Monday, June 29, 2009



ഭ്രമരം

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബ്ലെസ്സി

നിര്‍മ്മാണം: രാജു മല്ലിയത്ത്‌, എ.ആര്‍. സുല്‍ഫിക്കര്‍

ഛായാഗ്രഹണം: അജയന്‍ വിന്‍സന്റ്‌

അഭിനേതാക്കള്‍: മോഹന്‍ലാല്‍, ഭൂമിക, സുരേഷ്‌ മേനോന്‍, മുരളീ കൃഷ്ണ, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത...


മോഹന്‍ലാലിന്റെ അഭിനയപ്രതിഭയെ ശരിയ്ക്കും ഉപയോഗിച്ച, ഒരു വിധം നന്നായി ചിത്രീകരിച്ച, നല്ല ദൃശ്യവിരുന്നൊരുക്കിയ ഒരു സിനിമയാണെങ്കിലും ഒരു തരം ഇരുണ്ട്‌ മങ്ങിയ പ്രതീതി മനസ്സില്‍ ജനിപ്പിക്കുന്ന അനുഭവമായിരുന്നു ഇത്‌ കണ്ടിറങ്ങിയ എനിയ്ക്ക്‌.

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ചെയ്യാത്ത കുറ്റത്തിന്‌ ശിക്ഷിക്കപ്പെടുകയും, പിന്നീട്‌ പത്ത്‌ മുപ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ആ പഴയ ചെയ്യാത്ത തെറ്റിന്റെ പേരില്‍ തന്റെ ഭാര്യയോടും മകളോടും ഒപ്പമുള്ള സന്തോഷപൂര്‍ണ്ണമായ ജീവിതത്തെ അത്‌ ബാധിക്കുകയും ചെയ്തതിനാല്‍ പഴയ തെറ്റിന്റെ ഉറവിടം തേടിപ്പിടിക്കുകയും തന്റെ നിരപരാധിത്വം വെളിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ്‌ കഥാസാരം.

കഥാപരമായി പലകാര്യങ്ങളും ബ്ലസ്സിയുടെ കാഴ്ചപ്പാടുകളുമായി യോജിക്കാന്‍ എനിയ്ക്ക്‌ വളരെ ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടു. പ്രത്യേകിച്ചും മോഹന്‍ലാലിന്റെ വിഷ്ണു എന്ന കഥാപാത്രത്തിന്റെ ആ ദുര്യോഗത്തെക്കുറിച്ച്‌ തന്നെ.

മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച ബാലനടി വളരെ മോശം പ്രകടനമാണ്‌ നടത്തിയത്‌. കുട്ടി മന്ദബുദ്ധിയാണോ എന്ന് സംശയം തോന്നാമെങ്കിലും പിന്നീട്‌ മന്ദബുദ്ധിയാണെങ്കിലേ ആ കുട്ടിയ്ക്കുണ്ടായ തരത്തിലുള്ള തോന്നല്‍ ഉണ്ടാവാന്‍ ന്യായമുള്ളൂ എന്ന് നമുക്ക്‌ മനസ്സിലാകും. കാരണം, ആ പ്രായത്തിലുള്ള ഒരു കുട്ടിയ്ക്ക്‌ മനസ്സിലാകാവുന്നതോ ഭയപ്പെടാവുന്നതോ ആയ ഒരു കാര്യമായിരുന്നില്ല അവിടെ വെളിപ്പെട്ടത്‌ എന്നത്‌ തന്നെ.

അതുപോലെ തന്നെ, സുദൃഢമായ ഒരു കുടുംബബന്ധം, ഭാര്യയും ഭര്‍ത്താവുമായുള്ള ആ ആത്മബന്ധം പിന്നീട്‌ ഇത്ര നിസ്സാരമാക്കി മാറ്റിയതും വളരെ അപക്വമായി തോന്നി.

ചിത്രത്തിന്റെ തുടക്കത്തില്‍ കാണിച്ച തീവ്രവാദഭീഷണിയും ബോബ്‌ സ്ഫോടനവുമെല്ലാം പ്രേക്ഷകര്‍ക്ക്‌ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ച്‌ ഒരല്‍പ്പം തെറ്റിദ്ധാരണ ഉണ്ടായിക്കോട്ടെ എന്ന ഉദ്ദേശത്തിനു വേണ്ടിമാത്രം കെട്ടിച്ചമച്ചതാണെന്ന് തോന്നി.

