Wednesday, March 31, 2010

ഇന്‍ ഗോസ്റ്റ്‌ ഹൗസ്‌ ഇന്‍



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ലാല്‍
നിര്‍മ്മാണം: പി.എന്‍. വേണുഗോപാല്‍

ടു ഹരിഹര്‍ നഗറിനുശേഷം കിട്ടിയ കാശുമായി തോമസ്‌ കുട്ടി ഒരു വലിയ ബംഗ്ലാവ്‌ വാങ്ങുന്നു. ആ ബംഗ്ലാവിനെ ചുറ്റിപ്പറ്റി പ്രേതകഥകളുള്ളതിനാല്‍ വാങ്ങിയവരെല്ലാം തന്നെ അധികം താമസിയാതെ അത്‌ കുറഞ്ഞ വിലയില്‍ ഉടമയ്ക്ക്‌ തിരികെ ഏല്‍പിച്ച്‌ രക്ഷപ്പെടുന്നതായിരുന്നു പതിവുരീതി. ഇവിടെ തോമസ്‌ കുട്ടി തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി അവിടെ താമസിച്ച്‌ പ്രേതബാധ ഇല്ലെന്ന് തെളിയിക്കലായിരുന്നു ശ്രമം. ഇതിനെത്തുടര്‍ന്നുണ്ടാകുന്ന രസകരവും ഉദ്വേഗജനകവുമായ സംഭവങ്ങളാണ്‌ ഈ സിനിമ.

നല്ലയൊരളവുവരെ പ്രേക്ഷകരെ രസിപ്പിക്കാനും ഇന്ററസ്റ്റിംഗ്‌ ഫീല്‍ ഉണ്ടാക്കുവാനും ഈ സിനിമയ്ക്ക്‌ സാധിച്ചു എന്നാണ്‌ എന്റെ വിശ്വാസം.

പലപ്പോഴും കോമഡി ഡയലോഗുകള്‍ അധികപ്പറ്റാവുന്നുണ്ടോ എന്ന് സംശയം തോന്നുമെങ്കിലും ഒരുവിധം മോശമില്ലാതെ പ്രേക്ഷകരെ ചിരിപ്പിക്കാനും സാധിച്ചു. ഭയത്തിന്റെ ഒരു അനുഭൂതി സൃഷ്ടിക്കാനും ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ടെക്നീഷ്യന്‍സിനും നല്ലയൊരളവുവരെ സാധിച്ചിട്ടുണ്ട്‌.

കുറേ കഴിയുമ്പോഴേയ്ക്കും ഇതിന്റെ പിന്നിലുള്ള രഹസ്യങ്ങളെക്കുറിച്ച്‌ നല്ലൊരുശതമാനം പ്രേക്ഷകനും ശരിയായ ഒരു നിഗമനത്തിലെത്താന്‍ സാധിക്കും. എങ്കിലും ക്ലൈമാക്സും അതിന്റെ വിശദീകരണ രംഗങ്ങളും നന്നായി.

ഒരു ഡപ്പി വെള്ളം കൊണ്ട്‌ ഭിത്തിമുഴുവന്‍ തളിച്ച്‌ ശുദ്ധിയാക്കിയ ടെക്നിക്ക്‌ ഒരല്‍പ്പം കടുപ്പമായിപ്പോയി.

അതുപോലെ തന്നെ, വലത്തേ കയ്യിലെ കെട്ട്‌ മാറി ഇടത്തേ കയ്യിലായി എന്നതും ഇത്തിരി കൂടുതലായിപ്പോയോ എന്നൊരു സംശയം.

പേടിപ്പെടുത്താനുള്ള രംഗങ്ങള്‍ വളരെ സാധാരണവും സ്ഥിരവുമായ സംഗതികളൊക്കെ തന്നെ എന്നതും ഒരു ന്യൂനതയായി.. ഉദാഹരണത്തിന്‌ പരസ്പരം തൊട്ടും നോക്കിയുമൊക്കെ പേടിക്കുന്ന രംഗങ്ങള്‍...

ഹരിശ്രീ അശോകന്‍ ഒട്ടും തന്നെ രസിപ്പിച്ചില്ലെന്ന് മാത്രമല്ല, അല്‍പം ബോറായി തോന്നുകയും ചെയ്തു.

ലക്ഷ്മീ റായിയുടെ ഗാനരംഗത്തിലെ പ്രകടനം തകര്‍പ്പനായിരുന്നു.

