Monday, June 29, 2009ഭ്രമരം

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബ്ലെസ്സി

നിര്‍മ്മാണം: രാജു മല്ലിയത്ത്‌, എ.ആര്‍. സുല്‍ഫിക്കര്‍

ഛായാഗ്രഹണം: അജയന്‍ വിന്‍സന്റ്‌

അഭിനേതാക്കള്‍: മോഹന്‍ലാല്‍, ഭൂമിക, സുരേഷ്‌ മേനോന്‍, മുരളീ കൃഷ്ണ, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത...


മോഹന്‍ലാലിന്റെ അഭിനയപ്രതിഭയെ ശരിയ്ക്കും ഉപയോഗിച്ച, ഒരു വിധം നന്നായി ചിത്രീകരിച്ച, നല്ല ദൃശ്യവിരുന്നൊരുക്കിയ ഒരു സിനിമയാണെങ്കിലും ഒരു തരം ഇരുണ്ട്‌ മങ്ങിയ പ്രതീതി മനസ്സില്‍ ജനിപ്പിക്കുന്ന അനുഭവമായിരുന്നു ഇത്‌ കണ്ടിറങ്ങിയ എനിയ്ക്ക്‌.

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ചെയ്യാത്ത കുറ്റത്തിന്‌ ശിക്ഷിക്കപ്പെടുകയും, പിന്നീട്‌ പത്ത്‌ മുപ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ആ പഴയ ചെയ്യാത്ത തെറ്റിന്റെ പേരില്‍ തന്റെ ഭാര്യയോടും മകളോടും ഒപ്പമുള്ള സന്തോഷപൂര്‍ണ്ണമായ ജീവിതത്തെ അത്‌ ബാധിക്കുകയും ചെയ്തതിനാല്‍ പഴയ തെറ്റിന്റെ ഉറവിടം തേടിപ്പിടിക്കുകയും തന്റെ നിരപരാധിത്വം വെളിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ്‌ കഥാസാരം.

കഥാപരമായി പലകാര്യങ്ങളും ബ്ലസ്സിയുടെ കാഴ്ചപ്പാടുകളുമായി യോജിക്കാന്‍ എനിയ്ക്ക്‌ വളരെ ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടു. പ്രത്യേകിച്ചും മോഹന്‍ലാലിന്റെ വിഷ്ണു എന്ന കഥാപാത്രത്തിന്റെ ആ ദുര്യോഗത്തെക്കുറിച്ച്‌ തന്നെ.

മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച ബാലനടി വളരെ മോശം പ്രകടനമാണ്‌ നടത്തിയത്‌. കുട്ടി മന്ദബുദ്ധിയാണോ എന്ന് സംശയം തോന്നാമെങ്കിലും പിന്നീട്‌ മന്ദബുദ്ധിയാണെങ്കിലേ ആ കുട്ടിയ്ക്കുണ്ടായ തരത്തിലുള്ള തോന്നല്‍ ഉണ്ടാവാന്‍ ന്യായമുള്ളൂ എന്ന് നമുക്ക്‌ മനസ്സിലാകും. കാരണം, ആ പ്രായത്തിലുള്ള ഒരു കുട്ടിയ്ക്ക്‌ മനസ്സിലാകാവുന്നതോ ഭയപ്പെടാവുന്നതോ ആയ ഒരു കാര്യമായിരുന്നില്ല അവിടെ വെളിപ്പെട്ടത്‌ എന്നത്‌ തന്നെ.

അതുപോലെ തന്നെ, സുദൃഢമായ ഒരു കുടുംബബന്ധം, ഭാര്യയും ഭര്‍ത്താവുമായുള്ള ആ ആത്മബന്ധം പിന്നീട്‌ ഇത്ര നിസ്സാരമാക്കി മാറ്റിയതും വളരെ അപക്വമായി തോന്നി.

