Saturday, October 01, 2011

സ്നേഹവീട്‌ (Snehaveedu)

രചന, സംവിധാനം: സത്യന്‍ അന്തിക്കാട്‌
നിര്‍മ്മാണം: ആണ്റ്റണി പെരുമ്പാവൂര്‍

പിഞ്ചുകുഞ്ഞായിരിക്കുമ്പോഴേ അച്ഛന്‍ മരിച്ച അജയന്‍ (മോഹന്‍ ലാല്‍), രാജ്യത്തിണ്റ്റെ പല ഭാഗങ്ങളിലും പോയി പല ജോലികളും ചെയ്ത്‌ ഒടുവില്‍ ഗള്‍ഫിലെത്തി കുറേ പണം സമ്പാദിച്ച്‌ നാട്ടില്‍ കുറേ സ്ഥലവും സമ്പാദ്യവുമായി തിരിച്ചെത്തുകയും അമ്മയോടൊപ്പം (ഷീല) തനിക്കിഷ്ടപ്പെട്ട കൃഷിയും നാടുമായി ജീവിക്കുകയും ചെയ്യുന്നു.

രണ്ടര വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചിട്ടും വേറെ വിവാഹം കഴിക്കാതെ തനിക്കുവേണ്ടി ജീവിച്ച അമ്മയ്ക്കുവേണ്ടി ജീവിക്കാന്‍ അജയനും വിവാഹം കഴിക്കാതിരിക്കുന്നു. ആ സ്നേഹബന്ധം കേട്ടിട്ട്‌ കോരിത്തരിക്കുന്നില്ലേ?.. തരിക്കും തരിക്കും... കഥ മുഴുവനായാല്‍ ശരിക്കും തരിക്കും...

ഇങ്ങനെ സുഖമായി ജീവിക്കുന്ന ഇവര്‍ക്കിടയിലേയ്ക്ക്‌ അജയനെ അന്വേഷിച്ച്‌ ഒരു കൌമാരക്കാരന്‍ പയ്യന്‍ എത്തുന്നതും ഇതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും സത്യാന്വേഷണങ്ങളുമാണ്‌ ഈ ചിത്രത്തിണ്റ്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍.

പശുവിനെ കുളിപ്പിക്കല്‍, പശുവിനെ കറക്കല്‍, നാളിലേരം ഇടല്‍, തെങ്ങ്‌ കയറ്റം, നെല്ല് വിതയ്ക്കല്‍, ടാറിടാത്ത റോഡ്‌, കള്ള് ചെത്ത്‌, കള്ള് കുടി, നാട്ടുകാരുടെ കലാപരിപാടികള്‍, നാടകം, ചെണ്ടമേളം, നല്ലവരായ അയല്‍ക്കാര്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, തറവാട്ടമ്മ, സല്‍ സ്വഭാവിയായ നായകന്‍ എന്നീ ചേരുവകള്‍ ഇഷ്ടാനിഷ്ടം പല അളവിലായി ചേര്‍ത്ത്‌ ഒരു കുടുക്കയിലിട്ട്‌ കുലുക്കി അതില്‍ മേമ്പൊടിക്ക്‌ ഒരല്‍പ്പം പതിവ്‌ സെണ്റ്റിമെണ്റ്റ്സ്‌ ചേര്‍ത്ത്‌ ഇളക്കിയാല്‍ സത്യന്‍ അന്തിക്കാടിണ്റ്റെ മണ്ണിണ്റ്റെ മണമുള്ള സിനിമയാകും എന്നാണ്‌ ധാരണയായിരുന്നത്‌. എന്നാല്‍ ഇത്‌ യാതൊരു മണവും ഗുണവുമില്ലാത്ത കഷായമായി മാറി എന്നതാണ്‌ സത്യം.

ഒരൊറ്റ തവണപോലും കാണാത്ത ഒരു രംഗമോ (ഇദ്ദേഹ സിനിമകളില്‍ തന്നെ), സന്ദര്‍ഭങ്ങളോ, ഡയലോഗുകളോ, കഥാപാത്രങ്ങളോ ഈ ചിത്രത്തിലില്ല എന്നത്‌ തന്നെ ഈ ചിത്രത്തെ വേറിട്ട്‌ നിര്‍ത്തുന്നു.

'ഹിറ്റ്‌ ലര്‍ മാധവന്‍ കുട്ടിയുടെ വീടേതാ' എന്ന ചോദ്യവും അപ്പോഴത്തെ സാഹചര്യവും ഈ സിനിമയില്‍ വന്നപ്പോള്‍ 'കരിങ്കണന്‍ മത്തായിയുടെ വീടേതാ' എന്നതാക്കി മാറ്റി പ്രേക്ഷകര്‍ക്ക്‌ സമര്‍പ്പിച്ചിരിക്കുന്നു. ഒരു കുഴപ്പത്തില്‍ നിന്ന് രക്ഷപ്പെടാനായി നടത്തുന്ന ശ്രമങ്ങള്‍ പരാജയങ്ങളാകുന്നത്‌ തിരിച്ച്‌ പാരയാകുന്നതും പോലുള്ള സംഭവങ്ങള്‍ പുതുമയോടെ അവതരിപ്പിച്ചിരിക്കുന്നു. ചെയ്യാത്ത കര്‍മ്മത്തിന്‌ തെറ്റിദ്ധരിക്കപ്പെട്ട്‌ ബന്ധുക്കളുടേയും നാട്ടുകാരുടേയും ഇടയില്‍ മാനം നഷ്ടപ്പെട്ട്‌ ചമ്മേണ്ടിവരുന്ന സീനുകളും പുതുമകള്‍ തന്നെ.

അജയനെ അന്വേഷിച്ചെത്തുന്ന പയ്യനായി അഭിനയിച്ച പുതുമുഖ താരം 'രാഹുല്‍', ഒന്ന് രണ്ട്‌ സീനുകളില്‍ കല്ല് കടി ഉണ്ടാക്കിയെങ്കിലും ഈ ചിത്രത്തിന്‌ അല്‍പമെങ്കിലും ഒരു ഭാവം നല്‍കി എന്നു വേണം പറയാന്‍.

മോഹന്‍ലാലിണ്റ്റെ ശരീരം പൊതുവേ ഈ കഥാപാത്രത്തിന്‌ വല്ലാത്തൊരു അസ്വാഭാവികത വരുത്തുന്നതായി തോന്നി. പക്ഷേ, ഒന്ന് രണ്ട്‌ സീനുകളില്‍ തണ്റ്റെ മുഖഭാവങ്ങളിലും ഡയലോഗുകളിലും തണ്റ്റേതായ ഒരു സുഖം മോഹന്‍ലാലിന്‌ നല്‍കാനായി.

ഷീലയും പതിവ്‌ തറവാട്ടമ്മ റോള്‍ പതിവുപോലെ തന്നെ ചെയ്തു.

തുടക്കം മുതല്‍ ഒടുക്കം വരെ ഒരേപോലെ പ്രേക്ഷകരെ ബോറടിയുടെ തീവ്രത മനസ്സിലാക്കിക്കൊടുക്കാന്‍ സാധിച്ചു എന്നതില്‍ സത്യന്‍ അന്തിക്കാടിന്‌ അഭിനന്ദിക്കാം. പക്ഷേ, ഒന്ന് രണ്ട്‌ സീനുകളില്‍ പ്രേക്ഷകരുടെ മനസ്സില്‍ ചെറുതായൊരു ചലനം ഉണ്ടാക്കാനായോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

അജയനെ തേടിയെത്തുന്ന പയ്യണ്റ്റെ ഭൂതകാലവും മറ്റും അന്വേഷിച്ച്‌ ചെന്നെത്തി കണ്ടെത്തുന്നത്‌ വല്ലാത്തൊരു കണ്ടുപിടുത്തമായി ഭവിച്ചു. 'ഇതെല്ലാം കഷ്ടപ്പെട്ട്‌ കണ്ടുപിടിക്കേണ്ടിയില്ലായിരുന്നു' എന്ന് ആര്‍ക്കും തോന്നിപ്പോകും. ഒടുവില്‍ പ്രേക്ഷകരെ ആ പച്ചക്കള്ളം വിശ്വസിപ്പിക്കാന്‍ ശ്രമിച്ച്‌ 'കൂടുതല്‍ അറിയേണ്ടതില്ല' എന്ന അഹങ്കാരത്തില്‍ സിനിമ അവസാനിപ്പിക്കുകയും ചെയ്യുമ്പോള്‍ തൃപ്തിയായി.

മോഹന്‍ലാലിനെ മണ്ണില്‍ ചവിട്ടി നടത്തിച്ചു എന്നത്‌ സത്യന്‍ അന്തിക്കാട്‌ മോഹന്‍ലാലിനോടും മലയാളസിനിമയോടും ചെയ്ത ഒരു നല്ലകാര്യമായി പലയിടത്തും കണ്ടു. പാവം മോഹന്‍ലാല്‍! ഇങ്ങനെ മണ്ണില്‍ ചവിട്ടി നടക്കേണ്ടിവന്ന ഇദ്ദേഹത്തിണ്റ്റെ ഗതികേട്‌ എന്നല്ലാതെ വേറൊന്നും പറയാനില്ല.

DNA ടെസ്റ്റ്‌ എന്ന് പറയുന്നത്‌ ആര്‍ക്കും ഒാടിപ്പോയി ഒരു ലാബില്‍ ചെന്ന് ചെയ്യാവുന്ന സിമ്പിള്‍ സംഗതിയാണെന്ന് കാണിച്ചുതന്നതിനും സത്യന്‍ അന്തികാടിന്‌ പ്രത്യേക നന്ദി.