സുരേഷ മേനോന്റെ ഉണ്ണിയെന്ന കഥാപാത്രം പലപ്പോഴും കല്ല് കടിയുണ്ടാക്കി. പക്ഷേ, വി.ജി.മുരളീകൃഷ്ണന്‍ അവതരിപ്പിച്ച ഡോക്ടര്‍ കഥാപാത്രം വളരെ തന്മയത്വവും പക്വതയുമുള്ളതായിരുന്നു.

നായികയാ ഭൂമികയുടെ അഭിനയം തരക്കേടില്ല എന്നേ പറയാനാവൂ.

മോഹന്‍ലാലിന്റെ സുഹൃത്തിന്റെ മകളായി അഭിനയിച്ച ബേബി നിവേദിത വളരെ നല്ല നിലവാരം പുലര്‍ത്തി.

ചിത്രത്തിലെ ഗാനങ്ങള്‍ ഇഷ്ടപ്പെട്ടു. ചില രംഗങ്ങള്‍ മനസ്സില്‍ തട്ടുന്ന തരത്തില്‍ നല്ല ഫീലോടെ ചിത്രീകരിക്കുവാന്‍ ബ്ലസ്സിയ്ക്ക്‌ സാധിച്ചിട്ടുണ്ട്‌.

മോഹന്‍ലാലിനോടൊപ്പമുള്ള ലോറി, ജീപ്പ്‌ സവാരി വളരെ ഇഷ്ടപ്പെട്ടു. :-)

മോഹന്‍ലാലിന്റെ കഥാപാത്രത്തെ നോക്കി (എവിടെ നോക്കി.... ഏത്‌ തരത്തില്‍ നോക്കി എന്നൊന്നും ചോദിക്കരുത്‌...) 'നീ സിംഗമാണെടാ..' എന്ന് ഒരു ലോറിഡ്രൈവറെക്കൊണ്ട്‌ പറയിച്ച അസഭ്യപൂര്‍ണ്ണമായ സീന്‍ കുടുംബപ്രേക്ഷകരോട്‌ കാണിച്ച തികഞ്ഞ അവഹേളനമായിപ്പോയി എന്ന് പറയാതെ വയ്യ.

എന്തായാലും സിനിമകഴിഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ ഒരല്‍പം വേദനയും പല രംഗങ്ങളുടെ ചിന്തകളും കൂടെയുണ്ടായിരുന്നു എന്നതാണ്‌ സത്യം.

Monday, June 15, 2009

ഇവര്‍ വിവാഹിതരായാല്‍

സംവിധാനം: സജി സുരേന്ദ്രന്‍
പ്രൊഡ്യൂസര്‍: ഗോപകുമാര്‍
കഥ, തിരക്കഥ, സംഭാഷണം: കൃഷ്ണ പൂജപ്പുര
ഫോട്ടോഗ്രാഫി: അനില്‍ നായര്‍

അഭിനേതാക്കള്‍: ജയസൂര്യ, ഭാമ, സംവൃത സുനില്‍, രേഖ, സിദ്ദിക്ക്‌, സുരാജ്‌ വെഞ്ഞാര്‍മൂട്‌, നെടുമുടിവേണു

എം.ബി.എ. വിദ്യാര്‍ത്ഥിയായ വിവേക്‌ പരീക്ഷയെഴുതാന്‍ താമസിച്ചെത്തുന്നത്‌ വിശദീകരിച്ചുകൊണ്ടാണ്‌ ഈ ചിത്രം ആരംഭിക്കുന്നത്‌. ഭാര്യാസങ്കല്‍പത്തില്‍ പല സ്ത്രീകളെയും സ്വപ്നത്തില്‍ കണ്ട്‌ സുഖിച്ച്‌ ഉറങ്ങിയതുകൊണ്ട്‌ പരീക്ഷയ്ക്ക്‌ ലേറ്റ്‌ ആയത്‌ എന്ന് പരാമര്‍ശിച്ചുകൊണ്ട്‌ വിവേക്‌ (ജയസൂര്യ) എന്ന കഥാപാത്രത്തെ നമുക്ക്‌ പരിചയപ്പെടുത്തുന്നു. കൂടാതെ, സംവൃതസുനില്‍ അടക്കമുള്ള വിവേകിന്റെ അടുത്ത ചില സുഹൃത്തുക്കളെയും അവര്‍ ബൈക്കില്‍ പോണ്ടിച്ചേരിയില്‍ നിന്ന് കൊച്ചിയിലേയ്ക്ക്‌ പാട്ടും പാടി എത്തുകയും ആ കൂട്ടുകാര്‍ക്ക്‌ പോലീസ്‌ ഓഫീസറായ സംവൃതസുനിലിന്റെ അച്ഛനും അമ്മയും നല്‍കുന്ന സ്വീകരണവും അവരുടെ സ്വാതന്ത്ര്യവും നമുക്ക്‌ മനസ്സിലാക്കിത്തരുന്നു.

