Monday, December 29, 2014

PK (പീക്കെ)


സംവിധാനം: രാജ്കുമാർ ഹിരാനി
നിർമ്മാണം: രാജ്കുമാർ ഹിരാനി, വിധു വിനോദ് ചോപ്ര, സിദ്ധാർത്ഥ് റോയ് കപൂർ
അഭിനേതാക്കൾ: അമീർ ഖാൻ, അനുഷ്ക ശർമ്മ, ബൊമ്മൻ ഇറാനി, സൗരബ് ശുക്ല
സംഗീതം: അജയ് അതുൽ, ശാന്തനു മോയിത്ര, അൻകിത് തിവാരി

രാജ്കുമാർ ഹിരാനിയുടെ നാലാമത്തെ ചലച്ചിത്രമാണ് PK. തന്റെ ആദ്യ മൂന്ന് ചിത്രങ്ങളേയും പോലെ ഈ ചിത്രം സുപ്പർ ഹിറ്റ് ആയി മാറ്റിയിരിക്കുന്നു രാജ്കുമാർ ഹിരാനി. ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ ആദ്യമായി 300 കോടി വരവ് നേടി പുതിയ ചരിത്രം തന്നെ കുറിച്ചിരിക്കുന്നു ഈ ചിത്രം.

അമീർ ഖാൻ ഒരു അന്യഗ്രഹജീവിയെ ആണ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഭൂമിയിൽ മനുഷ്യരെ പഠിക്കാനായി വന്ന ഈ അന്യഗ്രഹജീവിയുടെ കയ്യിൽ നിന്ന് ആദ്യദിവസം തന്നെ മാതൃപേടകത്തിനെ തിരികെ വിളിക്കാനുള്ള യന്ത്രം മോഷണം പോകുന്നു. അത് തിരഞ്ഞ് നടക്കുന്ന ഇദ്ദേഹത്തോട് ഇനി ദൈവത്തിനോട് ചോദിക്കുകയേ നിവർത്തി ഉള്ളൂ എന്ന് ആളുകൾ പറയുന്നതോടെ ഇദ്ദേഹം ദൈവത്തിനെ അന്വേഷിക്കാൻ തുടങ്ങുന്നതാണ് സിനിമയുടെ ഇതിവൃത്തം.

വളരെ പതുക്കെ തുടങ്ങുന്ന ഈ സിനിമ പിന്നീട് രസകരമായ സംഭവങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. തമാശയും ആക്ഷേപഹാസ്യവും നന്നായി ചേർത്തുള്ള അവതരണമാണ് സിനിമയുടെ മുഖ്യ ആകർഷണം. 2012-ൽ പുറത്തിറങ്ങിയ Omg! Oh My God! (നിരൂപണം) എന്ന സിനിമയുടെ പാതയിലൂടെ തന്നെ മതങ്ങളുടെ പേരിലുള്ള ചൂഷണങ്ങളെ പരിഹസിച്ച് മുന്നോട് പോകുന്നു സിനിമ. Omg-ൽ ഒരു നിരീശ്വരവാദിയുടെ വാദങ്ങൾ ആണെങ്കിൽ ഇവിടെ കുട്ടികളെപ്പോലെ സംശയം ചോദിക്കുന്ന ഒരു നിഷ്കളങ്കൻ ആണെന്ന വ്യത്യാസം മാത്രം. എങ്കിലും ഈ നിഷ്കളങ്കത കൂടുതൽ ഫലിതങ്ങൾ സൃഷ്ടിക്കാൻ അവസരം ഒരുക്കുന്നു. പ്രാർത്ഥന ദൈവം കേൾക്കാതെയാകുമ്പോൾ പ്രതിമയുടെ ബാറ്ററി തീർന്നോ എന്ന് സംശയിക്കുന്നത് ഒരു ഉദാഹരണം.

പ്രധാനമായും ഹിന്ദു മതത്തിലെ അനാചാരങ്ങൾ ആണ് ഇവിടെ വിഷയമാകുന്നതെങ്കിലും പ്രത്യേകിച്ച് ഒരു മതത്തിലേതിനേയും വെറുതേ വിട്ടിട്ടില്ല എന്ന് കാണാം. എന്നാൽ മതവിശ്വാസികൾക്ക് അരോചകമാകുന്ന രീതിയിൽ തമാശകളോ വിമർശനങ്ങളോ അതിര് വിട്ടിട്ടില്ല എന്നും ശ്രദ്ധിക്കേണ്ടതാണ്. ഈ ഒരു കാര്യത്തിന് സിനിമയുടെ അണിയറപ്രവർത്തകൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

അമീർ ഖാൻ തന്റെ സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ സിനിമയെ രസകരമാക്കിയിട്ടുണ്ട്. അനുഷ്ക ശർമ്മയും തന്റെ കഥാപാത്രത്തിനോട് നീതി പുലർത്തി. കഥ വലിയ കാമ്പില്ലെങ്കിലും, തിരക്കഥ മനോഹരമാണ്. പാട്ടുകളും മികവ് പുലർത്തി.

ഭൂമിയിൽ വരാൻ മാത്രം സാങ്കേതികമുന്നേറ്റം നടത്തിയ അന്യഗ്രഹജീവികൾ ഭൂമിയിൽ വന്നിട്ട് മണ്ടന്മാരെ പോലെ പെരുമാറുമോ, അന്യഗ്രഹ ജീവികൾക്ക് മനുഷ്യരുടെ വികാരങ്ങൾ മനസ്സിലാക്കാൻ കഴിയുമോ, മനുഷ്യരെപ്പോലെ കരയുമോ തുടങ്ങിയ വലിയ വലിയ ചോദ്യങ്ങൾ ചോദിക്കാതെ സിനിമയെ സിനിമയായി കണ്ട് ആസ്വദിക്കാൻ തയ്യാറാണെങ്കിൽ നിങ്ങൾ കാണേണ്ടുന്ന ഒരു സിനിമ തന്നെയാണ് PK. എന്നാൽ, സ്വന്തം മതത്തിനെ ചെറുതായി കളിയാക്കുമ്പോൾ നിങ്ങളുടെ മതവികാരം വ്രണപ്പെടുമെങ്കിൽ ഈ സിനിമ ഒഴിവാക്കുകയാവും നല്ലത്.

റേറ്റിങ്ങ്: 4/5