Friday, February 25, 2011

ലിവിംഗ്‌ ടുഗെതര്‍ (Living Together)രചന, സംവിധാനം: ഫാസില്‍
നിര്‍മ്മാണം: മുഹമ്മദ്‌ അലി പിലാക്കണ്ടി


ഒരു വാടക വീട്ടില്‍ താമസിക്കുന്ന മൂന്ന് ചെറുപ്പക്കാര്‍. അവരുടെ വീടിന്നടുത്ത്‌ ഒരു വലിയ വീട്ടില്‍ നിറയെ കുട്ടികളും കളിയും ബഹളവും... തുടര്‍ന്ന് ആ വീടിന്റെ വിശദാംശങ്ങള്‍ നായകന്‌ വിശദീകരിച്ചുകൊടുക്കുന്ന സുഹൃത്ത്‌... ആ വീട്ടിലേയ്ക്ക്‌ ഒരു പെണ്‍ കുട്ടി വരുന്നു. പതിവുപോലെ മൂന്ന് വയസ്സില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട്‌ മുത്തച്ഛന്റെ കൈവെള്ളയില്‍ വളര്‍ന്ന് വീട്ടിലുള്ള കൊച്ചച്ചന്‍, ആന്റിമാര്‍ ഏതൊക്കെയോ കുറേ പിള്ളേര്‍ (ഒരു പത്ത്‌ പതിനഞ്ചെണ്ണം) എന്നിവരുടെയൊക്കെ കണ്ണിലുണ്ണിയായ പെണ്‍കുട്ടി. അതാണ്‌ നായിക.

ഈ പെണ്‍കുട്ടിയുടെ ഹോബി ആണ്‍ പിള്ളേരെ വളച്ച്‌ ഒരു വഴിക്കാക്കി ഊരിപ്പോരുകയും അവരുടെ നിരാശകണ്ട്‌ രസിക്കലുമാണത്രേ. അതിന്‌ കൊച്ചച്ചനും മുത്തച്ഛനുമടക്കമുള്ള എല്ലാവരും വേണ്ട പ്രോല്‍സാഹനങ്ങളും നല്‍കുന്നുമുണ്ട്‌ (എത്ര മനോഹരമായ വീട്‌. വ്യഭിചാരത്തിനുകൂടി കൂട്ട്‌ നിന്നാല്‍ പൂര്‍ത്തിയായി). അതിനൊരു കാരണമുണ്ടെന്ന് കുറേ കഴിയുമ്പോള്‍ അറിയിക്കുന്നുണ്ട്‌. അതായത്‌, ജാതകവശാല്‍ ദാമ്പത്യം ഉണ്ടാവില്ല എന്നതാണത്രേ സംഗതി. അഥവാ വിവാഹം കഴിച്ചാല്‍ 6 മാസത്തിനുള്ളില്‍ ആരേലും ഒരാള്‍ തട്ടിപ്പോകും, അത്ര തന്നെ. ഇത്‌ ഉറപ്പിക്കാനായി ഈ പെണ്‍കുട്ടി ജ്യോതിഷം പഠിച്ച്‌ ഉറപ്പാക്കിയിട്ടുമുണ്ടത്രേ. അങ്ങനെയാണ്‌, ആണ്‍ പിള്ളേരെ കല്ല്യാണം കഴിക്കാതെ വളച്ച്‌ ഒരു വഴിക്കാക്കാനുള്ള മാനസികവൈകല്ല്യം രൂപപ്പെടുന്നത്‌ (ഞാന്‍ നേരത്തേ സൂചിപ്പിച്ച വ്യഭിചാരവും ഇങ്ങനെയാണേല്‍ ആവാമല്ലോ എന്ന് ആര്‍ക്കും സംശയം തോന്നാം).

എന്തായാലും ഈ പരിപാടിയൊക്കെ നിര്‍ത്തി സ്വസ്ഥമായി വീട്ടിലിരിക്കാന്‍ ബാംഗ്ലൂരില്‍ നിന്ന് MCA കഴിഞ്ഞ്‌ വന്നിരിക്കുകയാണെങ്കിലും അയല്‍ വീട്ടിലെ പിള്ളേര്‍ നായികയെ വീണ്ടും തന്റെ ഹോബിയിലേയ്ക്ക്‌ ആകര്‍ഷിക്കുന്നു.

ഈ വീട്ടില്‍ പരിചയപ്പെടാനെത്തുമ്പോള്‍ നായകന്‍ പാട്ട്‌ പാടുന്നു, ഉടനെ നായിക പോയി ഭരതനാട്യത്തിന്റെ ഡ്രസ്സ്‌ തയ്പിച്ച്‌ വച്ചത്‌ എടുത്തിട്ട്‌ നൃത്തം ചെയ്യുന്നു.

