കിനി ആരുണ്ടെന്നും വിലപിക്കുന്ന വിഷ്ണുവിനെ കണ്ടപ്പോള്‍ സഹതാപമല്ല, പകരം അലോസരമാണ്‌ തോന്നിയത്‌. കാരണം, കൊലപാതകിയിലേയ്ക്ക്‌ വിരല്‍ ചൂണ്ടുന്ന ഒന്നും തന്നെ കണ്ടെത്തുകയോ അതിനുള്ള സാഹചര്യം നിലനിക്കുകയോ ഇല്ലെങ്കിലും ഇങ്ങനെയുള്ള ജല്‍പനം പ്രേക്ഷകര്‍ക്ക്‌ ഒരു സുഖകരമായ പര്യവസാനം കാഴ്ചവെക്കാനാണെന്ന് ഊഹിക്കാനാവുന്നതേയുള്ളൂ. അതായത്‌, ഈ കൊലയും മറ്റേ കൊലയാളിയുടെ അക്കൌണ്ടില്‍ തന്നെ എന്നര്‍ത്ഥം.

അമ്മയെ ഉറക്കിക്കിടത്തി കാറുമായി കുറേ സമയം പുറത്ത്‌ പോകുക, സദാ ഭാര്യയുടെ പ്രവര്‍ത്തിയില്‍ ജാഗരൂകനായ ഭാര്‍ത്താവ്‌ അറിയാതെ ലക്ഷക്കണക്കിന്‌ രൂപ ഈ ഭാര്യ ദാനം നല്‍കുക തുടങ്ങിയ മറ്റ്‌ ചില സംഗതികളും പിടികിട്ടാപ്പുള്ളികളായി നിലനില്‍ക്കും.

ഇന്ദ്രജിത്‌, തനുശ്രീ, മുരളി ഗോപി എന്നിവര്‍ തങ്ങളുടെ റോളുകള്‍ മികച്ചതാക്കി. മറ്റുള്ളവരും മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചു.

പൊതുവേ പറഞ്ഞാല്‍ അത്രയൊന്നും ആസ്വാദ്യകരമല്ലാത്ത, പലപ്പോഴും അലോസരപ്പെടുത്തുന്ന, എങ്കിലും കുറച്ചൊക്കെ സഹിക്കാവുന്ന അടുത്ത കാലത്ത്‌ ഇറങ്ങിയ ഒരു സിനിമ എന്ന് മാത്രം ഇതിനെ വിശേഷിപ്പിക്കാം.

Rating : 4.5 / 10