Tuesday, May 27, 2014

മിസ്റ്റര്‍ ഫ്രോഡ്‌ (Mr. Fraud)



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം :  ഉണ്ണിക്കൃഷ്ണന്‍ ബി

ഇന്റര്‍ നാഷണല്‍ മോഷ്ടാവായി മോഹന്‍ ലാല്‍ അഭിനയിക്കുന്നു എന്നതാണ്‌ ഈ ചിത്രത്തിന്റെ പ്രത്യേകത.

പഴയ രാജകുടുംബത്തിലെ അവകാശികള്‍ തമ്മില്‍ സ്വത്തിനെക്കുറിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് നാല്‍പത്തിയൊന്ന് കൊല്ലം അടച്ചിട്ട നിലവറ തുറന്ന് കണക്കെടുപ്പ്‌ നടത്താന്‍ തുടങ്ങുന്നിടത്തേയ്ക്കാണ്‌ ഇത്തവണ ഈ ഫ്രോഡ്‌ എത്തുന്നത്‌. കലവറയിലെ അമൂല്ല്യമായ നിധിയുടെ വില നിശ്ചയിക്കുന്ന വിദഗ്ദനായിട്ടാണ്‌ വരവ്‌. പിന്നെ എന്തൊക്കെയോ സംഭവങ്ങളൊക്കെ നടന്ന് എങ്ങനെയൊക്കെയോ അവസാനിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

സിനിമ തുടങ്ങി കുറച്ച്‌ കഴിഞ്ഞപ്പോഴേയ്ക്കും ഇത്‌ കണ്ട്‌ തീര്‍ക്കാനുള്ള ത്വര തിര്‍ന്നുപോയതുകൊണ്ട്‌ ഈ സിനിമയെക്കുറിച്ച്‌ കൂടുതലൊന്നും എഴുതുന്നില്ല. അത്തരം ഒരു റിവ്യൂ എഴുതാനുള്ള സംഗതികളൊന്നും ഇതിലില്ല എന്നാണ്‌ തോന്നിയത്‌.

വില്ലന്‍ ആരാണ്‌ എന്ന് അറിയാനുള്ള ആകാംക്ഷയൊന്നും ഒരല്‍പ്പം പോലും തോന്നിയില്ല. ഇതെന്റെ മാത്രം കുഴപ്പമല്ല എന്ന് മറ്റ്‌ പലരോടും ചോദിച്ചപ്പോഴാണ്‌ ബോധ്യപ്പെട്ടത്‌.

വലിയ വലിയ ഗെയിം ഒക്കെയാണ്‌ ഉദ്ദേശിച്ചിരിക്കുന്നത്‌ എന്നൊക്കെ തോന്നുമെങ്കിലും എല്ലാം ഒരു കുട്ടിക്കളിപോലെ തോന്നിപ്പോയി.

ഒരു ചെറിയ ഉദാഹരണത്തിന്‌, രഹസ്യ അറ കണ്ടെത്തി അതിലൂടെ മുന്നോട്ട്‌ പോകുന്ന നായകന്‍. അതേസമയം ഒളിച്ചേ കണ്ടേ കളി നടത്തുന്ന നായകന്റെ കൂട്ടാളികള്‍ (ഒരാള്‍ ആണും, മറ്റേ സഹായി പെണ്ണും) രസകരമായി.
തോക്കും പിടിച്ച്‌ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരിക്കുന്നുണ്ട്‌.

ഒരു ഗാനരംഗസമയത്ത്‌ ഈ കൂട്ടാളികള്‍ പരസ്പരം നോക്കി പെട്ടെന്ന് പ്രണയബദ്ധരായിത്തീര്‍ന്നു. അതൊരു സസ്പെന്‍സ്‌ തന്നെയായിരുന്നു എന്ന് സമ്മതിക്കാതെ വയ്യ.

