Friday, October 18, 2013

പട്ടം പോലെ


രചന : ഗിരീഷ്‌ കുമാര്‍
സംവിധാനം: അളകപ്പന്‍

കൌമാരക്കാരായ കമിതാക്കള്‍ വീട്ടില്‍ നിന്നും ഒളിച്ചോടുന്നു. കുറച്ച്‌ ദിവസങ്ങള്‍ അടിപൊളിയായി കഴിഞ്ഞപ്പോള്‍ കയ്യിലെ കാശ്‌ തീരുന്നു, തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കാകുന്നു. പരസ്പരം കുറ്റം പറഞ്ഞും മോങ്ങിയും തിരികെ അവരവരുടെ വീട്ടിലെത്തുന്നു. നല്ല തങ്കപ്പെട്ട വീട്ടുകാരായതിനാല്‍ എല്ലാം മംഗളം.

ഇവര്‍ ഒരുമിക്കുന്നതില്‍ വിരോധമില്ലാത്ത വീട്ടുകാരാണെങ്കിലും ഇവര്‍ക്ക്‌ അതില്‍ ഒട്ടും താല്‍പര്യമില്ല. തുടര്‍ന്ന് നായകന്‍ ജോലി ചെയ്യുന്ന സ്ഥലത്ത്‌ തന്നെ നായിക ജോലിക്കെത്തുന്നു. നായികയ്ക്ക്‌ വീട്ടുകാര്‍ ഫ്രാന്‍സിലുള്ള ആരുമായോ കല്ല്യാണം ഉറപ്പിക്കുന്നതായി പറയുന്നു. തുടര്‍ന്ന് നായകനും നായികയ്ക്കും തമ്മിലുള്ള ഇഷ്ടം കുറേശ്ശെ പുറത്തുവരുന്നു. ഇവര്‍ വീണ്ടും ഒളീച്ചോടാന്‍ ശ്രമിക്കുന്നു. ഇത്തവണ പിടിക്കപ്പെടുന്നു. വീട്ടുകാര്‍ ഇവര്‍ക്ക്‌ ഒരു സര്‍പ്രൈസ്‌ കൊടുക്കുന്നു. ശുഭം!

ഇപ്പോള്‍ കാര്യങ്ങളുടെ ഒരു കിടപ്പ്‌ മനസ്സിലായിക്കാണുമല്ലോ... എത്ര പുതുമയുള്ള ലൌ സ്റ്റോറി എന്ന് തോന്നിയോ... ഇല്ലേ? അപ്പോള്‍ നിങ്ങള്‍ ഇതുവരെ ഒരു സിനിമയും കാണാത്ത ആളല്ല.. അതാണ്‌ പ്രശ്നം...

ചില പുതുമകള്‍ എടുത്ത്‌ പറയാം...

1. സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച്‌ ആടിപ്പാടി ആര്‍മ്മാദമായി നടന്നാല്‍ കയ്യിലുള്ള കാശ്‌ തീര്‍ന്ന് പോകും എന്നറിയാത്ത കമിതാക്കള്‍. എങ്ങനെ ജീവിക്കും എന്നതിനെക്കുറിച്ച്‌ ഇന്നേവരെ ആലോചിച്ചിട്ടേയില്ലാത്ത പാവങ്ങള്‍!

2. ഒരു ബന്ധവുമില്ലാത്തെ കോഴ്സുകള്‍ പഠിക്കുമ്പോഴും കമ്പയിണ്റ്റ്‌ സ്റ്റഡി നടത്തിയ കേമനും കേമിയും! അതിന്‌ കുടപിടിച്ചുകൊടുത്ത വീട്ടുകാര്‍! അതും അടച്ചിട്ട മുറിക്കുള്ളീല്‍!!!

3. കുംഭകോണത്തെ മാമണ്റ്റെ മോള്‍!

4. നായകണ്റ്റെ മെക്കിട്ട്‌ കേറി നടക്കുന്ന ഒരു സഹപ്രവര്‍ത്തക! ഈ റോള്‍ നിര്‍വ്വഹിച്ച അര്‍ച്ചന കവി അസഹനീയം!

