കഥ, സംവിധാനം: ഷാഫി
തിരക്കഥ, സംഭാഷണം: സച്ചി-സേതു
നിര്‍മ്മാണം: എം. രഞ്ജിത്
കയ്യിലുള്ള സമ്പാദ്യവുമായി ഒരു ബിസിനസ് സംരംഭം തുടങ്ങി നായകന്‍ കടക്കെണിയിലായതിനെത്തുടര്‍ന്ന് നിശ്ചയിച്ച വിവാഹം പെണ്‍ വീട്ടുകാര്‍ വേണ്ടെന്നുവക്കുകയും പെണ്‍കുട്ടി നായകനോടുള്ള ഇഷ്ടം നിലനിര്‍ത്തുകയും ചെയ്യുന്നു. അവളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവളുടെ വേറെ നിശ്ചയിച്ചിരുന്ന വിവാഹത്തിന്റെ തലേന്ന് ആ പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങി നായകനോടൊത്ത് ഒളിവില്‍ പോയി ഒരു അമ്പലത്തില്‍ ചെന്ന് താലി കെട്ടുന്നു.
ഒരു പ്രത്യേക സാഹചര്യത്തില്‍ ഈ പെണ്‍കുട്ടിക്ക് ഒരു സിനിമയില്‍ പുതുമുഖ നായികയായി അവസരം കിട്ടുകയും ഭര്‍ത്താവാണ് കൂടെയുള്ളതെന്ന് വെളിവാക്കാന്‍ പറ്റാത്ത അവസ്ഥയില്‍ നായികയുടെ മേക്കപ്പ് മാന്‍ ആയി കൂടെ നില്‍ക്കേണ്ടി വരുന്നു.
സിനിമാ ലോകം ഇവരില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും അതിനോടനുബന്ധിച്ചുള്ള സംഭവവികാസങ്ങളിലൂടെയും ഈ സിനിമ പുരോഗമിക്കുന്നു.
അഭിനയം എല്ലാവരുടേയും മികച്ചതായിരുന്നു. സിദ്ധിക്,ജയറാം, ഷീല കൗര്‍ എന്നിവര്‍ തങ്ങളുടെ റോളുകള്‍ ഭംഗിയായി കൈകാര്യം ചെയ്തപ്പോള്‍ ചെറിയ വേഷങ്ങളിലാണെങ്കിലും കുഞ്ചാക്കോ ബോബനും പൃഥ്യിരാജും മോശമല്ലാതെ പ്രത്യക്ഷപ്പെടുന്നു. ജഗതി ശ്രീകുമാറും സുരാജ് വെഞ്ഞാര്‍മൂടും സലിം കുമാറും ഹാസ്യം അമിതാഭിനയമില്ലാതെ ഒരു വിധം നന്നായി കൈകാര്യം ചെയ്തു.
സംഭാഷണങ്ങളില്‍ നിലവാരക്കുറവും ആവര്‍ത്തനവും പലപ്പോഴും അനുഭവപ്പെട്ടു.
ആദ്യപകുതി ഒരല്‍പ്പം താല്‍പര്യജനകമായി കടന്നുപോയെങ്കിലും രണ്ടാം പകുതി ഒന്ന് അവസാനിച്ചുകിട്ടാന്‍ നന്നേ വിഷമിച്ചു. രണ്ടാം പകുതിയില്‍ കഥയില്‍ സങ്കീര്‍ണ്ണത വരുത്തുവന്‍ പ്രയാസപ്പെട്ട് നടത്തിയ ശ്രമങ്ങള്‍ പലപ്പോഴും ഏച്ചുകെട്ടലും ദയനീയവുമായി. ഉദാഹരണത്തിന് സിനിമാ താരങ്ങളായ പൃഥ്യിരാജും മറ്റൊരു നടിയും ചേര്‍ന്ന് നായകനെ സഹായിക്കാന്‍ ശ്രമിക്കുന്ന രംഗങ്ങള്‍ തികച്ചും അപ്രസക്തമായി തോന്നി. ഏച്ചു കെട്ടി ഏച്ചുകെട്ടി ഒരു പരുവത്തില്‍ കൊണ്ടവസാനിച്ചപ്പോഴാണ് ഒരു സമാധാനം കിട്ടിയത്. പക്ഷേ, ഇതിന്നിടയിലും രസകരമായ ചില രംഗങ്ങളും സംഭാഷണങ്ങളും ഉള്‍പ്പെടുത്തി പ്രേക്ഷകര്‍ തീയ്യറ്റര്‍ വിട്ട് ഓടാതിരിക്കാന്‍ പരുവത്തില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു എന്നതും മറ്റൊരു സത്യമാണ്.
