Monday, March 19, 2012

ഓര്‍ഡിനറി



കഥ, സംവിധാനം: സുഗീത്‌
തിരക്കഥ, സംഭാഷണം: നിഷാദ്‌ കെ കോയ, മനു പ്രസാദ്‌
നിര്‍മ്മാണം: രാജീവ്‌ നായര്‍

ഗവി എന്ന സ്ഥലത്തേയ്ക്കുള്ള ഒരു ഓര്‍ഡിനറി കെ.എസ്‌.ആര്‍.ടി.സി. ബസ്സും അതിലെ ഡ്രൈവര്‍ സുകുവും (ബിജു മേനോന്‍) കണ്ടകടര്‍ ഇരവിയും (കുഞ്ചാക്കോ ബോബന്‍) ബസ്സിലെ യാത്രക്കാരും ഗവി എന്ന മലയോരഗ്രാമത്തെ ചില കഥാപാത്രങ്ങളും ചേര്‍ന്ന ഒരു നര്‍മ്മപ്രധാനമായ യാത്രയാണ്‌ ഈ സിനിമയുടെ നല്ലൊരു ഘട്ടം.

ക്ളൈമാസ്കിനോടടുക്കുമ്പോഴെയ്ക്കും അസ്വസ്ഥമായ തരത്തില്‍ ഗതി മാറുന്നുണ്ടെങ്കിലും ആദ്യഘട്ടത്തിലെ കഥാപാത്രങ്ങളും അവരുടെ തന്‍മയോടെയുള്ള നര്‍മ്മവും സന്ദര്‍ഭങ്ങളും മനസ്സിലുള്ളതിനാല്‍ പ്രേക്ഷകര്‍ക്ക്‌ ഒരു പരിധിവരെ സം തൃപ്തി നല്‍കാന്‍ ഈ ചിത്രത്തിന്‌ സാധിച്ചിരിക്കുന്നു.

പാലക്കാടന്‍ ഭാഷയും ഭാവവുമായി ബിജുമേനോന്‍ ഈ ചിത്രത്തില്‍ തിളങ്ങി നിന്നു. ബാബുരാജിണ്റ്റെ മദ്യപാനിയും പ്രേക്ഷകര്‍ക്ക്‌ രസകരമായ സംഭാവന നല്‍കി. ആസിഫ്‌ അലി ഒരു വ്യത്യസ്തമായ റോളില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു. ആന്‍ അഗസ്റ്റിന്‍ ഒരു സീനില്‍ ഒരല്‍പ്പം ഒാവറായെങ്കിലും അസഹനീയമായില്ല. പുതുമുഖ നായിക ശ്രിത ശിവദാസ്‌ മോശമല്ലാതെ തണ്റ്റെ റോള്‍ നിര്‍വ്വഹിച്ചു.

ചിത്രത്തിലെ ഒരു ഗാനം മികച്ചതും ഒരെണ്ണം പ്രേക്ഷകണ്റ്റെ ക്ഷമ പരീക്ഷിക്കുന്നതും ഒരെണ്ണം സഹിക്കാവുന്നതുമായിരുന്നു.

ആദ്യപകുതിമുഴുവന്‍ രസകരമായ സംഭാഷണങ്ങളും സന്ദര്‍ഭങ്ങളും കൊണ്ട്‌ പ്രേക്ഷകരെ രസിപ്പിച്ച്‌ മുന്നേറിയ ഈ ചിത്രം രണ്ടാം പകുതിക്കപ്പുറം ആവര്‍ത്തന വിരസവും വിശ്വാസയോഗ്യവുമല്ലാത്ത കഥാഗതിയിലേയ്ക്ക്‌ ചെന്നെത്തിച്ചേര്‍ന്നു എന്നതാണ്‌ സത്യം.

എങ്കിലും കാര്യമായ പാളിച്ചകളില്ലാതെ സംഗതികള്‍ പറഞ്ഞൊപ്പിക്കാന്‍ സാധിച്ചിരിക്കുന്നു എന്നതിനാല്‍ ഈ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല.

കാര്യമായ സംഭാവനകളില്ലാത്ത ജോസ്‌ മാഷ്‌ (ജിഷ്ണു), വഴിയില്‍ കാണാതായ മദ്യപാനിയായ ബാബുരാജ്‌, കുടുംബപശ്ചാത്തലം വ്യക്തമല്ലാത്ത നായിക തുടങ്ങിയ മുഴുമിപ്പിക്കാത്ത കഥാപാത്രങ്ങളുണ്ടെങ്കിലും അതൊക്കെ മറക്കുവാന്‍ മറ്റ്‌ കഥാപാത്രങ്ങളുടെ സ്വാധീനം കൊണ്ട്‌ സാധിച്ചിരിക്കുന്നു.

ഇരവിയോ സുകുവോ ഇല്ലാത്തപ്പോള്‍ ഈ ബസ്സിണ്റ്റെ സ്ഥിതി എന്തെന്ന് കാണിക്കുവാനുള്ള സാമാന്യമര്യാദ സംവിധായകന്‍ കാണിച്ചില്ല എന്നത്‌ ഖേദകരം (ലീവിനു പോകുന്നതും ജയിലില്‍ പോകുന്നതുമൊക്കെ കാണിക്കുമ്പോഴും ബസ്സിണ്റ്റെ സെറ്റപ്പ്‌ വ്യക്തമല്ല).

പൊതുവേ പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക്‌ വിനോദം പകരുന്നതില്‍ ഈ ചിത്രത്തിലൂടെ സുഗീതിന്‌ സാധിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം. അതിനാല്‍ തന്നെ ഈ ചിത്രം മികച്ച ഒരു വിജയമാകുമെന്നും വ്യക്തം.

Rating : 5.5 / 10

4 comments:

Rejeesh Sanathanan said...

എല്ലായിടത്തു നിന്നും നല്ല അഭിപ്രായങ്ങൾ തന്നെയാണ് കേൾക്കുന്നത്......

Ali Askar kattil said...

ആദ്യ പകുതി വരെ കൊള്ളാം..പിന്നെ പതിവ് കഥ..ബിജുവും ബാബുവും കലക്കി..ഒരു തവണ കണ്ടിറങ്ങാം.

Ali Askar kattil said...
This comment has been removed by the author.
സുരേഷ്‌ കീഴില്ലം said...

നല്ല നിരീക്ഷണങ്ങള്‍