Friday, April 23, 2010

ടി.ഡി. ദാസന്‍ Std. VI Bകഥ, തിരക്കഥ, സംഭാഷണം, സംവിധാനം: മോഹന്‍ രാഘവന്‍

നിര്‍മ്മാണം: പോള്‍ വടക്കുംഞ്ചേരി, പോള്‍ വലികോടത്ത്‌

ഓര്‍മ്മ വയ്ക്കുന്നതിനുമുന്‍പേ അച്ഛനുപേക്ഷിച്ചുപോയ ഒരു മകന്‍, അമ്മയോടും അച്ഛമ്മയോടൊപ്പം കേരളത്തിലെ ഒരു ഗ്രാമത്തില്‍ കഴിയുകയും, അച്ഛനു വേണ്ടി ആഗ്രഹിച്ച്‌ അമ്മയുടെ പെട്ടിയില്‍ നിന്ന് കിട്ടിയ ഒരു അഡ്രസ്സിലേയ്ക്ക്‌ എഴുത്ത്‌ അയയ്ക്കുകയും ചെയ്യുന്നു..

അമ്മ അടുത്തില്ലാതെ അച്ഛനോടും വീട്ടില്‍ ഒരു കാരണവരെപ്പോലെ കൂടെയുള്ള ആളോടുമൊപ്പം ബാംഗ്ലൂരില്‍ താമസിച്ച്‌ പഠിക്കുന്ന പെണ്‍കുട്ടി...

മകന്‍ അച്ഛനയച്ച കത്ത്‌ ഈ പെണ്‍കുട്ടിയുടെ വീട്ടിലാണ്‌ വരുന്നത്‌. പണ്ട്‌ ഈ വീട്ടില്‍ താമസിച്ചിരുന്നവരുടെ ഡ്രൈവറായിരുന്നുവത്രേ ഈ കത്തിന്റെ അഡ്രസ്സില്‍ പറയുന്ന അച്ഛന്‍..

മകനോടുള്ള അച്ഛന്റെ സ്നേഹവും ആഗ്രഹവും മനസ്സിലാക്കി, ആ മകന്റെ സന്തോഷത്തിനുവേണ്ടി അച്ഛനാണെന്ന വ്യാജേന പെണ്‍കുട്ടി മറുപടി അയച്ച്‌ കുറേ കാലം മുന്നോട്ടുപോകുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളാണ്‌ ഈ ചിത്രത്തിലെ പ്രധാന കഥാ തന്തു.

ഇതിന്നിടയില്‍ പരസ്യചിത്രങ്ങളുടെയും മറ്റും ഡയറക്ടര്‍ ആയ പെണ്‍കുട്ടിയുടെ അച്ഛന്‍, എഴുത്ത്‌ വായിച്ച്‌ ഒരു സിനിമയ്ക്കുള്ള തിരക്കഥാ ചര്‍ച്ചയുമായി നടത്തുന്ന ശ്രമവും ഈ ചിത്രത്തിലുണ്ട്‌.

പൊതുവേ എല്ലാവരും നല്ല അഭിനയ നിലവാരം പുലര്‍ത്തി. ബാലതാരങ്ങളുടെ പ്രകടനം എടുത്തുപറയേണ്ടതാണ്‌. ബാക്ക്‌ ഗ്രൗണ്ട്‌ മ്യൂസിക്‌ ഈ ചിത്രത്തിന്റെ മാറ്റുകൂട്ടുന്നതിന്‌ വളരെ സഹായകരമായി.

ആദ്യം അല്‍പം ബോറടിപ്പിച്ചെങ്കിലും , പല രംഗങ്ങളിലും നല്ല ഒരു ഫീല്‍ ഉണ്ടാക്കുന്നതിന്‌ ഇതിന്റെ സംവിധായകന്‌ സാധിച്ചിട്ടുണ്ട്‌.