ഇങ്ങനെ വളരെ അധികം പ്രത്യകതകളാല്‍ പ്രേക്ഷകരെ ഭേദപ്പെട്ട തരത്തില്‍ ക്ഷമാഭ്യാസം നടത്തിക്കുന്ന ഒരു പടപ്പ്‌ തന്നെയാണ്‌ ഈ പട്ടം...

Rating : 3.5 / 10

Thursday, October 17, 2013

ഇടുക്കി ഗോള്‍ഡ്‌


രചന: ദിലീഷ്‌ നായര്‍, ശ്യാം പുഷ്കരന്‍
സംവിധാനം: ആഷിക്‌ അബു
നിര്‍മ്മാണം: എം. രഞ്ജിത്‌

റിട്ടയര്‍മെ ണ്റ്റ്‌ പ്രായത്തില്‍ പഴയ നാലഞ്ച്‌ സുഹൃത്തുക്കള്‍ വീണ്ടും ഒരുമിച്ച്‌ ചേരുന്നതും സ്കൂള്‍ ജീവിതം മുതലുള്ള കാര്യങ്ങള്‍ ഇവരുമായി ബന്ധപ്പെടുത്തി കഞ്ചാവിണ്റ്റെ ലഹരിയോടെ വിവരിക്കുകയുമാണ്‌ ഈ ചിത്രം ചെയ്യുന്നത്‌.

അവതരണശൈലിയിലെ പ്രത്യേകതകൊണ്ടും മറ്റ്‌ ചില സന്ദര്‍ഭങ്ങളിലും കൌതുകം ജനിപ്പിക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും കുറേ കഴിയുമ്പോഴെയ്ക്ക്‌ ഈ ചിത്രം പ്രേക്ഷകണ്റ്റെ ക്ഷയമെ നല്ലപോലെ പരീക്ഷിക്കുന്നുണ്ട്‌.

ഗഹനമായ ഒരു കഥയോ സംഗതികളോ ഇല്ലെങ്കിലും കുറച്ചൊക്കെ ആസ്വാദനക്ഷമമായ സംഭവങ്ങള്‍ ഉണ്ടെങ്കിലും മദ്യവും കഞ്ചാവും വേണ്ടത്രേ ചേര്‍ത്ത്‌ കുടുംബങ്ങളെ അകറ്റി നിര്‍ത്താന്‍ ശ്രദ്ധിച്ചിരിക്കുന്നു.

ഈ ചിത്രം കണ്ടു കഴിയുമ്പോഴേയ്ക്കും നമുക്ക്‌ കഞ്ചാവിനോട്‌ ഒരു ബഹുമാനം ഒക്കെ തോന്നിപ്പോകുക സ്വാഭാവികം.

പ്രതാപ്‌ പോത്തന്‍, രവീന്ദ്രന്‍, മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ബാബു ആണ്റ്റണി എന്നിവരോടൊപ്പം ഇവരുടെയൊക്കെ ചെറുപ്രായം അവതരിപ്പിച്ച മിടുക്കന്‍മാരും നല്ല അഭിനയം കാഴ്ച വെച്ചു.

സ്ത്രീ കഥാപാത്രങ്ങളെ പരമാവധി ഒഴിവാക്കി നിര്‍ത്താന്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്‌.

Rating : 4.5 / 10

Friday, October 04, 2013

ചില സെപ്തംബര്‍ സിനിമകളുടെ അവലോകനം

ദൈവത്തിണ്റ്റെ സ്വന്തം ക്ളീറ്റസ്‌

മമ്മൂട്ടിയെക്കൊണ്ട്‌ മഹനീയമായ ഒരു വേഷം ചെയ്യിച്ചു എന്ന്‌ ക്രെഡിറ്റ്‌ പറയിപ്പിക്കാന്‍ വേണ്ടി ഒരു സിനിമ എന്ന്‌ മാത്രമേ ഈ ചിത്രത്തെ വിലയിരുത്താന്‍ സാധിക്കൂ.

