Sunday, April 01, 2012

മാസ്റ്റേര്‍സ്‌ (Masters)



കഥ, തിരക്കഥ, സംഭാഷണം: ജിനു എബ്രഹാം
സംവിധാനം: ജോണി ആണ്റ്റണി
നിര്‍മ്മാണം: ബി. ശരത്‌ ചന്ദ്രന്‍

ശ്രീരാമകൃഷ്ണന്‍ എന്ന ഐ.പി.എസ്‌ ഉദ്യേഗസ്ഥനായ പൃഥ്യിരാജും മിലന്‍ പോള്‍ എന്ന പത്രപ്രവര്‍ത്തകനായി ശശികുമാറും കോളേജ്‌ കാലഘട്ടം മുതല്‍ സുഹൃത്തുക്കളാണ്‌.
സംസ്ഥാനത്ത്‌ നടക്കുന്ന ഒരു കൊലപാതകം, അതും ചാവേര്‍ മോഡല്‍. ഇത്‌ അന്വേഷിക്കാന്‍ ഈ ഐ.പി.എസ്സിനെ കേന്ദ്രത്തില്‍ നിന്ന് നേരിട്ട്‌ ഇടപെടലിലൂടെ ഏല്‍പ്പിക്കുന്നു.

ഈ കൊലപാതകത്തിണ്റ്റെ അന്വേഷണം നടക്കുമ്പോള്‍ മറ്റൊരു കൊലപാതകം. കൊല്ലപ്പെട്ടവര്‍ രണ്ടുപേരും സ്ത്രീ പീഠനക്കേസുകളില്‍ വിട്ടയക്കപ്പെട്ട പ്രമുഖര്‍. പക്ഷേ, കൊലപാതകിയും കൊല്ലപ്പെട്ടയാളും തമ്മില്‍ നേരിട്ട്‌ ബന്ധവുമില്ല. ഈ അന്വേഷണം മുന്നോട്ട്‌ പോകുമ്പോള്‍ വീണ്ടു അത്തരം കൊലപാതകം. തുടര്‍ന്ന് ഈ കൊലപാതകങ്ങളുടെ സാദൃശ്യങ്ങളും കൊലപാതകികളുടെ സാദൃശ്യങ്ങളുമെല്ലാം ചേര്‍ത്ത്‌ ഇനി നടക്കാന്‍ പോകുന്ന കൊലപാതകങ്ങളെ മുന്‍ കൂട്ടി കണ്ടെത്തി തടയാനുള്ള ശ്രമങ്ങളും കുറ്റാന്വേഷണവുമാണ്‌ 'മാസ്റ്റേര്‍സ്‌' എന്ന ഈ സിനിമ.

പതിവ്‌ രീതിയില്‍ നിന്ന് മാറി അല്‍പം വ്യത്യസ്തമായ ഒരു കൊലപാതകഘടനയുണ്ട്‌ എന്നതാകുന്നു ഈ ചിത്രത്തിണ്റ്റെ ഏക മികവ്‌. പക്ഷേ, ആ ഘടന കുറച്ച്‌ കഴിയുമ്പോഴേയ്ക്കും പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകുകയും തുടര്‍ന്ന് എന്തെന്ന് ഏകദേശരൂപമുള്ളതിനാല്‍ അത്‌ വരുന്നതിനുവേണ്ടി കാത്തിരുന്നു കുറേയൊക്കെ ബോറടിക്കേണ്ടിവരികയും ചെയുന്നു എന്നിടത്താണ്‌ ഈ ചിത്രത്തിണ്റ്റെ പ്രധാന പ്രശ്നം.

ചിത്രത്തിണ്റ്റെ ഒരു ഘട്ടത്തിലും പ്രേക്ഷകരെ കാര്യമായി സ്വാധീനിക്കാവുന്ന ഒരു ഘടകവും ഉണ്ടായിരുന്നില്ല എന്നത്‌ തന്നെ വളരെ ദൌര്‍ഭാഗ്യകരമാണ്‌. ഇടയ്ക്ക്‌ ഒരല്‍പ്പം ആകാംക്ഷയും വേഗവും തോന്നിയതൊഴിച്ചാല്‍ ചിത്രം പൊതുവേ നല്ല ലാഗിംഗ്‌ ആയിരുന്നു.

