Sunday, June 17, 2012

ബാച്ച്ലർ പാർട്ടിതിരക്കഥ: ഉണ്ണി അർ., സന്തോഷ് എച്ചിക്കാനം
സംവിധാനം, ഛായാഗ്രഹണം: അമൽ നീരദ്


ചെറുപ്പം മുതൽ അത്യാവശ്യം വലിയ കളവുകൾ നടത്തുന്ന അഞ്ച് കുട്ടികൾ കളവുമുതലുമായി സ്ലോ മോഷനിൽ നാട് വിട്ടോടുന്നതോടെ കഥ തുടങ്ങുന്നു. കഥ എന്ന് പറയാൻ പിന്നീടങ്ങോട്ട് എന്തെങ്കിലുമൊണ്ടോ എന്നത് ഒരു ചോദ്യമായി അവിടെ നില്ക്കട്ടെ.
എല്ലാവരും ഒരുമിച്ചല്ലെങ്കിലും ഈ അഞ്ച് പിള്ളേർ വളർന്ന് വലുതായി ഡീസന്റ് ആയ ക്രിമിനൽ ആക്റ്റിവിറ്റീസിൽ തുടരുന്നു. ഒരു ഘട്ടത്തിൽ ഇവർക്ക് ഒരു മിക്കേണ്ടിവരികയും തുടർ നടപടികൾ നടത്തുകയും ചെയ്യുന്നു.


ഈ സിനിമ കാണുന്നതിനു മുൻപ് ചില ധാരണകൾ മനസ്സിൽ ഉറപ്പിച്ചാൽ സിനിമ ഒരു പരിധിവരെ ആസ്വദിക്കാം.


1. അമൽ നീരദ് ആയതിനാൽ സ്ലോ മോഷൻ ഇല്ലാത്ത ഒരൊറ്റ സീൻ പ്രതീക്ഷിക്കരുത്. (ഈ സിനിമയിൽ ഒരു ഡയലോഗ് തന്നെയുണ്ട്.. ‘ഇതെന്താ അമൽ നീരദിന്റെ സിനിമയാണോ എല്ലാം സ്ലോ മോഷൻ ആവാൻ...’).

2. തോക്ക് നിത്യോപയോഗ സാധനമാണ്‌. അതുകൊണ്ട് തന്നെ, പരസ്പരം എത്ര വെടി കൊണ്ടാലും മരിക്കാവുന്ന തരം ബുള്ളറ്റ് അല്ല ഈ തോക്കുകളിൽ ഉപയോഗിക്കുന്നത്. ഒരു പത്തിരുപത് വെടി കൊണ്ടാൽ ചിലപ്പോൾ മരിച്ചേക്കാം.

3. ഈ സിനിമയിൽ പോലീസിനെ പ്രതീക്ഷിക്കരുത്. അവർ വെറും രസം കൊല്ലികൾ ആയതിനാൽ ഒഴിവാക്കിയിരിക്കുന്നു.

4.കഥാപാത്രങ്ങൾ വളരെ സീരിയസ്സായേ തമാശപോലും പറയൂ.. വല്ലപ്പോഴും ചിരിച്ചാലായി... അഥവാ ചിരിച്ചൽ ചിരിച്ച് മരിക്കും..

5. എല്ലാ കഥാപാത്രങ്ങളും വളരെ നല്ല വേഷങ്ങളേ ധരിക്കൂ... ബ്ലാക്ക് ആണ്‌ മുൻ ഗണന. ജീൻസ് നിർബന്ധം.

6. മദ്യപാനവും സിഗരറ്റ് വലിയും മിക്ക സീനിലും കാണും.

ഇനി ധൈര്യമായി ഈ സിനിമയിലേയ്ക്ക് കടക്കാം.

