Sunday, April 17, 2011

ചൈനാ ടൌണ്‍ (China Town)



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: റാഫി മെക്കാര്‍ട്ടിന്‍
നിര്‍മ്മാണം: ആണ്റ്റണി പെരുമ്പാവൂറ്‍

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഗോവയില്‍ ചൈനാ ടൌണ്‍ എന്ന സ്ഥലത്ത്‌ ചൂതാട്ടവും മറ്റുമുള്ള ഒരു വലിയ സ്ഥാപനത്തിണ്റ്റെ നടത്തിപ്പുകാരായ നാല്‌ സുഹൃത്തുക്കള്‍. ഒരു ദിവസം ഇവരുടെ ബിസിനസ്‌ എതിരാളി തനിക്ക്‌ ചൈനാടൌണിണ്റ്റെ ആധിപത്യം മുഴുവന്‍ വേണമെന്ന്‌ അവകാശപ്പെട്ട്‌ ഇവരെയെല്ലം കുടുംബത്തോടെ കൊല്ലാനും അവിടെ നിന്ന്‌ ഓടിക്കാനും വരുന്നു. കുറേ പേരെ കൊല്ലുന്നു, കുറേ പേര്‍ രക്ഷപ്പെടുന്നു. നാല്‌ സുഹൃത്തുക്കളില്‍ ഒരാള്‍ രക്ഷപ്പെടുന്നു. മൂന്ന്‌ പേരുടേയും മക്കള്‍ രക്ഷപ്പെടുന്നു.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം അതിലെ രക്ഷപ്പെട്ട ഒരാള്‍ എവിടെ നിന്നോ തിരികെയെത്തി ഒരു ചൂതാട്ടകേന്ദ്രം വാങ്ങുന്നു. തണ്റ്റെ സുഹൃത്തുക്കളുടെ മക്കളെ കണ്ടെത്തി അത്‌ അവരെ ഏല്‍പ്പിക്കാന്‍ പരിശ്രമിക്കുന്നു. പഴയ ശത്രു ഇപ്പോള്‍ വലിയ സംഭവമായിത്തീര്‍ന്നിരിക്കുന്നു. ആഭ്യന്ത്രമന്ത്രി പോലും ഇദ്ദേഹത്തിണ്റ്റെ ബിനാമിയാണ്‌. മൂന്ന്‌ സുഹൃത്തുക്കളുടെ മക്കളെ എവിടെനിന്നൊക്കെയോ കണ്ടെത്തി എത്തിക്കുന്നു. മോഹന്‍ ലാല്‍, ജയറാം, ദിലീപ്‌ എന്നിവരാണ്‌ ആ മക്കള്‍. മോഹന്‍ലാലിന്‌ എങ്ങനെയോ ഒരു അനുജത്തിയും (കാവ്യാമാധവന്‍) ഉണ്ടെന്ന്‌ നമുക്ക്‌ മനസ്സിലാകും. പക്ഷേ, അവസാനമാകുമ്പോഴേയ്ക്കും ഇവര്‍ കല്ല്യാണം കഴിയ്ക്കും. അതെന്താ അങ്ങനെ എന്ന്‌ ചോദിച്ചേക്കരുത്‌. 'അതെന്താ അങ്ങനെ?' എന്ന്‌ ചോദിക്കാന്‍ പോലുമാകാത്ത വിധത്തില്‍ നിരവധി രംഗങ്ങള്‍ (അങ്ങനെ വിളിക്കാവോ എന്നറിയില്ല... ) ഈ ചിത്രത്തിലുണ്ട്‌.

ഇതിന്നിടയില്‍ ചൂതാട്ടകേന്ദ്രത്തില്‍ എത്തുന്ന ചിലരെ പിടിച്ച്‌ പറിച്ച്‌ കാശുണ്ടാക്കുന്ന ഗുണ്ടാനേതാവായി സുരാജ്‌ വെഞ്ഞാര്‍മൂടും ഉണ്ട്‌. ഇദ്ദേഹത്തിണ്റ്റെ തമാശകളും ഗോഷ്ടികളും കണ്ട്‌ ആളുകള്‍ പരിതപിച്ച്‌ കരയും.