അഡ്വക്കെറ്റ്‌ സ്‌ ആയ വിവേകിന്റെ അച്ഛനും അമ്മയും നിയമപരമായി വിവാഹം വേര്‍പെടുത്താതെ ബന്ധമില്ലാതെ പിരിഞ്ഞ്‌ അടുത്തടുത്ത രണ്ട്‌ ഫ്ലാറ്റുകളില്‍ താമസിക്കുന്നതും ഊഴം വച്ച്‌ ഒരുദിവസം അച്ഛനോടൊപ്പവും അടുത്തദിവസം അമ്മയോടൊപ്പവും താമസിക്കുന്ന വിവേകും പ്രേക്ഷകര്‍ക്ക്‌ അത്ഭുതം ജനിപ്പിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

വിവാഹമോഹം തലയ്ക്ക്‌ പിടിച്ചിരിക്കുന്ന വിവേക്‌ ഈ താല്‍പര്യം അച്ഛനമ്മമാരോട്‌ പറയുകയും അവസാനം ആ ആവശ്യം അംഗീകരിപ്പിച്ചെടുക്കുകയും ചെയ്യുന്നു. അഡ്വക്കേറ്റ്‌ ആണെങ്കിലും കേസിനൊന്നും പോകാതെ ചെസ്സ്‌ കളിച്ചിരിക്കുന്ന സിദ്ദിഖിന്റെ അസിസ്റ്റന്റ്‌ ആണെങ്കിലും വേലക്കാരനും കുക്കുമായി ജോലിചെയ്യുന്ന സുരാജ്‌ വെഞ്ഞാര്‍മൂടിന്റെ പ്രകടനമാണ്‌ ഈ ചിത്രത്തില്‍ ആകെ എടുത്തുപറയാവുന്ന സംഗതി.

ഒരു റേഡിയോ ഫോണ്‍ പരിപാടിയിലേയ്ക്ക്‌ വിളിച്ച്‌ വിവാഹപ്രായം കുറയ്ക്കണമോ വേണ്ടയോ എന്ന വിഷയത്തില്‍ റേഡിയോ അവതാരികയായ കാവ്യ (ഭാമ) യുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ആ തര്‍ക്കം മോശമായ ഭാഷയിലേയ്ക്ക്‌ മാറുകയും അത്‌ ലൈവ്‌ ആയി റേഡിയോ വഴി എല്ലാവരും കേള്‍ക്കുകയും ചെയ്യുന്നതിന്റെ ഫലമായി കാവ്യയുടെ ജോലി നഷ്ടപ്പെടുന്നു. അങ്ങേനെ നഷ്ടപ്പെട്ട ജോലിയുമായി വീട്ടില്‍ ചെന്ന് കയറുമ്പോള്‍ വിധവയായ അമ്മയും അനിയത്തിയും കാവ്യയ്ക്ക്‌ കല്ല്യാണ ആലോചനകള്‍ തിരക്കിട്ട്‌ നടത്തുന്നതായി അവതരിപ്പിക്കുന്നു.

അവിടെ കാവ്യ തന്റെ വ്യക്തിത്വത്തെക്കുറിച്ചും തന്റെ കരിയര്‍ മോഹങ്ങളെക്കുറിച്ചും പറയുകയും വിവാഹം ഉടനെ വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുമ്പോള്‍ ജാതകപ്രകാരം 21 വയസ്സിനുള്ളില്‍ നടന്നില്ലെങ്കിലുള്ള പ്രശ്നത്തെക്കുറിച്ചും ഇനി 4 മാസം കൂടിയേ ഉള്ളൂ എന്നതിനെക്കുറിച്ചും കാവ്യയുടെ അമ്മ ഓര്‍മ്മിപ്പിക്കുന്നു. അതിനെയും ധിക്കരിക്കുമ്പോള്‍ അമ്മയുടെ ഒരൊറ്റ ഡയലോഗില്‍ പാവം കാവ്യ കല്ല്യാണത്തിന്‌ സമ്മതിക്കുന്ന ആ സീന്‍..... ഹോ..... കണ്ടിരുന്ന പ്രേക്ഷകര്‍ക്ക്‌ കൊടുക്കണം ഓസ്കാര്‍...