ഇടയ്ക്ക് ബാച്ച്ലർസിനുമാത്രം ദഹിക്കാവുന്ന ‘അശ്ലീലച്ചുവ’ എന്ന് അറിയപ്പെടുന്ന കുറച്ചധികം ഡയലോഗുകളും പ്രവർത്തികളും രംഗങ്ങളും ഉണ്ട്. (ഫാമിലിയുമായി ആ പരിസരത്തൂടെ പോകരുത്.. മായാമോഹിനിയ്ക്ക് ഫാമിലിയായി പോയവർക്ക് ധൈര്യമായി പോകാം). ബാച്ച്ലേർസിനുള്ളതാണ്‌ ഈ സിനിമ എന്ന് പേരിൽ തന്നെ ള്ളതിനാൽ സംശയത്തിന്‌ സാദ്ധ്യതയില്ല.

തോക്ക് ഉപയോഗിച്ച് ബോറടിക്കുമ്പോൾ ഇടയ്ക്ക് കയ്യും കാലും ഉപയോഗിച്ചുള്ള ഫൈറ്റും ചെയ്യും. പൃഥ്യിരാജ് ഒരു വലിയ തോക്കുമായി വന്നിട്ട് കഷ്ടിച്ച് ഒരു വെടി വെച്ചുള്ളൂ. തോക്ക് സ്റ്റാൻഡിൽ വച്ചിട്ട് പിന്നെ ഇടിബഹളമായിരുന്നു.

ഗാനങ്ങളും ഗാനരംഗങ്ങളും കൊള്ളാം. നിത്യാമേനോൻ, രമ്യാ നമ്പീശൻ, പത്മപ്രിയ എന്നിവർ ഈ ഗാനരംഗങ്ങളിൽ നയനമനോഹരമായ വിധം (ബാച്ചലേർസ് അല്ലാത്തവർക്കും ആസ്വദിക്കാം) നിറഞ്ഞാടി.

സിനിമയുടെ ദൃശ്യങ്ങൾ മനോഹരം. ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും കൊള്ളാം.

റഹ്മാൻ, ഇന്ദ്രജിത്, കലാഭവൻ മണി, വിനായകൻ, ആസിഫ് അലി തുടങ്ങിയ എല്ലാവരുടേയും അഭിനയം മികച്ചുനിന്നു.


സിനിമയുടെ അവസാനം നരകത്തിൽ ചെന്നിട്ടൊരു പാട്ടോടുകൂടി പ്രേക്ഷകരെ ആനന്ദിപ്പിച്ച് പടിയിറക്കും. പാട്ടിന്റെ വരികളും ചിരിപ്പിക്കും. ‘നല്ലോരെല്ലാം പാതാളത്തിൽ, സ്വർലോകത്തോ ബോറന്മാർ..’

അമൽ നീരദിന്റെ പതിവു സിനിമയുടെ അതേ ഫോർമാറ്റ്... വെടി കണ്ട് കൊതി തീരും...

Rating : 3.5 / 10

Saturday, June 16, 2012

സ്പിരിറ്റ്
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: രഞ്ജിത്

വിവിധ ഭാഷാപരിജ്ഞാനവും എഴുത്തുകാരനുമായ ഒരു ബുദ്ധിജീവിയായി അവതരിപ്പിക്കപ്പെടുന്ന രഘുനന്ദൻ ഒരു ടി വി ചാനലിൽ പ്രസിദ്ധമായ ഒരു ചാറ്റ് ഷോ നടത്തുന്ന ആളുമാണ്‌. ഓരോ എപ്പിസോഡിലും സമൂഹത്തിലെ ഏതെങ്കിലും ഒരു പ്രമാണിയെ ഈ ഷോയിലൂടെ കീറി മുറിച്ച് ജനമദ്ധ്യത്തിൽ ലൈവായി അവതരിപ്പിക്കുകയാണ്‌ ഇയാൾ തന്റെ ഇന്റർവ്യൂകളിൽ ചെയ്യുന്നത്. ബുദ്ധിജീവിയായതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ വീട്ടിൽ ഒ വി വിജയൻ തുടങ്ങിയ പല എഴുത്തുകാരുടേയും ഫോട്ടോകളുണ്ട്, സദാ സമയം മദ്യപാനവും പുകവലിയുമുണ്ട്. (സ്ത്രീ ദൗർബല്ല്യം എന്തുകൊണ്ടോ ഒഴിവാക്കപ്പെട്ടിരിക്കുന്നു). ഇയാൾ എഴ് വർഷം മുൻപ് വിവാഹം വേർപെടുത്തിയ ആളാണ്‌. ആദ്യഭാര്യ മകനുമൊത്ത് വേറോരാളെ വിവാഹം കഴിച്ച് ജീവിക്കുന്നു. ഇവരുമായി രഘുനന്ദൻ സൗഹൃദം നല്ല രീതിയിൽ തുടരുന്നു.