ചിത്രത്തിന്റെ തുടക്കത്തില്‍ കാണിച്ച തീവ്രവാദഭീഷണിയും ബോബ്‌ സ്ഫോടനവുമെല്ലാം പ്രേക്ഷകര്‍ക്ക്‌ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ച്‌ ഒരല്‍പ്പം തെറ്റിദ്ധാരണ ഉണ്ടായിക്കോട്ടെ എന്ന ഉദ്ദേശത്തിനു വേണ്ടിമാത്രം കെട്ടിച്ചമച്ചതാണെന്ന് തോന്നി.

സുരേഷ മേനോന്റെ ഉണ്ണിയെന്ന കഥാപാത്രം പലപ്പോഴും കല്ല് കടിയുണ്ടാക്കി. പക്ഷേ, വി.ജി.മുരളീകൃഷ്ണന്‍ അവതരിപ്പിച്ച ഡോക്ടര്‍ കഥാപാത്രം വളരെ തന്മയത്വവും പക്വതയുമുള്ളതായിരുന്നു.

നായികയാ ഭൂമികയുടെ അഭിനയം തരക്കേടില്ല എന്നേ പറയാനാവൂ.

മോഹന്‍ലാലിന്റെ സുഹൃത്തിന്റെ മകളായി അഭിനയിച്ച ബേബി നിവേദിത വളരെ നല്ല നിലവാരം പുലര്‍ത്തി.

ചിത്രത്തിലെ ഗാനങ്ങള്‍ ഇഷ്ടപ്പെട്ടു. ചില രംഗങ്ങള്‍ മനസ്സില്‍ തട്ടുന്ന തരത്തില്‍ നല്ല ഫീലോടെ ചിത്രീകരിക്കുവാന്‍ ബ്ലസ്സിയ്ക്ക്‌ സാധിച്ചിട്ടുണ്ട്‌.

മോഹന്‍ലാലിനോടൊപ്പമുള്ള ലോറി, ജീപ്പ്‌ സവാരി വളരെ ഇഷ്ടപ്പെട്ടു. :-)

മോഹന്‍ലാലിന്റെ കഥാപാത്രത്തെ നോക്കി (എവിടെ നോക്കി.... ഏത്‌ തരത്തില്‍ നോക്കി എന്നൊന്നും ചോദിക്കരുത്‌...) 'നീ സിംഗമാണെടാ..' എന്ന് ഒരു ലോറിഡ്രൈവറെക്കൊണ്ട്‌ പറയിച്ച അസഭ്യപൂര്‍ണ്ണമായ സീന്‍ കുടുംബപ്രേക്ഷകരോട്‌ കാണിച്ച തികഞ്ഞ അവഹേളനമായിപ്പോയി എന്ന് പറയാതെ വയ്യ.

എന്തായാലും സിനിമകഴിഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ ഒരല്‍പം വേദനയും പല രംഗങ്ങളുടെ ചിന്തകളും കൂടെയുണ്ടായിരുന്നു എന്നതാണ്‌ സത്യം.

4 comments:

സൂര്യോദയം said...

ഒരല്‍പ്പം വൈകിയാണെങ്കിലും ഒരു റിവ്യൂ എഴുതണമെന്ന് തോന്നാന്‍ കാരണം, മറ്റ്‌ പല റിവ്യൂകളിലും പറയാത്ത അഭിപ്രായങ്ങള്‍ തോന്നിയതിനാലാണ്‌...

Eccentric said...

ingane chutti valach parayathe karyam para. Ithozhike bakki ellam kollam? lalettane orikkal koodi pratheekshichotte???

NobinKurian said...

Iam totally a FAN of this movie- BHRAMARAM

my views on this film :
www.nobinkurian.blogspot.com

ശ്രീ said...

എന്തായാലും കണ്ടു നോക്കട്ടെ. മൊത്തത്തില്‍ നല്ല അഭിപ്രായമാണ് കേട്ടത്.