Monday, April 09, 2012

മായാമോഹിനി



കഥ, തിരക്കഥ, സംഭാഷണം: സിബി. കെ. തോമസ്‌, ഉദയകൃഷ്ണ
സംവിധാനം: ജോസ്‌ തോമസ്‌
നിര്‍മ്മാണം: പി. സുകുമാര്‍, മധു വാര്യര്‍

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌..... (ഇങ്ങനെയാകണമല്ലോ ഈ തിരക്കഥാകൃത്തുക്കളുടെ എല്ലാ സിനിമകളുടേയും തുടക്കം..)
ഇങ്ങനെ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തുടങ്ങിയാലും നല്ല തറവാടും നല്ല സ്വത്തും ഉണ്ടായിരിക്കുക എന്നതും അത്യന്താപേക്ഷിതമാണ്‌.

അങ്ങനെ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു തറവാട്ടിലെ അമ്മാവന്‍മാരുടെ ഏക അവകാശിയായി മാറുന്ന ബാലചന്ദ്രന്‍ (ബിജുമേനോന്‍). ചെറുപ്പത്തില്‍ ഗള്‍ഫില്‍ നിന്ന്‌ വന്ന ഒരു വിമാനം തകര്‍ന്ന്‌ ഈ നാല്‌ വയസ്സുകാരന്‍ കുട്ടി മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ ബാലു വളര്‍ന്ന്‌ പല ബിസിനസ്സുകളും നടത്തിയെങ്കിലും എല്ലാം പൊളിഞ്ഞ്‌ നശിച്ച്‌ ഒരു വഴിക്കാകുന്ന ഒരു രോഗത്തിന്‌ അടിമയാണ്‌. ഈ രോഗത്തിന്‌ കൂട്ടായി ലക്ഷ്മി നാരായണന്‍ (ബാബുരാജ്‌) എന്ന റിട്ടയേര്‍ഡ്‌ മജിസ്റ്റ്രേറ്റിണ്റ്റെ മകനുമുണ്ട്‌. ഇവര്‍ തമ്മിലുള്ള പല സംഭവങ്ങളും സംഭാഷണങ്ങളുമാണ്‌ ഈ ചിത്രത്തില്‍ ആസ്വാദ്യകരമായ പല സന്ദര്‍ഭങ്ങളും പ്രേക്ഷകര്‍ക്ക്‌ നല്‍കുന്നത്‌.

ചോതി നക്ഷത്രക്കാരിയെ കല്ല്യാണം കഴിച്ചാല്‍ ബാലുവിന്‌ പിന്നെ നല്ലകാലമാണെന്ന ഒരു ജ്യോത്സ്യപ്രവചനത്തെത്തുടര്‍ന്ന്‌ അങ്ങനെ ഒരു പെണ്‍കുട്ടിയെ കല്ല്യാണം കഴിക്കുന്നതും അവള്‍ ഒരു വഴിക്ക്‌ പോകുമ്പോള്‍ പകരക്കാരിയായി അമ്മാവന്‍മാരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ഒരു പെണ്ണിനെ വാടകയ്ക്‌ എടുക്കുന്നതും തുടര്‍ന്നുള്ള സംഭവബഹുലമായ കാര്യങ്ങളുമാണ്‌ ഈ ചിത്രത്തിണ്റ്റെ കഥാസാരം. വാടകയ്ക്ക്‌ എത്തുന്ന പെണ്ണാണ്‌ മായാമോഹിനി.

ഗംഭീര സുന്ദരിയാണെന്ന മട്ടില്‍ അവതരിപ്പിക്കുന്ന ഈ സംഭവം പ്രേക്ഷകര്‍ക്ക്‌ വല്ലാത്ത ഒരു അറപ്പ്‌ ജനിപ്പിക്കുന്നതിനേ ഉപകരിച്ചുള്ളൂ എന്നതാണ്‌ സത്യം. ഒരു 'ഹിജഡ' യെ ഭംഗിയായി അവതരിപ്പിക്കാന്‍ ദിലീപിന്‌ സാധിച്ചു എന്ന്‌ വേണമെങ്കില്‍ പറയാം. ആ കൈവിരലുകളുടെയൊക്കെ ഭംഗി കണ്ടാല്‍ പിന്നെ സ്ത്രീ എന്ന വിഭാഗത്തോട്‌ തന്നെ ഒരു അലര്‍ജി തോന്നാവുന്നതാണ്‌.

ദിലീപ്‌ എന്ന നടന്‍ ഈ വേഷം കൈകാര്യം ചെയ്യാന്‍ കാണിച്ച സാഹസവും ബുദ്ധിമുട്ടുകളും വിസ്മരിക്കുന്നില്ലെങ്കിലും സത്യം പറയാതിരിക്കാനാവില്ലല്ലോ. പരമ ദയനീയം...