വളരെ സ്വാഭാവികമായ രംഗങ്ങളും ഡയലോഗുകളും നിലവാരം പുലര്‍ത്തി.

എന്നിരുന്നാലും, കുറേ ന്യൂനതകളും ഒരു പെര്‍ഫെക്‌ ഷന്റെ കുറവും ഈ ചിത്രത്തിന്‌ അനുഭവപ്പെട്ടു.

ഇതിന്റെ കഥയുമായി ബന്ധപ്പെട്ട്‌ പെണ്‍കുട്ടിയുടെ അച്ഛന്റെ നേതൃത്വത്തില്‍ നടക്കുന്ന ഒരു സിനിമാ ചര്‍ച്ച ചിത്രീകരണരംഗങ്ങളും ആവിഷ്കാരവും അത്ര നന്നായി തോന്നിയില്ല. ഇത്‌ പ്രധാന കഥയെ ബാധിക്കുന്നില്ലാത്തതിനാല്‍ അതിന്റെ ആവശ്യകത തന്നെ സംശയമാണ്‌. ഒടുവിലത്തെ രംഗത്തിന്‌ ഈ സിനിമാചിത്രീകരണവുമായി ഒരു ബന്ധമുണ്ട്‌... പക്ഷേ, അതല്‍പം സംശയജനകവുമാണ്‌..

കുറച്ച്‌ സംശയങ്ങളും ക്ലാരിറ്റി കുറവുകളും ഈ ചിത്രത്തില്‍ അനുഭവപ്പെട്ടു.

1. അച്ഛന്റെ മാവ്‌ എന്ന് പറഞ്ഞ്‌ മാവ്‌ വെട്ടാന്‍ കുട്ടി സമ്മതിക്കാതിരിക്കുന്നതിന്റെ കാരണം പിടി കിട്ടിയില്ല. (ആരെങ്കിലും മുന്‍പ്‌ എന്തെങ്കിലും ഇതിനെക്കുറിച്ച്‌ അച്ഛനുമായി ബന്ധപ്പെടുത്തി ഈ മാവിനെക്കുറിച്ച്‌ പറഞ്ഞിട്ടുണ്ടോ എന്തോ? )

2. പെണ്‍കുട്ടിയുടെ അമ്മ എന്തുകൊണ്ട്‌ അച്ഛനുമായി അകന്ന് വിദേശത്ത്‌ താമസിക്കുന്നു എന്നത്‌ വ്യക്തമല്ല. ജോലിയുടേയോ പഠിപ്പിന്റേയോ മറ്റോ ഭാഗമായി പോയതാണെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഭര്‍ത്താവുമായും കുട്ടിയുമായും അവര്‍ക്ക്‌ കാര്യമായ ബന്ധമില്ലാത്തതായാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. മാത്രമല്ല, പെണ്‍കുട്ടിയുടെ അച്ഛന്‌ ഒരു പെണ്‍ സുഹൃത്ത്‌ ഉണ്ടെന്ന സൂചയനയും നല്‍കുന്നു.

3. ആണ്‍കുട്ടിയുടെ അച്ഛന്‍ ഭാര്യയേയും മകനേയും ഉപേക്ഷിച്ച്‌ നാട്‌ വിട്ട്‌ പോകാനുള്ള കാരണവും വ്യക്തമാക്കുന്നില്ല. എന്ത്‌ കാരണം വേണേലും പ്രേക്ഷകര്‍ ആലോചിച്ച്‌ കണ്ടുപിടിച്ചോട്ടേ... എനിക്കേതായാലും സൗകര്യമില്ല എന്നതാണാവോ തിരക്കഥാ കൃത്തിന്റെ ഉദ്ദേശം.