വിവാഹമോചനം എന്ന പ്രക്രിയയെക്കുറിച്ചും അതിന്റെ മേന്മയെക്കുറിച്ചും ഇദ്ദേഹം വിവരിക്കുന്നുണ്ട്.

രാവിലെ എഴുന്നേറ്റാൽ കട്ടൻ ചായയിൽ വരെ മദ്യം ഒഴിച്ച് കഴിക്കുന്ന ഇദ്ദേഹം നേരെ ബാറിൽ ചെന്നാണ്‌ തന്റെ ദിവസം തുടങ്ങുന്നത്.

യുവ എഴുത്തുകാരായ കുടിയന്മാർ, റിട്ടയേർഡ് കുടിയന്മാർ, പണിക്കാരായ കുടിയന്മാർ, ഇരന്ന് കുടിക്കുന്നവർ, ഇടയ്ക്കിടെ ചെറു കൂട്ടായ്മകൾ സംഘടിപ്പിച്ച് മദ്യപിക്കുന്നവർ, വീട്ടിലിരുന്ന് ഭാര്യയുമായി മദ്യപിക്കുന്നവർ തുടങ്ങിയ നിരവധി ഇനം മദ്യപാനികളെ ഈ സിനിമയിൽ വിവരിക്കുന്നുണ്ട്.

ഒരു ഘട്ടത്തിൽ രഘുനന്ദൻ തന്റെ അമിതമായ മദ്യപാനം നിർത്തുകയും മദ്യപരിൽ ഉണ്ടാകുന്ന പ്രക്രിയയെക്കുറിച്ച് വാചാലനാകുകയും ചെയ്യുന്നു. തുടർന്ന് അത്തരം ഒരു മദ്യപാനിയുടെ ദൈനം ദിന ജീവിത ചര്യയെ ഒളിക്യാമറയിലൂടെ പകർത്തി അത് തന്റെ ടി വി ഷോയിലൂടെ കാണിച്ച് കുമ്പസാരിച്ച് കുടിയന്മാരെ നേർവഴിക്ക് നടത്താനുള്ള ആഹ്വാനവും ചെയ്യുന്നതോടെ ഈ സിനിമ പര്യവസാനിക്കുന്നു.

മദ്യപാനികളുടെ ചില മനോവികാരങ്ങൾ, ബുദ്ധിജീവി ജാടയുടെ ഭാഗമായ ചില പ്രവർത്തികൾ, മൊബൈൽ ഫോണിന്റെ ദുരുപയോഗം, മദ്യപാനത്തിന്റെ ദോഷങ്ങൾ എന്നീ ചില സംഗതികൾ ഈ ചിത്രത്തിലൂടെ എടുത്തുകാണിക്കാൻ ശ്രമിച്ചിരിക്കുന്നു.

മോഹൻ ലാൽ എന്ന നടൻ തന്റെ അഭിനയപാടവ്ം നല്ല രീതിയിൽ പ്രകടിപ്പിക്കുന്നു എന്നതാകുന്നു ഈ ചിത്രത്തിന്റെ പ്രധാന സവിശേഷത.

