Monday, December 07, 2009

പാ


(ചിത്രത്തിന് കടപ്പാട്‌: http://bollycurry.com/)

സം‌വിധാനം: ആര്‍. ബാലകൃഷ്ണന്‍ (ആര്‍. ബാല്‍കി)
നിര്‍മ്മാണം: അമിതാഭ് ബച്ചന്‍ കോര്‍പ്പൊറേഷന്‍, സുനില്‍ മന്‍‌ചന്ദ
തിരക്കഥ: ആര്‍. ബാലകൃഷ്ണന്‍
സംഗീതം: ഇളയരാജ
വരികള്‍: സ്വനന്ദ് കിര്‍കിറേ
അഭിനേതാക്കള്‍: അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, വിദ്യ ബാലന്‍, പരേഷ് റാവല്‍
ഛായാഗ്രഹണം: പി.സി. ശ്രീരാം

ചീനി കം എന്ന ചിത്രത്തിന്റെ സം‌വിധായകനായ ആര്‍. ബാലകൃഷ്ണന്‍ (പാ എന്ന സിനിമയില്‍ ആര്‍. ബാല്‍കി എന്നാണ് എഴുതിയിരിക്കുന്നത്) എങ്ങിനെയോ പ്രൊജേറിയ എന്ന അസുഖത്തെക്കുറിച്ച് കേള്‍ക്കുന്നു. വളരെ അപൂര്‍‌വമായ ഈ രോഗം ബാധിച്ചവരുടെ ശരീരത്തിന് യഥാര്‍ത്ഥ പ്രായത്തിനേക്കാല്‍ നാലോ അഞ്ചോ ഇരട്ടി വളര്‍ച്ചയുണ്ടാകും. അതായത് ഒരു അഞ്ചെട്ട് വയസ്സ് ഉള്ള കുട്ടിക്ക് ഒരു എണ്‍പത് വയസ്സുകാരന്റേത് പോലെയുള്ള ശരീരപ്രകൃതിയായിരിക്കും. ഇന്ത്യന്‍ സിനിമയില്‍ ഇതു വരെ ആരും കൈ വയ്ക്കാത്ത ഒരു പ്രമേയം. ബാല്‍കി ഖുഷി സെ പാഗല്‍ ഹൊ ഗയാ.

എന്നാല്‍ ചിത്രം ചര്‍ച്ചാവിഷയമാക്കാന്‍ ഇതുമാത്രം പോര. ഒരു കുട്ടിയുടെ അസാധാരണം ആകര്‍ഷണീയമാക്കാന്‍ മറ്റ് എന്തെങ്കിലും പൊടിക്കൈ കൂടി വേണം. കിട്ടിപ്പോയി. നമുക്ക് ബോളിവുഡിലെ ഏറ്റവും പ്രശസ്തമായ അച്ഛനും മകനുമായ അമിതാഭിനേയും മകന്‍ അഭിഷേകിനേയും എടുത്ത് ഈ ചിത്രത്തില്‍ അമിതാഭിനെ മകനും അഭിഷേകിനെ അച്ഛനുമാക്കാം. ഹൊ, എനിക്ക് വയ്യ. ഈ ചിത്രം ഗംഭീര ഹിറ്റ്, ഉറപ്പ്. ബാല്‍കി തുള്ളിച്ചാടി.

പിന്നൊന്നും ബാല്‍കി ആലോചിച്ചില്ല. എടുപിടീന്ന് ഇത്രയും വച്ച് ഒരു സിനിമ എടുത്തു. എന്നാല്‍ ഒരു സിനിമ ആകുമ്പോള്‍ ഇതു മാത്രം പോര, മറ്റ് പലതും വേണമെന്ന് ഈ ആവേശത്തില്‍ അദ്ദേഹം മറന്നു. അതായത് സിനിമയായാല്‍ ഒരു നല്ല കഥ വേണമെന്നും, ആ കഥയില്‍ നല്ല അര്‍ത്ഥവത്തായ കഥാപാത്രങ്ങള്‍ വേണമെന്നും, ആ കഥാപാത്രങ്ങളെ നല്ല രീതിയില്‍ കൂട്ടിയിണക്കണമെന്നും, അവരൊക്കെ അവരുടെ പ്രായത്തിലും പ്രവൃത്തിക്കും ഉചിതമായി സംസാരിക്കണമെന്നും ഒക്കെ.