4. ആണ്‍കുട്ടിയുടെ അമ്മയുടെ സ്വഭാവത്തില്‍ എന്തെങ്കിലും ദൂഷ്യമുണ്ടോ എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല. ആളുകളുമായുള്ള ഇടപെടലുകളില്‍ നിന്ന് അങ്ങനെ ദൂഷ്യമുണ്ടാവാന്‍ യാതൊരു സാദ്ധ്യതയുമില്ല എന്ന് തോന്നിപ്പിക്കുകയും മറ്റു ചില സംഭവങ്ങളും രംഗങ്ങളും അതിന്‌ വിരുദ്ധമായി തോന്നിപ്പിക്കുകയും ചെയ്യുന്നു. ഇതും വേണമെങ്കില്‍ പ്രേക്ഷകന്‍ വീട്ടില്‍ പോയിരുന്ന് ആലോചിച്ച്‌ കണ്ടുപിടിച്ചോട്ടെ എന്നായിരിക്കും ഉദ്ദേശം...

5. ആണ്‍കുട്ടിയുടെ അമ്മയ്ക്ക്‌ സംഭവിച്ചത്‌ എന്ത്‌ എന്ന ചോദ്യം അവശേഷിപ്പിച്ചിരിക്കുന്നു. 'നാട്ടുകാര്‍ പലതും പറയുന്നുണ്ട്‌.. ഞാനൊന്നും അന്വേഷിക്കാന്‍ പോയില്ല' എന്ന് ഒരു കഥാപാത്രത്തെക്കൊണ്ട്‌ പറയിപ്പിച്ചത്‌ സംവിധായകന്റെ തന്നെ അഭിപ്രായമാണോ ആവോ.. :-)

6. ചിത്രത്തിന്റെ ക്ലൈമാക്സില്‍, 'സ്വപ്നത്തില്‍ കണ്ട വള' ഒരല്‍പം സംശയം ജനിപ്പിച്ചു. സിനിമാചിത്രീകരണഭാവനയില്‍ കണ്ട ആ വള, എങ്ങനെ കൃത്യമായി ആ കുട്ടിയുടെ സ്വപ്നത്തില്‍ കയറിപ്പറ്റി എന്നതാണ്‌ സംശയം. എനിക്ക്‌ മനസ്സിലാവാഞ്ഞിട്ടാണോ എന്നറിയില്ല.. എങ്കിലും....

പൊതുവേ പറഞ്ഞാല്‍ ഒരു ഗംഭീരചിത്രമൊന്നുമല്ലെങ്കിലും നിലവാരമുള്ള ഒരു സിമ്പിള്‍ സിനിമ... സ്വാഭാവികമായ രംഗങ്ങളും ഡയലോഗുകളും അഭിനയവും മ്യൂസിക്കും എല്ലാം ചേര്‍ന്ന് നിരാശാപ്പെടുത്താത്ത ഒരു ചിത്രം.. സമീപകാല സ്റ്റാര്‍ ചിത്രങ്ങളെ അപേക്ഷിച്ച്‌ വളരെ ഭേദം...

10 comments:

സൂര്യോദയം said...

മലയാളത്തില്‍ ഇറങ്ങുന്ന എല്ലാ തറ പടങ്ങളും കാണുന്ന ഞാന്‍ ഇങ്ങനെ ഒരു ചിത്രം കാണാതെ പോയാല്‍ അതില്‍ അല്‍പം അധാര്‍മ്മികതയുണ്ടെന്ന തോന്നലുകൊണ്ട്‌ ഇന്നലെ സെക്കന്‍ഡ്‌ ഷോ കാണാനായി എറണാകുളം ലിറ്റില്‍ ഷേണായീസില്‍ സുഹൃത്തുമായി പോയി. നാല്‍പ്പതോളം പേരുണ്ടായിരുന്നു തിയ്യറ്ററില്‍..

Haree said...

