Sunday, February 13, 2011

റേസ്‌




കഥ, സംവിധാനം: കുക്കു സുരേന്ദ്രന്‍

തിരക്കഥ: കുക്കു സുരേന്ദ്രന്‍, റോബിന്‍ തിരുമല

സംഭാഷണം: റോബിന്‍ തിരുമല

നിര്‍മ്മാണം: ജോസ്‌ കെ ജോര്‍ജ്‌, ഷാജി മേച്ചേരി



പ്രശസ്തനായ ഒരു കാര്‍ഡിയോളജി ഡോക്ടറും അദ്ദേഹത്തിണ്റ്റെ ഭാര്യയും കുട്ടിയും സന്തോഷമായി ജീവിക്കുന്നു. ഇവരുടെ കുട്ടിയെ തട്ടിക്കൊണ്ട്‌ പോകുകയും വിലപേശി മാനസികമായി തളര്‍ത്തുകയും ചെയ്യുന്ന മറ്റൊരു കൂട്ടര്‍.. അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിലൂടെയാണ്‌ ഈ ചിത്രം പുരോഗമിക്കുന്നത്‌.

തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയും തട്ടിക്കൊണ്ട്‌ പോകുന്നതില്‍ ഉള്‍പ്പെട്ടവരുടെ കുറച്ച്‌ സമയത്തെ സീനുകളും കണ്ടാല്‍ തന്നെ ഈ കഥയുടെ പോക്ക്‌ എങ്ങോട്ടാണെന്ന്‌ ഊഹിക്കാന്‍ കഴിയാത്തവരായി ആരും ഉണ്ടാകുമെന്ന്‌ തോന്നുന്നില്ല. അതായത്‌, തട്ടിക്കൊണ്ടുപോയത്‌ പണത്തിനുവേണ്ടിയല്ല, മറിച്ച്‌ അവര്‍ക്കുണ്ടായ സമാനമായ ഒരു ദുഖത്തിണ്റ്റെയോ ദുരന്തത്തിണ്റ്റെയോ പ്രതികാരം മാത്രമാണിതെന്ന്‌ നമുക്ക്‌ തോന്നുന്നത്‌ സ്വാഭാവികം. തട്ടിക്കൊണ്ടുപോയതിനുശേഷമുള്ള കുറച്ചുസമയത്ത്‌ ഫോണിലൂടെയും മറ്റുമുള്ള സംഭാഷണങ്ങളിലൂടെ കാര്യങ്ങള്‍ സംഭവിക്കുന്നതിനാല്‍ കാര്യമായ കഥാപുരോഗതിയോ ഒരു വേഗതയോ ചിത്രത്തിന്‌ സംഭവിച്ചില്ല എന്നതാകുന്നു വളരെ നിര്‍ഭാഗ്യകരമായ ഒരു കാര്യം. പക്ഷേ, രക്ഷപ്പെടാനുപയോഗിച്ച രീതികളും സംഭവങ്ങളുമെല്ലാം യാഥാര്‍ത്ഥ്യബോധത്തോടെയും ബുദ്ധിപരമായും സൃഷ്ടിക്കാനായി എന്നതാകുന്നു ഈ ചിത്രത്തിണ്റ്റെ ഏറ്റവും വലിയ പ്ളസ്‌ പോയിണ്റ്റ്‌.

പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും ആ ശ്രമം വേണ്ടപോലെ ഫലിക്കുന്നില്ല എന്നതാണ്‌ സത്യം. മാത്രമല്ല, വലിച്ച്‌ നീട്ടലില്‍ പെട്ട്‌ പലപ്പോഴും വല്ലാത്ത വിരസതയും അനുഭവപ്പെട്ടു.

ചിത്രത്തിണ്റ്റെ ക്ളൈമാക്സ്നിലോട്ടടുക്കുമ്പോള്‍ പ്രതീക്ഷിച്ചതുപോലുള്ള വെളിപ്പെടുത്തലുകൂടി വന്നപ്പോള്‍ സമാധാനമായി. പക്ഷേ, വെളിപ്പെടുത്തലിനുശേഷം ഒരല്‍പ്പം താല്‍പര്യം ജനിപ്പിക്കുവാനായത്‌ ചിത്രത്തിന്‌ നല്ലൊരു പ്രതിച്ഛായ നല്‍കി എന്ന്‌ തോന്നി.

അഭിനയം എല്ലാവരുടേയും ആവറേജ്‌ ആയിരുന്നെങ്കിലും ഇന്ദ്രജിത്‌ എല്ലാവരെക്കാള്‍ മികച്ചുനിന്നു. ജഗതിയെ ചേഞ്ചിനുവേണ്ടി ഇങ്ങനെ കോപ്രായം കാണിച്ച്‌ നശിപ്പിക്കേണ്ടായിരുന്നു എന്ന്‌ തോന്നി.

ഡയലോഗുകള്‍ പലതും നിലവാരം പുലര്‍ത്തുന്നവയായില്ല.

ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്‌ പലസ്ഥലത്തും നന്നായെങ്കിലും ത്രില്‍ ബില്‍ഡ്‌ ചെയ്യാന്‍ ശ്രമിച്ച്‌ അതിണ്റ്റെ ഉച്ഛസ്ഥായിയില്‍ എത്തിയപ്പോള്‍ ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്‌ ഒരു കോമഡിയായി മാറിത്തുടങ്ങിയപോലെ തോന്നി. അത്‌ മാത്രം ശ്രദ്ധിച്ചാല്‍ ആരും ചിരിച്ചുപോകും.