തുടക്കം മുതൽ തന്നെ വല്ലാത്ത ഒരു ഇഴച്ചിൽ അനുഭവപെടുന്നത് ആദ്യ ഗാനരംഗത്തിൽ എത്തുമ്പോൾ മൂർദ്ധന്യാവസ്ഥയിലെത്തി തീയ്യറ്റർ വിടുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. ടി വി പ്രോഗ്രാം എന്ന പേരിൽ നീണ്ടു നില്ക്കുന്ന സാമൂഹിക പ്രസംഗങ്ങൾ തരക്കേടില്ലാതെ ബോറടിപ്പിക്കും.
രണ്ടാമത്തെ ഗാനം ഒരല്പം മനസ്സിനെ സ്പർശിക്കാൻ സാധിച്ചിട്ടുണ്ട്.

കുറേ സാമൂഹിക ഇടപെടൽ നടത്താവുന്ന ബുദ്ധിജീവി ഡയലോഗുകൾ പരമാവധി പറയിപ്പിക്കൻ ശ്രമിച്ചിട്ടുണ്ട്. അതിൽ പലതും പ്രസക്തമാണെങ്കിലും പുതിയതല്ല.

സർക്കാർ സ്പോൺസർ ചെയ്ത് ഇറക്കുന്ന ഒരു മദ്യപാന വിരുദ്ധ ഡോക്യുമെന്ററി എന്നതാകുന്നു ഈ ചിത്രത്തിനെ ഒരു വാചകത്തിൽ വിവരിക്കാൻ സാധിക്കുന്നത്. കാര്യമായ ആസ്വാദനക്ഷമതയോ മാനസികോല്ലാസമോ നല്കാത്ത ഒരു ചിത്രം.

Rating : 3 / 10

Saturday, June 02, 2012

മഞ്ചാടിക്കുരു
മഞ്ചാടിക്കുരു

കഥ, തിരക്കഥ, സംവിധാനം: അഞ്ജലി മേനോൻ
സംഭാഷണം: അപർണ്ണ മേനോൻ, അഞ്ജലി മേനോൻ

ഒരു വലിയ തറവാട്ടിലെ കാരണവർ മരിക്കുകയും അതിനെത്തുടർന്ന് വീട്ടിലെത്തുന്ന മക്കളും മരുമക്കളും ആ തറവാടിന്റെ ഭാഗം ലഭിക്കാനായി ആഗ്രഹിച്ച് പതിനാറിന്റെ അന്നേയ്ക്ക് തീരുമാനിച്ചിരിക്കുന്ന ഒസ്യത്ത് വായനവരെ അവിടെ താമസിക്കുന്നതും അതിന്നിടയിൽ ഉണ്ടാകുന്ന കുടുംബബന്ധങ്ങളുടെയും കുടുംബാംഗങ്ങളുടേയും ഇടയിലെ വൈകാരികമായ പല സന്ദർഭങ്ങളും സാഹചര്യങ്ങളും ഒരു അഞ്ചാം ക്ലാസ്സുകാരൻ കുട്ടി നോക്കിക്കാണുന്നതാണ്‌ ഈ ചിത്രത്തിന്റെ കഥ.
മനോഹരമായ ബാല്യകാലത്തിന്റെ മുഹൂർത്തങ്ങളും അതോടൊപ്പം നഷ്ടപ്പെടുന്ന ബാല്യകാലവും അതിന്റെ സങ്കീർണ്ണതകളും ഈ ചിത്രം വിവരിക്കുന്നു.

ഈ അഞ്ചാം ക്ലാസ്സുകാരൻ കുട്ടി വളർന്ന് വലുതായതിനുശേഷം വിവരിക്കുന്ന ഒരു കഥയായാണ്‌ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ആ കുട്ടിയുടെ ജീവിതത്തിലെ ഒരു പാട് അനുഭവങ്ങളും മുഹൂർത്തങ്ങളും സമ്മാനിച്ച ആ പതിനാറ്‌ ദിവസത്തിന്റെ കഥ.