അതായത്‌, 'അച്ഛന്റെ ആഗ്രഹമായിരുന്നു എന്ന് നീ മറക്കരുത്‌..' എന്ന് തുടങ്ങുന്ന ഡയലോഗ്‌ പറഞ്ഞുകഴിഞ്ഞതും പെട്ടെന്ന് വികാരാധീനയായി കാവ്യ അച്ഛന്റെ ഫോട്ടോയിലേയ്ക്ക്‌ നോക്കി കണ്ണ്‍ നിറഞ്ഞ്‌ വിവാഹത്തിന്‌ സമ്മതിക്കുകയും ചെയ്തപ്പോള്‍ കാര്യങ്ങള്‍ ഭംഗിയായി.

പിന്നെയങ്ങോട്ട്‌ വിവേകിന്റെ ജാതകം ഒത്തുവരുന്നു, പരസ്പരം അഭിപ്രായം പറയാന്‍ അവസരം കിട്ടിയെങ്കിലും പറയാന്‍ കഴിയാതെ വരുന്നു, കല്ല്യാണം നടക്കുന്നു... അങ്ങനെ അങ്ങനെ കഥ മുന്നോട്ട്‌ പോകുന്നു.

അമിതമോ തെറ്റായതോ ആയ ഭാര്യാസങ്കല്‍പങ്ങല്‍ ഒട്ടും പക്വതയില്ലാത്ത ഒരാളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാവും പ്രമേയം എന്ന് വിശ്വസിച്ചിരുന്ന പ്രേക്ഷകരെ കബളിപ്പിക്കുന്നതായിരുന്നു ഈ സിനിമ. (ഇതിന്റെ തിരക്കഥാകൃത്തും സംവിധായകനും എങ്ങനെയാണാവോ ഉദ്ദേശിച്ചത്‌).

തുടക്കം മുതല്‍ ഒടുക്കം വരെ അസഹനീയമായ ഈ സിനിമയില്‍ സുരാജ്‌ വെഞ്ഞാര്‍മൂടിന്റെ കഥാപാത്രത്തിന്റെ കുറച്ച്‌ കോമഡികളും ഡയലോഗുകളും ഇഷ്ടപ്പെട്ടു. പഴയ ഒരു ഗാനത്തെ ഓര്‍മ്മപ്പെടുത്തുന്ന ഒരു ഗാനവും അതിന്റെ ചിത്രീകരണ രംഗങ്ങളും അതിലെ ഫോട്ടോഗ്രാഫിയും വളരെ ആകര്‍ഷണീയവും ആസ്വാദനീയവുമായിരുന്നു.

തീയ്യറ്ററില്‍ നിന്ന് ഇറങ്ങി ഓടാന്‍ തോന്നിയ ചില രംഗങ്ങള്‍..

1. ഉലുവ, പരിപ്പ്‌, പയര്‍ തുടങ്ങിയ അടുക്കളയില്‍ കറിയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളെക്കുറിച്ച്‌ വിവേകിന്‌ തിരിച്ചറിവില്ല എന്നത്‌ നമുക്ക്‌ കാട്ടിത്തരുമ്പോള്‍ (പോട്ടെ.. അത്‌ നമുക്ക്‌ ക്ഷമിക്കാം... ഹോട്ടല്‍ മാനേജ്‌ മെന്റ്‌ അല്ലല്ലോ.. എം.ബി.എ. ആണല്ലോ പയ്യന്‍സ്‌ പഠിച്ചത്‌ എന്ന കാരണത്താല്‍)

2. പാവയ്ക്ക എടുത്ത്‌ കാട്ടി ഈ വെണ്ടയ്ക്കയ്ക്ക്‌ എന്താ വില എന്ന ചോദ്യം... തുടര്‍ന്ന് മറ്റ്‌ പച്ചക്കറികളും തിരിച്ചറിവില്ല എന്ന വസ്തുതയും (ഇത്‌ സഹിക്കാന്‍ ബുദ്ധിമുട്ടാണ്‌.. ഒരു വിധം സഹിച്ചു)

3. രണ്ടുപേരുള്ള വീട്ടിലേയ്ക്ക്‌ പച്ചക്കറി വാങ്ങിയ രീതി (25 കിലോ പച്ചമുളക്‌, 15 കിലോ പടവലങ്ങ, ഒരു പെട്ടി തക്കാളി, ഒരു ചാക്ക്‌ സബോള, ഉറളക്കിഴങ്ങ്‌ തുടങ്ങിയ സാധനങ്ങള്‍)... ഇത്‌ സഹിക്കുന്ന കാര്യം ആലോചിക്കാനേ വയ്യാ...

