Tuesday, June 24, 2014

കൂതറ



രചന : വിനി വിശ്വലാല്‍
സംവിധാനം : ശ്രീനാഥ്‌ രാജേന്ദ്രന്‍

മൂന്ന് എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ വന്നതിനുശേഷം ഉണ്ടാകുന്ന സൗഹൃദവും, തുടര്‍ന്ന് കോളേജിലും കോളേജിനു പുറത്തും അവര്‍ക്ക്‌ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളും രസകരമായി പറയാന്‍ ശ്രമിച്ചിരിക്കുന്നതാണ്‌ കൂതറ എന്ന ഈ സിനിമ.

സിനിമാകഥകളുടെ പതിവ്‌ രീതികളെ കളിയാക്കി വ്യത്യസ്തത സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴും പല ഘട്ടങ്ങളിലും ഈ സിനിമയുടെ കഥ എന്ന സാധനം പഴയ രീതി തന്നെ വച്ചുപിടിക്കുന്നത്‌ അത്ഭുതമായി തോന്നി.

മദ്യപാനം ഒരു പ്രധാന പ്രക്രിയയായി ഈ സിനിമയില്‍ ചിരപ്രതിഷ്ട നേടി.

കോളേജിലെ ചില സംഭവവികാസങ്ങള്‍ വളരെ രസകരമായി അവതരിപ്പിക്കാനും തീയ്യറ്ററില്‍ ഇരിക്കുന്ന പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും സാധിച്ചിരിക്കുന്നു എന്നത്‌ ഒരു മികവാണ്‌. (കുടുംബവുമായി ഒരിക്കലും ഈ പേരുള്ള സിനിമയ്ക്ക്‌ ആരും കയറാന്‍ സാദ്ധ്യത ഇല്ലാത്തതിനാല്‍ അല്‍പം 'തറ' സെറ്റപ്പിലുള്ള കാര്യങ്ങളാണേലും അത്‌ സ്ക്രീനില്‍ കൊണ്ടുവരാന്‍ കാണിച്ച ധൈര്യവും അതിലൂടെ സൃഷ്ടിക്കപ്പെട്ട കൂട്ടച്ചിരിയും പ്രശംസനീയം തന്നെയാണ്‌)

പൊതുവേ പറഞ്ഞാല്‍ ഈ സിനിമ മുഴുവന്‍ കണ്ടിരിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്‌. കഥയിലെ പല കാര്യങ്ങളും സാമാന്യബുദ്ധിക്ക്‌ നിരക്കാത്തവയാണ്‌.

മോഹന്‍ ലാലിനെ സമ്മതിക്കണം. വളരെ വ്യത്യസ്തവും ആകര്‍ഷണീയവുമായ വേഷം ഈ സിനിമയില്‍ കൈകാര്യം ചെയ്തതിന്‌. മല്‍സ്യകന്യകയായാണ്‌ അദ്ദേഹം ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്‌. മിക്കവാറും ഗിന്നസ്‌ ബുക്കില്‍ കയറാന്‍ സാദ്ധ്യതയുണ്ട്‌.

ഈ സിനിമ കണ്ട്‌ കഴിഞ്ഞപ്പോള്‍ മുതല്‍ ഒരു സംശയം മനസ്സില്‍ കിടന്ന് വിളയാടുന്നുണ്ട്‌.
മല്‍സ്യകന്യക എന്ന ഒരു സങ്കല്‍പം ഉണ്ടല്ലോ... മല്‍സ്യകന്യകന്‍ ഉണ്ടോ? ഇല്ലെങ്കില്‍ പിന്നെ മല്‍സ്യകന്യകമാര്‍ ഉണ്ടായതെങ്ങനെ?

ഹോ.. ആലോചിച്ചിട്ട്‌ ഒരു എത്തും പിടിയും കിട്ടുന്നില്ല. സിനിമയുടെ ഒരു എഫ്ഫക്ടേ...

Rating : 3 / 10



No comments: