Tuesday, April 17, 2012

22 ഫീമെയില്‍ കോട്ടയം



രചന: അഭിലാഷ്‌ കുമാര്‍, ശ്യാം പുഷ്കരന്‍
സംവിധാനം: ആഷിക്‌ അബു
നിര്‍മ്മാണം: ഒ.ജി. സുനില്‍

മലയാള സിനിമയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന്‌ ഉദ്ഘോഷിച്ചുകൊണ്ടിരിക്കുന്ന കുറച്ച്‌ ചിത്രങ്ങളുടെ ഗണത്തിലേയ്ക്കെന്ന രീതിയില്‍ നേരത്തേ തന്നെ നിശ്ചയിക്കപ്പെട്ടപോലെ ഈ ചിത്രവും പ്രതീക്ഷ തെറ്റിക്കാതെ എഴുതിച്ചര്‍ക്കപ്പെട്ടു. പക്ഷേ, ലൈഗീകച്ചുവയുള്ള കാര്യങ്ങള്‍ അധികം മറച്ചുപിടിക്കാതെ കഥാപരമായി പരാമര്‍ശിക്കപ്പെടുകയും ലൈഗീകതയില്‍ വിമുഖതകാണിക്കാത്ത 'സ്ട്രോങ്ങ്‌' ആയ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നതിലാണോ ഈ മലയാള സിനിമയുടെ 'മാറ്റം' എന്ന്‌ വിശകലനം ചെയ്യുകയും ഈ മാറ്റത്തെ സ്ത്രീപ്രേക്ഷകരും, കുട്ടികളടങ്ങുന്ന കുടുംബ പ്രേക്ഷകരും തീയ്യറ്ററില്‍ ഇരുന്ന്‌ ആസ്വദിക്കുമ്പോള്‍ സാംസ്കാരികമായ വലിയൊരു 'മാറ്റം' സംഭവിക്കുന്നുണ്ടെന്ന്‌ മനസ്സിലാകുകയും ചെയ്യുന്നു.

അതുപോലെ തന്നെ, സിനിമകളെ വിശകലനം ചെയ്യുമ്പോള്‍ ഇത്തരം 'മാറ്റത്തിണ്റ്റെ' സിനിമകളെ മറ്റൊരു അളവുകോല്‍ വെച്ചുമാത്രം അളന്ന്‌ തിട്ടപ്പെടുത്തി ഉയര്‍ത്തിക്കാട്ടാന്‍ കൂട്ടായ ഒരു ഇണ്റ്റര്‍നെറ്റ്‌ ബുദ്ധിജീവി സമൂഹം നിലകൊള്ളുന്നു എന്ന സത്യവും വിസ്മരിക്കാവുന്നതല്ല.

ബാംഗ്ക്ളൂരില്‍ നഴ്സ്‌ ആയി ജോലി ചെയ്ത്‌ വിദേശത്ത്‌ പോകാന്‍ ആഗ്രഹിക്കുന്ന അനേകം കോട്ടയംകാരി പെണ്‍കുട്ടികളില്‍ ഒരാളാണ്‌ നായിക. ഈ നായികയിലൂടെ കോട്ടയംകാരായ പെണ്‍കുട്ടികളുടെ തണ്റ്റേടത്തെയാണോ നഴ്സുമാരായി ജോലി ചെയ്യുന്നവരുടെ ജീവിതാനുംഭവങ്ങളെയാണോ അതുമല്ലെങ്കില്‍ രണ്ടും ചേര്‍ന്നുള്ള ഒരു സ്ത്രീ വിഭാഗത്തെയാണോ പ്രതിനിധാനം ചെയ്യുന്നതെന്ന്‌ ചിന്തിക്കാവുന്നതാണ്‌.

ഈ കഥാപാത്രത്തിലൂടെയും ഇവരുടെ ചുറ്റുമുള്ള മറ്റ്‌ കഥാപാത്രങ്ങളിലൂടെയും വിവാഹപൂര്‍വ്വ, വിവാഹേതര ബന്ധങ്ങള്‍ വളരെ ലളിതവല്‍ക്കരിച്ച്‌ ചിത്രീകരിക്കപ്പെടുകയും അതിന്‌ ഒരു പൊതുവായ കാര്യമെന്ന അര്‍ത്ഥം നല്‍കുകയും ചെയ്തിരിക്കുന്നു.