1. അച്ഛന്‍ നട്ട മാവെന്ന് മുത്തശ്ശിയുടെ പരാമര്‍ശം ഉണ്ടെന്ന് തോന്നുന്നു.
2 / 3 / 4 / 5. അത്രയും വ്യക്തത മതിയാവുമെന്നു തോന്നുന്നു. കഥ പറയുന്നത് കുട്ടികളുടെ ലോകത്തു നിന്നാണ്. അവരുടെ അറിവില്‍ വരുന്നത്രയും വിശദീകരണങ്ങള്‍ മാത്രമേ നല്‍കുന്നുള്ളൂ. അതു തന്നെയല്ലേ ഈ ചിത്രത്തിന്റെ ഭംഗി? എല്ലാത്തിനും കാരണവും കാര്യവുമൊക്കെ ഉണ്ടാക്കി വിശദീകരിച്ചിരുന്നെങ്കില്‍ ഈ സിനിമയുടെ രസം അവിടെ തീരുമെന്ന് തോന്നുന്നു. പിന്നെ, കുട്ടികള്‍ വലിയ വായില്‍ സംസാരിച്ചു എന്നും മറ്റും കുറ്റം പറയേണ്ട അവസ്ഥയും വന്നേക്കാം.
6. എനിക്കും അവിടെ സംശയം തോന്നി. പിന്നെ, അച്ഛനെ സ്വപ്നം കണ്ടിരിക്കാം എന്നൂഹിച്ചു.

ചിത്രം പതിയെ ക്ലച്ച് പിടിക്കുന്നു എന്നത് നല്ല കാര്യം. :-)
--

Vinayan said...

ഇന്നലെയാണ് ഞാന്‍ സിനിമ കണ്ടത്..സത്യം പറഞ്ഞാല്‍ ഇന്നലെയെ കാണാന്‍ സമയം കിട്ടിയുള്ളൂ. എന്റെ ഒരു റിവ്യു അത് ഞാന്‍ എന്തായാലും എഴുതും.. ഈ നിരൂപണത്തിനു എന്റെ വക ഒരു ക്ലാരിഫിക്കേഷന്‍...
1.മാവിനെക്കുറിച്ചു മുന്‍പ് പരാമര്‍ശമുണ്ടായിരുന്നില്ല എന്ന് തന്നെയാണ് തോന്നുന്നത്. പക്ഷെ ഒരു സിനിമയില്‍ എല്ലാ രംഗങ്ങളും വിശദീകരിക്കണം എന്ന അഭിപ്രായത്തോട് യോജിപ്പില്ല.
2,3,4-> ഈ രണ്ടു കാര്യങ്ങള്‍ക്കും സിനിമയില്‍ പ്രസക്തിയില്ല. ഇനി ഒരു വിശദീകരണത്തിനു നിന്നാല്‍ കഥ അതിന്റെ തന്തുവില്‍ നിന്നകന്നു പോകും. അതുകൊണ്ട് തന്നെ വിശദീകരണം ഒഴിവാക്കിയത് നന്നായെന്നാണ് അഭിപ്രായം.
5.ഇതൊക്കെയും കത്തില്‍ പരാമര്‍ശിച്ചുവെന്നാണ് ഓര്‍മ്മ. അങ്ങനെയെങ്കില്‍ കുട്ടിയുടെ കത്തിലൂടെ ഇതള്‍ വിരിയുന്ന ചില കാര്യങ്ങള്‍ക്ക് വേണ്ടി ചിലത്. അത്ര മാത്രം കണ്ടാല്‍ മതി. അല്ലാണ്ടെ അമ്മ അങ്ങനെയാണോ അല്ലയോ എന്നതിന് എന്ത് പ്രസക്ത്തി.
6. അതെനിക്ക് സറിയലിസം ആയാണ് തോന്നുന്നത്. കുട്ടിയുടെ ഉപബോധമനസ്സില്‍ കാണുന്ന അച്ഛന്റെ ചിത്രം. 'The imagery which used here is the ring'. Its a good thought...
ഇത്രയും എന്റെ അഭിപ്രായം. യോജിക്കാം വിയോജിക്കാം.ഞാനും താങ്കളുടെ കൂട്ടത്തിലുണ്ടായിരുന്നോ? ഞാനും ലിറ്റില്‍ ഷേണായിസില്‍ നിന്നാണ് കണ്ടത്. ശരിയാണ് നാല്പ്പതിനടുത്തു ആളുകളുണ്ടായിരുന്നു അവിടെ.. 4, 5 പേര് പടം കഴിഞ്ഞപ്പോള്‍ കയ്യടിച്ചത് ഓര്‍മയില്ലേ?....

