Tuesday, December 22, 2009

ചെന്നൈ ഫിലിം ഫെസ്റ്റില്‍ വെച്ച് കണ്ട ചില സിനിമകള്‍
1) The Shaft (China)

ആള്‍പ്പാര്‍പ്പു കുറഞ്ഞ ഒരു ചൈനീസ് പ്രവിശ്യയിലെ കല്‍ക്കരിഖനി-കമ്പനി, അതിലെ തൊഴിലാളികള്‍, അവരുടെ മടുപ്പുകള്‍-സ്വപ്നങ്ങള്‍, കുടുംബബന്ധങ്ങള്‍-പ്രശ്നങ്ങള്‍ എന്നിവ വിഷയമാക്കുന്ന സിനിമ. ഈയിടെ കൂടുതലും കാണാറുള്ള ചൈനീസ് സിനിമകള്‍ എക്സ്പ്ലിസിറ്റ് പൊളിറ്റിക്സ്-ഇറോട്ടിക്-മെലൊഡ്രാമ എന്നീ തരത്തിലുള്ളവയാകാറുണ്ട്. അതില്‍ നിന്ന് മാറി ഒരു നല്ല ശ്രമം ആയിരുന്നു ഷാഫ്റ്റ്.2) Chameleon (Hungary)

ഇഴചേര്‍ന്നു നില്‍ക്കുന്ന അല്പ്പം ദാര്‍ശനികത ഒഴിച്ചു നിര്‍ത്തിയാല്‍ ഒരു പ്രിയദര്‍ശന്‍ ചിത്രം ആണിത്. മലയാളസിനിമയുടെ തൊണ്ണൂറുകളിലെ ക്ലീഷെ ആയ "തട്ടിപ്പ്/ആള്‍മാറാട്ടം/തമാശ" സിനിമകളില്‍ മോഹന്‍‌ലാല്‍-മുകേഷ്-സിദ്ധിഖ്-ജഗദീഷ് എന്നിവര്‍ പലപ്പോഴായി അഭിനയിച്ച സിനിമകളെ ഓര്‍മ്മപ്പെടുത്തുന്ന ഒന്ന്. ഹംഗറിയിലെ ഒരു പോപ്പുലാര്‍ മൂവി. എന്നാല്‍ സിനിമയെ വെറും മോഹന്‍‌ലാല്‍-മുകേഷ് സിനിമയല്ലാതാക്കുന്ന പലതും ഇതിലുണ്ട് എന്നതുതന്നെ ആണ് വ്യത്യസ്ഥത. പ്രശസ്തനായ സൈക്ക്യാട്രിസ്റ്റിന്റെ കേസ് ഹിസ്റ്ററി വീഡിയോകൾ മോഷ്ടിച്ച്, ചികില്‍സ തേടി വരുന്ന സ്ത്രീകളുടെ മാനസികപ്രശ്നങ്ങളും, ഇഷ്ടങ്ങളും മനസിലാക്കി അവരെ പ്രേമിച്ചും,വഞ്ചിച്ചും പണം സമ്പാദിക്കാന്‍ ശ്രമിക്കുന്ന അനാഥരായ രണ്ട് സുഹൃത്തുക്കളുടെ സൗഹൃദത്തിന്റേയും, വഞ്ചനകളുടേയും കഥ.
3) Heaven,Hell..Earth (Slovania)

കുടുംബം, ബന്ധങ്ങള്‍, പ്രണയം, ലൈംഗികത എന്നിവയെ ഒരേ സമയം സങ്കീര്‍ണ്ണവും,ലളിതവുമായി സമീപിക്കുന്ന സിനിമ. ഒരു പ്രൊഫഷണന്‍ ഡാന്‍സര്‍ ആകാന്‍ ആഗ്രഹിക്കുന്ന മാര്‍ത്തയ്ക്ക് കാലില്‍ പരിക്കേല്‍ക്കുന്നതു മൂലം നൃത്തത്തില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരുന്ന ഇടവേള, ആ സമയത്തെ താല്‍ക്കാലിക ജോലി, പ്രണയം/പ്രണയപരാജയം, സഹോദരൻ‌-പിതാവ്-മാതാവ്,പൂര്‍‌വ്വകാലകാമുകന്‍-തൊഴിലുടമയായ ഡോക്ടര്‍-അയാളുടെ മകൾ‌-പിരിഞ്ഞുതാമസിക്കുന്ന ഭാര്യ എന്നിവരുമായുള്ള ഇടപെടലുകളുടേയും സ്വയം തിരിച്ചരിവുകളുടേയും കഥ. പലതവണ അവതരിപ്പിക്കപ്പെട്ട വിഷയം ആണെങ്കിലും വിരസതയില്ലാതെ കണ്ടിരിക്കാന്‍ പറ്റി.4) Operation Danube (Poland)