ഈ സിനിമയില്‍ 'മാറ്റ'ത്തിണ്റ്റെ സൂചനകള്‍ നല്‍കിയ ചില സന്ദര്‍ഭങ്ങളും ഡയലോഗുകളും താഴെ ചേര്‍ക്കുന്നു.
1. തന്നെ പ്രേമിക്കുന്ന അല്ലെങ്കില്‍ കാമിക്കുന്ന ഒരാളോട്‌ താന്‍ വിര്‍ജിന്‍ അല്ല എന്ന്‌ പ്രഖ്യാപിക്കുന്ന നായിക, തണ്റ്റെ പൂര്‍വ്വ ലൈഗികബന്ധത്തെ വിശദീകരിച്ചുകൊടുക്കുന്നു.
2. നായികയുടെ കൂട്ടുകാരി സ്വന്തം സുഖസൌകര്യങ്ങള്‍ക്ക്‌ വേണ്ടി ധനികനായ മറ്റൊരാള്‍ക്ക്‌ വേണ്ടപ്പോഴൊക്കെ ലൈഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നു. അത്‌ അറിയുന്ന കൂട്ടുകാരികളും അതിണ്റ്റെ ധനസുഖത്തിണ്റ്റെ പങ്ക്‌ പറ്റുന്ന സുഹൃത്തുക്കളും.
3. ഒരാളോട്‌ പ്രണയമായിക്കഴിഞ്ഞപ്പോഴെയ്ക്കും വിവാഹം കഴിക്കാതെ തന്നെ കുറച്ചുകാലം കാമുകനോടൊപ്പം ഭാര്യയെപ്പോലെ കഴിയാന്‍ സന്തോഷത്തോടെ സമ്മതിക്കുന്ന നായിക.
3. പ്രതികാരനടപടികളില്‍ ഒട്ടും ചഞ്ചലപ്പെടാതെ ഇരയുടെ വേദനയെ ആസ്വദിക്കുന്ന നായിക.
4. 'നൈസ്‌ ആസ്സ്‌' എന്ന് ഒരു പുരുഷനെ നോക്കി പറയാന്‍ ധൈര്യം കാണിക്കുന്ന നായികയുടെ അനിയത്തി.
5. Can i have Sex with you?, F. ck you, എന്നൊക്കെയുള്ള ഡയലോഗുകള്‍
6. Male organ മുറിച്ച്‌ മാറ്റപ്പെടുകയും തുടര്‍ന്നുള്ള സാഹചര്യങ്ങളും സംസാരങ്ങളും

മേല്‍ പറഞ്ഞ മാറ്റത്തിണ്റ്റെ സൂചനകള്‍ കാണുമ്പോള്‍ ഈ മാറ്റം അനുഭവിക്കാന്‍ ഒരു കുടുംബത്തെയോ കുട്ടികളെയോ കൂടെ കൊണ്ടുപോകാന്‍ ധൈര്യം കാണിക്കുന്നവരാണ്‌ യഥാര്‍ത്ഥ മാറ്റത്തിണ്റ്റെ മുന്‍ നിരക്കാര്‍.

നന്‍മയുടെ അംശം മരുന്നിന്‌ മാത്രം ചേർക്കുകയും ക്രൂരതകളും അതിണ്റ്റെ അസ്വസ്ഥതകളും പ്രേക്ഷകര്‍ക്ക്‌ ഒരുപാട്‌ സമ്മാനിക്കുകയും ചെയ്യുന്നു ഈ ചിത്രം. അതൊക്കെ നല്ലപോലെ ആസ്വദിക്കാവുന്ന പ്രേക്ഷകര്‍ക്ക്‌ ഇത്‌ മാറ്റത്തിണ്റ്റെ സിനിമയാണ്‌.

ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീ സമൂഹത്തെയും അതില്‍ പ്രതികരിക്കുവാന്‍ കഴിയുമെന്ന് തെളിയിക്കുന്ന സ്ത്രീ കഥാപാത്രങ്ങളേയും ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക്‌ കാട്ടിക്കൊടുക്കുന്നു എന്നതാകുന്നു ഈ ചിത്രത്തിണ്റ്റെ പ്രധാന മേന്‍മ.
പക്ഷേ, ഇങ്ങനെ പ്രതികാരം ചെയ്യുമ്പോള്‍ ഈ സ്ത്രീ കഥാപാത്രങ്ങള്‍ പുരുഷസഹായത്തോടെ മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്ന് വിവരിക്കുമ്പെൊള്‍, അതിനുവേണ്ടി എപ്പോഴും വസ്ത്രം ഉരിഞ്ഞുകൊടുക്കേണ്ടിവരുന്നു എന്ന് വിശദീകരിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ സ്ത്രീ കഥാപാത്രങ്ങളുടെ ശക്തിയെ ഇകഴ്ത്തിക്കാട്ടുകയാണ്‌ ചെയ്യുന്നത്‌.

നായകനോട്‌ പ്രതികാരം ചെയ്യാന്‍ ഒരു കൂളിംഗ്‌ ഗ്ളാസ്സും ധരിപ്പിച്ച്‌ നായികയെ വിട്ടപ്പോള്‍ സംവിധായകന്‍ ഈ നായികയെ ഒരു മണ്ടിയാക്കിത്തീര്‍ക്കുകയാണ്‌ ചെയ്തത്‌.
സര്‍ജിക്കല്‍ സയന്‍സ്‌ വായിച്ച്‌ പഠിച്ച്‌ ഒാപ്പറേഷന്‍ ചെയ്ത ആദ്യ നഴ്സ്‌ എന്ന ബഹുമതി കൂടി നായികയ്ക്ക്‌ ലഭിക്കുന്നു എന്നതും ഈ സ്ത്രീ കഥാപാത്രത്തിണ്റ്റെ കരുത്താണ്‌.