നെടുമുടിവേണുവിന്റെ അഭിനയവും എടുത്തുപറയത്തക്കരീതിയില്‍ ഇഫ്ഫക്റ്റ്‌ ഉള്ളതായിരുന്നു. അതുപോലെ തന്നെ 'എന്നെ വിടമാട്ടേന്‍' ശൈലി രാധിക എന്ന നടി ഉജ്ജ്വലമാക്കി.


മൊത്തത്തില്‍ പ്രേക്ഷകനെ നിരാശപ്പെടുത്താത്തരീതിയില്‍ ആസ്വാദ്യകരമായ ഒരു ചിത്രം... ടു ഹരിഹര്‍ നഗറിനേക്കാള്‍ ഭേദം...

Saturday, March 27, 2010

പ്രമാണി



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ഉണ്ണിക്കൃഷ്ണന്‍ ബി.
നിര്‍മ്മാണം: ബി.സി. ജോഷി

ഒരു പഞ്ചായത്തും അതിനെ ചുറ്റിപ്പറ്റി കുറേ സ്ഥലക്കച്ചവടങ്ങളും അഴിമതികളും, ഒരു പഞ്ചായത്ത്‌ പ്രസിഡണ്റ്റും അദ്ദേഹത്തിണ്റ്റെ കുടുംബസ്നേഹവും പറഞ്ഞ്‌ തുടങ്ങി കുറേ കഴിഞ്ഞപ്പോള്‍ പ്രസിഡണ്റ്റ്‌ നല്ല വഴിക്ക്‌ തിരിഞ്ഞ്‌ തെറ്റ്‌ തിരുത്തുവാന്‍ തുനിഞ്ഞിറങ്ങുന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ ഒരു ആകെത്തുക.

മദ്ധ്യസ്ഥം നിന്ന്‌ സ്ഥലം കച്ചവടമാക്കി അത്‌ മച്ചുനനായ സിദ്ധിക്കിനെ ഏല്‍പ്പിക്കുന്ന ആദ്യ സീനില്‍ നിന്നു തന്നെ ഇതിണ്റ്റെ വഴി എങ്ങോട്ടാണെന്ന്‌ ഏതൊരു സാധാരണ പ്രേക്ഷകനും ബോദ്ധ്യമാകും. അച്ഛനും അമ്മയും കൂടപ്പിറപ്പുകളുമില്ലെങ്കിലും അമ്മാവനും അമ്മായിയും അവരുടെ മക്കളുമായി ജീവിച്ച്‌ ഒരു ദിവസം എല്ലാത്തില്‍ നിന്നും ഒറ്റപ്പെടുന്ന സംഗതി ഇനിയും എഴുതി മതിയാവാത്ത തിരക്കഥാകൃത്തുക്കളുണ്ട്‌ എന്നത്‌ വളരെ വ്യക്തം.

അമാനുഷികതയും ഗുണ്ടായിസവും കാണിക്കുന്നതാണ്‌ ഒരുതരം ഹീറോയിസം എന്ന്‌ സമര്‍ത്ഥിക്കാന്‍ ശ്രമം നന്നായി നടത്തിയിട്ടുണ്ട്‌.

ശത്രുതയുള്ളവര്‍ പറയുന്നത്‌ അപ്പാടെ വിഴുങ്ങി പെട്ടെന്ന്‌ തെറ്റിദ്ധരിപ്പിക്കപ്പെട്ട്‌ ശപിക്കുന്ന അമ്മ കഥാപാത്രങ്ങള്‍ ബി.ഉണ്ണിക്കൃഷ്ണന്‌ വല്ല്യ ഇഷ്ടമാണെന്ന്‌ തോന്നുന്നു. ആ ശാപം കേട്ടാല്‍ ഉടനെ പ്രേക്ഷകന്‌ ഒരു കാര്യം ഉറപ്പാകും... ഇനി തെറ്റിദ്ധാരണം ഉടനെ മാറുമെന്നും അതിനുശേഷം തെറ്റിദ്ധരിച്ച്‌ ശപിച്ചതിന്‌ വലിയ പശ്ചാത്താപം തോന്നി സ്നേഹം വാരിക്കോരി ചൊരിയുമെന്നും...

ഒരു പഞ്ചായത്ത്‌ ഓഫീസിണ്റ്റെ മുന്നിലേയ്ക്കിറങ്ങി നിന്ന്‌ തനിക്ക്‌ തെറ്റുപറ്റിയെന്നും ഇന്നുമുതല്‍ അതെല്ലാം തിരുത്തി നിങ്ങളോടൊപ്പമാണെന്നും പറഞ്ഞാല്‍ പഞ്ചായത്തിലെ ജനത മുഴുവന്‍ അത്‌ നെഞ്ചിലേറ്റിക്കൊള്ളുമായിരിക്കും.