പഴയ മലയാളം നീലപ്പടങ്ങളുടെ കെട്ടും മട്ടും പലപ്പോഴും ഈ ചിത്രത്തില്‍ തെളിഞ്ഞുവന്നു.

ഈ മാദകറാണിയെ കണ്ട്‌ വയസ്സന്‍മാര്‍ മുതല്‍ ചെറുപ്പക്കാര്‍ വരെ ആകൃഷ്ടരായി പ്രതികരിച്ചപ്പോള്‍ അത്‌ കണ്ട്‌ വെറുപ്പോടെ ഇരിക്കാനേ ഒരു പ്രേക്ഷകനെന്ന നിലയില്‍ സാധിക്കുന്നുള്ളൂ.

അശ്ളീലത്തിണ്റ്റെ അതിര്‍വരമ്പുകള്‍ കടന്നും പോയുള്ള ദ്വയാര്‍ത്ഥപ്രയോഗങ്ങളുടെ കൂട്ടപ്പൊരിച്ചിലിന്നിടയില്‍ കിടന്ന്‌ സാംസ്കാരികബോധമുള്ളവര്‍ വീര്‍പ്പുമുട്ടുമ്പോഴും ഈ ചിത്രം പകുതിപോലും ആയിട്ടില്ലല്ലോ എന്ന ഭീതി മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. പിന്നീടങ്ങോട്ട്‌ കഥ ഒരു പരക്കം പാച്ചിലാണ്‌. കണ്ടതും കേട്ടതുമായ സംഗതികളെല്ലാം ചേര്‍ത്ത്‌ വെച്ച്‌ ഗംഭീരമായ സസ്പെന്‍സുകളൊക്കെ തുന്നിച്ചേര്‍ത്തുകൊണ്ടുള്ള കഥയുടെ പോക്ക്‌ കണ്ട്‌ സഹിച്ച്‌ തരിച്ച്‌ ഇരിക്കാനേ പ്രേക്ഷകര്‍ക്കാകൂ.. (ഈ വൃത്തികേട്‌ മുഴുവന്‍ കാണണമെന്നുള്ള വാശിയുണ്ടെങ്കില്‍ ഇരുന്നാല്‍ മതി എന്ന്‌ ഓര്‍ക്കുന്നു).

കഥയോ അര്‍ത്ഥമോ മനസ്സിലാക്കാത്ത വിഭാഗം കുട്ടികളെ കുറേയൊക്കെ ഈ ചിത്രം രസിപ്പിക്കും എന്നത്‌ എണ്റ്റെ ഏഴ്‌ വയസ്സുകാരി കുട്ടിയുടെ സന്തോഷത്തില്‍ നിന്ന്‌ എനിക്ക്‌ മനസ്സിലായി. ദിലീപിണ്റ്റെ ഡാന്‍സും പല ഭാവപ്രകടനങ്ങളും കുട്ടികളെ ആകര്‍ഷിക്കുമെങ്കിലും മറ്റുള്ളവര്‍ക്ക്‌ അത്‌ വളരെ അരോചകമായി തോന്നും.

അവ്വൈ ഷണ്‍മുഖിയെ ഒന്ന്‌ രണ്ട്‌ സീനുകളില്‍ ഓര്‍മ്മിപ്പിക്കുമെങ്കിലും താരതമ്യം ചെയ്യാനുള്ള വലുപ്പം ഇല്ലാത്തതിനാല്‍ ആ ഓര്‍മ്മ നമ്മള്‍ വിസ്മരിക്കും.

ഒരു മണ്ടന്‍ പോലീസ്‌ ഒാഫീസറായി (എസ്‌.പി.) സ്ഫടികം ജോര്‍ജ്ജിനെ അവതരിപ്പിച്ചപ്പോള്‍ അത്‌ വല്ലാത്തൊരു മണ്ടന്‍ പ്രദര്‍ശനമായിപ്പോയി. ഈ പോലീസ്‌ ഒാഫീസറുടെ കീഴിലുള്ള സമര്‍ത്ഥനും ചുറുചുറുക്കുള്ളതുമായ എ.എസ്‌.പി. (മധു വാര്യര്‍) അവതരിച്ചെങ്കിലും പോലീസ്‌ തലയ്ക്ക്‌ വില പറഞ്ഞിട്ടുള്ള ഒരു കുറ്റവാളിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആ സ്മാര്‍ട്ട്‌ നസ്‌ കണ്ട്‌ മണ്ടന്‍ ട്രോഫി നമ്മള്‍ എസ്‌.പി.യില്‍ നിന്ന് വാങ്ങി ഈ എ.എസ്‌.പി.യ്ക്ക്‌ കൈമാറും. അങ്ങനെ കേരളപോലീസിനെ മൊത്തം അടച്ചാക്ഷേപിക്കാനായതില്‍ ഈ ചിത്രത്തിണ്റ്റെ അണിയറപ്രവര്‍ത്തകര്‍ക്ക്‌ ആഹ്ളാദിക്കാം.