തണ്റ്റെ ജീവിതത്തില്‍ ഇത്രയേറെ ദുരിതങ്ങള്‍ സമ്മാനിച്ച നായകനെ വീണ്ടും ചെന്ന് കണ്ട്‌ I Love You എന്ന് നായികയെക്കൊണ്ട്‌ പറയിപ്പിക്കുമ്പോഴും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളിലും അവിശ്വസനീയതകളും സാമാന്യബോധത്തിണ്റ്റെ കുറവുകളും തെളിഞ്ഞുകാണാം.

പ്രതികാരത്തിണ്റ്റെ സങ്കീര്‍ണ്ണമായ സമയങ്ങളിലും വേദനയിലും നായകന്‍ നായികയെ 'ഫാഷ' (ഭാഷ) പഠിപ്പിക്കാന്‍ ശ്രമിക്കുന്നതും കെങ്കേമമായി.

വേശ്യാവൃത്തിയെ ഉന്നതനിലവാരം ചേർത്ത് പൊലിപ്പിച്ച് കാണിച്ചാൽ അത് മാന്യവും മഹത്കരവുമായ ഒരു പ്രവർത്തിയാവില്ല എന്ന് കുറച്ച് ആളുകൾക്കെങ്കിലും അറിയാമായിരിക്കും.

വിവാഹപൂർവ്വബന്ധങ്ങളും വിവാഹേതര ബന്ധങ്ങളും ലളിതമായി ചിത്രീകരിക്കുകയും ഈ സമൂഹത്തിൽ വിജയിക്കാനും സുഖമായി ജീവിക്കാനും വേശ്യാവൃത്തി ചെയ്യാതെ ഒരു സ്ത്രീക്ക് സാധിക്കില്ല എന്ന സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുന്നതിലാണ്‌ ഈ സിനിമ ലക്ഷ്യമിട്ടിരിക്കുന്നതെന്നും തോന്നാവുന്നതാണ്‌.

റീമ കല്ലിങ്കൽ, ഫഹദ്, പ്രതാപ് പോത്തൻ, ടി.ജി. രവി എന്നിവരും മറ്റ് നടീ നടന്മാരും മികച്ച അഭിനയം കാഴ്ച വെച്ചു. ഫഹദ് എന്ന നടൻ ‘ടൈപ്പ് കാസ്റ്റ്’ ചെയ്യപ്പെടുകയാണ്‌ എന്നതാണോ അതോ ഈ ഒരു ടൈപ്പേ ഇദ്ദേഹത്തിന്‌ സാധിക്കൂ എന്നതാണോ കാര്യം എന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്ക്കുന്നു.

പൊതുവേ പറഞ്ഞാല്‍ പലപ്പോഴും ബോറടിപ്പിക്കുകയും വല്ലാതെ അസ്വസ്ഥമാക്കുകയും (ക്രൂരതകളും വേദനകളും കണ്ട്‌) ചെയ്യുന്ന, കുടുംബത്തെയോ കുട്ടികളെയോ കൊണ്ടുപോയി കാണിക്കാന്‍ സാധിക്കാത്ത ഒരു ചിത്രമായേ ഈ സിനിമയെ വിശകലനം ചെയ്യാന്‍ സാധിക്കുന്നുള്ളൂ.

Rating : 3 /10

14 comments:

സൂര്യോദയം said...

പൊതുവേ പറഞ്ഞാല്‍ പലപ്പോഴും ബൊറടിപ്പിക്കുകയും വല്ലാതെ അസ്വസ്ഥമാക്കുകയും (ക്രൂരതകളും വേദനകളും കണ്ട്‌) ചെയ്യുന്ന, കുടുംബത്തെയോ കുട്ടികളെയോ കൊണ്ടുപോയി കാണിക്കാന്‍ സാധിക്കാത്ത ഒരു ചിത്രമായേ ഈ സിനിമയെ വിശകലനം ചെയ്യാന്‍ സാധിക്കുന്നുള്ളൂ.

Satheesh Haripad said...

//പക്ഷേ, ലൈഗീകച്ചുവയുള്ള കാര്യങ്ങള്‍ അധികം മറച്ചുപിടിക്കാതെ കഥാപരമായി പരാമര്‍ശിക്കപ്പെടുകയും ലൈഗീകതയില്‍ വിമുഖതകാണിക്കാത്ത 'സ്ട്രോങ്ങ്‌' ആയ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നതിലാണോ ഈ മലയാള സിനിമയുടെ 'മാറ്റം' //

പണ്ട് പൈങ്കിളികഥകളില്‍ നിന്നും ഒരു മോചനമായി ഭരതന്‍- -പത്മരാജന്‍ ചിത്രങ്ങള്‍ പിറവിയെടുക്കുകയും അവ മലയാള സിനിമയില്‍ ഒരു നവയുഗത്തിന് നാന്ദി കുറിക്കുകയും ചെയ്തപ്പോഴും ഇതുതന്നെയായിരുന്നു പഴയ സിനിമാ ആസ്വാദകരുടെ അഭിപ്രായം. [ തൂവാനത്തുമ്പികള്‍ ഇറങ്ങിയ സമയത്ത് ഏതാണ്ട് ഇതേ രീതിയിലുള്ള ഒരു നിരൂപണം വായിച്ചത് ഓര്‍ക്കുന്നു ]

ഇതൊന്നും കുട്ടികളെ ലക്ഷ്യമാക്കി ഇറങ്ങുന്ന ചിത്രങ്ങളല്ല. അതുകൊണ്ട് തന്നെ കുടുംബത്തോടൊപ്പം പോയി കാണാനാവില്ല എന്നത് ഇതുപോലെ ഒരു ചിത്രത്തിന്റെ നെഗറ്റീവ് ആകുന്നുമില്ല.