സുരാജ്‌ വെഞ്ഞാര്‍മൂട്‌ എന്ന നല്ലൊരു ഹാസ്യതാരം വളരെ മോശമായ നിലവാരം പുലര്‍ത്തിയെങ്കില്‍ അതിന്‌ സംവിധായകണ്റ്റെ കഴിവിനെ പുകഴ്ത്താതെ വയ്യ.

വില്ലന്‍മാര്‍ എവിടെ നിന്ന്‌ എന്ത്‌ സംസാരിക്കുമെന്ന്‌ ഗണിച്ച്‌ കണ്ടുപിടിക്കാനും, വെള്ളത്തിന്നട്യില്‍ കിടന്നാലും പുറത്ത്‌ നടക്കുന്ന സംസാരം ശ്രവിച്ച്‌ ഗൂഢാലോചന കണ്ടുപിടിക്കാനുമുള്ള തന്ത്രവും സംവിധായകന്‍ സുരാജ്‌ വെഞ്ഞാര്‍മൂടിനെ പഠിപ്പിച്ചു വിട്ടു.

തണ്റ്റെ സഹോദരതുല്ല്യനും ആദര്‍ശധീരനും ജനപ്രിയനുമായ മുന്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റില്‍ നിന്ന്‌ വ്യത്യസ്തനായി ഒരു അഴിമതിക്കാരനാവാന്‍ ഈ പഞ്ചായത്ത്‌ പ്രസിഡണ്റ്റിന്‌ പ്രേരണയായതെന്ത്‌ എന്ന വളരെ അടിസ്ഥാനപരമായ ഒരു സംശയത്തിന്‌ വ്യക്തമായ ഒരു കാരണവും പ്രേക്ഷകന്‌ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല എന്നതും വളരെ വിചിത്രമായി തോന്നി. ചെറുപ്പത്തില്‍ പട്ടിണികിടന്നു, കൂടെയുള്ള കുട്ടികളുടെ വിശപ്പിണ്റ്റെ ദീനരോദനം കേട്ടു എന്നൊക്കെപ്പറഞ്ഞ്‌ തടിതപ്പിയാലും എങ്ങും എത്തുന്നില്ല.

അവിടവിടെയായി കുറച്ച്‌ (വളരെ കുറച്ച്‌) നല്ല മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലും ഉണ്ടായിട്ടുണ്ട്‌. ചുരുക്കിപ്പറഞ്ഞാല്‍ എടുത്തുപറയാവുന്ന, പ്രേക്ഷകരെ മാനിക്കുന്ന കാര്യമായ ഒന്നും തന്നെ ഈ സിനിമയിലും സംഭാവന ചെയ്യാന്‍ കഴിഞ്ഞ ചിത്രത്തിലെപ്പോലെ ഈ ചിത്രത്തിലും ഉണ്ണിക്കൃഷ്ണന്‌ സാധിച്ചിട്ടില്ല എന്നുതന്നെ പറയാം. (അതുകൊണ്ട്‌ തന്നെ തീയ്യറ്ററുകളില്‍ ആളെ കിട്ടാനും ബുദ്ധിമുട്ട്‌ കാണുന്നുണ്ട്‌)

Monday, March 22, 2010

നായകന്‍



കഥ, തിരക്കഥ, സംഭാഷണം: പി.എസ്‌. റഫീക്ക്‌
നിര്‍മ്മാണം: അനൂപ്‌ ജോണ്‍
സംവിധാനം: ലിജോ ജോസ്‌ പെല്ലിശ്ശേരി.


സ്വന്തം അച്ഛനും സഹോദരിക്കും സംഭവിച്ച ദുരന്തത്തിനെത്തുടര്‍ന്ന് നായകന്റെ പ്രതികാരത്തിന്റെ കഥപറയുന്ന ഈ ചിത്രത്തില്‍ നായകന്‍ ഒരു കഥകളിനടനാണെന്നതില്‍ കവിഞ്ഞ്‌ ഒരു പുതുമയോ പ്രത്യേകതയോ ഇല്ല എന്നു തന്നെ പറയാം..

അധോലോക ഗ്യാങ്ങുകള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതും അത്‌ ഉണ്ടാക്കാന്‍ 'ബുദ്ധി' ഉപയോഗിക്കുന്നതും എത്രമാത്രം കണ്ടു പഴകിയതാണെന്ന് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്‌ മനസ്സിലാവാത്തതാണോ എന്നറിയില്ല.