4. ഫോണ്‍ പ്രോഗ്രാമില്‍ തന്റെ അച്ഛന്റെയും അമ്മയുടേയും പേരും അവര്‍ അഡ്വക്കേറ്റ്‌ സ്‌ ആണെന്നും പറഞ്ഞു പരിചയപ്പെടുത്തുന്ന വിവേകിനെ പിന്നീട്‌ കല്ല്യാണം കഴിയ്ക്കേണ്ടിവരുന്ന കാവ്യയ്ക്ക്‌ വിവേകിനെ കുറേകാലം കഴിഞ്ഞാണ്‌ തിരിച്ചറിഞ്ഞത്‌ എന്നത്‌ ഒരല്‍പ്പം കടന്ന കയ്യായിപ്പോയി.

5. ഇടയ്ക്കിടയ്ക്ക്‌ പുട്ടിന്‌ തേങ്ങയിടുന്നപോലുള്ള നെടുമുടിവേണുവിനെയും കൊച്ചുമകളായ ബാലതാരത്തെയും സഹിക്കുക അരോചകമായിരുന്നു.

6. സംവൃത സുനിലും ജയസൂര്യയുമായ ആ സുഹൃത്‌ ബന്ധം ദഹിക്കാന്‍ വളരെ ബുദ്ധിമുട്ടി. എന്നാലും സഹിച്ചേക്കാം എന്നു വയ്ക്കാം.

7. ഈ കിഴങ്ങനായ എം.ബി,എ.ക്കാരന്‍ ഒടുവില്‍ വൈകാരികമായി നടത്തുന്ന ചില പ്രകടനങ്ങള്‍ ഈ സിനിമയുടെ ക്ലെമാക്സില്‍ പ്രേക്ഷകരുടെമനസ്സില്‍ പരിഹാസവും കോമഡിയും അരോചകമായ അവസ്ഥയുമാണ്‌ സൃഷ്ടിച്ചത്‌. താന്‍ കല്ല്യാണം കഴിച്ചത്‌ തന്റെ അച്ഛനെയും അമ്മയെയും യോജിപ്പിക്കാനാണെന്ന്... എല്ലാവരും വിശ്വസിച്ചു... വളരെ കേമം...

8. കൊല്ലങ്ങളോളം വേര്‍പിരിഞ്ഞ്‌ തൊട്ടടുത്ത ഫ്ലാറ്റുകളിലായി കഴിഞ്ഞ സിദ്ദിഖും രേഖയും സിദ്ദിഖിന്‌ വന്ന ഒരു പനിയോടെ ഒന്നായത്‌ പ്രേക്ഷകരെ പുളകിതരാക്കുകയും രോമാഞ്ചം അണിയിക്കുകയും ചെയ്തു...

9. വൈകാരികമായ വെളിപ്പെടുത്തലുകളും വികാരപ്രകടങ്ങളോടും കൂടി ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ച ക്ലെമാക്സില്‍ കാവ്യ തന്റെ താലിമാല നീട്ടിപ്പിടിച്ചൊരു നില്‍പുണ്ട്‌... ഹോ.. ചങ്ക്‌ തകര്‍ന്നുപോയി..

ഇങ്ങനെ, ചങ്ക്‌ തകര്‍ക്കുകയും മനസ്സ്‌ വെറുക്കുകയും ഇരിക്കുന്ന സീറ്റിനോട്‌ അലര്‍ജി ജനിപ്പിക്കുകയും ചെയ്യുന്നതരത്തില്‍ ഈ സിനിമ വളരെ പ്രതീക്ഷയോടെ തിയ്യറ്ററില്‍ എത്തിയ ഞാനടക്കമുള്ള പ്രേക്ഷകരെ നിരാശപ്പെടുത്തിക്കളഞ്ഞു എന്നതാണ്‌ സത്യം.