ഇന്നത്തെ തലമുറ ലോകസിനിമകള്‍ കാണുന്നവരും വിലയിരുത്തുന്നവരും ആണ്. അവരുടെ മുന്നില്‍ ഇതുപോലെയുള്ള ചിത്രങ്ങള്‍ അതിന്റേതായ സത്യസന്ധതയില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ അതില്‍ വലിയൊരു അപാകതയുന്ടെന്നു തോന്നുന്നില്ല. ഈ ചിത്രത്തില്‍ പറഞ്ഞിരിക്കുന പല കാര്യങ്ങളും ഇന്ന്‍ വലിയ നഗരങ്ങളില്‍ സംഭവിക്കുന്നതാനെന്നു എല്ലാവര്ക്കും അറിയാവുന്നതാണ്‌ .

Unknown said...

ഇതൊകെ സായിപ്പ് പിടിച്ചാല്‍ ക്ലാസ്സിക്‌ മലയാളത്തില്‍ വന്നാല്‍ അശ്ലീലം അല്ലെ ?

Nishad Pulikkunnummal said...
This comment has been removed by the author.
Nishad Pulikkunnummal said...

ഈ പറഞ്ഞ പോലെ ആണെങ്ങില്‍ രതിനിര്‍വേദം, തകര, തൂവാനത്തുമ്പികള്‍, കള്ളന്‍ പവിത്രന്‍, പറങ്കിമല തുടങ്ങിയ മലയാളത്തിലെ Classics സിനിമകളെന്ന് പറയപ്പെടുന്നവയെ ഏതു വിഭാഗത്തില്‍ പെടുത്തും ?

സൂര്യോദയം said...

വിരുദ്ധ അഭിപ്രായക്കാരുടെ അഭിപ്രായങ്ങളെ മാനിച്ചുകൊണ്ട്‌ തന്നെ ചില മറുപടി കുറിപ്പുകള്‍.. :)

Satheesh Haripaad.. അഡള്‍ട്ട്‌ സിനിമയാണെന്നത്‌ അറിയാതെ കുടുംബസമേതം, കുട്ടികളുമായെല്ലാം ഈ സിനിമയ്ക്ക്‌ കയറിയവര്‍ക്ക്‌ ഒരു ഷോക്ക്‌ ട്രീറ്റ്‌ മെണ്റ്റ്‌ ആയിരുന്നു എന്നാണ്‌ അറിഞ്ഞത്‌. പുതിയ തലമുറ ലോകസിനിമകള്‍ കാണുന്നതും വിലയിരുത്തുന്നതും അത്തരം സിനിമകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതും അഭിനന്ദനാര്‍ഹം തന്നെ. പക്ഷേ, സത്യസന്ധതയോടെ പലതും സിനിമയില്‍ കാണിക്കുമ്പോള്‍ അതില്‍ തെറ്റായ കാര്യങ്ങളെ മഹത്‌ വല്‍ക്കരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും അപകടകരമാണെന്ന് പറഞ്ഞെന്നേയുള്ളൂ. പത്മരാജന്‍, ഭരതന്‍ ചിത്രങ്ങളെ ഇതുമായി താരതമ്യം ചെയ്യാനോ മേന്‍മ കണ്ടെത്താനോ ശ്രമിക്കുന്നത്‌ വളരെ അപഹാസ്യമാകുമെന്ന് തോന്നുന്നു. മാത്രമല്ല, അതിനുള്ള കഴിവോ ജ്നാനമോ ഈ പാവം പ്രേക്ഷകന്‌ ഉണ്ടെന്ന് തോന്നുന്നില്ല. :)

Sreekumar ... സായ്പ്‌ പിടിച്ചാലും മലയാളി പിടിച്ചാലും നമുക്ക്‌ തോന്നുന്നതല്ലേ പറയാന്‍ പറ്റൂ.. :) പിന്നെ, സായ്പിണ്റ്റെ ജീവിതസാഹചര്യങ്ങളും ചുറ്റുപാടുകളും മലയാളിയുടേതുമായി നമുക്കൊരിക്കലും താരതമ്യം ചെയ്യാനും പറ്റുമെന്ന് തോന്നുന്നില്ല.

Nishad...താങ്കള്‍ സൂചിപ്പിച്ച ഈ ക്ളാസ്സിക്കുകളുമായി താരതമ്യം ചെയ്ത്‌ വിശകലനം ചെയ്യാനുള്ള കഴിവ്‌ ഈ പ്രേക്ഷകനില്ലാത്തതിനാല്‍ അതിന്‌ തുനിയുന്നില്ല. :)
ഈ സൂചിപ്പിച്ച സിനിമകള്‍ (ക്ളാസ്സിക്‌ എന്ന് വിളിച്ചാലും ഇല്ലെങ്കിലും) കണ്ടിട്ടുണ്ടെങ്കിലും അതിലൊന്നും ഈ സിനിമയിലേതുപോലെ അപകടകരമായ സന്ദേശങ്ങളോ വ്യതിയാനങ്ങളോ ഉള്ളതായി തോന്നിയിട്ടുമില്ല.