അങ്ങനെ സംഗതി കുറച്ച്‌ പുരോഗമിക്കുമ്പോള്‍ നായകനും നായികയും പന്തയം വെക്കുന്നു. പരസ്പരം പ്രേമിച്ച്‌ നോക്കിയിട്ട്‌ ആരാണ്‌ വീഴുക എന്ന് അറിയാനുള്ള പന്തയം (ഇത്‌ നല്ല പുതുമയുള്ള ഗെയിം തന്നെ).

കുറച്ചുകഴിയുമ്പോഴേയ്ക്കും രണ്ടുപേരും തോല്‍ക്കും എന്നാണ്‌ സൂചന. അന്ന് രാത്രി ഫോണിലൂടെ കവിതയോ പാട്ടോ മറ്റോ ചൊല്ലി തന്റെ ഉള്ളിലുള്ള ചിതറിക്കിടക്കുന്ന കാര്യങ്ങള്‍ നായികയോട്‌ പറയാമെന്ന് നായകന്‍. അതിനുശേഷം കൂട്ടുകാരോട്‌ നായകന്‍ പറയുന്ന ഡയലോഗ്‌ "ഇന്ന് രാത്രിയോടെ അവള്‍ തോല്‍ക്കും. പക്ഷേ, ഞാനും തോല്‍ക്കും"

പിന്നീട്‌ നടന്നതെന്തൊക്കെയാണെന്ന് എഴുതിപ്പിടിപ്പിക്കുക അസാദ്ധ്യം. കുറച്ച്‌ സൂചനകള്‍ തരാമെന്ന് മാത്രം.

വിവാഹം നടക്കില്ലെന്നും പെണ്‍കുട്ടിക്ക്‌ ചെറുപ്പത്തില്‍ മനസ്സിലുണ്ടായ എന്തോ പേടി മാനസികപ്രശ്നമുണ്ടാക്കി ഇങ്ങനെ എത്തിച്ചെന്നും മറ്റും പറഞ്ഞ്‌ തടി ഊരാന്‍ നോക്കുമ്പോള്‍ അതാ പയ്യന്റെ അമ്മ പ്രത്യക്ഷപ്പെട്ട്‌ "ഈ കുട്ടിയെ മരുമോളായി എനിക്ക്‌ തരുമോ?" (ഹോ... കണ്ണ്‍ നിറഞ്ഞുപോയി). ഇപ്പോള്‍ കണ്ണ്‍ നിറയാത്തവര്‍ക്ക്‌ ഇനിയും അവസരങ്ങളുണ്ട്‌. പിന്നീട്‌, ഈ പെണ്‍കുട്ടിയുടെ മാനസികവൈകല്ല്യം അറിഞ്ഞ്‌ തന്നെയാണ്‌ അമ്മ വന്നതെന്നും പെണ്‍കുട്ടിയുടെ പൂര്‍വ്വചരിത്രം മുഴുവന്‍ തനിക്കറിയാമെന്നും നായകന്‍ വെളിപ്പെടുത്തുമ്പോള്‍ വല്ലാത്ത സന്തോഷവും സങ്കടവും കൊണ്ട്‌ വീര്‍പ്പുമുട്ടുന്ന മുത്തച്ഛന്റെ ഡയലോഗ്‌ ("നിങ്ങള്‍ അമ്മയും മോനും കൂടി എന്നെ തോല്‍പ്പിച്ചുകളഞ്ഞു!"). ഇപ്പോള്‍ കണ്ണ്‍ നനഞ്ഞില്ലെങ്കില്‍ ഇനി കുളിക്കുമ്പോഴേ നിങ്ങളുടെയൊക്കെ കണ്ണ്‍ നനയൂ. (ഈ സമയം ഇന്നലെ സവിത തീയ്യറ്ററില്‍ ആകെയുണ്ടായിരുന്ന ഇരുപത്‌ പേരില്‍ അഞ്ച്‌ പത്ത്‌ ആളുകള്‍ കൂ..... എന്നൊരു ഒച്ചയുണ്ടാക്കി ആര്‍ത്ത്‌ ചിരിക്കുന്നുണ്ടായിരുന്നു. ഈ ചിരി പല സെന്റിമെന്റല്‍ സീനുകളിലും അലയടിക്കുന്നത്‌ കേള്‍ക്കാമായിരുന്നു). ഭാര്യയോ വീട്ടുകാരോ കൂടെയുണ്ടായിരുന്നതിനാല്‍ മാത്രം ഞാനടക്കം ബാക്കിയുള്ള അഞ്ച്‌ പത്ത്‌ ആളുകള്‍ നിയന്ത്രണം വിടാതെ മുഖം പൊത്തിയും കൈ അമര്‍ത്തി തിരുമ്മിയും കഴിച്ച്‌ കൂട്ടി.

