Saturday, June 16, 2012

സ്പിരിറ്റ്




കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: രഞ്ജിത്

വിവിധ ഭാഷാപരിജ്ഞാനവും എഴുത്തുകാരനുമായ ഒരു ബുദ്ധിജീവിയായി അവതരിപ്പിക്കപ്പെടുന്ന രഘുനന്ദൻ ഒരു ടി വി ചാനലിൽ പ്രസിദ്ധമായ ഒരു ചാറ്റ് ഷോ നടത്തുന്ന ആളുമാണ്‌. ഓരോ എപ്പിസോഡിലും സമൂഹത്തിലെ ഏതെങ്കിലും ഒരു പ്രമാണിയെ ഈ ഷോയിലൂടെ കീറി മുറിച്ച് ജനമദ്ധ്യത്തിൽ ലൈവായി അവതരിപ്പിക്കുകയാണ്‌ ഇയാൾ തന്റെ ഇന്റർവ്യൂകളിൽ ചെയ്യുന്നത്. ബുദ്ധിജീവിയായതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ വീട്ടിൽ ഒ വി വിജയൻ തുടങ്ങിയ പല എഴുത്തുകാരുടേയും ഫോട്ടോകളുണ്ട്, സദാ സമയം മദ്യപാനവും പുകവലിയുമുണ്ട്. (സ്ത്രീ ദൗർബല്ല്യം എന്തുകൊണ്ടോ ഒഴിവാക്കപ്പെട്ടിരിക്കുന്നു). ഇയാൾ എഴ് വർഷം മുൻപ് വിവാഹം വേർപെടുത്തിയ ആളാണ്‌. ആദ്യഭാര്യ മകനുമൊത്ത് വേറോരാളെ വിവാഹം കഴിച്ച് ജീവിക്കുന്നു. ഇവരുമായി രഘുനന്ദൻ സൗഹൃദം നല്ല രീതിയിൽ തുടരുന്നു.

വിവാഹമോചനം എന്ന പ്രക്രിയയെക്കുറിച്ചും അതിന്റെ മേന്മയെക്കുറിച്ചും ഇദ്ദേഹം വിവരിക്കുന്നുണ്ട്.

രാവിലെ എഴുന്നേറ്റാൽ കട്ടൻ ചായയിൽ വരെ മദ്യം ഒഴിച്ച് കഴിക്കുന്ന ഇദ്ദേഹം നേരെ ബാറിൽ ചെന്നാണ്‌ തന്റെ ദിവസം തുടങ്ങുന്നത്.

യുവ എഴുത്തുകാരായ കുടിയന്മാർ, റിട്ടയേർഡ് കുടിയന്മാർ, പണിക്കാരായ കുടിയന്മാർ, ഇരന്ന് കുടിക്കുന്നവർ, ഇടയ്ക്കിടെ ചെറു കൂട്ടായ്മകൾ സംഘടിപ്പിച്ച് മദ്യപിക്കുന്നവർ, വീട്ടിലിരുന്ന് ഭാര്യയുമായി മദ്യപിക്കുന്നവർ തുടങ്ങിയ നിരവധി ഇനം മദ്യപാനികളെ ഈ സിനിമയിൽ വിവരിക്കുന്നുണ്ട്.

ഒരു ഘട്ടത്തിൽ രഘുനന്ദൻ തന്റെ അമിതമായ മദ്യപാനം നിർത്തുകയും മദ്യപരിൽ ഉണ്ടാകുന്ന പ്രക്രിയയെക്കുറിച്ച് വാചാലനാകുകയും ചെയ്യുന്നു. തുടർന്ന് അത്തരം ഒരു മദ്യപാനിയുടെ ദൈനം ദിന ജീവിത ചര്യയെ ഒളിക്യാമറയിലൂടെ പകർത്തി അത് തന്റെ ടി വി ഷോയിലൂടെ കാണിച്ച് കുമ്പസാരിച്ച് കുടിയന്മാരെ നേർവഴിക്ക് നടത്താനുള്ള ആഹ്വാനവും ചെയ്യുന്നതോടെ ഈ സിനിമ പര്യവസാനിക്കുന്നു.

മദ്യപാനികളുടെ ചില മനോവികാരങ്ങൾ, ബുദ്ധിജീവി ജാടയുടെ ഭാഗമായ ചില പ്രവർത്തികൾ, മൊബൈൽ ഫോണിന്റെ ദുരുപയോഗം, മദ്യപാനത്തിന്റെ ദോഷങ്ങൾ എന്നീ ചില സംഗതികൾ ഈ ചിത്രത്തിലൂടെ എടുത്തുകാണിക്കാൻ ശ്രമിച്ചിരിക്കുന്നു.