Satheesh Haripad said...

മാഷെ .. മേല്‍ സൂചിപ്പിച്ച പഴയ ക്ലാസ്സിക്‌ ചിത്രങ്ങളില്‍ അന്നത്തെ പഴയ തലമുറയില്‍ പെട്ടവര്‍ക്ക്‌ അപകടകരമായ സന്ദേശങ്ങളോ വ്യതിയാനങ്ങളോ ഉള്ളതായി തോന്നിയിരുന്നു. അന്നത്തെ പല നിരൂപണങ്ങളിലും അത് പ്രതിഫലിച്ചിരുന്നു. പിന്നീട് വന്ന നമ്മെപോലെയുള്ള ആസ്വാദകര്‍ക്ക്‌ അങ്ങനെ തോന്നിയില്ല. എന്നും കലയുടെ അവസ്ഥ ഇത് തന്നെയാണ്. നമ്മുടെ അടുത്ത തലമുറ നോക്കൊക്കോളൂ.. അവര്‍ ഈ ചിത്രത്തെയും അത്ര മോശമായി കണക്കാക്കില്ല.

//സായ്പിണ്റ്റെ ജീവിതസാഹചര്യങ്ങളും ചുറ്റുപാടുകളും മലയാളിയുടേതുമായി നമുക്കൊരിക്കലും താരതമ്യം ചെയ്യാനും പറ്റുമെന്ന് തോന്നുന്നില്ല//

സായ്പ്പിന്റെ നാട്ടില്‍ നടക്കുന്ന എന്ത് കാര്യമാണ് നമ്മുടെ നഗരങ്ങളില്‍ ഇന്ന്‍ നടക്കാത്തത്? ഒന്ന് പറഞ്ഞു തരാമോ?

അദൃശ്യൻ said...

ദ്രുതഗതിയിൽ urbanised ആയികൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിൽ, urbanisationന്റെ നല്ല ഗുണങ്ങളേക്കാൾ അതിന്റെ ദൂഷ്യ വശങ്ങൾ ആവാഹിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിൽ, സാമൂഹിക യാഥാർത്ഥ്യങ്ങൾക്ക് എതിരേ പുറം തിരിഞ്ഞ് നില്ക്കുവാൻ സിനിമക്ക് എന്നും സാധിച്ചെന്ന് വരില്ല. കാല്പനിക പ്രേമത്തിന്റെ സുന്ദര ഇമേജുകൾക്ക് ഇനി പ്രസക്തിയെന്തെങ്കിലുമുണ്ടോ എന്ന് അറിയില്ല. റിവ്യുവിൽ കാണുന്നതുപോലുള്ള യാഥാസ്ഥിതിക വിശ്വസങ്ങൾ വെച്ചുപുലർത്തുന്ന വലിയൊരു ജനസംഖ്യ ഉള്ള നമ്മുടെ നാട്ടിൽ ഇന്ന് കാണുന്ന തരത്തിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ എന്തുകൊണ്ട് വർദ്ധിച്ചുവരുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ്‌. ഇത്തരം crimeകൾ entertainment ആയി നമ്മുടെ മുമ്പിലേക്ക് എത്തിക്കുന്നു പത്രങ്ങളും ടിവി പരിപാടികളും കണ്ട് നമ്മുടെ സ്ത്രീകളും കുട്ടികളും ഞെട്ടുന്നില്ലെങ്കിൽ 22FKയും അവരെ ഞെട്ടിക്കില്ല.

22FKയുടെ പ്രധാന പ്രശ്നം കഥയുടെ വിശ്വാസ്യതയുടേതാണ്‌. നമ്മുടെ സമൂഹത്തിൽ കാണുന്ന സകല ഗുലുമാലുകളും ഒരു പാവം കോട്ടയം കാരിയുടെ തലയിൽ കെട്ടിവെക്കുന്നു ഇവിടെ. പിന്നെ, നാടകീയതക്കായി കുറേ രംഗങ്ങളും logical ആയി തോന്നിയില്ല. പിന്നെ, നായികയുടെ extreme ദുരന്തം external മാത്രമായി അനുഭവപ്പെട്ടു എന്ന് തോന്നുന്നു. Mainistream സിനിമയുടെ ചട്ടക്കൂട്ടിൽനിന്ന് ഇതിൽ കൂടുതൽ ആഴത്തിൽ എന്തെങ്കിലും പറയുവാൻ സാധിക്കുമോ എന്നതും സംശയമാണ്‌.

എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും ‘ആറിഞ്ച് നീളത്തിൽ’ തൂങ്ങിക്കിടക്കുന്ന നമ്മുടെ male chauvinistic സമൂഹത്തിന്റെ അഹങ്കാരത്തിനെ മുറിച്ചുകളയുക വഴി 22FK ആരേയൊക്കെയോ അലോസരപ്പെടുത്തുന്നുണ്ടെന്ന് തോന്നുന്നു. അങ്ങിനെ എങ്കിൽ ഈ ചിത്രം ഒരു വിജയമാണ്‌.

