Saturday, June 02, 2012

മഞ്ചാടിക്കുരു




മഞ്ചാടിക്കുരു

കഥ, തിരക്കഥ, സംവിധാനം: അഞ്ജലി മേനോൻ
സംഭാഷണം: അപർണ്ണ മേനോൻ, അഞ്ജലി മേനോൻ

ഒരു വലിയ തറവാട്ടിലെ കാരണവർ മരിക്കുകയും അതിനെത്തുടർന്ന് വീട്ടിലെത്തുന്ന മക്കളും മരുമക്കളും ആ തറവാടിന്റെ ഭാഗം ലഭിക്കാനായി ആഗ്രഹിച്ച് പതിനാറിന്റെ അന്നേയ്ക്ക് തീരുമാനിച്ചിരിക്കുന്ന ഒസ്യത്ത് വായനവരെ അവിടെ താമസിക്കുന്നതും അതിന്നിടയിൽ ഉണ്ടാകുന്ന കുടുംബബന്ധങ്ങളുടെയും കുടുംബാംഗങ്ങളുടേയും ഇടയിലെ വൈകാരികമായ പല സന്ദർഭങ്ങളും സാഹചര്യങ്ങളും ഒരു അഞ്ചാം ക്ലാസ്സുകാരൻ കുട്ടി നോക്കിക്കാണുന്നതാണ്‌ ഈ ചിത്രത്തിന്റെ കഥ.
മനോഹരമായ ബാല്യകാലത്തിന്റെ മുഹൂർത്തങ്ങളും അതോടൊപ്പം നഷ്ടപ്പെടുന്ന ബാല്യകാലവും അതിന്റെ സങ്കീർണ്ണതകളും ഈ ചിത്രം വിവരിക്കുന്നു.

ഈ അഞ്ചാം ക്ലാസ്സുകാരൻ കുട്ടി വളർന്ന് വലുതായതിനുശേഷം വിവരിക്കുന്ന ഒരു കഥയായാണ്‌ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ആ കുട്ടിയുടെ ജീവിതത്തിലെ ഒരു പാട് അനുഭവങ്ങളും മുഹൂർത്തങ്ങളും സമ്മാനിച്ച ആ പതിനാറ്‌ ദിവസത്തിന്റെ കഥ.

ബാലതാരങ്ങളടക്കം അഭിനേതാക്കളെല്ലാവരും മികച്ചുനിന്നതിനാൽ ഈ ചിത്രം വളരെ ആസ്വാദ്യകരമായി. ജീവിതബന്ധങ്ങളുടെ വൈകാരികമായ പല വശങ്ങളും ഹൃദയസ്പർശിയായി പ്രേക്ഷകരിലേക്കെത്തിക്കുവാൻ സാധിച്ചിരിക്കുന്നു എന്നതാണ്‌ ഈ സിനിമയുടെ വിജയം. പല ചെറിയ ചെറിയ ചലനങ്ങളും ഭാവങ്ങളും സംഭാഷണങ്ങളും പ്രേക്ഷകഹൃദയത്തിലേയ്ക്ക് തുളഞ്ഞ് കയറുകയും ആ വിങ്ങലിൽ നിന്ന് കണ്ണുനീരായി പടരുകയും ചെയ്യുന്നു. പല സന്ദർഭങ്ങളിലും തുളുമ്പി വരുന്ന വികാരങ്ങളെയും കണ്ണീരിനേയും നിയന്ത്രിക്കാൻ കഴിയാത്തവിധം കഥ നമ്മിലേയ്ക്ക് എത്തുന്നു.

തറവാടും അതിനോടനുബന്ധിച്ച ബാല്യകാലവും മുത്തച്ചൻ മുത്തശ്ശി തുടങ്ങിയ ഒരു കുടുംബപശ്ചാത്തലവുമുള്ളവരെ വല്ലാതെ ഉലച്ചുകളയാൻ കെല്പുള്ള ഒരു സിനിമയാകുന്നു ഇത്. സിനിമ കഴിഞ്ഞ് മിനിട്ടുകൾ കഴിഞ്ഞാലും ആ ഗൃഹാതുരത്വവും ഓർമ്മകളും മനസ്സിൽ നിറഞ്ഞ് വീണ്ടും വീണ്ടും വികാരവിവശരാക്കാൻ കഴിയും വിധം ശക്തമായ ഒരു സിനിമയാകുന്നു ‘ഒരു മഞ്ചാടിക്കുരു’.

തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മനോഹരമായ ചിത്രം.... 

അഞ്ജലി മേനോനും ഈ ചിത്രത്തിന്റെ പ്രവർത്തകർക്കും നന്ദിയും അഭിനന്ദനങ്ങളും... Hats off...

Rating : 8 / 10

5 comments:

സൂര്യോദയം said...

A Must Watch film

Subi Velur said...

which font is this? Im not able to read...

Unknown said...

not able to read..

Karnikaaram said...

മഞ്ചാടിക്കുരുവും കുന്നിക്കുരുവും ഒക്കെ വച്ചാണല്ലോ എഴുതിയിരിക്കുന്നത്...

ജോസ്‌മോന്‍ വാഴയില്‍ said...

നല്ല റിവ്യൂ...!! നല്ല നിരൂപണം...!! തുടരുക...!!