ബോബുണ്ടാക്കാനുള്ള വിശദാംശങ്ങളെല്ലാം ഇണ്റ്റര്‍ നെറ്റില്‍ ലഭ്യമാണെന്നും ഒരു ഇലക്ട്രോണിക്സ്‌ വിദ്യാര്‍ത്ഥിനിക്ക്‌ ആ വിവരങ്ങള്‍ വെച്ച്‌ ബോംബുണ്ടാക്കി റിമോട്ട്‌ ആയി പ്രവര്‍ത്തിപ്പിക്കുന്നരീതിയില്‍ സഞ്ജീകരിക്കല്‍ വളരെ സിമ്പിള്‍ ആണെന്നും ഐ.പി.എസ്സിനെക്കൊണ്ട്‌ പറയിച്ചാല്‍ പ്രേക്ഷകര്‍ക്ക്‌ വിശ്വാസമാകും എന്ന ധാരണ തിരക്കഥാകൃത്തിനുണ്ട്‌. ഇത്രയും കപ്പാസിറ്റിയുണ്ടെങ്കില്‍ ഈ കഥയില്‍ പിന്നെ മറ്റുള്ളവരുടെ കൊലപാതകങ്ങള്‍ക്ക്‌ വേറെ രീതിയൊന്നും അവലംബിക്കേണ്ടതുണ്ടായില്ല.

സയനൈഡ്‌ ലിപ്സ്റ്റിക്‌ പരിപാടി ചൂണ്ടിയതാണെന്ന് പറയേണ്ടതില്ലല്ലോ. ഇത്‌ എങ്ങനെ കിട്ടി, അതിണ്റ്റെ പിന്നില്‍ ആര്‌ എന്നതൊന്നും പോലീസിണ്റ്റെ അന്വേഷണപരിധിയില്‍ പെടുന്നില്ല.

കൊലപാതകം നടന്നുകഴിഞ്ഞാല്‍ ഒരു മഴയും റെയിന്‍ കോട്ടും കുടയുമൊക്കെയായ സെറ്റപ്പില്‍ അവതരിപ്പിച്ചാല്‍ ഗംഭീരതകൂടും എന്ന ഫോര്‍മുലയില്‍ സംവിധായകന്‍ വല്ലാതെ ആകൃഷ്ടനായി തോന്നി.

ശ്രീരാമകൃഷ്ണനും മിലന്‍ പോളുമായുള്ള സൌഹൃദത്തിനെ ഉദ്ദേശിക്കുന്ന അളവില്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ സംവിധായകനും തിരക്കഥാകൃത്തിനും സാധിച്ചിട്ടില്ല. അതില്‍ ശശികുമാറിണ്റ്റെ ഡബ്ബിങ്ങിണ്റ്റെ പരാധീനതകളും അഭിനയത്തിണ്റ്റെ ന്യൂനതകളും നല്ലൊരു പങ്ക്‌ വഹിച്ചിട്ടുണ്ട്‌.

പൃഥ്യിരാജ്‌ തണ്റ്റെ റോള്‍ ഒരുവിധം ഭംഗിയായി ചെയ്തു എന്നേ പറയാനാകൂ.

ഒരല്‍പ്പം വ്യത്യസ്തമായ ഒരു കഥാബീജമുണ്ടായിരുന്നിട്ടും അതിനെ വേണ്ടവിധം പ്രേക്ഷകര്‍ക്ക്‌ താല്‍പര്യവും ഉദ്വേഗവും ജനിപ്പിക്കുന്ന വിധത്തില്‍ ചിത്രീകരിക്കാനായില്ല എന്നതിനാല്‍ തന്നെ ഈ ചിത്രം ഒരു നനഞ്ഞ പടക്കമായി അവശേഷിക്കുന്നു.

Rating : 4.5 / 10

1 comment:

സൂര്യോദയം said...

ഒരല്‍പ്പം വ്യത്യസ്തമായ ഒരു കഥാബീജമുണ്ടായിരുന്നിട്ടും അതിനെ വേണ്ടവിധം പ്രേക്ഷകര്‍ക്ക്‌ താല്‍പര്യവും ഉദ്വേഗവും ജനിപ്പിക്കുന്ന വിധത്തില്‍ ചിത്രീകരിക്കാനായില്ല എന്നതിനാല്‍ തന്നെ ഈ ചിത്രം ഒരു നനഞ്ഞ പടക്കമായി അവശേഷിക്കുന്നു.