ചോപ്പായി said...

<<<1. തന്നെ പ്രേമിക്കുന്ന അല്ലെങ്കില്‍ കാമിക്കുന്ന ഒരാളോട്‌ താന്‍ വിര്‍ജിന്‍ അല്ല എന്ന്‌ പ്രഖ്യാപിക്കുന്ന നായിക, തണ്റ്റെ പൂര്‍വ്വ ലൈഗികബന്ധത്തെ വിശദീകരിച്ചുകൊടുക്കുന്നു.>>>
പുരുഷന്‍ നടക്കാത്ത സ്ത്രീ “പീഠനക്കഥകള്‍” പറഞ്ഞാല്‍ അത് വീരലക്ഷണം!


<<2. നായികയുടെ കൂട്ടുകാരി സ്വന്തം സുഖസൌകര്യങ്ങള്‍ക്ക്‌ വേണ്ടി ധനികനായ മറ്റൊരാള്‍ക്ക്‌ വേണ്ടപ്പോഴൊക്കെ ലൈഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നു. അത്‌ അറിയുന്ന കൂട്ടുകാരികളും അതിണ്റ്റെ ധനസുഖത്തിണ്റ്റെ പങ്ക്‌ പറ്റുന്ന സുഹൃത്തുക്കളും.>>
ചേട്ടന്‍ ഇതൊക്കെ ഇപ്പോഴാണോ അറിയുന്നത്? പെണ്‍കുട്ടികള്‍ ഇതൊക്കെ ഷെയര്‍ ചെയ്യും എന്ന് കേട്ട് ഞെട്ടിയോ?

<<3. ഒരാളോട്‌ പ്രണയമായിക്കഴിഞ്ഞപ്പോഴെയ്ക്കും വിവാഹം കഴിക്കാതെ തന്നെ കുറച്ചുകാലം കാമുകനോടൊപ്പം ഭാര്യയെപ്പോലെ കഴിയാന്‍ സന്തോഷത്തോടെ സമ്മതിക്കുന്ന നായിക.>>
അതിലെന്താ പുതുമ? വളരെ സ്വാഭാവികം.

<<3. പ്രതികാരനടപടികളില്‍ ഒട്ടും ചഞ്ചലപ്പെടാതെ ഇരയുടെ വേദനയെ ആസ്വദിക്കുന്ന നായിക.>>
കാമുകനെ കൊന്ന്‌ പെട്ടിയിലാക്കി മറവുചെയ്യാന്‍ സ്വയം ഡ്രൈവ് ചെയ്ത സ്ത്രീകളെ കേട്ടിട്ടില്ലെ?

<<4. 'നൈസ്‌ ആസ്സ്‌' എന്ന് ഒരു പുരുഷനെ നോക്കി പറയാന്‍ ധൈര്യം കാണിക്കുന്ന നായികയുടെ അനിയത്തി.>>
“അവളുടെ ഒടുക്കത്തെ ഒരു കുണ്ടി“ എന്നു പറയാന്‍ നമുക്ക് മാത്രമായി പ്രത്യേക അവകാശം വല്ലതുമുണ്ടോ?

<<5. Can i have Sex with you?, F. ck you, എന്നൊക്കെയുള്ള ഡയലോഗുകള്‍.>>
കളിക്കാന്‍ തരുമോ എന്നു പുരുഷ ഭാഷയില്‍ ചോദിക്കാമായിരുന്നു!

ഇയാളീ ലോകത്തൊന്നുമല്ലേ? നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ ഞെട്ടുന്നതെന്തിന്?

സൂര്യോദയം said...

Satheesh.. അടുത്ത തലമുറ ഈ ചിത്രത്തെ ക്ളാസ്സിക്‌ ഗണത്തില്‍ പെടുത്തും എന്നാണെങ്കില്‍ അങ്ങനെ ആവട്ടെ... ആവുന്നതുകൊണ്ട്‌ വിരോധം ഇല്ല. ഇതൊരു പ്രേക്ഷക അഭിപ്രായം മാത്രമാണ്‌. ഇതേ അഭിപ്രായവും എതിരഭിപ്രായവുമുള്ള നിരവധി പേര്‍ ഉണ്ടാകും. സ്വാഭാവികം.
സായ്പിണ്റ്റെ നാട്ടില്‍ നടക്കുന്നതെല്ലാം ഇവിടെയും അതേ അനുപാതത്തില്‍ നടക്കുന്നു എന്ന് പറഞ്ഞുകളയല്ലേ... എന്തായാലും ഈ ചുറ്റുവട്ടത്തില്ല.... പ്രത്യേകിച്ചും ലൈഗികപങ്കാളിയെ ഇടയ്ക്കിടെ മാറ്റുകയും ആരുടെയൊക്കെയോ കുട്ടികളെ പെറ്റ്‌ വളര്‍ത്തുകയും എവിടെയും എപ്പോഴും കയറിയിറങ്ങി ജീവിതം ആസ്വദിക്കുകയും ചെയ്യുന്നവര്‍...സായ്പിണ്റ്റെ ചുറ്റുപാടുകളിലേയ്ക്ക്‌ ഉടനെ മാറുമായിരിക്കും... :)

അദൃശ്യന്‍... ഈ ചിത്രം സ്ത്രീപക്ഷമാണെന്ന് വാദിക്കുന്നതിലാണ്‌ വിയോജിപ്പ്‌... ഒരു സ്ത്രീയ്ക്ക്‌ ജീവിക്കാനും പ്രതികരിക്കാനും എപ്പോഴും പുരുഷസഹായവും ലൈകീകതയും വേണമെന്ന സ്ഥാപിക്കലിനെയാണ്‌ വിയോജിപ്പ്‌..