സൂര്യോദയം said...

ഹരീ.. താങ്കളുടെ അഭിപ്രായത്തിന്‌ നന്ദി.. :-)

അച്ഛന്‍ നട്ട മാവ്‌ ഞാന്‍ കേട്ടില്ല... എന്നാലും? :-)

എല്ലാത്തിനും കാരണവും കാര്യവും വിശദീകരിച്ചില്ലെങ്കിലും ഒരല്‍പ്പം കൂടി വ്യക്തത വേണമായിരുന്നു എന്ന് തോന്നി. കുട്ടികളുടെ ലോകത്ത്‌ നിന്ന് മാത്രമായല്ലല്ലോ പലതും.. പ്രത്യേകിച്ചും, ആണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്തുമായി ബന്ധപ്പെട്ട സീനുകളിലൂടെ പൂര്‍ണ്ണമായല്ലെങ്കിലും പലതിനും കുറച്ച്‌ ക്ലാരിറ്റി നല്‍കാമായിരുന്നു എന്ന് തോന്നി.

പല സംശയങ്ങളും ബാക്കിവെക്കുകയും അതിന്‌ വ്യക്തമായ ഒരു ഉത്തരം കണ്ടെത്താനാകാതിരിക്കുകയും ചെയ്യുമ്പോളാണ്‌ ഒരു പെര്‍ഫക്‌ ഷന്‍ കുറവ്‌ എന്ന് ഞാന്‍ ഉദ്ദേശിച്ചത്‌. നേരെമറിച്ച്‌, ചില വ്യക്തമായ സൂചനകള്‍ തന്ന്, അതില്‍ ഒന്നിലധികം പോസിബിലിറ്റി നല്‍കുന്നതിലാണ്‌ കൂടുതല്‍ സുഖം എന്ന് തോന്നുന്നു... ഇത്‌ എന്റെ അഭിപ്രായം... പലര്‍ക്കും ആസ്വാദനനിലവാരം പലതരത്തിലായതിനാല്‍ 'എങ്ങനെയാവണം' എന്ന് ഉറപ്പിക്കാനും വയ്യ :-)

സൂര്യോദയം said...

വിനയന്‍..

താങ്കളുടെ ക്ലാരിഫിക്കേഷന്‍സിന്‌ നന്ദി.. :-)

1. മാവിനെക്കുറിച്ച്‌ പരാമര്‍ശം വേറെ കേള്‍ക്കാതിരുന്നതിനാല്‍ പെട്ടെന്ന് തോന്നിയ ഒരു സംശയമാണ്‌... അതിന്‌ ക്ലാരിഫിക്കേഷന്‍ നിര്‍ബന്ധമായി തോന്നിയില്ല... എന്നാലും, നേരത്തേ തന്നെ ഒരു ഡയലോഗിലൂടെ ഒരു സൂചനയുണ്ടെങ്കില്‍ ആ സംശയം ഉണ്ടാവുമായിരുന്നില്ല്ല എന്നേയുള്ളൂ..

2,3,4: പ്രസക്തിയില്ലാത്ത കാര്യങ്ങള്‍ പ്രതിപാദിക്കുമ്പോള്‍ അതില്‍ കുറച്ചുകൂടി വ്യക്തതയുണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്നൊരു സാധാരണ പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്ക്‌ തോന്നി...

