Sunday, April 06, 2014

ഒന്നും മിണ്ടാതെ

സംവിധാനം  സുഗീത്


'ആലോലം' എന്ന ഒരു പഴയ സിനിമയാ ഈ സിനിമയ്ക്ക് പ്രചോദനം എന്ന് തുടക്കത്തില്‍ എഴുതിക്കാണിക്കുന്നുണ്ട്.  എന്നാല്‍ പിന്നെ പോയേക്കാം എന്ന് വിചാരിക്കാത്തവര്‍ക്കുള്ള ശിക്ഷയാണ്‍ ഈ ചിത്രം.

വളരെ അസൂയാവഹമായ കുടുംബജീവിതം നയിക്കുന്ന സച്ചിദാനന്ദന്‍ (ജയറാം), ശ്യാമ (മീരാ ജാസ്മിന്‍), അവരുടെ മകള്‍ എന്നിവര്‍ക്കിടയിലേയ്ക്ക് സച്ചിയുടെ ഒരു പഴയകാല അടുത്ത കൂട്ടുകാരന്‍ (മനോജ് കെ ജയന്‍) എത്തുകയും അയാളുടെ സ്വാധീനത്താല്‍ സച്ചിയുടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരികയും ചെയ്യുന്നു.

ഒറിജിനലായി സിനിമയില്‍ സംഭവിക്കുന്ന ബാക്കി കഥയ്ക്ക് സമാനമായ ഒരു ഉപമ പറയാം.

ദിവസവും വീട്ടിലുള്ളവെജിറ്റേറിയന്‍ ഭക്ഷണം കഴിച്ച് സന്തോഷമായി ജീവിക്കുന്ന ഒരാള്‍ ഒരു കൂട്ടുകാരന്‍റെ വിവരണവും അനുഭവവും കേട്ട് നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കാന്‍ കൂട്ടുകാരനോടൊപ്പം  കുറച്ച് ദൂരെയുള്ള ഒരു ഹോട്ടലില്‍ ഒരുമിച്ച് പോകാന്‍ തീരുമാനിക്കുന്നു.  

കൂട്ടുകാരന്‍ എത്താന്‍ കുറച്ച് വൈകുകയും ഇദ്ദേഹത്തോട് കഴിച്ചോളാന്‍ പറയുകയും ചെയ്ത് ഹോട്ടലില്‍ വിടുമ്പോല്‍ ഇദ്ദേഹം ആകെ അങ്കലാപ്പിലാകുന്നു.  വിശപ്പുണ്ടെങ്കിലും കുറ്റബോധം കൂടെയുള്ളതിനാലും തന്‍റെ വീട്ടിലുള്ള വെജിറ്റേറിയന്‍റെ ദിവ്യത്വവും സ്വാദും പെട്ടെന്ന് മനസ്സില്‍ വന്നതിനാലും ഇദ്ദേഹം തൊട്ടടുത്ത് കിട്ടിയ നോണ്‍ വെജ് വേണ്ടെന്നു വെച്ച് അവിടെ നിന്ന് ഓടിപ്പോരികയും ചെയ്യുന്നു.  പക്ഷേ, നോണ്‍ വെജ് ഒന്ന് കൈ കൊണ്ട് തൊട്ട്  നോക്കിയിരുന്നതിനാല്‍  അതിന്‍റെ മണം വീട്ടിലെത്തിയ ഭാര്യയ്ക്ക് മനസ്സിലാകുകയും പിന്നീട് ആ കുടുംബം ഒരു അവാര്‍ഡ് സിനിമ ആകുകയും ചെയ്യുന്നു.  

ഞാന്‍ നോണ്‍ വെജ് ആഗ്രഹിച്ചു എന്നത് ശരിയാണെങ്കിലും കഴിച്ചില്ല എന്ന് നായകന്‍ പറയണമെന്നുണ്ടെങ്കിലും നായിക അതിന്‍ സമ്മതിക്കില്ല…  ഇദ്ദേഹം നോണ്‍ വെജ് കഴിച്ചു എന്നെങ്ങാനും കുറ്റസമ്മതം നടത്താനാണാവോ വരുന്നത് എന്നും അങ്ങനെയാണെങ്കില്‍ അത് താങ്ങാനാവില്ലെന്നതിനാലുമാണ് കേള്‍ക്കാന്‍ തയ്യാറാവാതിരുന്നത് എന്നും  നായിക പിന്നീട് ക്ലൈമാക്സില്‍ പ്രസ്താവിക്കുന്നുണ്ട്.

ഇങ്ങനെയൊക്കെയാണ്‍ ഈ സിനിമയുടെ കഥയുടെ കിടപ്പ്.

വിവഹം കഴിഞ്ഞ് 8 വര്‍ഷത്തിലധികമായ ഒരു ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പെരുമാറ്റം കണ്ടാല്‍ അവരിപ്പോഴും 4 ദിവസമേ ആയുള്ളൂ ഒരുമിച്ച് ജീവിച്ചിട്ട് എന്ന് തോന്നിപ്പോകും. 


ഇത്രയും ദിവ്യമായ ഒരു കുടുംബ ബന്ധം ഈ സിനിമയിലൂടെ ഈ കാലഘട്ടത്തിലും കാണിച്ചുതരാന്‍ മഹാമനസ്കത കാണിച്ച സുഗീതിനെ സ്റ്റഫ് ചെയ്ത് രൂപക്കൂട്ടില്‍ കയറ്റി മൂന്ന് നേരം പൂജ ചെയ്യണമെന്നാണ്‍ എന്‍റെ എളിയ അഭിപ്രായം.

Rating  : 2.5 / 10