ചിത്രത്തിണ്റ്റെ അവസാനത്തോടടുക്കുമ്പോഴേക്കും പോലീസ്‌ എന്ന സംഗതിയെ പാടേ അവഗണിച്ചതും മറ്റൊരു ന്യൂനതയായി.



ഇതൊക്കെയാണെങ്കിലും, പൊതുവേ പറഞ്ഞാല്‍ കോക്‌ ടെയില്‍, ട്രാഫിക്‌ തുടങ്ങിയ ചിത്രങ്ങളിലെപ്പോലെ നല്ലൊരു ശ്രമം ഈ സിനിമയുടെ പിന്നിലുണ്ട്‌. പക്ഷേ, ആവര്‍ത്തനവിരസതകള്‍ കൊണ്ടും ലാഗുകൊണ്ടും ആ ശ്രമത്തെ നല്ലൊരു അവസ്ഥയില്‍ എത്തിക്കാനായില്ലെന്നത്‌ നിരാശാജനകം തന്നെ.



എന്നിരുന്നാലും, തള്ളിക്കളയാതെ പ്രോത്സാഹിപ്പിക്കാവുന്ന പല ഘടകങ്ങളും ഉള്ളതിനാല്‍ ഈ ചിത്രം മോശമല്ലാത്ത ചിത്രങ്ങളുടെ ഗണത്തില്‍ പെടുന്നതായാണ്‌ എനിക്ക്‌ തോന്നിയത്‌.

Rating : 5 / 10

3 comments:

സൂര്യോദയം said...

പൊതുവേ പറഞ്ഞാല്‍ കോക്‌ ടെയില്‍, ട്രാഫിക്‌ തുടങ്ങിയ ചിത്രങ്ങളിലെപ്പോലെ നല്ലൊരു ശ്രമം ഈ സിനിമയുടെ പിന്നിലുണ്ട്‌. പക്ഷേ, ആവര്‍ത്തനവിരസതകള്‍ കൊണ്ടും ലാഗുകൊണ്ടും ആ ശ്രമത്തെ നല്ലൊരു അവസ്ഥയില്‍ എത്തിക്കാനായില്ലെന്നത്‌ നിരാശാജനകം തന്നെ.

എന്നിരുന്നാലും, തള്ളിക്കളയാതെ പ്രോത്സാഹിപ്പിക്കാവുന്ന പല ഘടകങ്ങളും ഉള്ളതിനാല്‍ ഈ ചിത്രം മോശമല്ലാത്ത ചിത്രങ്ങളുടെ ഗണത്തില്‍ പെടുന്നതായാണ്‌ തോന്നിയത്‌.

salil | drishyan said...

പടം ബാംഗ്ലൂരില്‍ വരാത്തത് കൊണ്ട് കണ്ടില്ല. ‘ട്രാപ്പ്‌ഡ്‘ എന്ന ഇംഗ്ലീഷ് പടത്തിന്റെ കോപ്പി ആയത് കൊണ്ട് കാണാന്‍ വലിയ താല്പര്യം തോന്നുന്നുമില്ല. പുതിയതായ് ഉണ്ടാക്കുന്ന ചവറുകളേക്കാള്‍ ഭേദം കോപ്പിയടിച്ചുണ്ടാക്കിയ ചില പടങ്ങളായതിനായതിനാല്‍ ‘ഇസ്‌കല്‍’ നമുക്കൊരു പ്രശ്നമല്ല, പക്ഷെ ‘കഥ’യെങ്കിലും സ്വന്തം പേരിലാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ചുരുങ്ങിയ പക്ഷം പണ്ട് പ്രിയദര്‍ശന്‍ ‘മുകുന്ദേട്ട സുമിത്ര..’യില്‍ ചെയ്ത പോലെ ‘കഥ: സെവന്‍ ആര്‍ട്ട്‌സ്’ എന്ന രീതിയിലെങ്കിലും എഴുതാന്‍ ഇവരൊക്കെ ശ്രമിക്കണം.

സസ്നേഹം
സലില്‍ ദൃശ്യന്‍

സൂര്യോദയം said...

മറ്റ്‌ ഭാഷകളില്‍ നിന്ന് കോപ്പിയടിച്ച്‌ സിനിമ ചെയ്യുന്നതില്‍ വിരോധം ഇല്ല. പക്ഷേ, തീര്‍ച്ചയായും അതിന്റെ ക്രെഡിറ്റ്‌ മുഴുവന്‍ അവകാശപ്പെടാതെ എവിടെ നിന്ന് എങ്ങനെ പൊക്കി എന്ന കാര്യം സിനിമയുടെ ക്രെഡിറ്റില്‍ വ്യക്തമാക്കാനുള്ള സത്യസന്ധത കാണിക്കാതിരുന്നല്‍ കഷ്ടമാണ്‌. അങ്ങനെ സൂചിപ്പിക്കാതെ സ്വന്തം ക്രെഡിറ്റ്‌ ആയി സിനിമയുടെ കഥയെ പറയുന്നവരെ പ്രേക്ഷകര്‍ പാഠം പഠിപ്പിക്കുന്നതില്‍ തെറ്റില്ല. :)

ഞാന്‍ ഇതിന്റെ ഒറിജിനല്‍ കാണാത്തതിനാലാണ്‌ ഇങ്ങനെ ഒരു റിവ്യൂ എഴുതിയത്‌. :)