5. ആണ്‍കുട്ടിയുടെ അമ്മയ്ക്ക്‌ സംഭവിച്ചതെന്ത്‌ എന്നത്‌ അത്ര അറിയാന്‍ കഴിയാത്തത്ര സംഗതിയൊന്നുമല്ലല്ലോ... പ്രത്യേകിച്ചും ഈ കാലഘട്ടത്തില്‍ നടക്കുന്നതാകുമ്പോള്‍...

പല കാര്യങ്ങളും കുട്ടികളറിഞ്ഞില്ലേലും വേണ്ട... ഒരു പ്രേക്ഷകനെന്ന നിലയ്ക്ക്‌ അറിയാനുള്ള ആഗ്രഹവും അവകാശവും തോന്നി :-))

തിയ്യറ്ററിലെ കയ്യടി ശ്രദ്ധിച്ചിരുന്നു... :-) ഏറ്റവും ബാക്കിലായിരുന്നു ഞാന്‍ ഇരുന്നത്‌...

NANZ said...

സൂര്യോദയം
പോരായ്മകള്‍ ഈ ചിത്രത്തിലുണ്ടെന്നതു ശരിതന്നെയാണ്, ഒരു തുടക്കക്കാരന്റെ ആദ്യ സിനിമയുടെ കുറവുകളാണത് എന്നു കാണാനാണ് എനിക്കിഷ്ടം. തുടര്‍ചിത്രങ്ങളില്‍ മോഹന്‍ രാഘവന്‍ അതു നികത്തുമായിരിക്കും.

താങ്കള്‍ അക്കമിട്ടു പറഞ്ഞ സംശയങ്ങള്‍ :
എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായ ക്ലാരിഫിക്കേഷന്‍ വേണമെന്നതും അതെല്ലാം മുന്‍പ് എസ്റ്റാബ്ലിഷ് ചെയ്യണമെന്നുള്ളതും നമ്മുടെ നിലവിലുള്ള ആസ്വാദന ശീലത്തിന്റെ രീതികൊണ്ടാണെന്നു തോന്നുന്നു. ഫുള്‍ സ്റ്റോപ്പിടാതെ അര്‍ദ്ധോക്തിയിലും ചിത്രങ്ങള്‍ അവസാനിപ്പിക്കാമല്ലോ ഒരു ചെറുകഥ വായിച്ച സുഖവും ലഭിക്കുമല്ലോ. :)
‘അവസാനം എന്തു സംഭവിച്ചു’ എന്നുള്ള ചോദ്യം മലയാളിക്ക് എപ്പോഴും ഉള്ളതാണ് (ബ്ലോഗ് പോസ്റ്റുകളിലെ കമന്റുകളിലും ഇത് കാണാം)
താങ്കള്‍ പറഞ്ഞ സംശയങ്ങളെ നിരാകരിക്കുകയല്ല, അതിനോട് അനുകൂലിച്ചു കൊണ്ട് തന്നെ, വിനയനും ഹരിയും മുന്‍ കമന്റില്‍ പറഞ്ഞതു പോലെ എല്ലാത്തിനും വിശദീകരണം വേണമെന്നില്ലെന്നും അതാണീ ചിത്രത്തിന്റെ ഭംഗിയെന്നും ഞാന്‍ കരുതുന്നു.
അവസാന ചോദ്യത്തിനും വിനയന്‍ മുന്‍ കമന്റില്‍ പറഞ്ഞപോലെ ഒരു സര്‍ റിയലിസ്റ്റിക് രീതിയാവാം.

ശ്രുതി മേനോന്റെ കഥാപാത്രത്തിനാണ് ഒട്ടും സൂക്ഷമതയില്ലാത്തത് എന്ന് എനിക്കു തോന്നി. പെര്‍ഫോര്‍മന്‍സ് കൊണ്ടു പോലും അതിന്റെ അവ്യക്തതയെ അവര്‍ മറികടക്കാന്‍ പോലും ശ്രമിച്ചില്ല എന്നത് ദു:ഖകരം.