ബെന്നി പി നായരമ്പലത്തില്‍ നിന്ന്‌ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ തന്നെ ഒരു നാടകീയഭാവത്തില്‍ വെളിപ്പെടുത്തിക്കൊണ്ട്‌ വരുമ്പോള്‍ അത്‌ ആസ്വദിക്കാന്‍ അതി കഠിനമായ ക്ഷമ തന്നെ വേണം.

കോമഡി ഉണ്ടാക്കാനുള്ള തട്ടിക്കൂട്ട്‌ ശ്രമങ്ങളും ദയനീയം തന്നെ.

അജു വര്‍ഗീസിനെ മരത്തില്‍ കയറ്റുമ്പോള്‍ തന്നെ താഴെ വീഴ്ത്തി എല്ലാവരും കൂടി തമാശിച്ച്‌ ചിരിക്കും എന്ന്‌ ഊഹിക്കാം.

അതുപോലെ തന്നെ സസ്പെന്‍സ്‌ ഉണ്ടാക്കാനുള്ള ശ്രമങ്ങളും ഏത്‌ വഴിയ്ക്കാണ്‌ പോകുന്നതെന്ന്‌ വളരെ ക്രിത്യമായി മനസ്സിലാകുന്നതിനാല്‍ അത്‌ കണ്ട്‌ തീര്‍ക്കല്‍ ഒരല്‍പ്പം ബുദ്ധിമുട്ടാണ്‌.

ഒടുവില്‍ നായകനെ കുരിശില്‍ കയറ്റിയപ്പോള്‍ മനസ്സിലുണ്ടായിരുന്ന ആ രൂപം പോയിക്കിട്ടി.

Rating : 3 / 10


നോര്‍ത്ത്‌ 24 കാതം

നായകണ്റ്റെ സ്വഭാവത്തിലെ പ്രത്യേകതകള്‍ കാണിക്കാന്‍ ആദ്യ പകുതിയിലെ കുറേ സമയം നീക്കിവെച്ചിരിക്കുന്നു.

 സ്വന്തം വീട്ടില്‍ ഇയാളുടെ ഫോര്‍മാലിറ്റി നമ്മെ ചെറുതായൊന്ന്‌ അത്ഭുതപ്പെടുത്തും.

ഒരു സാഹചര്യത്തില്‍ ഇദ്ദേഹം ഒരു ട്രെയിന്‍ യാത്ര ചെയ്യേണ്ടിവരുന്നു. ആ ട്രെയിന്‍ യാത്രയുടെ ഇടയ്ക്ക്‌ വെച്ച്‌ ഇയാളുടെ അതുവരെ കാണിച്ച്‌ വിശദീകരിച്ച സ്വഭാവരീതികള്‍ മാറി മറിയുന്നത്‌ കാണുമ്പോള്‍ അല്‍പം സാമാന്യബൊധമുള്ള പ്രേക്ഷകന്‌ ചെറിയൊരു അത്ഭുതം തോന്നും.

ഭാര്യയ്ക്ക്‌ സീരിയസ്‌ ആണെന്നറിഞ്ഞ്‌ കൊല്ലത്തിനടുത്തുള്ള സ്റ്റേഷനില്‍ ഇറങ്ങുന്ന ഒരു വൃദ്ധന്‍, കൂടെ കൂടുന്ന ട്രെയിനിലെ പരിചയക്കാരിയായ നാരായണിയെയും ചുമ്മാ പുറകെ വരുന്ന നായകനെയും കൊണ്ട്‌ മുതു പാതിരായ്ക്ക്‌ എങ്ങോട്ടെന്നില്ലാതെ നടന്ന്‌ കോഴിക്കോട്‌ പറ്റാമെന്ന്‌ വിചാരിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക്‌ ശരിയ്ക്കും വിഭ്രാന്തിയാകും.

"ദിശ അറിയില്ല, വഴി അറിയില്ല, നടന്നു നോക്കാം" എന്ന ഉദാത്തമായ ചിന്തയും അതിണ്റ്റെ പിന്നാലെ തുള്ളുന്ന രണ്ടെണ്ണവും.