ദിലീപ്‌ വല്ലാതെ കോമഡികാണിച്ച്‌ പ്രേക്ഷകരെ ശ്വാസം മുട്ടിക്കും.

ജയറാം കോമഡിയാണോ ട്രാജഡിയാണോ അഭിനയിക്കുന്നത്‌ എന്നത്‌ ഇതുവരെ തീരുമാനമായില്ല.

മോഹന്‍ലാല്‍ തണ്റ്റെ താരപദവി സംരക്ഷിക്കാന്‍ ഒരു ലോഡ്‌ ഗുണ്ടകളെയൊക്കെ പുഷ്പം പോലെ ഇടിച്ചിട്ട്‌ 'ഇനി ആരും ഇല്ലേ?' എന്ന്‌ വിഷമിച്ച്‌ തിരിച്ച്‌ നടന്നുപോകും.

ആഭ്യന്തരമന്ത്രിക്ക്‌ ഒരു മകളുണ്ട്‌. വര്‍ഷങ്ങള്‍ക്ക്‌ ശേഷം തിരിച്ചെത്തിയ സുഹൃത്ത്‌ (ക്യാപ്റ്റന്‍ രാജു) ഒരു പുത്രിയുമായാണ്‌ എത്തുന്നത്‌. ഇപ്പോള്‍ മൂന്ന്‌ പേര്‍ക്കും നായികമാരുമായല്ലോ... കാവ്യാമാധവന്‍ അനുജത്തിയായാണ്‌ തുടങ്ങിയതെങ്കിലും ഇടയ്ക്ക്‌ വെച്ച്‌ മോഹന്‍ലാലിണ്റ്റെ നായികയായി മാറുന്ന കാഴ്ച കേമമായിരുന്നു. 'നിണ്റ്റെ ഏത്‌ ആഗ്രഹമാണ്‌ ഈ ഇച്ചായന്‍ ഇതുവരെ നടത്തിത്തരാഞ്ഞത്‌. എന്നിട്ട്‌ ഇതുമാത്രം നീ എന്തേ എന്നോട്‌ പറഞ്ഞില്ല?' എന്ന്‌ ഒരൊറ്റ ചോദ്യം ചോദിക്കലും മോതിരമിടീക്കലും കഴിഞ്ഞു.

'പുരകത്തുമ്പോള്‍ വീണവായന' എന്ന്‌ കേട്ടിട്ടേയുള്ളൂ... ഈ സിനിമയില്‍ അതും ദര്‍ശിക്കാനായി. സ്വത്തുക്കളെല്ലം നഷ്ടപ്പെടുകയും 'മൂന്ന്‌ ദിവസം കൂടിയേ നിങ്ങള്‍ക്ക്‌ ആയുസ്സുള്ളൂ' എന്ന്‌ പറഞ്ഞ്‌ വില്ലന്‍ ഇവരെ വിടുകയും ചെയ്തതിനുശേഷം എന്ത്‌ ചെയ്യണമെന്നറിയാതെ നടക്കുമ്പോള്‍ ദേ വരുന്ന്‌ രണ്ട്‌ പാട്ട്‌... കൂടെ ഡാന്‍സും.

പിന്നെ കുറേ നേരത്തേക്ക്‌ കള്ള്‌ കുടിയും എന്തോ പൊടിയും... അത്‌ ചെന്നാല്‍ പിന്നെ ചെയ്യുന്നതെന്താണെന്ന്‌ അറിയില്ല അത്രേ... ഈ സിനിമയില്‍ എന്ത്‌ വൃത്തികേടും തോന്ന്യാസവും കാണിക്കാണ്‍ വേണ്ടി സംവിധായകന്‍ ഈ സാധനം സ്വയം കുറച്ച്‌ തിന്നുകയും അത്‌ അഭിനേതാക്കള്‍ക്കെല്ലാം കൊടുക്കുകയും ചെയ്തു എന്ന്‌ വ്യക്തം. എന്താണ്‌ സംഭവിക്കുന്നതെന്ന്‌ ഈ സിനിമയില്‍ അഭിനയിച്ചവര്‍ക്കും അതിണ്റ്റെ പിന്നണി പ്രവര്‍ത്തകര്‍ക്കും മനസ്സിലായിട്ടില്ല. പിന്നെ പ്രേക്ഷകരുടെ കാര്യം പറയേണ്ടല്ലോ....