ഇനി സിനിമയെക്കുറിച്ച്. വിദ്യാ ബാലനും അഭിഷേക് ബച്ചനും പ്രേമിക്കുന്നു, പയ്യെ വിദ്യ ഗര്‍ഭിണിയാകുന്നു, തന്റെ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ ഇപ്പോള്‍ കുട്ടി ഉണ്ടാകുന്നത് തടസ്സമാകുമെന്ന് അഭിഷേക് പറയുമ്പോള്‍ ഇവര്‍ പിരിയുന്നു, കുട്ടി ഒരു അപൂര്‍‌വ്വരോഗമായി ജനിക്കുന്നു, കുട്ടി മൂലം ഇവര്‍ ഒന്നിക്കുന്നു, ഈ കഥ രണ്ടര മണിക്കൂറ് കൊണ്ട് പറയുന്നു; ഇതാണ് പാ. അസുഖമുള്ള കുട്ടിയോട് അമിതമായി സ്നേഹം കാണിക്കാത്ത അമ്മയും, ബാലിശമായ പ്രവര്‍ത്തികളിലൂടെ ജനങ്ങളുടെ കണ്ണിലുണ്ണിയാവുന്ന ഒരു രാഷ്ട്രീയക്കാരന്‍ അച്ഛനും, വിരമിച്ച രാഷ്ട്രീയക്കാരന്‍ എന്ന അപൂര്‍‌വ്വങ്ങളില്‍ അപൂര്‍‌വമായ ജനുസ്സില്‍ പെട്ട ഒരു അച്ഛാച്ചനും, തന്റെ ആസനം മൂലം കൊച്ചുമകന്‍ ഇരട്ടപ്പേരിട്ട ഒരു അമ്മൂമ്മയും, ഹാസ്യപ്രസിദ്ധീകരണങ്ങളില്‍ വരുന്ന സംഭാഷണങ്ങള്‍ പറയുന്ന കുറച്ചു കൂട്ടുകാരും, ഒരു മുതിര്‍ന്നവരുടെ ശരീരമുള്ള ഒരു കുട്ടിയും; ഇവരാണ് പായിലെ കഥാപാത്രങ്ങള്‍.

അഭിനയത്തിനോട് എല്ലാ കഥാപാത്രങ്ങളും കൂറ് പുലര്‍ത്തിയെങ്കിലും കഥ ഇവരെ പരാജയപ്പെടുത്തി. ഇനി അധികം ആയുസ്സില്ല എന്ന് ഡോക്റ്റര്‍ സൂചിപ്പിച്ചിട്ടും മകനെ ഡെല്‍ഹിയില്‍ രണ്ട് ദിവസം കറങ്ങാന്‍ ഒറ്റയ്ക്ക് വിടുന്ന അമ്മയെ എങ്ങിനെ ന്യായീകരിക്കും? അഭിഷേക് ബച്ചന്റെ കൂടെയാണ് കുട്ടി പോകുന്നതെങ്കിലും അഭിഷേക് കുട്ടിയെ സംഭന്ധിച്ചിടത്തോളം അപ്പോള്‍ അപരിചിതനാണ്. തിരക്ക് മൂലം പലപ്പോഴും ഭക്ഷണം പോലും കഴിക്കാനാവാതിരിക്കുന്ന ഒരു എം.പി രണ്ട് ദിവസം സകല തിരക്കുകള്‍ക്കും അവധി കൊടുത്ത് ഒരു രോഗിയായ കുട്ടിയെ രസിപ്പിക്കാന്‍ കറങ്ങാന്‍ കൊണ്ട്പോകും എന്നത് എങ്ങിനെ സാധൂകരിക്കാന്‍ സാധിക്കും? രാത്രിയില്‍ തന്റെ രാഷ്ട്രീയ ഭാവിയെ നിര്‍ണ്ണയിക്കാന്‍ പോകുന്ന ലൈവ് പരിപാടി ടി.വി.യില്‍ കാണിക്കാനിരിക്കെ പകല്‍ മുഴുവന്‍ വെയില്‍ കാഞ്ഞും ഗോള്‍ഫ് കളിച്ചും സമയം കളയുന്ന അമിതമായ ആത്മവിശ്വാസം കാണാതെ വിട്ടാലും ലൈവ് പ്രോഗ്രാമില്‍ കാണിക്കുന്ന പോക്രിത്തരത്തെ എങ്ങിനെ സഹിക്കണം? ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാരുടെ വീടുകളില്‍ പാവപ്പെട്ട ആളുകളെക്കൊണ്ട് ഗുണ്ടായിസം കാണിച്ചിട്ടാണോ സ്വന്തം നിരപരാധിത്വം തെളിയിക്കേണ്ടത്? അവസാനം തനിക്കൊരു മകനുണ്ട് എന്നറിയുമ്പോള്‍ ഇങ്ങനെയാണോ ഒരു പിതാവ് പ്രതികരിക്കേണ്ടത്?

