രചന: കൃഷ്ണ പൂജപ്പുര
സംവിധാനം: സജി സുരേന്ദ്രൻ
ഹാപ്പി ഹസ്ബൻഡ്സ് എന്ന ചിത്രത്തിനു സമാനമായ സന്ദർഭങ്ങൾ തന്നെ കുറച്ച് വ്യത്യാസപ്പെടുത്തി ഈ ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നു.
ഭാര്യമാരുടെ പീഠനങ്ങളാൽ അവശതയനുഭവിക്കുന്ന സുഹൃത്തുക്കളായ മൂന്ന് ഭർത്താക്കന്മാർ. അവർ ഒരിക്കൽ ഭാര്യമാരെ പറ്റിച്ച് ഗോവയ്ക്ക് പോയി ജീവിതം ആഘോഷിക്കാൻ തീരുമാനിക്കുന്നു. ഈ ആഘോഷിക്കലിന്നിടയിൽ ഭാര്യമാർ ഇതറിയാൻ ഇടവരികയും ഭർത്താക്കന്മാർ അറിയാതെ ഗോവയിൽ എത്തുകയും ചെയ്യുന്നു. ഇങ്ങനെ പോകുന്നു കഥയുടെ പോക്ക്.
ഇടയ്ക്ക് ചില രസകരമായ ഡയലോഗുകൾ, കുറച്ച് രസിപ്പിക്കുന്ന സീനുകൾ, പിന്നെ കുറേ ബോറടിപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്യുന്ന സംഗതികൾ എന്നതൊക്കെയാണ് ഈ ചിത്രത്തിന്റെ പൊതു ഘടന. കുറേ കഴിയുമ്പോഴേയ്ക്കും പ്രേക്ഷകർക്ക് ഈ പണ്ടാരം ഒന്ന് തീർന്ന് കിട്ടിയാൽ മതി എന്നാകും. കാരണം, കോമഡി അഭിനയം കണ്ട് മടുത്ത് ഒരു പരുവം ആകും.
ദ്വയാർത്ഥപ്രയോഗങ്ങളും ഭാര്യമാരെ മൊത്തത്തിൽ കളിയാക്കിക്കൊണ്ടുള്ള സംഗതികളും ആയതിനാൽ ഇത് ആ കാറ്റഗറി പ്രേക്ഷകരെ കുറെയൊക്കെ ആസ്വദിപ്പിക്കുമെങ്കിലും കുറേ കഴിയുമ്പോഴേയ്കും അവരെക്കൊണ്ട് തന്നെ തെറി വിളിപ്പിക്കുകയും ചെയ്യുന്നു എന്ന് ഒരു തീയ്യറ്ററിലെ അനുഭവം കൊണ്ട് മനസ്സിലായി.
ഇന്ദ്രജിത് മികച്ച അഭിനയം കാഴ്ച വെച്ചപ്പോൾ ജയസൂര്യ മോശമാകാതെ ഒപ്പം നിന്നു. ആസിഫ് അലി കുറച്ച് കഷ്ടപ്പെട്ടു. ലാൽ ഇടയ്ക്ക് മോഹൻലാലിനു പഠിക്കുന്നുണ്ടായിരുന്നു.
ക്ലൈമാക്സിനോടടുക്കുമ്പോഴേയ്ക്കും തീയ്യറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നാത്തവർ ഉറങ്ങുന്നവർ മാത്രമായിരിക്കും. കാരണം, അപ്പോഴേയ്കും വെറുപ്പിച്ച് ഒരു പ്രത്യേക മാനസികാവസ്ഥയിൽ എത്തിച്ചിട്ടുണ്ടാകും.
Rating : 3 / 10
1 comment:
ഈ പടം കണ്ടു വെറുതെ സമയം പാഴാക്കല്ലേ ....ഇതിനു കൊടുത്തിരിക്കുന്ന Rating-3 വളരെ കൂടുതലാണ്...തുടക്കമുതല്‍ അവസാനം വരെ ബോറടിക്കുന്ന സിനിമ....
Post a Comment