അതിന്നിടയില്‍ ഒരു ഡ്രഗ്‌ അഡിക്റ്റായ വില്ലനും ഗുണ്ടകളും വരും, അവര്‍ തട്ടിക്കൊണ്ട്‌ പോകാന്‍ ശ്രമിക്കും, ആ തടിമാടന്മാരെ ഈ മൂന്ന് പീക്കിരിപിള്ളേര്‍ നുള്ളി ഓടിക്കും, വില്ലന്റെ മെയിന്‍ അസിസ്റ്റന്റ്‌ ഗുണ്ടകളെ പുഷ്പം പോലെ തീപാറുന്ന തോക്ക്‌ കൊണ്ട്‌ വെടിവെച്ചിടും.

വില്ലന്‍ ഒരിക്കലും പോലീസ്‌ പിടിയില്‍ നില്‍ക്കില്ലത്രേ. പരോളില്‍ ഇറങ്ങുകയും പോലീസിന്റെയും ഗുണ്ടകളുടെയും സപ്പോര്‍ട്ടോടെ എന്തും ചെയ്യാന്‍ ലൈസന്‍സ്‌ കിട്ടിയിട്ടുള്ള ആളാണ്‌ വില്ലന്‍.

പിന്നീടങ്ങോട്ട്‌ സംഭവബഹുലവും രോമാഞ്ചഭരിതവുമായ രംഗങ്ങളാണ്‌. നായകന്‍ കുറേ ദൂരെയുള്ള ഒരു പ്രേതഭവനത്തില്‍ പോയി താമസിക്കുന്നു. വില്ലന്റെ അന്വേഷണം, പ്രേതഭവനത്തിലെ സംഭവങ്ങള്‍, മറ്റൊരിടത്ത്‌ പൂജ, ഒരിടത്ത്‌ പരിഹാരകര്‍മ്മങ്ങള്‍, നായികയില്‍ പ്രേതാത്മാവിന്റെ പ്രവേശനം, ഹോമം, നൃത്തം, ഉറഞ്ഞാടല്‍, തന്ത്രങ്ങള്‍, ടെക്നിക്കുകള്‍, ഇന്റര്‍ നെറ്റില്‍ മുത്തച്ഛന്‍ ആ പ്രേതഭവനത്തെക്കുറിച്ച്‌ കണ്ടെത്തിയ കാര്യങ്ങള്‍, പ്രേതാത്മാവിന്‌ പ്രതികാരത്തിന്‌ അവസരം കൊടുത്ത്‌ കുടിയൊഴിപ്പിക്കല്‍ (ഭാഗ്യത്തിന്‌ വില്ലന്‍ തന്നെയാണ്‌ പ്രേതാത്മാവിന്‌ വേണ്ട ആള്‍) ഇതെല്ലാം ചേര്‍ത്ത്‌ സംഗതി പര്യവസാനിക്കുമ്പോള്‍ ആരെങ്കിലും ബോധത്തോടെ കണ്ടിരിക്കുന്നുണ്ടെങ്കില്‍ മസ്തിഷ്കാഘാതം പിടിപെടും.

ഈ ചിത്രത്തിലെ ചില ഗാനങ്ങള്‍ കേള്‍ക്കാന്‍ സുഖമുള്ളവയായിരുന്നു. നയകനായി അഭിനയിച്ച പയ്യന്റെ അഭിനയം തുടക്കക്കാരന്‍ എന്ന് പരിഗണിക്കുമ്പോള്‍ വളരെ നന്നായിരുന്നു. നായികയുടെ അഭിനയം അത്ര മോശവുമായില്ല. ബാക്കി എല്ലാവരുടേയും അഭിനയം നല്ല ബോറായിരുന്നു. സ്ഥിരം കണ്ട്‌ മടുത്ത വേഷങ്ങളിലെത്തിയ നെടുമുടിവേണു, ഇന്നസെന്റ്‌ എന്നിവര്‍ പോലും പ്രേക്ഷകരെ വല്ലാതെ ബോറടിപ്പിച്ചു. കുട്ടികള്‍ പാട്ടുമായെത്തിയാല്‍ ഉടനെ കുലുക്കി കുലുക്കി ഡാന്‍സ്‌ കളിച്ചുകൊണ്ട്‌ നടക്കുന്ന വീട്ടിലെ ആന്റിമാരും ഉഗ്രന്‍.

സംഘട്ടനങ്ങള്‍ വളരെ ദയനീയമായിരുന്നു.

പ്രധാനമായി എടുത്ത്‌ പറയാവുന്ന ഒരു പ്രത്യകത ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുമ്പോള്‍ ഫാസില്‍ മണിച്ചിത്രത്താഴിന്റെ തിരക്കഥ അരികില്‍ വച്ചിരുന്നിട്ടുണ്ടാകണം എന്നാണ്‌. കാരണം, പല ഡയലോഗുകളും കാര്യമായ മാറ്റങ്ങളൊന്നും കൂടാതെ ഇവിടെയും ഉപയോഗിക്കാന്‍ സാധിച്ചിട്ടുണ്ട്‌ എന്നത്‌ തന്നെ.

ചില സാമ്പിളുകള്‍

"ഇന്ന് രാത്രിയോടെ അവള്‍ ശ്യാമയല്ലാതാകും."

"ആ മാനസികാവസ്ഥയില്‍ എത്തിയാല്‍ പിന്നെ അവളെ നമുക്ക്‌ നഷ്ടപ്പെടും. ഒന്നുകില്‍ അവള്‍ ആത്മഹത്യ ചെയ്യും... "

ഹോമം, ആവാഹിക്കല്‍, മനശ്ശാസ്ത്രവും പൂജയും ചേര്‍ന്നുള്ള സംഗതികള്‍ , പക തീര്‍ക്കല്‍, കുടിയൊഴിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളൊക്കെ ഭംഗിയായി പകര്‍ത്തിയിട്ടുണ്ട്‌. പലഘട്ടങ്ങളിലും മണിച്ചിത്രത്താഴിലെ ഡയലോഗ്‌ വരെ നമ്മള്‍ പ്രതീക്ഷിക്കും "എന്നെ വിടമാട്ടേന്‍....", "ഗംഗേ....." തുടങ്ങിയ ഡയലോഗുകള്‍ ഒരുവട്ടമെങ്കിലും മനസ്സില്‍ വരാതിരിക്കണമെങ്കില്‍ മണിച്ചിത്രത്താഴ്‌ നമ്മള്‍ കാണാതിരിക്കണം.

കോമഡി എന്ന ഒരു സംഗതി ഈ സിനിമയിലില്ല. അതിനുള്ള ശ്രമങ്ങളെല്ലാം വെറും ട്രാജഡി മാത്രം.

ചുരുക്കിപ്പറഞ്ഞാല്‍ പ്രേക്ഷകരോട്‌ അല്‍പം പോലും മര്യാദയില്ലാതെ, പ്രേക്ഷകന്റെ സാമാന്യബുദ്ധിയേയും വിവേചനബുദ്ധിയേയും തമസ്കരിച്ച്‌, പരമാവധി വെറുപ്പിച്ച്‌ തീയ്യറ്ററില്‍ നിന്ന് ഇറക്കിവിടുന്ന ഒരു നാലാം കിട സിനിമ മാത്രമാകുന്നു 'ലിവിംഗ്‌ ടുഗെതര്‍'.

"ഇനി മേലില്‍ എന്നെ സിനിമ കാണാനേ വിളിക്കരുത്‌" എന്ന് ഭാര്യ രോഷത്തോടെ പറഞ്ഞതിന്റെ ഒരു ചെറിയ ഭവിഷ്യത്ത്‌ എന്തെന്നാല്‍ ഇനിമുതല്‍ ഇറങ്ങുന്ന നല്ല സിനിമകള്‍ക്കടക്കം ഒരു ടിക്കറ്റ്‌ നഷ്ടപ്പെടുന്നു എന്നതാണ്‌. ഇങ്ങനെ നിരവധി പ്രേക്ഷകരെ തീരുമാനമെടുപ്പിക്കാന്‍ ഇത്തരം ചിത്രങ്ങള്‍ക്കായാല്‍ മലയാളം സിനിമയുടെ ഭാവി വളരെ ശോഭനമായിരിക്കും.

Rating: 2 / 10 (* ഫാസിലിന്റെ പഴയ നല്ല സിനിമകളോടുള്ള ബഹുമാനം കൊണ്ട്‌ നല്‍കുന്ന റേറ്റിംഗ്‌ ആണിത്‌)

Friday, February 18, 2011

മേക്കപ്പ്‌ മാന്‍ (Makeup Man)കഥ, സംവിധാനം: ഷാഫി
തിരക്കഥ, സംഭാഷണം: സച്ചി-സേതു
നിര്‍മ്മാണം: എം. രഞ്ജിത്‌

കയ്യിലുള്ള സമ്പാദ്യവുമായി ഒരു ബിസിനസ്‌ സംരംഭം തുടങ്ങി നായകന്‍ കടക്കെണിയിലായതിനെത്തുടര്‍ന്ന് നിശ്ചയിച്ച വിവാഹം പെണ്‍ വീട്ടുകാര്‍ വേണ്ടെന്നുവക്കുകയും പെണ്‍കുട്ടി നായകനോടുള്ള ഇഷ്ടം നിലനിര്‍ത്തുകയും ചെയ്യുന്നു. അവളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവളുടെ വേറെ നിശ്ചയിച്ചിരുന്ന വിവാഹത്തിന്റെ തലേന്ന് ആ പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങി നായകനോടൊത്ത്‌ ഒളിവില്‍ പോയി ഒരു അമ്പലത്തില്‍ ചെന്ന് താലി കെട്ടുന്നു.