സം‌വിധായകനും തിരക്കഥാകൃത്തും പറഞ്ഞതിനപ്പുറം അമിതാഭ് ബച്ചന്‍ എന്തെങ്കിലും സ്വന്തമായി ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. അങ്ങിനെ പലതും ചെയ്യുവാന്‍ അവസരം ഉണ്ടായിരുന്ന ഒരു കഥാപാത്രമായിരുന്നു. എങ്കില്‍‌പ്പോലും അദ്ദേഹത്തിന്റെ അഭിനയം പ്രശംസനീയമാണ്. സിനിമയില്‍ ഇടയ്ക്കിടെയുള്ള ഇളയരാജയുടെ മാജിക്കും (പശ്ചാത്തലസംഗീതവും ഗാനങ്ങളും) ആസ്വാദ്യകരം തന്നെ. ഇത് രണ്ടും ഇല്ലെങ്കില്‍ ഈ ചിത്രം കണ്ടിരിക്കുക തന്നെ പ്രയാസം.

എന്റെ റേറ്റിങ്ങ്: 2/5

മറ്റ് നിരൂപണങ്ങള്‍
* മനം കവരുന്ന പാ - ദാറ്റ്സ് മലയാളം
* ചിത്രവിശേഷം
* കേരളകൗമുദി

5 comments:

Haree said...

:-)
തീര്‍ച്ചയായും അമിതാഭ്-അഭിഷേകിനെ മകനും അച്ഛനുമാക്കിയതില്‍ ഒരു വിപണന തന്ത്രം തീര്‍ച്ചയായും ഉണ്ട്. പക്ഷെ, അത് ചിത്രത്തിന്റെയൊരു ദോഷമായി കാണേണ്ടതില്ല.
> അമ്മ കറങ്ങുവാന്‍ വിടുന്നത് എം.പി.യോടൊപ്പമല്ല, കുട്ടിയുടെ അച്ഛനോടൊപ്പമാണ്. തന്റെ മകനാണ് എന്നറിയില്ലെങ്കില്‍ പോലും ഉത്തരവാദിത്തത്തോടെ കുട്ടിയോട് പെരുമാറും എന്ന് വിദ്യയ്ക്ക് അറിയാമായിരുന്നിരിക്കും.
> “പാവപ്പെട്ട ആളുകളെക്കൊണ്ട് ഗുണ്ടായിസം കാണിച്ചിട്ടാണോ സ്വന്തം നിരപരാധിത്വം തെളിയിക്കേണ്ടത്? ” - അങ്ങിനെയും ആവാം! :-) ഒരുപക്ഷെ, കാലങ്ങള്‍ക്കു മുന്‍പ് തെറ്റിദ്ധാരണാജനകമായ ഒരു റിപ്പോര്‍ട്ടറെ സിനിമയില്‍ കാണിച്ചപ്പോഴും ഇങ്ങിനെ ആരെങ്കിലും ചിന്തിച്ചിരിക്കും! ഇങ്ങിനെയൊരു റിപ്പോര്‍ട്ടര്‍ ഉണ്ടാവുമോ എന്ന്!
> “തനിക്കൊരു മകനുണ്ട് എന്നറിയുമ്പോള്‍ ഇങ്ങനെയാണോ ഒരു പിതാവ് പ്രതികരിക്കേണ്ടത്? ” - പിന്നെങ്ങിനെ പ്രതികരിക്കണമായിരുന്നു!