ചോപ്പായി.. താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ പൊതുവായി നമുക്ക്‌ ചുറ്റും ഉണ്ടെന്നാണല്ലോ സൂചിപ്പിച്ചത്‌... എന്തായാലും അത്ര സുലഭമായി ഈയുള്ളവന്‍ കണ്ടില്ല... ലോകപരിചയത്തിണ്റ്റെ കുറവായിരിക്കും :) ഇനി, ഈ പറഞ്ഞ കാര്യങ്ങളില്‍ വിരോധം ഒന്നും റിവ്യൂവില്‍ പറഞ്ഞില്ല. ഇതൊക്കെയാണ്‌ മാറ്റത്തിണ്റ്റെ സൂചകങ്ങളായി ഈ ചിത്രത്തിലുള്ളത്‌ എന്ന് എടുത്ത്‌ കാട്ടിയെന്ന് മാത്രം

Satheesh Haripad said...

//സായ്പിണ്റ്റെ നാട്ടില്‍ നടക്കുന്നതെല്ലാം ഇവിടെയും അതേ അനുപാതത്തില്‍ നടക്കുന്നു എന്ന് പറഞ്ഞുകളയല്ലേ... //

അനുപാതികം ഇന്നത്തെകാലത്ത് അത്ര കുറവൊന്നുമള്ള നമ്മുടെ നഗരങ്ങളില്‍

പങ്കാളികളെ വച്ച് മാറാനുള്ള ക്ലബുകള്‍ നമ്മുടെ കൊച്ചിയില്‍ വരെയുന്ടെന്നു പത്രവാര്‍ത്ത വന്നിട്ട് അധിക നാള്‍ ആയിട്ടില്ലല്ലോ.
സ്വന്തം മകളെ പീഡിപ്പിക്കുന്ന അച്ഛന്‍ ഇന്ന്‍ മലയാളിക്ക്‌ ഒരു വലിയ വാര്‍ത്തയേ അല്ല..കാരണം ഏതാണ്ട് ആഴ്ചയില്‍ ഒരിക്കലെങ്കിലും നാം അത്തരം വാര്‍ത്തകള്‍ വായിക്കുന്നു, കേള്‍ക്കുന്നു.

ഈയുള്ളവന്‍ ബാംഗ്ലൂര്‍ , ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ ഏറെക്കാലം ജീവിച്ചതിന്റെ അനുഭവത്തില്‍ പറയട്ടെ - ഇന്ത്യന്‍ നഗരങ്ങളില്‍ -സായിപ്പ്‌ മാത്രം ചെയ്യുന്നു എന്ന് നാം കരുതുന്ന- കൊള്ളരുതായ്മകള്‍ വളരെ സാധാരണമാണ്. ( സായിപ്പിനെ മാത്രം കുറ്റം പറയരുത്. വളരെ മാന്യമായി ജീവിക്കുന്ന വളരെയധികം കുടുംബങ്ങള്‍ അവരുടെ ഇടയിലും ഉണ്ട് - എനിക്ക് നേരിട്ടറിയാം )