ഒരു പ്രത്യേക സാഹചര്യത്തില്‍ ഈ പെണ്‍കുട്ടിക്ക്‌ ഒരു സിനിമയില്‍ പുതുമുഖ നായികയായി അവസരം കിട്ടുകയും ഭര്‍ത്താവാണ്‌ കൂടെയുള്ളതെന്ന് വെളിവാക്കാന്‍ പറ്റാത്ത അവസ്ഥയില്‍ നായികയുടെ മേക്കപ്പ്‌ മാന്‍ ആയി കൂടെ നില്‍ക്കേണ്ടി വരുന്നു.

സിനിമാ ലോകം ഇവരില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും അതിനോടനുബന്ധിച്ചുള്ള സംഭവവികാസങ്ങളിലൂടെയും ഈ സിനിമ പുരോഗമിക്കുന്നു.

അഭിനയം എല്ലാവരുടേയും മികച്ചതായിരുന്നു. സിദ്ധിക്‌,ജയറാം, ഷീല കൗര്‍ എന്നിവര്‍ തങ്ങളുടെ റോളുകള്‍ ഭംഗിയായി കൈകാര്യം ചെയ്തപ്പോള്‍ ചെറിയ വേഷങ്ങളിലാണെങ്കിലും കുഞ്ചാക്കോ ബോബനും പൃഥ്യിരാജും മോശമല്ലാതെ പ്രത്യക്ഷപ്പെടുന്നു. ജഗതി ശ്രീകുമാറും സുരാജ്‌ വെഞ്ഞാര്‍മൂടും സലിം കുമാറും ഹാസ്യം അമിതാഭിനയമില്ലാതെ ഒരു വിധം നന്നായി കൈകാര്യം ചെയ്തു.

സംഭാഷണങ്ങളില്‍ നിലവാരക്കുറവും ആവര്‍ത്തനവും പലപ്പോഴും അനുഭവപ്പെട്ടു.

ആദ്യപകുതി ഒരല്‍പ്പം താല്‍പര്യജനകമായി കടന്നുപോയെങ്കിലും രണ്ടാം പകുതി ഒന്ന് അവസാനിച്ചുകിട്ടാന്‍ നന്നേ വിഷമിച്ചു. രണ്ടാം പകുതിയില്‍ കഥയില്‍ സങ്കീര്‍ണ്ണത വരുത്തുവന്‍ പ്രയാസപ്പെട്ട്‌ നടത്തിയ ശ്രമങ്ങള്‍ പലപ്പോഴും ഏച്ചുകെട്ടലും ദയനീയവുമായി. ഉദാഹരണത്തിന്‌ സിനിമാ താരങ്ങളായ പൃഥ്യിരാജും മറ്റൊരു നടിയും ചേര്‍ന്ന് നായകനെ സഹായിക്കാന്‍ ശ്രമിക്കുന്ന രംഗങ്ങള്‍ തികച്ചും അപ്രസക്തമായി തോന്നി. ഏച്ചു കെട്ടി ഏച്ചുകെട്ടി ഒരു പരുവത്തില്‍ കൊണ്ടവസാനിച്ചപ്പോഴാണ്‌ ഒരു സമാധാനം കിട്ടിയത്‌. പക്ഷേ, ഇതിന്നിടയിലും രസകരമായ ചില രംഗങ്ങളും സംഭാഷണങ്ങളും ഉള്‍പ്പെടുത്തി പ്രേക്ഷകര്‍ തീയ്യറ്റര്‍ വിട്ട്‌ ഓടാതിരിക്കാന്‍ പരുവത്തില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു എന്നതും മറ്റൊരു സത്യമാണ്‌.

കഥയില്‍ ബാലിശമായ പല അംശങ്ങളും വ്യക്തമായി കാണാം. സിനിമാ ലോകം വിഭ്രമിപ്പിക്കുന്നതിനോടനുബന്ധിച്ച മാനസികവികാരങ്ങളും രംഗങ്ങളുമെല്ലാം നല്ലതാണെങ്കിലും നായികയെക്കൊണ്ട്‌ സ്വന്തം ഭര്‍ത്താവിനെ തള്ളിപ്പറയിപ്പിക്കുന്നതിനായി ഉപയോഗിച്ച ലോജിക്ക്‌ വിശ്വസനീയമായില്ലെന്ന് മാത്രമല്ല, മഹാ ബോറാകുകയും ചെയ്തു.