ബാലതാരങ്ങളടക്കം അഭിനേതാക്കളെല്ലാവരും മികച്ചുനിന്നതിനാൽ ഈ ചിത്രം വളരെ ആസ്വാദ്യകരമായി. ജീവിതബന്ധങ്ങളുടെ വൈകാരികമായ പല വശങ്ങളും ഹൃദയസ്പർശിയായി പ്രേക്ഷകരിലേക്കെത്തിക്കുവാൻ സാധിച്ചിരിക്കുന്നു എന്നതാണ്‌ ഈ സിനിമയുടെ വിജയം. പല ചെറിയ ചെറിയ ചലനങ്ങളും ഭാവങ്ങളും സംഭാഷണങ്ങളും പ്രേക്ഷകഹൃദയത്തിലേയ്ക്ക് തുളഞ്ഞ് കയറുകയും ആ വിങ്ങലിൽ നിന്ന് കണ്ണുനീരായി പടരുകയും ചെയ്യുന്നു. പല സന്ദർഭങ്ങളിലും തുളുമ്പി വരുന്ന വികാരങ്ങളെയും കണ്ണീരിനേയും നിയന്ത്രിക്കാൻ കഴിയാത്തവിധം കഥ നമ്മിലേയ്ക്ക് എത്തുന്നു.

തറവാടും അതിനോടനുബന്ധിച്ച ബാല്യകാലവും മുത്തച്ചൻ മുത്തശ്ശി തുടങ്ങിയ ഒരു കുടുംബപശ്ചാത്തലവുമുള്ളവരെ വല്ലാതെ ഉലച്ചുകളയാൻ കെല്പുള്ള ഒരു സിനിമയാകുന്നു ഇത്. സിനിമ കഴിഞ്ഞ് മിനിട്ടുകൾ കഴിഞ്ഞാലും ആ ഗൃഹാതുരത്വവും ഓർമ്മകളും മനസ്സിൽ നിറഞ്ഞ് വീണ്ടും വീണ്ടും വികാരവിവശരാക്കാൻ കഴിയും വിധം ശക്തമായ ഒരു സിനിമയാകുന്നു ‘ഒരു മഞ്ചാടിക്കുരു’.

തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മനോഹരമായ ചിത്രം.... 

അഞ്ജലി മേനോനും ഈ ചിത്രത്തിന്റെ പ്രവർത്തകർക്കും നന്ദിയും അഭിനന്ദനങ്ങളും... Hats off...

Rating : 8 / 10

HEROകഥ, തിരക്കഥ, സംഭാഷണം: സുനിൽ ഗുരുവായൂർ
സംവിധാനം: ദിപൻ

പഴയകാലത്ത് പ്രതാപിയായിരുന്ന സ്റ്റ്ണ്ട് മാസ്റ്റർ മകളുടെ കല്ല്യാണത്തിന്‌ പണം ആവശ്യമായി വന്നപ്പോൾ ചാൻസ് ചോദിച്ച് തന്റെ പഴയ പരിചയക്കാരെ സമീപിക്കുകയും അതിൽ ഒരു ഡയറക്ടർ തന്റെ സിനിമയിൽ ഇദ്ദേഹത്തെ ജോലി ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നു. അസിസ്റ്റന്റ്സ് ആയി ജോലി ചെയ്യാൻ ആളുകളെ കിട്ടാതെ വരുന്ന സാഹചര്യത്തിൽ പണ്ട് തന്റെ ടീമിൽ നിന്ന് പുറത്താക്കിയ ആന്റണിയെ തേടി കണ്ടുപിടിച്ച് കൂടെ നില്ക്കാൻ അഭ്യർത്ഥിക്കുകയും ഒടുവിൽ ഗുരുദക്ഷിണപോലെ ആന്റണി അതിന്‌ വഴങ്ങുകയും ചെയ്യുന്നു.