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന പ്രോഗ്രാമിലെ ആളുകള്‍ ഒരു വണ്ടിയില്‍ വന്നിറങ്ങുന്നത്‌ കണ്ടു. എന്തിനായിരുന്നു ആ സീന്‍ എന്ന്‌ പിന്നീട്‌ മനസ്സിലായി. ചീപ്പ്‌ പബ്ളിസിറ്റിക്കുവേണ്ടി ഇതിണ്റ്റെ പേരില്‍ ആ പ്രോഗ്രാമില്‍ കയറിയിരുന്നു ഈ തട്ടിക്കൂട്ട്‌ സിനിമയുടെ വിശേഷങ്ങള്‍ പങ്ക്‌ വച്ച്‌ ഈ സിനിമയ്ക്ക്‌ കളക്‌ ഷന്‍ ഉണ്ടാക്കാം എന്ന്‌ നേരത്തേ പ്ളാന്‍ ചെയ്ത അതിബുദ്ധിയായിരുന്നു ഈ സീന്‍.

താരങ്ങളെ പോസ്റ്ററുകളില്‍ പ്രതിഷ്ഠിച്ച്‌, കുറേ പരസ്യങ്ങള്‍ വാരി വിതറി, ഉത്സവസീസണുകളില്‍ ചിത്രം റിലീസ്‌ ചെയ്താല്‍ മണ്ടന്‍മാരായ പ്രേക്ഷകരെ പറ്റിച്ച്‌ കാശ്‌ വാരാം എന്ന വൃത്തികെട്ട ഗൂഢാലോചനയുടെ ഫലമായുണ്ടായ ഒരു സംരംഭമാകുന്നു ഈ സിനിമ എന്ന്‌ പറയാതെ വയ്യ.

ചൈനീസ്‌ സാധനങ്ങള്‍ ഒരിടയ്ക്ക്‌ മാര്‍ക്കറ്റില്‍ സജീവമായിരുന്നു. ഗുണത്തിലും വിലയിലും കുറവുള്ളതാണെന്നതായിരുന്നു ഇവയുടെ പ്രത്യേകത. പക്ഷേ, ഈ ചിത്രവും പേരിനെ സൂചിപ്പിക്കുന്ന തരത്തില്‍ ഒരു ചൈനീസ്‌ ഐറ്റം തന്നെ. പക്ഷേ, ചൈനീസ്‌ സാധങ്ങള്‍ക്ക്‌ ചീത്തപ്പേരുണ്ടാക്കുന്നവിധം ഗുണക്കുറവുണ്ടെങ്കിലും വില (ടിക്കറ്റ്‌ വില) ഒരു കുറവും ഇല്ല എന്നത്‌ സ്ഥിതി കൂടുതല്‍ ദയനീയമാക്കുന്നു.

Rating : 2.5 / 10

12 comments:

സൂര്യോദയം said...

താരങ്ങളെ പോസ്റ്ററുകളില്‍ പ്രതിഷ്ഠിച്ച്‌, കുറേ പരസ്യങ്ങള്‍ വാരി വിതറി, ഉത്സവസീസണുകളില്‍ ചിത്രം റിലീസ്‌ ചെയ്താല്‍ മണ്ടന്‍മാരായ പ്രേക്ഷകരെ പറ്റിച്ച്‌ കാശ്‌ വാരാം എന്ന വൃത്തികെട്ട ഗൂഢാലോചനയുടെ ഫലമായുണ്ടായ ഒരു സംരംഭമാകുന്നു ഈ സിനിമ എന്ന്‌ പറയാതെ വയ്യ.