Rating : 3.5 / 10

Wednesday, May 21, 2014

How Old Are You



കഥ, സംവിധാനം : റോഷന്‍ ആന്‍ഡ്രൂസ്‌
തിരക്കഥ, സംഭാഷണം : ബോബി, സഞ്ജയ്‌
നിര്‍മ്മാണം  : ലിസ്റ്റിന്‍ സ്റ്റീഫന്‍

ഒരു ഗവര്‍ണ്‍മണ്റ്റ്‌ ജോലിയുള്ള ഒരു സാധാരണ സ്ത്രീ, അവരുടെ ഭര്‍ത്താവിണ്റ്റെയും മകളുടെയും അച്ഛണ്റ്റെയും കാര്യങ്ങള്‍ നോക്കി തണ്റ്റെ ജീവിതം വളരെ സാധാരണമായ രീതിയില്‍ മുന്നോട്ട്‌ കൊണ്ടുപോകുന്നു.
സ്വാഭാവികമായും ഇങ്ങനെ ഒരു സ്ത്രീയ്ക്ക്‌ മകളില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും കാര്യമായ പ്രോത്സാഹനങ്ങളോ അനുമോദനങ്ങളോ ഒരു കാര്യത്തിലും ലഭിക്കേണ്ടതുമില്ല.

ഒരു ഘട്ടത്തില്‍ ഭര്‍ത്താവും മകളും ഈ സ്ത്രീയെ ഒട്ടും തന്നെ കഴിവില്ലാത്തവളായി കുറ്റപ്പെടുത്തുകയും അവരുടെ ഭാവി ജീവിതവും സ്വപ്നങ്ങളും സാക്ഷാത്കരിക്കാനായി വിദേശരാജ്യത്തേയ്ക്ക്‌ കുടിയേറുകയും ചെയ്യുന്നു.

ഇവിടെ തനിച്ചാകുന്ന ഈ സ്ത്രീയെ അവരുടെ കോളേജ്‌ കാലത്തെ ഒരു സുഹൃത്ത്‌ പഴയ ചുറുചുറുക്കിലേയ്ക്കും വിജയത്തിനുവേണ്ടിയുള്ള പോരാട്ടത്തിലേയ്ക്കും വരുവാന്‍ പ്രചോദനം നല്‍കുന്നു.

തുടര്‍ന്ന്‌ ഈ സ്ത്രീ ജീവിതത്തില്‍ ജനങ്ങളുടെ പ്രശംസ നേടുന്ന തരത്തില്‍ വിജയം കൈവരിക്കുന്നു എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ മുഖ്യ വിഷയം. ആ വിജയത്തിലും അവര്‍ തണ്റ്റെ കുടുംബത്തെ തന്നോട്‌ ചേര്‍ത്ത്‌ പിടിക്കുന്നു.

പല ജീവിത യാഥാര്‍ഥ്യങ്ങളേയും പച്ചയായി കാണിക്കുകയും അതിണ്റ്റെ തീവ്രത അനുഭവഭേദ്യമാക്കുകയും ചെയ്യുന്ന തരത്തില്‍ ഈ ചിത്രം വിജയിച്ചിരിക്കുന്നു.

ഒരു ഇന്‍ഷുറന്‍സ്‌ കിട്ടാന്‍ ദീര്‍ഘദൂര ഓട്ടത്തിന്‌ തയ്യാറെടുക്കുകയും അതില്‍ ഓടുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട്‌ എന്തോ കഥാഗതി പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകനെ, ഇതൊന്നുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു കഥാസന്ദര്‍ഭത്തിലേയ്ക്ക്‌ രചയിതാക്കള്‍ കൊണ്ടുപോയത്‌ ഒരല്‍പ്പം സംശയം ജനിപ്പിച്ചു.
ആദ്യം ഉദ്ദേശിച്ച കഥാഗതി മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാതെ വന്നപ്പോള്‍ മറ്റൊരു വഴി തെരെഞ്ഞെടുത്ത പ്രതീതി.

അതുപോലെ ചില ഭാഗങ്ങളില്‍ ഒരല്‍പ്പം ഇഴച്ചിലും അനുഭവപ്പെട്ടു.

ഇതൊക്കെ മാറ്റി നിര്‍ത്തിയാല്‍ വളരെ ഹൃദയസ്പര്‍ശിയായ കുറച്ച്‌ രംഗങ്ങളും ജീവിത യാഥാര്‍ത്ഥ്യങ്ങളും സാമൂഹിക അവബോധവും പ്രദാനം ചെയ്തുകൊണ്ട്‌ ഈ ചിത്രം പ്രേക്ഷകര്‍ക്ക്‌ പ്രിയപ്പെട്ടതാകുന്നു.

പക്ഷേ, ഈ ചിത്രത്തെ ഹൃദയത്തോട്‌ ചേര്‍ത്ത്‌ വെക്കുവാന്‍ പ്രധാന കാരണം ഇതില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു വാര്യര്‍ തന്നെയാണ്‌.