അതുപോലെ തന്നെ, വില്ലന്‍ കഥാപാത്രം ഒരു മജീഷ്യന്‍ ആയാല്‍ അതും വലിയ ഒരു പുതുമയാണെന്ന് പ്രേക്ഷകര്‍ കരുതുമായിരിക്കും. നേരെമറിച്ച്‌ ഈ മജീഷ്യന്റെ കഴിവുകള്‍ ഉപയോഗിച്ച്‌ വില്ലത്തരം കാണിക്കുകയായിരുന്നെങ്കില്‍ കുറച്ചെങ്കിലും പ്രത്യേകത ഉണ്ടാകുമായിരുന്നു എന്ന് തോന്നുന്നു.

കഥകളി എന്ന കലയെ പ്രതിപാദിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും അതുകൊണ്ട്‌ എന്തെങ്കിലും പ്രത്യേകത ഈ ചിത്രത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു എന്ന് തോന്നുന്നില്ല.

സീനുകള്‍ പൊതുവേ മങ്ങിയതും ബാക്ക്‌ ഗ്രൗണ്ട്‌ മ്യൂസിക്‌ ഇം പാക്റ്റ്‌ കുറഞ്ഞതുമായി അനുഭവപ്പെട്ടു. അത്‌ തന്നെയാണെന്നുതോന്നുന്നു ഈ ചിത്രത്തിണ്റ്റെ പ്രത്യേകതയും പുതുമയും..

ആക്‌ ഷന്‍ സീനുകള്‍ ഭേദപ്പെട്ട നിലവാരം പുലര്‍ത്തിയെങ്കിലും പലപ്പോഴും ബോറടി ജനിപ്പിക്കുന്നതായിരുന്നു ഈ ചിത്രത്തിലെ പല രംഗങ്ങളും..

ഇന്ദ്രജിത്ത്‌ എന്ന നടന്‍ ഭേദപ്പെട്ട നിലവാരം പുലര്‍ത്തി. ചില അഭിനയമുഹൂര്‍ത്തങ്ങള്‍ ഉദ്ദേശിച്ച ഭാവത്തിനുപകരം പ്രേക്ഷകരില്‍ ചിരി പടര്‍ത്തിയെങ്കിലും..

സിദ്ധിക്കിണ്റ്റെ അഭിനയവും ശ്രദ്ധേയമായി. തിലകന്‌ വേഷം ഒരല്‍പ്പം പൊരുത്തക്കേട്‌ തോന്നി.

പൊതുവേ ഒട്ടും ആസ്വാദ്യകരമായ ഒരു അനുഭവമായി തോന്നിയില്ല ഈ സിനിമ എന്ന് തന്നെ പറയാം...

എങ്കിലും ഒരു നവാഗത സംവിധായകന്‍ എന്ന നിലയില്‍ ലിജോയ്ക്ക്‌ ഭാവിയില്‍ നല്ല ചിത്രങ്ങള്‍ ഒരുക്കാന്‍ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു

താന്തോന്നി


കഥ, തിരക്കഥ, സംഭാഷണം: ടി.ഏ. ഷാഹിദ്‌
നിര്‍മ്മാണം: ഷാഹുല്‍ ഹമീദ്‌ മരിക്കാര്‍
സംവിധാനം: ജോര്‍ജ്‌ വര്‍ഗീസ്‌

വല്ല്യ പ്രമാണിമാരുണ്ടായതും അവര്‍ക്ക്‌ അളവറ്റ സ്വത്തുണ്ടായതുമായ കാര്യവും കഥയും പറഞ്ഞ്‌ തുടങ്ങിയിട്ട്‌ ഇടയ്ക്കിടയ്ക്ക്‌ മക്കള്‍ തല്ലിടുന്ന സ്വപനം കാണുന്നു എന്ന പേരും പറഞ്ഞ്‌ മൂന്ന് സഹോദരങ്ങളും അവരുടെ സ്വത്തുക്കള്‍ മക്കള്‍ക്ക്‌ വീതം വച്ച്‌ നല്‍കാന്‍ തീരുമാനിക്കുന്നു. അങ്ങനെ അതില്‍ ഒരു പങ്കിന്‌ അര്‍ഹനായ 'താന്തോന്നി'യായ ഇളയ സഹോദരിയുടെ മകനെയും വെയ്റ്റ്‌ ചെയ്ത്‌ വീട്ടിലെ എല്ലാ പ്രമുഖന്മാരും ഇരുന്നിട്ടും, താന്തോന്നി എത്തിയില്ല.

അങ്ങനെ, താന്തോന്നി ഒരു വലിയ കള്ള്‌ ലേലം ഉറപ്പിക്കുന്നിടത്ത്‌ നമ്മുടെ ഹീറോയെ അവതരിപ്പിക്കുന്നു.