മോഹൻ ലാൽ എന്ന നടൻ തന്റെ അഭിനയപാടവ്ം നല്ല രീതിയിൽ പ്രകടിപ്പിക്കുന്നു എന്നതാകുന്നു ഈ ചിത്രത്തിന്റെ പ്രധാന സവിശേഷത.

തുടക്കം മുതൽ തന്നെ വല്ലാത്ത ഒരു ഇഴച്ചിൽ അനുഭവപെടുന്നത് ആദ്യ ഗാനരംഗത്തിൽ എത്തുമ്പോൾ മൂർദ്ധന്യാവസ്ഥയിലെത്തി തീയ്യറ്റർ വിടുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. ടി വി പ്രോഗ്രാം എന്ന പേരിൽ നീണ്ടു നില്ക്കുന്ന സാമൂഹിക പ്രസംഗങ്ങൾ തരക്കേടില്ലാതെ ബോറടിപ്പിക്കും.
രണ്ടാമത്തെ ഗാനം ഒരല്പം മനസ്സിനെ സ്പർശിക്കാൻ സാധിച്ചിട്ടുണ്ട്.

കുറേ സാമൂഹിക ഇടപെടൽ നടത്താവുന്ന ബുദ്ധിജീവി ഡയലോഗുകൾ പരമാവധി പറയിപ്പിക്കൻ ശ്രമിച്ചിട്ടുണ്ട്. അതിൽ പലതും പ്രസക്തമാണെങ്കിലും പുതിയതല്ല.

സർക്കാർ സ്പോൺസർ ചെയ്ത് ഇറക്കുന്ന ഒരു മദ്യപാന വിരുദ്ധ ഡോക്യുമെന്ററി എന്നതാകുന്നു ഈ ചിത്രത്തിനെ ഒരു വാചകത്തിൽ വിവരിക്കാൻ സാധിക്കുന്നത്. കാര്യമായ ആസ്വാദനക്ഷമതയോ മാനസികോല്ലാസമോ നല്കാത്ത ഒരു ചിത്രം.

Rating : 3 / 10

7 comments:

സൂര്യോദയം said...

സർക്കാർ സ്പോൺസർ ചെയ്ത് ഇറക്കുന്ന ഒരു മദ്യപാന വിരുദ്ധ ഡോക്യുമെന്ററി എന്നതാകുന്നു ഈ ചിത്രത്തിനെ ഒരു വാചകതിൽ വിവരിക്കാൻ സാധിക്കുന്നത്. കാര്യമായ ആസ്വാദനക്ഷമതയോ മാനസികോല്ലാസമോ നല്കാത്ത ഒരു ചിത്രം.

Sadique M Koya said...

എല്ലാ ആഴ്ചയും ഒരു ലോഡ്‌ ചവറു തീയറ്ററില്‍ പ്രേകഷക്ര്‍ക്ക് മുന്നില്‍ ഇറക്കിയിട്ടിട്ടു പോവുന്ന സിനിമ സംസ്കാരം ആണ് നിലവില്‍ ഇവിടെ ഉള്ളത്...പഴയ സംവിധായക പുലികള്‍ മുതല്‍...സൂപ്പര്‍ താരങ്ങള്‍ തൊട്ടു..കൊച്ചു സൂപ്പര്‍ പ്രിത്വി രാജ ഉം വാധ്യാര്‍ വരെ എത്തി നിക്കുന്ന ജയ സുര്യാദികളും ഇതില്‍ ഭാഗഭാക്കാന്..
ഒരു സിനിമ എന്ന് പേരിട്ടു വിളിക്കാനോ..കണ്ടു വിലയിരുത്താനോ..ചര്‍ച്ച ചെയ്യാനോ ഒക്കെ പറ്റുന്ന സിനിമകള്‍ വല്ലപ്പോളും ആണ് ഇറങ്ങുന്നത്..അത്തരം ഒരു സംരംഭത്തെ...ഇത്രയും ഇകഴ്ത്താന്‍ തുനിഞ്ഞതില്‍...പെരുത്ത അത്ഭുതം ഉണ്ട് കേട്ടോ...
ഇത്രയും വേറിട്ട ഒരു ചിന്താ ഗതി താങ്കള്‍ക്കു ഉണ്ടായി കൂടാ എന്നില്ല..പക്ഷെ അത് വിവേചന പൂര്‍ണ്ണം ആവുന്നത് ശരി അല്ല...മല്ലൂ സിംഗ്‌ എന്ന സിനിമയുടെ അതെ മാര്‍ക്ക്‌ കിട്ടേണ്ട ഒരു സിനിമ ആണ് ഇതെന്നു കരുതുന്നില്ല...