പോളിഷ് നാടകവേദിയില്‍ നിന്ന് സിനിമയിലേക്കു വന്ന Jacek Glombന്റെ ആദ്യ ചിത്രമാണിത്. എന്നാല്‍ ഒരു സം‌വിധായകന്റെ ആദ്യചിത്രമെന്ന തോന്നല്‍ ഒരിടത്തും ഉണ്ടാക്കാത്തവിധം മനോഹരമായ ഒരു പൊളിറ്റിക്കല്‍ കോമഡി ആണ്‌ ഓപ്പറേഷന്‍ ഡെന്യൂബേ. രണ്ടാം ലോകമഹായുദ്ധകാലമാണ്‌ കാലഘട്ടം. ചെക്കൊസ്ലാവിയയെ രക്ഷിക്കാന്‍ അവിടെക്ക് കടന്നുകയറുന്ന പോളിഷ്-സോവിയറ്റ് പട്ടാളക്കാര്‍. അവര്‍ തദ്ദേശീയരോട് പെരുമാറുന്നതിലെ വൈജാത്യം. യുദ്ധം എന്ന ഭീകരത. പോളണ്ട്-ചെക്ക് രാജ്യങ്ങളുടെ നിസഹായാവസ്ഥ എന്നിവ രസകരമായ അവതരണത്തിലൂടെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പോളിഷ് സൈന്യനിരയില്‍ നിന്ന് ഒറ്റപ്പെട്ട് ഒരു റെസ്റ്റൊറന്റിലേക്ക് ഇരച്ചു കയറി കേടായ പാറ്റന്‍ ടാങ്കും, അതിലെ പോരാളികളും, തദ്ദേശീയരും ആയുള്ള ബന്ധത്തിന്റെ രസകരമായ കഥ പൊളിറ്റിക്കല്‍ ക്ലീഷേകള്‍ വെച്ച് തന്നെ അവതരിപ്പിച്ചിരിക്കുന്നു.കണ്ടവയില്‍ വെച്ച് രണ്ടാമത് ഇഷ്ടമായ സിനിമ.


5) Seventh Circle/A hetedik kör (Hungary)

ഒരേസമയം ബിബ്ലിക്കല്‍ എന്നും കൗമാരസങ്കല്പ്പങ്ങളുടെ ദൃശ്യവല്‍ക്കരണം എന്നും കരുതാവുന്ന സിനിമ. യേശുവിനെപ്പോലെ തന്റെ ശിഷ്യന്മാരെ കണ്ടെത്തുകയും, ഗിരിപ്രഭാഷണം ചെയ്യുകയും, സ്വയം നേതാവും ഇടയനും ആകുകയും ചെയ്യുന്ന സെബാസ്റ്റ്യന്‍ . അവന്‍ കണ്ടെത്തുന്ന കൗമാരക്കാരായ സുഹൃത്തുക്കള്‍, മരണമെന്ന സുന്ദരസങ്കല്പ്പം, രതി എന്ന പാത, പാപം എന്ന സങ്കൽ‌പ്പം, വിശ്വാസങ്ങള്‍ തകരുന്നതു കണ്ട് നിസഹായനാകുന്ന ക്രൈസ്തവപുരോഹിതന്‍ .... കണ്ടതില്‍ വെച്ച് നല്ല സിനിമകളില്‍ ഒന്ന്.

6) Landscape No:2/Pokrajina St.2 (Slovania)

Sergej എന്ന യുവാവും, Polde എന്ന വൃദ്ധന്‍ ബീസും അമേച്വര്‍ കള്ളന്മാരാണ്‌. പെയിന്റിംഗുകളും, പുരാവസ്തുക്കളും മോഷ്ടിക്കുകയെന്നതാകുന്നു അവരുടെ ദൌത്യം. എന്നാല്‍ അബദ്ധത്തില്‍ ഒരിക്കല്‍ അവര്‍ മോഷ്ടിക്കാന്‍ കയറുന്നത് രാജ്യത്തെ പഴയ ജെനറലിന്റെ വീട്ടിലാണ്‌. Landscape No:2 എന്ന പെയിന്റിംഗിന്റെ കൂടെ രണ്ടാം ലോകമഹായുദ്ധകാലത്ത് നടന്ന ഒരു കൂട്ടക്കൊലയ്ക്ക് ആരാണ് ഉത്തരവ് കൊടുത്തത് എന്ന് തെളിവുള്ള ഒരു രേഖയും Sergej മോഷ്ടിക്കുന്നു. രേഖപുറത്തായാല്‍ രാജ്യത്ത് ആഭ്യന്തരയുദ്ധം ഉണ്ടാകുമെന്ന് അറിയാവുന്ന കിഴവന്‍ ജെനറല്‍ താന്‍ മരിക്കുന്നതിന് മുന്നെ രേഖ കൈവശമുള്ളവരേയും, അതെക്കുറിച്ച് അറിഞ്ഞിരിക്കാന്‍ സാധ്യതയുള്ളവരേയും കൊലപ്പെടുത്താന്‍ തന്റെ പഴയ പട്ടാളവിശ്വസ്ഥനെ ഏല്പ്പിക്കുന്നു. തുടര്‍ന്ന് നടക്കുന്ന സീരിയല്‍ കൊലപാതകങ്ങള്‍, അവയുടെ രാഷ്ട്രീയമാനം എന്നിവയാണ്‌ സിനിമയുടെ ഇതിവൃത്തം. മുക്കാൽ ഭാഗത്തോളം രാഷ്ട്രീയമായി മാനങ്ങളുള്ള സിനിമ അവസാനഭാഗങ്ങളില്‍ സ്ഥിരം ഹോളിവുഡ്-സീരിയല്‍ കില്ലിംഗ് മൂവി ആയിപ്പോയോയെന്ന് സംശയം .


7) GeneRal Nil (Poland)

ലോകമഹായുദ്ധകാലത്ത് നാസി അധിനിവേശത്തിനെ എതിര്‍ത്ത ജെനറല്‍ നിലിന്റെ ‍(General Nil, the code name of Emil Fieldorf) കഥ പറയുന്ന സിനിമ. ഒരുകാലത്ത് രാജ്യത്തിന്റെ ഹീറോ ആയിരുന്ന നില്‍ പിന്നീട് സോവിയറ്റ് അധിനിവേശക്കാലത്ത് രാജ്യദ്രോഹിയായി മാറുകയും, നിയമങ്ങളെ കാറ്റില്‍‌പ്പറത്തിക്കൊണ്ട് നിലിനെ വധശിക്ഷയ്ക്ക് വിധിക്കുന്നതിന്റേയും രാഷ്ട്രീയ/ചരിത്ര/ഗൂഡപശ്ചാത്തലങ്ങളുടെ കഥ. കണ്ടവയില്‍ വെച്ച് ഏറ്റവും ഇഷ്ടമായ സിനിമ.


ഇതുകൂടാതെ LV Prasad ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ചെയ്ത നാലഞ്ച് ഷോര്‍ട്ട്ഫിലിംസ്, എയ്ഡ്സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഉള്ള ചില ഷോര്‍ട്ട് ഫിലിംസ് (തമിഴ് ഫിലിം ഡയറക്ടര്‍ മിഷ്കിന്‍ ഉള്‍പ്പെടെ ഉള്ളവര്‍ സം‌വിധായകരായി ഉണ്ടായിരുന്നു) എന്നിവ കണ്ടു. ചിലതെല്ലാം നന്നായി തോന്നി. പ്രത്യേകിച്ച് LV Prasad ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ കുട്ടികള്‍ ചെയ്ത വര്‍ക്കുകളില്‍ അപാകതകള്‍ ഒരുപാട് ഉണ്ടായിരുന്നെങ്കിലും ക്യാമറ നന്നായിരുന്നു.