എന്തായാലും ചിത്രം എനിക്ക് വളരെ ഇഷ്ടമായി. യഥാര്‍ത്ഥത്തില്‍ ഇതൊക്കെ നടക്കുമോ എന്നു ചോദിക്കുവാന്‍ തോന്നുന്നില്ല. അങ്ങിനെ ചോദിച്ചാല്‍ ആദ്യ രംഗത്തിനു ശേഷം സിനിമ മുന്നോട്ടു പോവുമോ? ഏത് എം.പി.യാണ് ഒരു രോഗാവസ്ഥ ഉണ്ടെന്നു കരുതി ഒരു കുട്ടിയോട് ഇത്രമേല്‍ താത്പര്യം കാട്ടുക!!! :-)
--

ശ്രീജിത്ത്‌ കെ said...

അഭിഷേക്-അമിതാബ് എന്നിവരെ അച്ഛനും മകനും ആക്കിയതില്‍ യാതൊരു ദോഷവും ഇല്ല. മറിച്ച് ഈ കൂട്ടുകെട്ടിനുള്ള സാധ്യതകള്‍ അനന്തമാണ്. മലയാളത്തില്‍ പോലും കുഞ്ഞാക്കോ ബോബന്‍-മോഹന്‍ലാല്‍ അല്ലെങ്കില്‍ ദിലീപ്-മമ്മൂട്ടി എന്നിങ്ങനെ അച്ഛനും മകനും ആയി വരികയാണെങ്കില്‍ ആ സിനിമയുടെ വിപണനസാധ്യതകള്‍ വളരെയധികമാണ്. പക്ഷെ ഇതുകൊണ്ട് മാത്രം ഒരു സിനിമ ചിലവാകില്ലെന്നും അതിനു കഥ, കഥാപാത്രങ്ങള്‍ എന്നിവയൊക്കെ വേണമെന്നുമാണ് ഞാന്‍ പറഞ്ഞത്. 3-ആം പാരഗ്രാഫ് ശ്രദ്ധിക്കുക.

80 വയസ്സുകാരന്റേതുപോലെ ദുര്‍ബലമാണ് ഏറോയുടെ ശരീരം എന്ന് ഡോക്റ്റര്‍ പറഞ്ഞിട്ടുപോലും താന്‍ വെറുക്കുന്ന ഒരാളുടെ കൂടെ തന്റെ മകനെ ഒരു അമ്മ രണ്ട് ദിവസം ഇത്ര ദൂരം കറങ്ങാന്‍ വിടുന്നത് അവിശ്വസനീയമാണ്. അഥവാ വിട്ടാല്‍ തന്നെ രണ്ട് ദിവസം ആ കുട്ടിയെക്കുറിച്ച് അന്വേഷിക്കാതിരിക്കുന്നത് അതിലേറെ അവിശ്വസനീയമാണ്. കുട്ടി ഏറോ ഇങ്ങോട്ട് വിളിക്കുമ്പോള്‍ പോലും യാതൊരു വികാരവും കൂടാതെ ഒരു സുഖവിവരവും അന്വേഷിക്കാതെ ചിരിച്ചുകൊണ്ട് എന്നാല്‍ ശരി എന്നും പറഞ്ഞ് ഫോണ്‍ വയ്ക്കുന്നത് ഒരിക്കലും ഒരു അമ്മയ്ക്ക് ചെയ്യാന്‍ ആവുന്നതല്ല. പരേഷ് റാവല്‍ തന്റെ മകന്റെ രാഷ്ട്രീയ ഭാവിയില്‍ കാണിക്കുന്ന ആകുലതയുടെ പത്തിലൊന്ന്, വിദ്യ തന്റെ മകന്റെ ജീവനോട് കാണിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകില്ലേ ഏത് പ്രേക്ഷകനും?