കുറച്ചു സമയം ഇതിയാന്റെ കള്ള്‌ കുടിയനായുള്ള പ്രകടനങ്ങളും മറ്റുമായി കടന്നുപോയിട്ടായിരുന്നു സംവിധായകന്‌ തന്റെ പേര്‌ എഴുതിക്കാണിച്ചില്ലല്ലോ എന്ന ഓര്‍മ്മ വന്നതെന്ന് തോന്നുന്നു..

ഉടനെ എഴുതിക്കാണിച്ചു 'റിബല്‍ ഹീറോ... താന്തോന്നി' എന്നും സംവിധാനം ജോര്‍ജ്‌ വര്‍ഗീസ്‌ എന്നും..

അതെന്തുമാവട്ടെ, അങ്ങനെ തുടങ്ങിയ കഥയില്‍ വലിയ വലിയ ട്വിസ്റ്റുകളോക്കെ പ്രതീക്ഷിച്ചിരുന്ന് അവശരായതല്ലാതെ വലിയ സംഗതികളൊന്നുമില്ലായിരുന്നു എന്നതാണ്‌ സത്യം.

ചില രംഗങ്ങള്‍ കണ്ട്‌ സഹിക്കവയ്യാതെ പലരും തീയ്യറ്ററില്‍ ഇരുന്ന് കൂവുന്നുണ്ടായിരുന്നു.

പല രംഗങ്ങളിലും എനിക്ക്‌ അല്‍പം നാണം തോന്നുകയും വല്ലാതെ ചിരി വരികയും ചെയ്തു.

സ്റ്റണ്ട്‌ രംഗങ്ങള്‍ തകര്‍പ്പനാക്കാന്‍ ശ്രമിക്കുന്നുണ്ടായെങ്കിലും അതില്‍ കോമഡി കൂടി കയറിപ്പറ്റി.. ഉദാഹരണത്തിന്‌, നമ്മുടെ ഹീറോ ഒരു 5-10 ഇടിമുട്ടന്‍ ടീമുകളുമായി ഫൈറ്റ്‌ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അതില്‍ ഉപയോഗിച്ച ആയുധം ഒരു ഉണങ്ങിയ തെങ്ങിന്‍ പട്ട... ഹോ.. ആ സാധനം ഇത്ര ഗംഭീരമാണെന്ന് ചിരിയോടെയാണെങ്കിലും മനസ്സിലാക്കാന്‍ സാധിച്ചു.

രണ്ട്‌ ഗാനങ്ങള്‍ തികച്ചും അനുചിതവും വല്ലാതെ ബോറടിപ്പിക്കുന്നതുമായി.

പൃഥ്യിരാജ്‌ എന്ന ന്യൂ ജനറേഷന്‍ ഹീറോയെ വളരെ ഗംഭീരമായ ഗെറ്റപ്പിലും സ്റ്റൈ ലിലും കാണിക്കുന്നത്‌ സഹിക്കുന്ന രീതിയില്‍ മലയാളി പ്രേക്ഷകര്‍ പക്വമായി എങ്കിലും, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ അഭിനേതാക്കളുടെ അഭിനയപാടവത്തിന്റെ അടുത്ത പരിസരത്തെങ്കിലുമെത്താന്‍ ഇനിയും കുറേകാലം ഈ ന്യൂ ജനറേഷന്‍ ഹീറോ അഭിനയതപസ്സ്യയില്‍ ഏര്‍പ്പെടേണ്ടിയിരിക്കുന്നു എന്ന് വളരെ വ്യക്തമാക്കുന്നു ഈ ചിത്രം.

ചുരുക്കിപ്പറഞ്ഞാല്‍, കാര്യമായ കാമ്പും കഴമ്പുമില്ലാത്ത ഒരു സബ്ജറ്റില്‍ കുറേ ഹീറോയിസവും ഗ്ലാമറും കാണിക്കുവാന്‍ വേണ്ടിയുള്ള ഒരു ജാട പടമായി മാത്രമേ ഈ സിനിമയെ എനിക്ക്‌ വിലയിരുത്താന്‍ തോന്നിയുള്ളൂ...


പിന്‍ കുറിപ്പ്‌: ഇത്‌ കണ്ട ഒരു സുഹൃത്തിന്റെ കമന്റ്‌... കോഴി ബിരിയാണി തിന്നിട്ട്‌ ഈ സിനിമയ്ക്ക്‌ കയറിയാല്‍, ഉള്ളില്‍ കിടക്കുന്ന കോഴി പോലും അറിയാതെ എഴുന്നേറ്റ്‌ കൂവിപ്പോകും അത്രേ...