കൊമേഴ്സ്യല്‍ ചേരുവകളില്ലാതെ ഒരു നല്ല സിനിമ ചെയ്യാന്‍ ശ്രമിച്ച ആര്‍ജ്ജവത്തിനും അതിന്റെ പരിശ്രമത്തിനും മോഹന്‍ രാഘവനേയും ഈ സിനിമയേയും നമുക്ക് അഭിനന്ദിക്കാം. (20-25 വര്‍ഷമായി സിനിമ ചെയ്യുന്ന ലബ്ധപ്രതിഷ്ഠരായ സംവിധായകര്‍ ഇപ്പോഴും ചവറ്റുകൊട്ടയില്‍ തള്ളേണ്ട പല സാധനങ്ങളും പടച്ചു വിടുന്നതിനിടയിലാണല്ലോ ഒരു പുതു സംവിധായകന്‍ ഒരു നല്ല സിനിമ എന്ന പരിശ്രമവുമായി വരുന്നത്)

സൂര്യോദയം said...

NANZ...
ഈ ചിത്രം ഇഷ്ടപ്പെട്ടു എന്നു പറഞ്ഞുകൊണ്ട്‌ തന്നെയാണ്‌ എനിക്ക്‌ തോന്നിയ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചത്‌. ആദ്യ സംരംഭമെന്ന നിലയില്‍ മോഹന്‍ രാഘവന്‍ അഭിനന്ദനം അര്‍ഹിക്കുക തന്നെ ചെയ്യുന്നു. മാത്രമല്ല, നിരൂപിക്കാന്‍ കൊള്ളാവുന്നതായതുകൊണ്ടാണല്ലോ നാമിവിടെ പോരായ്മകളായി തോന്നിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുതന്നെ. മറ്റു 'വന്‍' ചിത്രങ്ങള്‍ക്ക്‌ ഒരു ചര്‍ച്ചയ്ക്ക്‌ പോലും സ്കോപ്പ്‌ ഇല്ലാത്ത വിധത്തില്‍ പോരായ്മകള്‍ നീണ്ടു നിവര്‍ന്നു കിടക്കുമ്പോഴും.. :-)

റോബി said...

കുറച്ച്‌ സംശയങ്ങളും ക്ലാരിറ്റി കുറവുകളും ഈ ചിത്രത്തില്‍ അനുഭവപ്പെട്ടു.

എല്ലാം കുറുക്കി സ്പൂണിലാക്കി വായില്‍ തന്നിരുന്നെങ്കില്‍ നന്നായിരുന്നു..അല്ലേ?

സൂര്യോദയം said...

റോബി.. എല്ലാം കുറുക്കി സ്പൂണിലാക്കി വായില്‍ തരണമെന്നില്ല... പക്ഷേ, തരുന്ന സാധനം എന്താണെന്ന് സംശയം തോന്നാത്തവിധം മനസ്സിലായെങ്കിലല്ലേ സ്പൂണിലെടുത്ത്‌ വായിലിടാന്‍ പറ്റൂ? എന്ത്‌ കിട്ടിയാലും അങ്ങ്‌ വിഴുങ്ങിയിട്ട്‌ 'നന്നായി' എന്ന് പറഞ്ഞ്‌ ഏമ്പക്കവും വിട്ട്‌ ഇരുന്നാല്‍ എന്താവും സ്ഥിതി? ;-)

akhilesh said...

1,2,3,4 - better left unexplained.

5 - cop out. The director apparently is a little at a loss as to how to end the movie. Chandrika's death is non - sequitur and a bad ending.

6 - Apparently attempted surrealism for Nandan. The boy's dream and his colleague's imagination are linked by the ornament. Not sure whether this is not surrealism gone bad. Seems to have little impact on Nandan or the ending.

A good movie, still.