ആന്റണിയുടെ ധീരമായ ആക് ഷൻ സീക്വൻസുകളും മറ്റ് ഇടപെടലുകളും സിനിമയെ നല്ല തോതിൽ സഹായിക്കുകയും അത് ഡയറക്ടറുടെയും അതിലെ ഹീറോയിന്റേതുമടക്കം എല്ലാവരുടേയും അഭിനന്ദനത്തിന്‌ പാത്രമാകുന്നുണ്ടെങ്കിലും ക്രഡിറ്റ് മുഴുവൻ അതിൽ അഭിനയിച്ച ഹീറോ തന്നെ കരസ്ഥമാക്കുന്നു.

ഈ ഡ്യൂപ്പ് ആർട്ടിസ്റ്റ് വളർന്ന് ഹീറോ ആയിത്തീരുന്നതാണ്‌ ഈ സിനിമയുടെ കഥ.

ഇതിന്റെ ഡയറക്ടർ ദിപൻ ഒരു പൃഥ്യിരാജ് ഫാൻ ആണെന്ന് നിസ്സംശയം പറയാം. കാരണം, മസിലുപെരുപ്പിച്ചുള്ള ഇണ്ട്രൊഡക് ഷനും, ഇടയ്ക്കിടെ സ്ലോ മോഷനിലുള്ള നടപ്പും സ്റ്റണ്ട് സീനുകളിലെ പ്രകടനങ്ങളും അമിതമായത് തന്നെ ഇതിന്‌ കാരണം.

ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഈ ചിത്രത്തിനെ നല്ലപോലെ സഹായിച്ചിട്ടുണ്ട്. ഒന്നുമല്ലാത്ത ഒരുവൻ വളർന്ന് സ്റ്റാർ ആകുന്നത് കാണുന്നത് ഒരു സുഖമുണ്ട്. പക്ഷേ, പ്രേക്ഷകരുടെ മനസ്സ് കവരാവുന്ന സംഗതികളോ സീനുകളോ കാര്യമായി ഇല്ലാത്തതിനാൽ തന്നെ ഈ ചിത്രം പ്രേക്ഷകരെ കാര്യമായി സ്വാധീനിക്കുന്നുമില്ല.

ബോഡി ബിൽഡിങ്ങിന്‌ കഠിനാദ്ധ്വാനം ചെയ്തുകൊണ്ടാണെന്ന് തോന്നുന്നു പൃഥ്യിരാജിന്റെ മുഖത്തെ പ്രസരിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു. നായികയായി അഭിനയിച്ച നടി തന്റെ കഥാപാത്രത്തോട് നീതിപുലർത്തി. സ്റ്റണ്ട് മാസ്റ്ററായി അഭിനയിച്ച തലൈവാസൽ വിജയ് മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചു. ആദ്യത്തെ ഗാനവും അതിന്റെ ചിത്രീകരണവും മോശമായിരുന്നു. പൃഥ്യിരാജ് ഡാൻസ് ചെയ്ത രംഗങ്ങളെല്ലാം തന്നെ ഒട്ടും സ്വാഭാവികതയില്ലായിരുന്നു. കോറിയോഗ്രാഫിയുടെ ദോഷമോ പൃഥ്യിരാജിന്റെ വഴക്കമില്ലായ്മയോ ആകാം കാരണം.

ആക് ഷനും സ്ലോമോഷനുമെല്ലാം പൃഥ്യിരാജിൽ നിന്ന് കണ്ടിരിക്കാൻ താല്പര്യമുള്ള കുട്ടികൾക്ക് ആ മനസ്സുള്ളവർക്കും വെറുതേ കണ്ട് ആസ്വദിക്കാവുന്ന ചിത്രം.