കഥയില്‍ ബാലിശമായ പല അംശങ്ങളും വ്യക്തമായി കാണാം. സിനിമാ ലോകം വിഭ്രമിപ്പിക്കുന്നതിനോടനുബന്ധിച്ച മാനസികവികാരങ്ങളും രംഗങ്ങളുമെല്ലാം നല്ലതാണെങ്കിലും നായികയെക്കൊണ്ട് സ്വന്തം ഭര്‍ത്താവിനെ തള്ളിപ്പറയിപ്പിക്കുന്നതിനായി ഉപയോഗിച്ച ലോജിക്ക് വിശ്വസനീയമായില്ലെന്ന് മാത്രമല്ല, മഹാ ബോറാകുകയും ചെയ്തു.
നായകനെ കുടുക്കാന്‍ കൂട്ടുനിന്ന ഒരു SI അവസാന നിമിഷം കൂറുമാറിയതെന്തിനാണെന്ന് വ്യക്തമായില്ല. മനുഷ്യന് നന്നാവാന്‍ നേരോം കാലോം വല്ലതും വേണോ അല്ലേ?
കാര്യമായ ഗുണമോ പ്രാധാന്യമോ ഇല്ലാത്ത ഓരോ ഗാനങ്ങള്‍ (ഒന്ന് കുഞ്ചാക്കോ ബോബനോടൊപ്പവും മറ്റൊന്ന് പൃഥ്യിരാജിനോടൊപ്പവും) നായികയുടെ സിനിമാ അഭിനയം വെളിപ്പെടുത്താന്‍ ഉള്‍ക്കൊള്ളീച്ചിരിക്കുന്നു.
തെറ്റിദ്ധാരണകളൂം ഗൂഢാലോചനകളും പരമാവധി കൂട്ടിക്കുഴച്ച് അതില്‍ ഇഷ്ടവും വേര്‍പിരിയലിന്റെ വേദനയും സമാസമം ചേര്‍ത്ത് ഇളക്കി ചൂടുപിടിക്കുമ്പോള്‍ ഹാസ്യം ഇടയ്ക്കിടെ വിതറി കോടതിയിലിട്ട് വരട്ടിയെടുത്ത് പ്രേക്ഷകന് സമര്‍പ്പിക്കുന്നതോടെ ഈ ചിത്രം അവസാനിക്കുന്നു.
ഇതൊക്കെയാണ് സംഭവമെങ്കിലും, സാധാരണ പ്രേക്ഷകനെ രസിപ്പിക്കാനും അത്യാവശ്യം പിടിച്ചിരുത്താനും കഴിയുന്ന ചേരുവകകള്‍ മാറ്റമില്ലാതെ തുടരുന്നതിനാല്‍ അത് എടുത്ത് ശരിയായ പാകത്തിന് ഉപയോഗിക്കാന്‍ കഴിയുന്നവര്‍ക്ക് സാമാന്യം മോശമല്ലാത്ത പ്രേക്ഷകശ്രദ്ധനേടാനാവുമെന്നതിന്റെ തെളിവുകൂടിയാകുന്നു 'മേക്കപ്പ് മാന്‍' എന്ന ഈ ചിത്രം.
Rating: 5.25 / 10
2 comments:
തെറ്റിദ്ധാരണകളൂം ഗൂഢാലോചനകളും പരമാവധി കൂട്ടിക്കുഴച്ച് അതില്‍ ഇഷ്ടവും വേര്‍പിരിയലിന്റെ വേദനയും സമാസമം ചേര്‍ത്ത് ഇളക്കി ചൂടുപിടിക്കുമ്പോള്‍ ഹാസ്യം ഇടയ്ക്കിടെ വിതറി കോടതിയിലിട്ട് വരട്ടിയെടുത്ത് പ്രേക്ഷകന് സമര്‍പ്പിക്കുന്നതോടെ ഈ ചിത്രം അവസാനിക്കുന്നു.
സാധാരണ പ്രേക്ഷകനെ രസിപ്പിക്കാനും അത്യാവശ്യം പിടിച്ചിരുത്താനും കഴിയുന്ന ചേരുവകകള്‍ മാറ്റമില്ലാതെ തുടരുന്നതിനാല്‍ അത് എടുത്ത് ശരിയായ പാകത്തിന് ഉപയോഗിക്കാന്‍ കഴിയുന്നവര്‍ക്ക് സാമാന്യം മോശമല്ലാത്ത പ്രേക്ഷകശ്രദ്ധനേടാനാവുമെന്നതിന്റെ തെളിവുകൂടിയാകുന്നു 'മേക്കപ്പ് മാന്‍' എന്ന ഈ ചിത്രം.
ജയറാം കഞ്ഞികുടി മുട്ടാതെ രക്ഷപ്പെടുമോ?
Post a Comment