ഈ നഗരങ്ങളൊക്കെ കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന പല Sex Racketകളിലും ( Escort Service എന്നൊക്കെ അവര്‍ ഓമനപ്പേരിട്ട് വിളിക്കും ) കൂടുതലും വിദ്യാര്‍ത്ഥിനികളും ജോലിയുള്ളവര്‍ പോലും 'എക്സ്ട്രാ പോക്കറ്റ്മണി' ക്ക് വേണ്ടി 'ജോലി' ചെയ്യുന്നുണ്ട്. അതില്‍ കേരളത്തില്‍ നിന്നും അവിടെ പഠിക്കാന്‍ പോകുന്ന ചില കുട്ടികള്‍ വരെ ഉള്‍പ്പെട്ടിട്ടുണ്ട്.
ബാംഗ്ലൂര്‍ ഒരു കോളെജില്‍ പരീക്ഷയ്ക്ക്‌ പാസാക്കാന്‍ വേണ്ടി ഒരു അദ്ധ്യാപകന് സ്വന്തം ശരീരം തന്നെ ഓഫര്‍ ചെയ്ത ഒരു വിദ്യാര്‍ത്ഥിനിയെ പറ്റി(മലയാളി അല്ല ) അവിടെ പഠിപ്പിച്ചിരുന്ന എന്റെ ഒരു സുഹൃത്ത് ആണ് എന്നോട് പറഞ്ഞത്‌ .
ഇങ്ങനെയുള്ള പലകുട്ടികളും ചതിയില്‍ പെടുകയും ജീവിതം നശിക്കുകയും ചെയ്യാറുണ്ട്. വളരെ ചിലര്‍ മാത്രമേ പോരാടി ജീവിതത്തിലേക്ക്‌ തിരിച്ചു വരാറുള്ളൂ.
എല്ലാ വലിയ നഗരങ്ങളുടെ പിന്നാമ്പുറങ്ങളിലും ഇത്തരം നാറിയ കഥകള്‍ ആവോളം കേള്‍ക്കാം.
നാം കണ്ടിട്ടില്ലാത്തതൊന്നും നമ്മുടെ ചുറ്റും നടക്കുന്നില്ല എന്ന് കരുതരുത്‌. അത്രയും നീചവും മൃഗീയവും സംസ്കാരശൂന്യവുമായ കാര്യങ്ങളാണ് പലയിടത്തും നടക്കുന്നത്. ഇത്തരം കാര്യങ്ങള്‍ സ്വന്തം രാജ്യത്ത്‌ വച്ചുപൊറുപ്പിക്കുന്ന നമ്മളാണ് സായിപ്പിനെ കുറ്റം പറയുന്നതും ഇത്തരം സത്യങ്ങള്‍ ആരെങ്കിലും വിളിച്ചു പറഞ്ഞാല്‍ അവരെ ക്രൂശിക്കാന്‍ നോക്കുന്നതും.
[ ഈ ചിത്രത്തിലും പറയുന്നത് മറൊന്നല്ല. 'സ്ത്രീ ലിബറേഷന്‍' വാദിക്കുന്ന / അങ്ങനെ ജീവിക്കുന്ന പെണ്‍കുട്ടി ചതിയില്‍ പെടുന്നു. പിന്നീട് അവള്‍ തന്റെ ജീവിതം നശിപ്പിച്ചവരോട് പ്രതികാരം ചെയ്യുന്നു . അത്തരം ജീവിതശൈലിയുള്ള ഒരു പെണ്‍കുട്ടിയ്ക്ക് ഇന്നത്തെ സാഹചര്യത്തില്‍ സംഭവിക്കാവുന്ന കഥയാണിത്.]

Black Jack said...
This comment has been removed by the author.
Black Jack said...

Copied from "I spit on your grave"

സൂര്യോദയം said...

Satheesh... താങ്കള്‍ സൂചിപ്പിച്ച കാര്യങ്ങളൊന്നും ഇവിടെ നടക്കുന്നില്ലെന്നല്ല പറഞ്ഞത്‌... സായ്പിനെ ഒരു പ്രശ്നക്കാരന്‍ ആക്കിയതുമല്ല... അനുപാതം കുറവല്ല എന്ന് പറഞ്ഞാല്‍ അത്‌ അല്‍പം അതിശയോക്തിയാകും... എന്തായാലും നമുടെ നഗരങ്ങളില്‍ അതത്ര സുലഭമായി നടക്കുന്നില്ല... അതല്ലെങ്കില്‍ ആ സുലഭത ഞാനോ എനിക്ക്‌ പരിചയമുള്ള ആളുകളോ ഇത്‌ വരെ മനസ്സിലാക്കിയിട്ടില്ല. ഒരു ന്യൂസ്‌ വന്നു, ഒരു സംഭവം നടന്നു എന്നതുകൊണ്ടൊന്നും അത്‌ സുലഭമാണെന്ന് അര്‍ത്ഥമില്ലെന്ന് താങ്കളും സമ്മതിക്കുമെന്ന് വിശ്വസിക്കുന്നു.
ഈ ചിത്രത്തിലെ നായിക സ്ത്രീ ലിബറേഷനുവേണ്ടി വാദിക്കുന്നതൊന്നും വ്യക്തമായില്ല... ചതിയില്‍ പെറ്റുന്നത്‌ മനസ്സിലാക്കാം... പക്ഷേ, ഈ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളൊക്കെ അസാന്‍മാര്‍ഗികതയില്‍ ജീവിക്കുന്നു എന്നതും അതെല്ലാം സാധാരണമാണെന്നും അതിലൊന്നും വലിയ തെറ്റില്ലെന്നുമുള്ള ചില ദുസ്സൂചനകള്‍ ഉണ്ടെന്നുള്ളതുമാണ്‌ പ്രശ്നം... മാത്രമല്ല, ഈ പ്രതികാരനടപടികളില്‍ പുരുഷസഹായം വാങ്ങുകയും അതിനുവേണ്ടി തണ്റ്റെ ശരീരം വില്‍ക്കുകയും ചെയ്യേണ്ടിവരുന്നു എന്നിടത്ത്‌ വല്ലാത്തൊരു പ്രശ്നം ഉള്ളതായി തോന്നി. ഈ ചിത്രം ഒരിക്കലും ഒരു സ്ത്രീലിബറേഷന്‍ പക്ഷം പിടിക്കുന്നതായി തോന്നിയില്ല, മറിച്ച്‌ ഇത്‌ സ്ത്രീവിരുദ്ധതയാണ്‌ കൂടുതലും പ്രകടമാക്കിയത്‌ എന്നും അഭിപ്രായമുണ്ട്‌.