Rating : 3.5 / 10

Friday, June 01, 2012

അരികെകഥ: സുനിൽ ഗംഗോപാധ്യ
തിരക്കഥ, സംഭാഷണം, സംവിധാനം: ശ്യാമപ്രസാദ്

ശന്തനു (ദിലീപ്) എന്ന ഒരു സാത്വികനായ മനുഷ്യന്‌ നല്ലൊരു കുടുംബത്തിലെ കല്പന (സംവൃത സുനിൽ) എന്ന പെൺകുട്ടിയുമായുള്ള പ്രണയത്തെ അനുരാധ (മമത മോഹൻ ദാസ്) എന്ന ഇവരുടെ സുഹൃത്ത് നോക്കിക്കാണുകയും വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുകയും ഒടുവിൽ പ്രണയത്തിന്‌ സംഭവിക്കുന്ന വ്യതിയാനങ്ങളുമാണ്‌ ഈ ചിത്രത്തിൽ പരാമർശിക്കുന്നത്.

ഈ ചിത്രത്തിൽ പ്രധാനമായും നിരീക്ഷിച്ച ഒരു പ്രത്യേകത എന്തെന്നാൽ ഇതിലെ കഥാപാത്രങ്ങൾ ഭൂരിഭാഗം പേരും വളരെ നേർത്ത സ്വരത്തിലും വളരെ സാവധാനത്തിലും മാത്രം സംസാരിക്കാനും പെരുമാറാനും നിർബന്ധിതമാകുന്നു എന്നതാണ്‌. കല്പന എന്ന കഥാപാത്രം മാത്രം ഇതിൽ നിന്ന് വ്യത്യാസപ്പെട്ട് നില്ക്കുന്നു.

ശന്തനു സ്വകാര്യം പറയുന്നപോലെ മാത്രമേ ഈ ചിത്രത്തിൽ സംസാരിക്കുന്നുള്ളൂ​‍ൂ. കല്പനയുടെ അച്ഛനായ ഇന്നസെന്റ് ഓവർ സ്ലോ ആയോ എന്നേ സംശയിക്കേണ്ടൂ.. അമ്മയായ ഊർമ്മിള ഉണ്ണി സ്വതേ ആ ഭാവവും രൂപവും ആയതിനാൽ കുറ്റം പറയുന്നില്ല.

മമത മോഹൻ ദാസ് അവതരിപ്പിച്ച അനുരാധയാണ്‌ ഈ ചിത്രത്തിന്‌ ആകെ ആശ്വാസമായ ഒരു ഘടകം. മികച്ചതും പക്വവുമായ അഭിനയത്തിലൂടെ മമത തന്റെ പ്രകടനം ഗംഭീരമാക്കി.

ഈ ചിത്രത്തിൽ മൂന്നോ നാലോ ആസ്വാദ്യകരമായ സീനുകളുണ്ട്. ആ സീനുകളിലുള്ള സംഭാഷണങ്ങളും വൈകാരികതയും സമീപനവും വളരെ നന്നായിരുന്നു. കല്പനയുടെ അച്ചനായ ഇന്നസെന്തിന്റെ ഗുരുവായി വരുന്ന കഥാപാത്രവും അദ്ദേഹവുമായി ബന്ധപ്പെട്ട സംസാരങ്ങളും വളരെ മികച്ചതായിരുന്നു. അതുപോലെ എടുത്ത് പറയാവുന്ന രണ്ടോ മൂന്നോ സീനുകൾ കൂടി കാണാം.

പക്ഷേ, കഥാപാത്രങ്ങളും കഥയുമെല്ലാം മെല്ലെപ്പോക്ക് നയമായതിനാൽ തീയ്യറ്ററിൽ കയറാനും അഥവാ കയറിയാൽ കുത്തിയിരിക്കാനും നല്ല ക്ഷമ തന്നെ വേണം.

Rating : 4 / 10