ഈ ചിത്രത്തിണ്റ്റെ മറ്റൊരു പ്രത്യേക്ത എന്തെന്നല്‍ ഇതില്‍ അഭിനയിച്ചിരിക്കുന്ന ഭൂരിഭാഗം പേരും ഒന്നുകില്‍ വേഷം മാറിയോ (അമ്മാവന്‍മാരും ജ്യോത്സ്യനും പ്രായത്തിനനുസരിച്ച്‌ വേഷഭാവവ്യതാസത്തില്‍ അവതരിക്കുന്നു) അല്ലെങ്കില്‍ ആള്‍മറാട്ടം നടത്തിയോ (മിക്കവാറും എല്ലാ കഥാപാത്രങ്ങളും) പ്രത്യക്ഷപ്പെടുന്നു എന്നതാണ്‌.

ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്ക്‌ കൊള്ളാമായിരുന്നു എന്ന് തോന്നി.
ഗാനരംഗങ്ങള്‍ക്ക്‌ ഹിന്ദി ഗാനങ്ങളുടെ ഛായയും നല്ല ഒച്ചയും ബഹളവും ഉണ്ടായിരുന്നു.

ആദ്യരാത്രി, ഹോസ്പിറ്റല്‍ സീന്‍ തുടങ്ങിയ ചില രംഗങ്ങളില്‍ അശ്ളീലം അതിണ്റ്റെ മൂര്‍ദ്ധന്യത്തില്‍ കൊടികുത്തി വാഴുമ്പോള്‍ മലയാളികളുടെ സംസ്കാരത്തിണ്റ്റെ നെറുകയില്‍ ഒരു ശൂലം കുത്തിയിറക്കുകയാണ്‌ ഈ ചിത്രം ചെയ്ത സംഭാവന എന്ന്‌ തോന്നുന്നു.

ഏത്‌ തരം പ്രേക്ഷകവിഭാഗത്തെയാണ്‌ ഈ ചിത്രം ഉന്നം വച്ചതെന്ന്‌ തിട്ടപ്പെടുത്തുക ബുദ്ധിമുട്ടാണ്‌.

സ്വവര്‍ഗ്ഗാനുരാഗികള്‍, അശ്ളീലച്ചുവയുള്ള ദ്വയാര്‍ത്ഥങ്ങളില്‍ ആനന്ദം കണ്ടെത്തുന്നവര്‍ എന്നീ രണ്ട്‌ വിഭാഗങ്ങളെ നല്ലപോലെ സംതൃപ്തരാക്കുന്ന ഈ ചിത്രം വലിയ വിജയത്തോടെ ആഘോഷിക്കപ്പെട്ടാല്‍ മലയാളിയുടെ സംസ്കാരത്തിണ്റ്റെ മഹിമ എത്രെത്തോളം ഔന്നത്യത്തില്‍ എത്തിയിരിക്കുന്നു എന്ന്‌ വിലയിരുത്താവുന്നതാണ്‌.

Rating : 2 / 10

3 comments:

സൂര്യോദയം said...

സ്വവര്‍ഗ്ഗാനുരാഗികള്‍, അശ്ളീലച്ചുവയുള്ള ദ്വയാര്‍ത്ഥങ്ങളില്‍ ആനന്ദം കണ്ടെത്തുന്നവര്‍ എന്നീ രണ്ട്‌ വിഭാഗങ്ങളെ നല്ലപോലെ സംതൃപ്തരാക്കുന്ന ഈ ചിത്രം വലിയ വിജയത്തോടെ ആഘോഷിക്കപ്പെട്ടാല്‍ മലയാളിയുടെ സംസ്കാരത്തിണ്റ്റെ മഹിമ എത്രെത്തോളം ഔന്നത്യത്തില്‍ എത്തിയിരിക്കുന്നു എന്ന്‌ വിലയിരുത്താവുന്നതാണ്‌.

kanakkoor said...

ചിത്രം ഇനി കാണണം എന്നില്ല. സത്യസന്ധമായ വിലയിരുത്തലിനു നന്ദി

vasanthalathika said...

you said it.