എന്തായാലും താങ്കള്‍ക്കു ആശംസകള്‍...

സൂര്യോദയം said...

Sadique... താങ്കളുടെ വിയോജിപ്പിനെ എല്ലാ ബഹുമാനത്തോടെയും തന്നെ കാണുന്നു. താരതമ്യം ചെയ്തുള്ള ഒരു വിശകലനം അല്ല പൊതുവേ ഈ നിരൂപണങ്ങളിൽ നടക്കുന്നത്. ഒരു സിനിമ എത്രത്തോളം നമ്മെ ആസ്വദിപ്പിക്കുന്നു, മനസ്സിൽ തങ്ങി നില്ക്കുന്നു, വിഷയത്തിന്റെ ഗൗരവം സ്വാധീനിക്കുന്നു എന്നതോക്കെയാണ്‌ന്നു തോന്നുന്നു ഇതിന്റെ ആധാരം.

ചവറു സിനിമകൾ ധാരാളം ഇറങ്ങുന്നുണ്ട് എന്ന് സമ്മതിക്കുമ്പോൾ തന്നെ, മദ്യപാനം പോലുള്ള ഒരു വിഷയത്തെ വിമർശനാത്മകമായി സമീപിച്ച സംരംഭത്തെ പോസിറ്റീവ് ആയി കാണുന്നു. പക്ഷേ, അതൊരു പ്രേക്ഷക ആസ്വാദകനിലവാരത്തിലെത്തിക്കാൻ കഴിയാതെ ഒരു ഡോക്യുമെന്ററി പോലെ വിരസമായിപ്പോയപ്പോൾ ഈ തരത്തിലേ നിരൂപിക്കാൻ സാധിക്കുന്നുള്ളൂ. :)

anse said...

എനിക്ക് സോങ്ങ്സ് ഇഷ്ടപ്പെട്ടു .ഫസ്റ്റ് 45 minitues unsahiable . ഒരു scprit writer എന്ന nilayil രഞ്ജിത്ത് ഒരു below average യ്യിരുന്നു..

Mr. സംഭവം (ചുള്ളൻ) said...

സൂര്യോദയത്തിന്റെ സിനിമ നിരൂപണം സ്ഥിരമായി വായിക്കുന്ന ഒരാളാണ് ഞാന്‍. പക്ഷെ ഈ അഭിപ്രായത്തില്‍ യോജിക്കാന്‍ വയ്യ. ഈ ഇടയ്ക്കു ഇറങ്ങിയ മലയാള ചിത്രങ്ങളില്‍ എനിക്കേറെ ഇഷ്ടപെട്ട ചിത്രമാണ് സ്പിരിറ്റ്‌. ഒരു ചിത്രത്തില്‍ പ്രേക്ഷക അസ്വാദന എന്ന് പരാമര്ശികുമ്പോള്‍, ഏതു തരത്തിലുള്ള പ്രേക്ഷകര്‍ എന്ന് കൂടെ പറയണം. സാമൂഹിക പ്രതിബദ്ധതയുള്ള ഇതൊരു പ്രേക്ഷകനും ആസ്വദിക്കാന്‍ പറ്റിയ ചിത്രം തന്നെയാണ് സ്പിരിറ്റ്‌. ഒരു പച്ചയായ ചിത്രം, നല്ലൊരു മെസ്സേജ് ഉള്ള ചിത്രം.

Blogger said...

@Chullan...Well said it, our youngsters must see this film...

Sreejith K. said...

ഇന്നാണ് ഈ സിനിമ കാണാൻ സാധിച്ചത്. അടുത്തകാലത്തൊന്നും എന്നെ ഇത്രയധികം ബോറഡിപ്പിച്ച ഒരു സിനിമയില്ല. ഒരു മോഹൻലാൽ ഷോ എന്ന് വിളിക്കാം സിനിമയെ. മദ്യപാനത്തെ നിരുത്സാഹപ്പെടുത്തുന്ന ഒന്നും തന്നെ സിനിമയിൽ ഇല്ലാത്തതിനാൽ സർക്കാർ നികുതി ഇളവ് കൊടുക്കാതിരുന്നതോർത്ത് ഇപ്പോൾ സന്തോഷിക്കുന്നു.