* ഫെസ്റ്റില്‍ വെച്ച് GeneRal Nil, Operation Danube എന്നിവയുടെ സം‌വിധായകരുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. "എന്തുകൊണ്ടാണ് സമീപകാല പോളിഷ്/ചെക്ക് സിനിമകളില്‍ ലോകമഹായുദ്ധം വിഷയമാകുന്നത്?" എന്നൊരു ചോദ്യം അവര്‍ക്ക് നേരിടേണ്ടി വന്നു. ലോകമഹായുദ്ധകാലത്ത്/അതിനു ശേഷമുള്ള സോവിയറ്റ് അധിനിവേശക്കാലത്ത് തങ്ങള്‍ക്ക് നഷ്ടപ്പെട്ട മുത്തച്ഛനും, സഹോദരനും, അച്ഛനും ഒക്കെ എന്തു സംഭവിച്ചു എന്ന് അറിയാത്ത ഒരു ജനത ഇനിയും അവിടങ്ങളില്‍ ബാക്കിയുണ്ടെന്നായിരുന്നു മറുപടി. ഒരുപാട് "അപ്രത്യക്ഷമാലുളുടെ" കാലഘട്ടം. 1989വരെ സര്‍ക്കാര്‍ രേഖകള്‍ ഒന്നും പരിശോധിക്കാന്‍ ആര്‍ക്കും നിവൃത്തിയുണ്ടായിരുന്നില്ല. സമീപകാലത്താണ്‌ പഴയ പ്രഖ്യാപനങ്ങളുടേയും, രാഷ്ട്രീയ ഗൂഡനീക്കങ്ങളുടേയും ഒക്കെ വിശദവിരങ്ങള്‍ ഗവണ്മെന്റ് ആര്‍ക്കൈവില്‍ നിന്ന് ലഭ്യമായി തുടങ്ങുന്നത്. അതിനാല്‍ ഇത്തരം സിനിമകള്‍ ഇനി വരുന്നതേ ഉള്ളൂ എന്നായിരുന്നു സം‌വിധായകരുടെ മറുപടി. 'കമ്യൂണിസ്റ്റ് ഗവണ്മെന്റ് ഭരിക്കുന്ന കേരളത്തിലെ ഫെസ്റ്റിവെലില്‍ വെച്ച് പോലും തങ്ങളുടെ ആന്റികമ്യൂണിസ്റ്റ് സിനിമകള്‍ക്ക് നല്ല പ്രതികരണവും, കൈയ്യടിയും കിട്ടിയെന്ന് അവര്‍ പറയുന്നത് കേട്ടു. (സ്റ്റാലിന്‍ അധിനിവേശത്തിന്റെ ഇരകള്‍ , അതേ അളവുകോലാണ്‌ ഇന്ത്യയിലെ കേരളത്തിലും വെച്ചത് ) കൂട്ടത്തില്‍ "പോളണ്ടിനെക്കുറിച്ച് ഒരക്ഷരം ഇനി മിണ്ടരുത്" എന്ന് മലയാളത്തില്‍ ആരോ വിളിച്ച് കൂവുന്നതും കേട്ടു.... ക്ലീഷേകള്‍ എല്ലാം പൂര്‍ത്തിയാകപെട്ടു....


#ചിത്രങ്ങള്‍ക്ക് കടപ്പാട്
http://4.bp.blogspot.com
http://www.filmunio.hu
http://www.kino-galanta.sk
http://www.pffamerica.com
http://www.origo.hu
http://static.omdb.si
http://img.interia.pl


8 comments:

ദേവദാസ് വി.എം. said...

ചെന്നൈ ഫിലിം ഫെസ്റ്റില്‍ വെച്ച് കണ്ട ചില സിനിമകള്‍

ഉപാസന || Upasana said...

iviTe bangalore il kazhinjnja sunday Adoor nte nizhalkkuththum (second time) oru pennum rande aanum kandirunnu.
:-)
Upasana

ramachandran said...

Thanks Devadas

[ nardnahc hsemus ] said...

ഒന്നൂടെ വിശദമാക്കാമായിരുന്നില്ലേ ല്ലേ ല്ലേ ന്ന് തോന്നി...
:)

നതാഷ said...

ഓപെറേഷന്‍ ദാന്യൂബ് കണ്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് ഓ. വി വിജയനെയാണ്. അദ്ദേഹത്തിന്റെ ഏതോ ഒരു നോവലില്‍ ചെക്കോസ്ലോവാക്യയെപ്പറ്റി പറയുന്നുണ്ട്. കറുത്ത ഹാസ്യം വലിയ തരക്കേടില്ലാതെ സംവിധായകന്‍ അവതരിപ്പിച്ചിട്ടുണ്ട്. എനിക്കും ഇഷ്ടമായി ഈ ചിത്രം.

ഉപാസന || Upasana said...

@ Natasha

"Gurusaagaram" aane aa Novel.

Poland ne pattiyum paraamarzamuNTe athil.
:-)
Upasana

Anonymous said...
This comment has been removed by a blog administrator.
Anonymous said...

our world is same as b4.. for last 5yrs no more changes...

how ur getting time to see all these films n all?

here in dubai last week was DIFF(DUBAI INTERNATION FILM FESTIVAL)b'caz of this fucking job I couldn't able to attend that.....

life still same daa... looking a radical change....
I need some slow balls to anchor in this pitch....