ശ്രീജിത്ത്‌ കെ said...

തനിക്കൊരു മകനുണ്ട് എന്നറിയുമ്പോള്‍, അതും ആ മകന്‍ മരണക്കിടക്കയില്‍ കിടക്കുകയാണ് എന്നറിയുമ്പോള്‍ ഒരു അച്ഛന്‍, ആദ്യം അമ്മയെ പുറത്തേയ്ക്ക് വിളിച്ചുകൊണ്ട് പോയി "അപ്പൊ നീ അന്ന് അബോര്‍ഷന്‍ ചെയ്തിരുന്നില്ലേ?" എന്ന് ചോദിക്കുകയാണോ ആദ്യം ചെയ്യുക? അതു ചെയ്താല്പ്പോലും ഇങ്ങനെയുള്ള ഒരു പരിതസ്ഥിതിയില്‍ ഒരു പത്രസമ്മേളനം നടത്താനും ടി.വി. ക്യാമറയില്‍ തന്റെ വിവാഹാഭ്യര്‍ത്ഥന നടത്താനും ഒക്കെ ഒരു അച്ഛന് മനസ്സാന്നിധ്യം ഉണ്ടാകുമോ? എ.പി ആയതുകൊണ്ട് എന്തും ആകാം എന്ന് വിശ്വസിക്കണോ നമ്മള്‍?

ബാക്കി എന്തൊക്കെ കണ്ടില്ലെന്ന് വച്ചാലും അച്ഛനും അമ്മയ്ക്കും മക്കളോടുള്ള സ്നേഹം വളരെ നിസ്സാരവത്കരിച്ചതിന്റെ പേരില്‍ ഈ സിനിമയെ ഒരു നല്ല സിനിമ എന്ന് വിളിക്കാനാകുന്നില്ല.

Haree said...

അബോര്‍ഷന്‍ ചെയ്തിരുന്നില്ലേ എന്നല്ലല്ലോ, നീ എന്നെ ഇതുവരെ അറിയിക്കാഞ്ഞതെന്ത് എന്നാണ് ചോദിക്കുന്നത്. അറിയിച്ചിരുന്നല്ലോ എന്നു പറയുമ്പോള്‍ അബോര്‍ഷന്‍ ചെയ്യുന്നു എന്നല്ലേ പറഞ്ഞത് എന്നും ചോദിക്കുന്നു. വിദ്യ പറയുന്നു, അബോര്‍ഷനെക്കുറിച്ച് ഞാന്‍ പറഞ്ഞതേയില്ല, ഞാനും മകനും നിങ്ങളുടെ ജീവിതത്തിലൊരു പ്രശ്നമാവില്ല... - അങ്ങിനെയാണല്ലോ ആ രംഗം വികസിക്കുന്നത്. അതില്‍ പ്രശ്നമുണ്ടെന്നു തോന്നുന്നില്ല.