ചൈനീസ്‌ സാധനങ്ങള്‍ ഒരിടയ്ക്ക്‌ മാര്‍ക്കറ്റില്‍ സജീവമായിരുന്നു. ഗുണത്തിലും വിലയിലും കുറവുള്ളതാണെന്നതായിരുന്നു ഇവയുടെ പ്രത്യേകത. പക്ഷേ, ഈ ചിത്രവും പേരിനെ സൂചിപ്പിക്കുന്ന തരത്തില്‍ ഒരു ചൈനീസ്‌ ഐറ്റം തന്നെ. പക്ഷേ, ചൈനീസ്‌ സാധങ്ങള്‍ക്ക്‌ ചീത്തപ്പേരുണ്ടാക്കുന്നവിധം ഗുണക്കുറവുണ്ടെങ്കിലും വില (ടിക്കറ്റ്‌ വില) ഒരു കുറവും ഇല്ല എന്നത്‌ സ്ഥിതി കൂടുതല്‍ ദയനീയമാക്കുന്നു.

Mélange said...

നാഴികയ്ക്ക് നാല്‍പ്പതുവട്ടവും ഈ മഹാനായകന്മാരൊക്കെ ‘സാമൂഹ്യ സേവന‘ത്തെക്കുറിച്ച് വച്ച് കാച്ചുന്നതുകാണാം.ഒരല്പം ദയ പ്രേക്ഷകരോട് കാണിക്കാത്ത അല്പത്തം..

ഈ വ്യാജ സി.ഡി കാണുന്നവരോട് തിയറ്ററില്‍ വന്ന് സിനിമയെ രക്ഷിയ്ക്കൂ എന്ന് പറയുന്നവര്‍ എന്ത് തരം ധാര്‍മ്മികതയിലാണാവോ അത് പറയുന്നത് ? ഒരല്പം സിന്‍സിയറിറ്റി ഈ തൊഴിലിനോട് കാണിച്ചിട്ട് പറഞ്ഞൂടേ ഇത് ? നമ്മള്‍ കയ്യിലെ കാശു ചിലവാക്കിയിട്ട് തിരിച്ചിറങ്ങി നടക്കുമ്പോള്‍ ഉണ്ടാകുന്ന ‘വികാരം’ എപ്പഴെങ്കിലും മനസ്സിലാകുമോ എന്തോ !

അനിൽസ് said...

+1. ഫസ്റ്റ് ഹാഫ് വരെ പിടിച്ചിരുന്നു, പിന്നെ എന്തൊക്കെയാ കാട്ടിക്കൂട്ടിയെ എന്ന് സംവിധായകനോ, ആക്ടേര്‍സിനോ ആര്‍ക്കും ഒരു പിടിയും ഇല്ല !

Haree said...

നിരൂപണത്തോട് യോജിപ്പ്, എന്നാലും ചൈനീസ് സാധനങ്ങളോട് ഇതിനെ തുലനം ചെയ്തത് പൈശാചികമായിപ്പോയി! :) കാരണം എന്താണെന്നുവെച്ചാല്‍;
1. ചൈനീസ് സാധനങ്ങള്‍ ലൊട്ട്‍ലൊടുക്കായിരിക്കും, പക്ഷെ വളരെ ഉപകാരപ്രദം. അങ്ങിനെയൊന്ന് മുന്‍പ് വന്നിട്ട് കൂടി ഉണ്ടാവില്ല. - ഈ സിനിമയോ?
2. വിലകുറവാണ്‌, വലിയ ഗുണനിലവാരമൊന്നും പ്രതീക്ഷിച്ചല്ല സാധനം മേടിക്കുന്നത്, എന്തായാലും കൊടുക്കുന്ന വിലയ്ക്കുള്ള മൂല്യം/പ്രയോജനം അതു നല്‍കും. - ഈ സിനിമയോ?
--

സൂര്യോദയം said...

Melange... മലയാള സിനിമയുടെ ഒരു യോഗം അതാണ്‌.. എന്നിട്ടും അത്തരം ചിത്രങ്ങള്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കുകയും ചെയ്യും...

anils.. :)

ഹരീ... ചൈനീസ്‌ സാധനങ്ങളോട്‌ തുലനം ചെയ്തെങ്കിലും ഞാന്‍ പ്രത്യേകം പറഞ്ഞിരുന്ന കാര്യം ശ്രദ്ധിച്ചിരിക്കുമല്ലോ... ഈ സിനിമ 'ചൈനീസ്‌ സാധനങ്ങള്‍ക്ക്‌ ചീത്തപ്പേരുണ്ടാക്കാന്‍' വേണ്ടി ഇറങ്ങിയതാണെന്ന് :)

Anonymous said...