ഭാര്യയുടെ അസുഖവിവരം അറിയാനുള്ള മാര്‍ഗ്ഗങ്ങളെല്ലാം ഫോണുകളെയും നമ്പറുകളെയും ചാര്‍ജ്‌ തീര്‍ത്തും തെറ്റിച്ചും ഇല്ലാതാക്കിയിട്ടും ഒരു സന്തോഷപ്രദമായ യാത്രയാക്കി മാറ്റുമ്പോള്‍ നൊമ്പരം പ്രേക്ഷകര്‍ക്കാണ്‌.

ഫഹദ്‌ ഫാസില്‍ തണ്റ്റെ കഥാപാത്രത്തെ ഭംഗിയയി അവതരിപ്പിച്ചെങ്കിലും കഥാപാത്രത്തിണ്റ്റെ രൂപീകരണത്തിലുള്ള ന്യൂനതകള്‍ തെളിഞ്ഞു നിന്നു.

വ്യത്യസ്തമയ ഒരു സിനിമ എന്ന്‌ പറയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതിനുള്ള സാദ്ധ്യതകളെ ഉപയോഗിക്കാതെ ഒട്ടും സത്യസന്ധമല്ലാത്ത കഥാഗതിയോടെ ഒരു ഭേദപ്പെട്ട ഒരു ചിത്രമാക്കിയെടുക്കുന്നതില്‍ ഇതിണ്റ്റെ സംവിധായകന്‍ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ്‌
സത്യം.

Rating :  4.5 / 10


ആര്‍ട്ടിസ്റ്റ്‌ 

വളരെ സത്യസന്ധമായ ചില സന്ദര്‍ഭങ്ങള്‍ ഉണ്ടെങ്കിലും സാധാരണ പ്രേക്ഷകന്‌ ആസ്വാദ്യകരമായ ജീവിതസന്ദര്‍ഭങ്ങളൊ അനുഭവങ്ങളോ കാര്യമായൊന്നും സംഭാവന ചെയ്യാന്‍ ഈ ചിത്രത്തിന്‌ സാധിച്ചെന്ന്‌ തോന്നുന്നില്ല.
അതുകൊണ്ട്‌ തന്നെ, പ്രേക്ഷകര്‍ ഈ ചിത്രത്തെ കാര്യമായി സ്വാഗതം ചെയ്തുമില്ല എന്നതാണ്‌ ചില തീയ്യറ്റര്‍ സാഹചര്യങ്ങള്‍ പറഞ്ഞുതരുന്നത്‌.

ഫഹദ്‌ ഫാസില്‍ ആയാസരഹിതമായ തണ്റ്റെ അഭിനയശൈലിയില്‍ തണ്റ്റെ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചപ്പോള്‍ ആന്‍ അഗസ്തിന്‍ തണ്റ്റെ സ്വതസിദ്ധമായ ശൈലിയില്‍ പ്രേക്ഷകരെ വെറുപ്പിച്ചു.

Rating : 4.5 / 10


നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി 

വ്യത്യസ്തവും മനോഹരവുമായ കാഴ്ചകളിലൂടെയും ജീവിത സംസ്കാരങ്ങളിലൂടെയുമുള്ള ഒരു യാത്ര സമ്മാനിക്കാന്‍ ഈ ചിത്രത്തിന്‌ സാധിച്ചിരിക്കുന്നു.

ഈ ചിത്രത്തിണ്റ്റെ സംഗീതവും സാങ്കേതികമികവും നല്ലൊരു ആസ്വാദനസുഖം സമ്മാനിക്കുന്നു. 

ചില സന്ദര്‍ഭങ്ങള്‍ ഒരല്‍പ്പം നാടകീയവും അവിശ്വസനീയവുമാണെങ്കിലും മൊത്തം ചിത്രത്തിണ്റ്റെ സുഖത്തില്‍ ആ ന്യൂനതകള്‍ വിസ്മരിക്കാവുന്നതേയുള്ളൂ.

Rating : 6.5 / 10