വളരെ മികച്ച അഭിനയവും സ്ക്രീന്‍ നിറഞ്ഞുള്ള പ്രകടനവും പ്രേക്ഷകരെ വളരെ ആകര്‍ഷിച്ചു. അവരുടെ ജീവിതം തന്നെ സിനിമയാക്കിയതാണോ എന്ന്‌ തോന്നുന്ന വിധത്തിലുള്ള കഥാഗതിയും സംഭാഷണങ്ങളും പ്രേക്ഷകരുടെ താല്‍പര്യത്തിന്‌ തീവ്രതയേകി.

കുഞ്ചാക്കോ ബോബന്‍ മികച്ച പിന്തുണ നല്‍കി.

സേതുലക്ഷി എന്ന നടി അവരുടെ അഭിനയതീവ്രതകൊണ്ട്‌ പ്രേക്ഷകരുടെ കണ്ണുകള്‍ ഈറനണിയിച്ചു.

സ്ത്രീകള്‍ക്ക്‌ ഈ ചിത്രം ഒരു അവരുടെ സ്വപ്നങ്ങള്‍ പിന്തുടരാനൂള്ള വലിയ ഇന്‍സ്പിരേഷന്‍ ആണ്‌.

കഴിവുള്ള സ്ത്രീകളെ ഒതുക്കി നിര്‍ത്തുകയും അവരൂടെ സ്വപ്നങ്ങള്‍ക്ക്‌ എക്സ്പയറി ഡേറ്റ്‌ തീരുമാനിക്കുകയും ചെയ്യുന്ന പുരുഷന്‍മാര്‍ക്ക്‌ ഇതൊരു മുന്നറിയിപ്പാണ്‌.
(അങ്ങനെയുള്ള കുടുംബങ്ങളില്‍ ഒരു കുടുംബകലഹത്തിനും ഈ ചിത്രം വഴി വെച്ചേക്കാം)

Rating : 7 / 10

Thursday, May 15, 2014

ഗോഡ്സ് ഓണ്‍ കണ്ട്രി (God's own country)



സംവിധാനം വാസുദേവ് സനല്‍

പാസ്സഞ്ചര്‍, നേരം, ട്രാഫിക് എന്നീ സിനിമകളുടെ ഒരു സങ്കര രൂപം ഈ ചിത്രം കാണുമ്പോള്‍ ഓര്‍മ്മ വരുന്നു എന്നത് നമ്മുടെ കുറ്റമല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ.

മൂന്ന് കഥാഗതികള്‍ സമാന്തരമായി പോകുകയും അതെല്ലാം പരസ്പരം ബന്ധപ്പെടുത്തി ഒരു ത്രില്ലറിന്‍റെ മൂഡോടെ  തരക്കേടില്ലാത്ത പരിസമാപ്തിയിലെത്തിച്ചിരിക്കുന്നു എന്നത് ഈ സിനിമയുടെ ആകര്‍ഷണമാണ്‍.

ശ്രീനിവാസന്‍റെ കഥാപാത്രം വളരെ അമാനുഷികവും നാടകീയവുമായി സംസാരിച്ചുകൊണ്ടിരുന്നത് അലോസരമുണ്ടാക്കി എന്ന് പറയാതെ വയ്യ.

പല സ്ഥലത്തും പ്രേക്ഷകര്‍ക്കുള്ള  ഉപദേശരൂപേണയുള്ള  അനാവശ്യമായ ഡയലോഗുകള്‍ ഈ സിനിമയുടെ ആസ്വാദനത്തെ ബാധിച്ചിട്ടുണ്ട്..

പാസ്സഞ്ചര്‍ സിനിമയിലെ അഡ്വക്കേറ്റിന്‍റെ കഥാപാത്രം ട്രാഫിക്ക് സിനിമയിലെ കാറോടിക്കുന്ന ശ്രീനിവാസനിലേയ്ക്ക് കുടിയേറിയതാണ്‍ ഒരു കഥാഗതി.

നേരം സിനിമയിലെ പണത്തിന്‍റെ റൊട്ടേഷന്‍ മറ്റൊരു കഥാഗതി.  കഷ്ടകരമായ കാര്യമെന്താണെന്ന് വെച്ചാല്‍ നേരം സിനിമയിലെ റീ വൈന്ഡ് ചെയ്ത് ആ പണം സഞ്ചരിച്ച റൊട്ടേഷന്‍ കാണിക്കുന്ന അതേ രൂപത്തില്‍ ഈ സിനിമയിലും കാണിക്കുന്നുണ്ട്.