ഹോ.. എന്‍റെ ഭാഗ്യത്തിനാ ഈ ബ്ലോഗ്‌ കണ്ടത്... ആയിരം നന്ദി... കഷ്ട്ടപ്പെട്ടു ഉണ്ടാക്കുന്ന പത്തഞ്ഞൂറു രൂപ [വട്ടചെലവും കൂടി ] രക്ഷിച്ചതിന്.... നടനെ നോക്കി സിനിമ കാണുന്ന പണി ഞാന്‍ പണ്ടേ തന്നെ നിര്‍ത്തിയിരുന്നു. പ്രത്യേകിച്ച് മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി, ദിലീപ് എന്നിവരുടെ. കാണുന്ന സിനിമാ മോശം ആണെങ്കില്‍ ഉണ്ടാകുന്ന ആ മനോവിഷമവും അമര്‍ഷവും .. അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. പോക്കറ്റടിക്കാരന്‍ പേഴ്സും കൊണ്ട് ഓടുന്നത് കണ്ടു നില്‍ക്കേണ്ടി വരുന്ന അവസ്ഥ !!!

Vintigoo said...

Yenthinanu veruthe oru sinimaye kurich ingane okke kashtapett kallam parayunnath.
Njanum ithallam kandathaa pakshe ningal paryunnathonnum kandilla...

സൂര്യോദയം said...

Mooppils... :) {മുഹമ്മെദ്‌..} എങ്കില്‍ പിന്നെ എനിയ്ക്ക്‌ സിനിമ മാറിപ്പോയതായിരിക്കും.... പക്ഷേ, ഒന്നുകൂടി കാണാനുള്ള റിസ്ക്‌ എടുക്കാന്‍ വയ്യ :)

jyothish said...

thanks

കാഴ്ചക്കുമപ്പുറം said...

പുതിയതും കലാമൂല്യവുമുള്ളതുമായ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു-

Irvin Calicut said...

കാവ്യാമാധവന്‍ അനുജത്തിയായാണ്‌ തുടങ്ങിയതെങ്കിലും ഇടയ്ക്ക്‌ വെച്ച്‌ മോഹന്‍ലാലിണ്റ്റെ നായികയായി മാറുന്ന കാഴ്ച കേമമായിരുന്നു.**********
സിനിമ ശരിക് മനസിലാകാതെ ഉള്ള നിരൂപണം ...
kavya was never his sister she was the girl his brother was going to marry..she denies the proposal as she is in love with mohanlal .... sharikum cinema kanditu ezhuthu chengathi സിനിമാ നിരൂപണം.... :)

സൂര്യോദയം said...

കാഴ്ചയ്ക്കുമപ്പുറം... പരമാവധി സിനിമകള്‍ കാണാന്‍ ശ്രമിക്കാറുണ്ട്‌. പക്ഷേ, ചില ചിത്രങ്ങള്‍ കാണാന്‍ തല്ലിക്കൊന്നാലും തീയ്യറ്ററില്‍ പോകാനുള്ള മനസ്സ്‌ വരാറില്ല.. എന്ത്‌ ചെയ്യാം? :)

Irvin Sabastian Nellikunnel Joseph... പൊന്നു സുഹൃത്തേ, മനസ്സിലായേടൊത്തോളം തന്നെ ധാരാളം.. ഇവരെ കാണിക്കുമ്പോള്‍ മുതല്‍ അവര്‍ തമ്മില്‍ സഹോദരീ സഹോദര ബന്ധത്തിണ്റ്റെ പവിത്രതയാണ്‌ തെളിഞ്ഞു നിന്നിരുന്നത്‌.. ഒരമ്മ പെറ്റതോ ഒരച്ഛനുണ്ടായതോ അല്ല എന്നതുകൊണ്ട്‌ എന്ത്‌ തോന്ന്യാസവും ആവാമെന്നാണോ.... ഇതിലും നന്നായി ഇനി ഇത്തരം സിനിമകള്‍ മനസ്സിരുത്തികാണാന്‍ വയ്യ ചങ്ങാതീ... ക്ഷമിക്കൂ... :)