'നല്ലതായാലും ചീത്തയായാലും സത്യന്‍ അന്തിക്കാടിണ്റ്റെ സിനിമയല്ലേ, പോയി കണ്ടേക്കാം' എന്ന് വിശ്വസിക്കുന്ന ഒരു പ്രേക്ഷകരാണ്‌ തണ്റ്റെ ശക്തി എന്ന് സത്യന്‍ അന്തിക്കാട്‌ ഈയിടെ പറഞ്ഞതായി വായിച്ചു. ആ പ്രേക്ഷകരോട്‌ ഈ ചതി കാണിച്ചതിന്‌ സത്യന്‍ അന്തിക്കാടിന്‌ കാലം മാപ്പുതരില്ല.

സിനിമയില്‍ യാതൊരു കഥയുമില്ലെങ്കിലും, പ്രേക്ഷകരുടെ നാടിനോടും നാട്ടിന്‍പുറത്തിനോടുമുള്ള നൊസ്റ്റാള്‍ജിയയെ വിറ്റ്‌ കാശാക്കാം എന്ന ഒരൊറ്റ ഉദ്ദേശത്തോടെതന്നെ ഇദ്ദേഹം പല സീനുകളും വളരെ നിര്‍ബന്ധബുദ്ധിയോടെ ചേര്‍ത്തിരിക്കുന്നു എന്നത്‌ ഏതൊരാള്‍ക്കും പകല്‍ പോലെ വ്യക്തമാണ്‌. ഇത്രയ്ക്കങ്ങ്‌ ഈ ബോറന്‍ രംഗങ്ങള്‍ പല അളവില്‍ ചേര്‍ത്ത്‌ നല്‍കാന്‍ മാത്രം ഒരു മാനസികദരിദ്രാവസ്ഥ പ്രേക്ഷകസമൂഹത്തിനില്ല എന്ന് വൈകാതെ തന്നെ ഇദ്ദേഹത്തിന്‌ മനസ്സിലായിക്കോളും.

Rating : 3 / 10

5 comments:

സൂര്യോദയം said...

Mansoor said...

ലോഹിതദാസിന്‍റെ മരണം. ശ്രീനിവാസന്‍റെ പേനയ്ക്കു മൂര്‍ച്ചക്കുറവ്, എന്നിവ സത്യന്‍ അന്തിക്കാടിനെ വല്ലാതെ ബാധിച്ചിരിക്കുന്നു എന്ന് ഇന്നത്തെ ചിന്താവിഷയം, ഭാഗ്യദേവത എന്നിവ തെളിവാണ്, രസതന്ത്രം എന്ന സിനിമയുടെ ഹാങ്ങ്ഓവര്‍ ഇപ്പോഴും അദ്ദേഹത്തിനുണ്ട്താനും. ചിന്താവിഷയം പോലെ കുറേ സ്കിറ്റുകള്‍ പോലുള്ള രംഗങ്ങള്‍ ഷൂട്ട് ചെയ്ത് അതൊക്കെ കൂട്ടിയിണക്കി രണ്ടര മണികൂര്‍ സിനിമയാക്കിയതാണോ ഇതും?? ദയവ് ചെയ്ത് സത്യന്‍ അറ്റ്ലീസ്റ്റ് ഈ മോഹന്‍ലാല്‍, ജയറാം, മമ്മൂട്ടി എന്നിവരെയൊക്കെ ഒഴിവാക്കി ഒരു സിനിമ ചെയ്തു നോക്ക്, ചിലപ്പോള്‍ നമുക്ക് ഒരു സാള്‍ട്ട് ആന്‍റ് പെപ്പറോ, ട്രാഫിക്കോ കിട്ടിയേക്കും,

മുകിൽ said...

ആ സ്നേഹബന്ധം കേട്ടിട്ട്‌ കോരിത്തരിക്കുന്നില്ലേ?.. തരിക്കും തരിക്കും... കഥ മുഴുവനായാല്‍ ശരിക്കും തരിക്കും...

ha ha ha.
rakshapeduthiyathinu nandi.

Satheesh Haripad said...

ജോൺസൺ മാഷുമായി വേർപിരിഞ്ഞതിനും സ്വയം സ്ക്രിപ്റ്റെഴുതാൻ തുടങ്ങിയതിനും ശേഷം സത്യൻ ചിത്രങ്ങളുടെ ആ പഴയ സ്റ്റാൻഡേർഡ് നഷ്ടപ്പെട്ടു.
കഥ തുടരുമ്പോൾ മാത്രം ഒരു നല്ല ചിത്രം ആയിരുന്നു എന്നാണ് തോന്നിയത്.
രസതന്ത്രം ഒരു തട്ടിക്കൂട്ട് പടമായിരുന്നു. അതു തന്നെയാൺ ട്രെയിലർ കണ്ടപ്പോൾ സ്നേഹവീടിൽ നിന്നും പ്രതീക്ഷിച്ചതും.