പെരുമഴക്കാലം എന്ന സിനിമയുടെ മറ്റൊരു നിഴല്‍ ഫഹദ് ഫാസിലിന്‍റെ കഥാഗതിയില്‍ കാണാവുന്നതാണ്‍.

ഇതൊക്കെയാണെങ്കിലും പ്രേക്ഷകരില്‍ കുറച്ച് ആകാംക്ഷ ജനിപ്പിക്കാനും നന്മയുള്ള കഥാപരിസമാപ്തിയുടെ സുഖം നല്‍കാനും ഈ ചിത്രത്തിനായി എന്നത് സത്യമാണ്‍.


ഫഹദ് ഫാസിലും  ലാലും മികച്ച അഭിനയം കാഴ്ച വെച്ചപ്പൊള്‍ ഇഷാ തല്‍ വാറ് വെറും പ്രതിമയായി അവശേഷിച്ചു.  
മൈഥിലി വല്ലാതെ ആകര്‍ഷണീയത കുറഞ്ഞു എന്ന് മാത്രമല്ല, ഒരല്‍പ്പം അരോചകവുമായിരുന്നു.

Rating : 5 / 10

Sunday, May 11, 2014

മോസയിലെ കുതിരമീനുകള്‍



സംവിധാനം : അജിത് പിള്ള
കഥ, തിരക്കഥ : വിപിന്‍ രാധാകൃഷ്ണന്‍ , അജിത് പിള്ള
സംഭാഷണം : അജിത് പിള്ള


കുടുംബസ്വത്ത് കുറച്ചധികം ബാക്കിയായി ഒറ്റപ്പെട്ടുപോയ ഒരു ചെറുപ്പക്കാരന്‍ തന്‍റെ ചില ചാപല്യപ്രവര്‍ത്തിയാല്‍ ജയിലില്‍ ഒരു വര്‍ഷം തടവ് ലഭിച്ച് എത്തുന്നു.  ഈ യുവാവ് (ആസിഫ് അലി) ജയില്‍ ചാടുകയും മറ്റൊരു യുവാവിനെ (സണ്ണീ വെയ്ന്‍) പിന്തുടര്‍ന്ന് ലക്ഷദ്വീപില്‍ എത്തിച്ചേരുകയും സംഭവിക്കുന്നു.  

ലക്ഷദ്വീപിലെത്തുന്ന ഇവരുടെ കഥയും സംഭവങ്ങളും അവിടെ തുടരുന്നു.

അവതരണത്തിലെ പുതുമകൊണ്ട് ഈ ചിത്രം തുടക്കത്തിലേ കുറച്ച് കൌതുകം ജനിപ്പിക്കുന്നുണ്ട്.  കുറച്ച് മെല്ലെയാണ്‍ ഗതിയെങ്കിലും പ്രേക്ഷകരെ വല്ലാതെ മുഷിപ്പിക്കുന്നില്ല.  

രണ്ടാം പകുതിയില്‍ ലക്ഷദ്വീപിലെ മനോഹര ദൃശ്യങ്ങളും കഥയുടെ ഗതിയും പ്രേക്ഷകനെ ആകര്‍ഷിക്കുന്നു.  

പക്ഷേ, വൈകാരികതയോ കഥാതീവ്രതയോ പ്രകടമാക്കുന്ന അഭിനയമുഹൂര്‍ത്തങ്ങളോ രംഗങ്ങളോ ഒന്നും എടുത്ത് പറയാനില്ല എന്നത് ഈ ചിത്രത്തിന്‍റെ ന്യൂനതയാണ്‍.

പ്രേക്ഷകനെ വല്ലാതെ ആകര്‍ഷിക്കുന്ന ഒരു കഥാവിവരണം ഈ ചിത്രത്തിന്‍ സാധിച്ചിട്ടില്ലെങ്കിലും പ്രേക്ഷകരെ ഈ ചിത്രം ദ്രോഹിക്കുന്നില്ല എന്നത് വലിയ ആശ്വാസം.

ജോജോ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം പ്രേക്ഷകര്‍ക്ക് ചിരി പടര്‍ത്തി.

ആസിഫ് അലി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരിക്കുന്നു.


Rating : 5 / 10