:-) ഓറോയുടെ അമ്മ ഇങ്ങിനെയാവണം എന്നൊരു ഇമേജ് ശ്രീജിത്തിന്റെ മനസിലുണ്ടെന്നു തോന്നുന്നു. അവരൊരു ഡോക്ടറാണ്, അവര്‍ക്ക് തന്റെ മകന്റെ അവസ്ഥ നന്നായറിയാം, മകന്റെ ഉത്തരവാദിത്ത ബോധത്തില്‍ വിശ്വാസമുണ്ട്, സ്കൂളിലയയ്ക്കരുത് എന്നു പറയുന്ന ഡോക്ടറോട് അവര്‍ പറയുന്നത് നോക്കുക (മകന്‍ സ്കൂളില്‍ പോവുന്നത് ആഗ്രഹിക്കുന്നു, അവനെ തടയുവാന്‍ എനിക്കാവില്ല.). അതുപോലെ മകന് എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും, അവന്റെ ആഗ്രഹം പോലെ സ്വന്തം സ്പേസില്‍ നിന്ന് തീരുമാനമെടുക്കുവാനാണ് ആ അമ്മ പറയുന്നത്, അതിനുള്ള പക്വത അവനു നല്‍കുവാനും അവര്‍ക്കു കഴിഞ്ഞു. (അമ്മയ്ക്ക് അച്ചാര്‍ നല്‍കുന്ന ആദ്യ രംഗം.) ഇതൊന്നുമല്ലാതേ ‘അയ്യോ മോനേ! നിനക്കു വയ്യാത്തതല്ലേ, ഇവിടെ എന്റെയടുത്തു തന്നെ ഇരുന്നാല്‍ മതി...’ എന്നു പറഞ്ഞ് പൂട്ടിയിടുന്നതല്ല സ്നേഹം. ‘പറഞ്ഞിട്ടുപോലും താന്‍ വെറുക്കുന്ന ഒരാളുടെ’ - വെറുക്കുന്നു എന്നൊന്നുമില്ല, ആശയപരമായി യോജിപ്പില്ല അതിനാല്‍ വേര്‍പെടുന്നു എന്നേ കാണേണ്ടതുള്ളൂ. തന്റെ ഇഷ്ടം അടിച്ചേല്‍പ്പിക്കുകയല്ല ആ അമ്മ ചെയ്യുന്നത് (അങ്ങിനെയല്ല ചെയ്യേണ്ടതും.). പിന്നെ ഇടയ്ക്കിടെ അന്വേഷിക്കാത്തതിന്റെ കാര്യം, ഇടയ്ക്ക് എപ്പോഴെങ്കിലുമൊക്കെ അന്വേഷിച്ചിട്ടുണ്ടാവാം എന്നൊരു ഫീലാണ് എനിക്ക് ലഭിച്ചത്. സിനിമയില്‍ ഇടയ്ക്കിടെ ഇങ്ങിനെ വിളിക്കുന്നതായി കാണിക്കണമെന്നില്ലല്ലോ! രണ്ടു പകലും ഒരു രാത്രിയുമാണ് അവരൊരുമിച്ച് ചിലവഴിച്ചത് എന്നുമോര്‍ക്കുക. സ്നേഹം നിസ്സാരവല്‍കരിച്ചു എന്നതിനോടും യോജിപ്പില്ല.

ബല്‍കിയുടെ സിനിമയില്‍; കഥയുണ്ട്, കഥാപാത്രങ്ങളുണ്ട്, മനോഹരമായ സംഭാഷണങ്ങളുണ്ട്, അവയ്ക്കുതകുന്ന സന്ദര്‍ഭങ്ങളുണ്ട്, രോഗത്തെയും രോഗിയേയും സഹതാപത്തോടെയല്ലാതെ ഒരു വ്യക്തി എന്ന നിലയില്‍ നോര്‍മ്മലായി കണ്ടുകൊണ്ടുള്ള ട്രീറ്റ്മെന്റുണ്ട്... അതൊക്കെക്കൊണ്ട് ചിത്രം വളരെ നല്ലതുമാണ്, എനിക്കിഷ്ടവുമാണ്. :-)
--

ഷാരോണ്‍ said...

ഈ സിനിമ എങ്ങനെ പാ ആകും....ഇത് പൂര്‍ണമായും ഒരു അമ്മ മകന്‍ ചിത്രം അല്ലെ???

ഈ "ഓറോ" കഥാപാത്രം ബച്ചന്‍ ചെയ്തില്ല എങ്കില്‍ ഇത് ഒരു മെഗാ പരാചയം ആയേനെ...എന്ത് പുതുമ ഉണ്ട് കഥയില്‍???

3 ദിവസം കൊണ്ട് 12 കോടി കളക്റ്റ് ചെയ്തു എന്നാണു വാര്ത്ത...
ബച്ചനെ കൊച്ചന്‍ ആക്കാന്‍ ഒരു പുതിയ രോഗവും .....ഏതായാലും കൊള്ളാം...ആഹ്ലാദിപ്പിന്‍...

ഒരു ദേശീയ അവാര്‍ഡും കൊടുക്കാം....ബച്ചന്റെ മുഖം മൂടി വച്ച പുതിയ അഭിനയത്തിന്....