Sunday, January 05, 2014

Punyalan Agarbattis (പുണ്യാളന്‍ അഗര്‍ബത്തീസ്)

കഥ, സംഭാഷണം, സംവിധാനം: രഞ്ജിത് ശങ്കർ
തിരക്കഥ: അനില്‍ കുര്യന്‍, അഭയകുമാര്‍, രഞ്ജിത്‌ ശങ്കര്‍
നിർമ്മാണം: രഞ്ജിത് ശങ്കർ, ജയസൂര്യ
അഭിനേതാക്കൾ: ജയസൂര്യ, നൈല ഉഷ, അജു വർഗ്ഗീസ്, രചൻ നാരായണൻകുട്ടി
സംഗീതം: ബിജിബാൽ
ക്യാമറ: സുജിത് വാസുദേവ്
ചിത്രസംയോജനം: ലിജോ പോൾ

രഞ്ജിത് ശങ്കറിന്റെ നാലാമത്തെ ചലച്ചിത്രമാണ് പുണ്യാളൻ അഗർബത്തീസ്. ചിത്രത്തിന്റെ രചന, നിർമ്മാണം എന്നിവയും രഞ്ജിത് ഇത്തവണ ചെയ്തിരിക്കുന്നു.

പുണ്യാളൻ അഗർബത്തീസ് എന്ന ചന്ദനത്തിരി കമ്പനി തുടങ്ങി അതൊന്ന് പച്ചപിടിപ്പിക്കാനായി പെടാപ്പാട് പെടുന്ന സംരംഭകനായ ജോയി താക്കോൽക്കാരന്റെ കഥയാണ് ഈ സിനിമ. മിഥുനം, വരവേൽപ്പ്, വെള്ളാനകളുടെ നാട് തുടങ്ങിയ ചിത്രങ്ങളിൽ കണ്ട സാമൂഹ്യവ്യവസ്ഥിതിക്കെതിരേ പൊരുതുന്ന നായകൻ തന്നെയാണ് ജോയ്. എന്നാൽ മുൻ‌‌കാല ചിത്രങ്ങളുടെ നിഴലിൽ നിൽക്കാതെ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ ജോയിക്ക് ഈ സിനിമയിലൂടെ കഴിയുന്നുണ്ട്. ഒരു പോരായ്മയായി തോന്നിയത്, മുന്നേ വന്ന സിനിമകളിൽ, നായകർ തങ്ങളുടെ തന്നെ വ്യവസായത്തിൽ സിനിമയുടെ അവസാനം വിജയികൾ ആകുമ്പോൾ ഇവിടെ നായകൻ രാഷ്ട്രീയത്തിലേയ്ക്ക് മാറി അതുവഴി തന്നെയും വ്യവസായത്തേയും വിജയിപ്പിക്കുന്നു എന്ന രീതിയിലായി എന്നതാണ്.

സംവിധായകനായി രഞ്ജിത്തും നടനായി ജയസൂര്യയും വളരെ വലിയ ഒരു വളർച്ചയാണ് ഈ ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്. തിരക്കഥയും സംഭാഷണങ്ങളും എല്ലാം കഥയോട് ചേർന്ന് പോകുന്നതും ഏച്ച് കെട്ടലുകൾ ഇല്ലാത്തതും ആയി എന്നത് രഞ്ജിത്തിന്റെ രചനാമികവിന് തെളിവായി. അഭിനേതാക്കളായി വന്ന മറ്റ് നടന്മാരും നടിമാരും എല്ലാവരും സ്വന്തം ഭാഗം ഭംഗിയാക്കി. പ്രത്യേകം എടുത്ത് പറയേണ്ടത് ശ്രീജിത്ത് രവിയുടേയും സുനിൽ സുകടയുടേയും പേരുകളാണ്. സിനിമയുടെ തുടക്കത്തിലും അവസാനത്തിലും  കാണിക്കുന്ന കാർട്ടൂണുകളും പുതുമ നിറഞ്ഞ ഒരു അനുഭവമായി. സംഗീതവും ആസ്വദിക്കത്തക്കതായത് സിനിമയുടെ മാറ്റ് കൂട്ടി. തൃശൂരിന്റെ പ്രകൃതിഭംഗിയും സുജിത് വാസുദേവ് നന്നായി പകർത്തിയിട്ടുണ്ട്.

മനസ്സറിഞ്ഞ് ആസ്വദിച്ച് സിനിമ കാണാൻ പറ്റിയ ഒരു ചലച്ചിത്രം തന്നെയാണ് പുണ്യാളൻ അഗർബത്തീസ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

എന്റെ റേറ്റിങ്ങ് 4/5

2 comments:

Manju said...

you missed to mention abhayakumar and anil kurian in the screenplay credits...........

സുധി അറയ്ക്കൽ said...

കുടുംബമായി കാണാൻ പറ്റിയ സിനിമ.