നായകനെ കുടുക്കാന്‍ കൂട്ടുനിന്ന ഒരു SI അവസാന നിമിഷം കൂറുമാറിയതെന്തിനാണെന്ന് വ്യക്തമായില്ല. മനുഷ്യന്‌ നന്നാവാന്‍ നേരോം കാലോം വല്ലതും വേണോ അല്ലേ?

കാര്യമായ ഗുണമോ പ്രാധാന്യമോ ഇല്ലാത്ത ഓരോ ഗാനങ്ങള്‍ (ഒന്ന് കുഞ്ചാക്കോ ബോബനോടൊപ്പവും മറ്റൊന്ന് പൃഥ്യിരാജിനോടൊപ്പവും) നായികയുടെ സിനിമാ അഭിനയം വെളിപ്പെടുത്താന്‍ ഉള്‍ക്കൊള്ളീച്ചിരിക്കുന്നു.

തെറ്റിദ്ധാരണകളൂം ഗൂഢാലോചനകളും പരമാവധി കൂട്ടിക്കുഴച്ച്‌ അതില്‍ ഇഷ്ടവും വേര്‍പിരിയലിന്റെ വേദനയും സമാസമം ചേര്‍ത്ത്‌ ഇളക്കി ചൂടുപിടിക്കുമ്പോള്‍ ഹാസ്യം ഇടയ്ക്കിടെ വിതറി കോടതിയിലിട്ട്‌ വരട്ടിയെടുത്ത്‌ പ്രേക്ഷകന്‌ സമര്‍പ്പിക്കുന്നതോടെ ഈ ചിത്രം അവസാനിക്കുന്നു.

ഇതൊക്കെയാണ്‌ സംഭവമെങ്കിലും, സാധാരണ പ്രേക്ഷകനെ രസിപ്പിക്കാനും അത്യാവശ്യം പിടിച്ചിരുത്താനും കഴിയുന്ന ചേരുവകകള്‍ മാറ്റമില്ലാതെ തുടരുന്നതിനാല്‍ അത്‌ എടുത്ത്‌ ശരിയായ പാകത്തിന്‌ ഉപയോഗിക്കാന്‍ കഴിയുന്നവര്‍ക്ക്‌ സാമാന്യം മോശമല്ലാത്ത പ്രേക്ഷകശ്രദ്ധനേടാനാവുമെന്നതിന്റെ തെളിവുകൂടിയാകുന്നു 'മേക്കപ്പ്‌ മാന്‍' എന്ന ഈ ചിത്രം.

Rating: 5.25 / 10

Sunday, February 13, 2011

റേസ്‌
കഥ, സംവിധാനം: കുക്കു സുരേന്ദ്രന്‍

തിരക്കഥ: കുക്കു സുരേന്ദ്രന്‍, റോബിന്‍ തിരുമല

സംഭാഷണം: റോബിന്‍ തിരുമല

നിര്‍മ്മാണം: ജോസ്‌ കെ ജോര്‍ജ്‌, ഷാജി മേച്ചേരിപ്രശസ്തനായ ഒരു കാര്‍ഡിയോളജി ഡോക്ടറും അദ്ദേഹത്തിണ്റ്റെ ഭാര്യയും കുട്ടിയും സന്തോഷമായി ജീവിക്കുന്നു. ഇവരുടെ കുട്ടിയെ തട്ടിക്കൊണ്ട്‌ പോകുകയും വിലപേശി മാനസികമായി തളര്‍ത്തുകയും ചെയ്യുന്ന മറ്റൊരു കൂട്ടര്‍.. അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിലൂടെയാണ്‌ ഈ ചിത്രം പുരോഗമിക്കുന്നത്‌.

തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയും തട്ടിക്കൊണ്ട്‌ പോകുന്നതില്‍ ഉള്‍പ്പെട്ടവരുടെ കുറച്ച്‌ സമയത്തെ സീനുകളും കണ്ടാല്‍ തന്നെ ഈ കഥയുടെ പോക്ക്‌ എങ്ങോട്ടാണെന്ന്‌ ഊഹിക്കാന്‍ കഴിയാത്തവരായി ആരും ഉണ്ടാകുമെന്ന്‌ തോന്നുന്നില്ല. അതായത്‌, തട്ടിക്കൊണ്ടുപോയത്‌ പണത്തിനുവേണ്ടിയല്ല, മറിച്ച്‌ അവര്‍ക്കുണ്ടായ സമാനമായ ഒരു ദുഖത്തിണ്റ്റെയോ ദുരന്തത്തിണ്റ്റെയോ പ്രതികാരം മാത്രമാണിതെന്ന്‌ നമുക്ക്‌ തോന്നുന്നത്‌ സ്വാഭാവികം. തട്ടിക്കൊണ്ടുപോയതിനുശേഷമുള്ള കുറച്ചുസമയത്ത്‌ ഫോണിലൂടെയും മറ്റുമുള്ള സംഭാഷണങ്ങളിലൂടെ കാര്യങ്ങള്‍ സംഭവിക്കുന്നതിനാല്‍ കാര്യമായ കഥാപുരോഗതിയോ ഒരു വേഗതയോ ചിത്രത്തിന്‌ സംഭവിച്ചില്ല എന്നതാകുന്നു വളരെ നിര്‍ഭാഗ്യകരമായ ഒരു കാര്യം. പക്ഷേ, രക്ഷപ്പെടാനുപയോഗിച്ച രീതികളും സംഭവങ്ങളുമെല്ലാം യാഥാര്‍ത്ഥ്യബോധത്തോടെയും ബുദ്ധിപരമായും സൃഷ്ടിക്കാനായി എന്നതാകുന്നു ഈ ചിത്രത്തിണ്റ്റെ ഏറ്റവും വലിയ പ്ളസ്‌ പോയിണ്റ്റ്‌.

പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും ആ ശ്രമം വേണ്ടപോലെ ഫലിക്കുന്നില്ല എന്നതാണ്‌ സത്യം. മാത്രമല്ല, വലിച്ച്‌ നീട്ടലില്‍ പെട്ട്‌ പലപ്പോഴും വല്ലാത്ത വിരസതയും അനുഭവപ്പെട്ടു.

ചിത്രത്തിണ്റ്റെ ക്ളൈമാക്സ്നിലോട്ടടുക്കുമ്പോള്‍ പ്രതീക്ഷിച്ചതുപോലുള്ള വെളിപ്പെടുത്തലുകൂടി വന്നപ്പോള്‍ സമാധാനമായി. പക്ഷേ, വെളിപ്പെടുത്തലിനുശേഷം ഒരല്‍പ്പം താല്‍പര്യം ജനിപ്പിക്കുവാനായത്‌ ചിത്രത്തിന്‌ നല്ലൊരു പ്രതിച്ഛായ നല്‍കി എന്ന്‌ തോന്നി.

അഭിനയം എല്ലാവരുടേയും ആവറേജ്‌ ആയിരുന്നെങ്കിലും ഇന്ദ്രജിത്‌ എല്ലാവരെക്കാള്‍ മികച്ചുനിന്നു. ജഗതിയെ ചേഞ്ചിനുവേണ്ടി ഇങ്ങനെ കോപ്രായം കാണിച്ച്‌ നശിപ്പിക്കേണ്ടായിരുന്നു എന്ന്‌ തോന്നി.

ഡയലോഗുകള്‍ പലതും നിലവാരം പുലര്‍ത്തുന്നവയായില്ല.

ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്‌ പലസ്ഥലത്തും നന്നായെങ്കിലും ത്രില്‍ ബില്‍ഡ്‌ ചെയ്യാന്‍ ശ്രമിച്ച്‌ അതിണ്റ്റെ ഉച്ഛസ്ഥായിയില്‍ എത്തിയപ്പോള്‍ ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്‌ ഒരു കോമഡിയായി മാറിത്തുടങ്ങിയപോലെ തോന്നി. അത്‌ മാത്രം ശ്രദ്ധിച്ചാല്‍ ആരും ചിരിച്ചുപോകും.

ചിത്രത്തിണ്റ്റെ അവസാനത്തോടടുക്കുമ്പോഴേക്കും പോലീസ്‌ എന്ന സംഗതിയെ പാടേ അവഗണിച്ചതും മറ്റൊരു ന്യൂനതയായി.ഇതൊക്കെയാണെങ്കിലും, പൊതുവേ പറഞ്ഞാല്‍ കോക്‌ ടെയില്‍, ട്രാഫിക്‌ തുടങ്ങിയ ചിത്രങ്ങളിലെപ്പോലെ നല്ലൊരു ശ്രമം ഈ സിനിമയുടെ പിന്നിലുണ്ട്‌. പക്ഷേ, ആവര്‍ത്തനവിരസതകള്‍ കൊണ്ടും ലാഗുകൊണ്ടും ആ ശ്രമത്തെ നല്ലൊരു അവസ്ഥയില്‍ എത്തിക്കാനായില്ലെന്നത്‌ നിരാശാജനകം തന്നെ.എന്നിരുന്നാലും, തള്ളിക്കളയാതെ പ്രോത്സാഹിപ്പിക്കാവുന്ന പല ഘടകങ്ങളും ഉള്ളതിനാല്‍ ഈ ചിത്രം മോശമല്ലാത്ത ചിത്രങ്ങളുടെ ഗണത്തില്‍ പെടുന്നതായാണ്‌ എനിക്ക്‌ തോന്നിയത്‌.

Rating : 5 / 10

Thursday, February 10, 2011

ഗദ്ദാമകഥ : കെ.യു. ഇക്ബാല്‍

തിരക്കഥ: കെ. ഗിരീഷ്‌ കുമാര്‍, കമല്‍

സംഭാഷണം: കെ. ഗിരീഷ്‌ കുമാര്‍

സംവിധാനം: കമല്‍

നിര്‍മ്മാണം: പി.വി. പ്രദീപ്‌


നാട്ടിലെ കഷ്ടപ്പാടുകള്‍ക്ക്‌ ശമനമുണ്ടാക്കാനായി സൗദി അറേബ്യയില്‍ വീട്ടുജോലിക്ക്‌ പോകുന്ന അശ്വതി എന്ന ഒരു നാട്ടിന്‍ പുറത്തുകാരി പെണ്‍കുട്ടിക്ക്‌ അവിടെ ഉണ്ടാകുന്ന തീവ്രമായ ജീവിതാനുഭവങ്ങളും ദുരിതങ്ങളുമാണ്‌ ഈ ചിത്രത്തിന്റെ പ്രമേയം. ഒരു സോഷ്യല്‍ വര്‍ക്കറും മറ്റു ചില മനുഷ്യസ്നേഹികളും ഈ ദുരിതത്തില്‍ അശ്വതിക്ക്‌ അല്‍പമെങ്കിലും തുണയാകുകയും ദുരിതത്തില്‍ നിന്ന് കരകയറി നാട്ടിലേയ്ക്ക്‌ മടങ്ങുകയും ചെയ്യുന്നു എന്നുകൂടി പറഞ്ഞാല്‍ കഥ പൂര്‍ണ്ണമായി.

മരുഭൂമിയിലെ തീഷ്ണമായ ദുരിതത്തിന്റേയും വേദനയുടേയും ചൂടിന്നിടയില്‍ അപ്രതീക്ഷിത മരുപ്പച്ച പോലെ ചില മനുഷ്യസ്നേഹത്തിന്റെ ശീതളച്ഛായയും കുളിര്‍ക്കാറ്റും ഈ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

സംഭവകഥയുടെ ചിത്രീകരണമായതിനാല്‍ തന്നെ കാര്യമായ ഭാവനകളോ ക്രിയേറ്റിവിറ്റിയോ ആവശ്യമില്ലെങ്കിലും സംഭവവികാസങ്ങളുടെ അവതരണവും എല്ലാവരുടേയും അഭിനയവും മികച്ചുനിന്നു.

ശ്രീനിവാസന്റെ കഥാപാത്രത്തിന്‌ കൊടുത്തിരിക്കുന്ന മനുഷ്യസ്നേഹം കുറച്ച്‌ അമിതമായ അളവിലായോ എന്നത്‌ ഇടയ്ക്ക്‌ അദ്ദേഹം ഒരാളെ സഹായിക്കുകയും വീട്ടില്‍ കൂട്ടിക്കൊണ്ടുവരികയും ചെയ്യുമ്പോള്‍ തോന്നിപ്പോയി. മാത്രമല്ല, സ്വാഭാവികതയില്‍ നിന്ന് ഒരല്‍പ്പം കുറവ്‌ സംഭവിച്ചതായും ഇദ്ദേഹത്തിന്റെ ചില രീതികളില്‍ സൂചിപ്പിച്ചു.

അശ്വതി അറബിയുടെ വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സീനിലും ഒരു ന്യൂനത തോന്നി. കോണി ഉപയോഗിച്ച്‌ പുറത്ത്‌ കടന്നതാണെന്ന് അനുമാനിക്കാമായിരുന്നിട്ടും ആ കെട്ടിടത്തിന്റെ ചുറ്റും പരിസരത്തും അന്വേഷിക്കാതെ നേരെ കാറുമെടുത്ത്‌ പായുന്ന അറബിയെ കണ്ടപ്പോള്‍ സഹതാപം തോന്നി.

സൗദി അറേബ്യയിലെ ചില രീതികളും നിയമങ്ങളുമുള്‍പ്പെടെ അവിടെ ദുരിതമനുഭവിക്കുന്ന ചില വിഭാഗങ്ങളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച വരച്ചുകാട്ടാന്‍ കമലിന്‌ സാധിച്ചിരിക്കുന്നു എങ്കിലും ദുഖപൂര്‍ണ്ണമായ ജീവിതങ്ങള്‍ കാണുന്നതിനും അത്‌ ആസ്വദിക്കുന്നതിനും പ്രേക്ഷകര്‍ അത്ര തല്‍പ്പരരല്ല എന്നതും പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.

(മികച്ച ഒരു സിനിമയാണെങ്കിലും, സിനിമ ഒരു വിനോദോപാധിയായി കാണുന്നവര്‍ക്ക്‌ വലിയ വിനോദം ഒന്നും ഉണ്ടാവാനില്ല എന്നതാണ്‌ മറ്റൊരു സത്യം.)

Rating: 6 / 10