Friday, May 27, 2011

ജനപ്രിയന്‍ (Janapriyan)



കഥ, തിരക്കഥ, സംഭാഷണം: കൃഷ്ണ പൂജപ്പുര
സംവിധാനം: ബോബന്‍ സാമുവല്‍
നിര്‍മ്മാണം: മാമന്‍ ജോണ്‍, റീനാ എം ജോണ്‍

ഒരു മലയോരഗ്രാമത്ത്‌ എല്ലാവിധ ജോലികളിലും ഏര്‍പ്പെട്ട്‌ സന്തോഷത്തോടെ തന്റെ അമ്മയേയും പെങ്ങളേയും നോക്കുന്ന കഠിനാദ്ധ്വാനിയായ പ്രയദര്‍ശന്‍. ഇദ്ദേഹത്തിന്റെ അച്ഛന്‍ കടബാദ്ധ്യതമൂലം ആത്മഹത്യ ചെയ്തതാണ്‌. ഇദ്ദേഹം എമ്പ്ലോയ്‌ മെന്റ്‌ എക്സ്ചേഞ്ചില്‍ നിന്ന് സര്‍ക്കാര്‍ ഓഫീസിലെ ജോലിയ്ക്കായി കാത്തിരിക്കുന്നു.

പട്ടണത്തില്‍ ഒരു വില്ലേജ്‌ ഓഫീസിലെ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന വൈശാഖന്‍ പൂനാ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് പാസ്സായി ഡയറക്ടര്‍ ആവാന്‍ ജീവിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന അച്ഛന്റെ മരണശേഷം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷപ്രകാരം ഇഷ്ടമല്ലാഞ്ഞിട്ടും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കേണ്ടിവന്നതാണ്‌. തന്റെ കഥയുമായി പ്രൊഡ്യൂസര്‍മാരെ ബുദ്ധിമുട്ടിക്കുന്നതല്ലാതെ ഇദ്ദേഹത്തിന്‌ പുരോഗതിയൊന്നും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, വില്ലേജ്‌ ഓഫീസിലെ ജോലിയിലെ അനാസ്ഥയാല്‍ പ്രശ്നത്തില്‍ പെടുകയും ചെയ്യുന്നു.

അങ്ങനെ വൈശാഖന്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കേണ്ടിവരുമ്പോള്‍ ആ ഒഴിവില്‍ ജോലിയ്ക്ക്‌ എത്തുന്നതാണ്‌ പ്രിയദര്‍ശന്‍.

പ്രിയദര്‍ശന്‌ വളരെ ബുദ്ധിമുട്ടുകളനുഭവിക്കുന്ന ഒരു പെണ്‍കുട്ടിയെയാണ്‌ തന്റെ ജീവിതസഖിയായി താല്‍പര്യം. അങ്ങനെ പട്ടണത്തിലെ താമസത്തിനെടെ പരിചയപ്പെടുന്ന ഒരു പെണ്‍കുട്ടിയെ (ഭാമ) ആ വീട്ടിലെ ജോലിക്കാരിയായി തെറ്റിദ്ധരിക്കുകയും അവര്‍ തമ്മിലുള്ള പ്രണയം വിടരുകയും ചെയ്യുന്നു.

വൈശാഖന്റെ ജീവിതത്തിലും പ്രിയദര്‍ശന്‍ മാറ്റങ്ങള്‍ വരുത്തുന്നു.

ദുഷ്കരമായ ജീവിത സാഹചര്യങ്ങള്‍ക്കിടയിലും മുന്നോട്ട്‌ പോകാനുള്ള മനോബലവും അതിനായി അദ്ധ്വാനിക്കാനുള്ള പോസിറ്റീവ്‌ ചിന്താഗതിയും പ്രിയദര്‍ശന്‍ എന്ന കഥാപാത്രത്തെ വ്യത്യസ്തമാക്കുന്നു. ചെന്നെത്തുന്ന ഇടങ്ങളിലെല്ലാം കണ്ടുമുട്ടുന്ന ആളുകള്‍ക്കെല്ലാം ഈ പോസിറ്റീവ്‌ ചിന്താഗതിയുടെ ഗുണഫലം മനസ്സിലാക്കിക്കൊടുക്കുന്നിടത്ത്‌ ഈ കഥാപാത്രം വിജയം കൈവരിക്കുന്നുണ്ട്‌. ജയസൂര്യ ഈ കഥാപാത്രത്തെ വളരെ മികവോടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു.ജയസൂര്യയുടെ വിഗ്ഗ്‌ ഒരല്‍പ്പം വൈക്ലബ്യം ജനിപ്പിച്ചു.

ഭാമയുടെ അഭിനയവും മോശമായില്ല. സിനിമാ അഭിനിവേശവുമായി നടക്കുന്ന ഒരു തിരക്കഥാകൃത്ത്‌/സംവിധായകന്‍ എന്ന റോളിനെ മനോജ്‌ കെ ജയന്‍ നന്നായി അവതരിപ്പിച്ചു. സലിം കുമാര്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ ചില ചിന്താഗതികളും ജീവിതസാഹചര്യവും വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു എന്ന് മാത്രമല്ല, രസകരമായ നര്‍മ്മസന്ദര്‍ഭങ്ങളും സൃഷ്ടിച്ചു. നല്ല മനസ്സുള്ള ഒരു പാവം പ്രൊഡ്യൂസറായി ജഗതിശ്രീകുമാറും ഈ ചിത്രത്തിലുണ്ട്‌.

കാര്യമായ സംഭവവികാസങ്ങളും ട്വിസ്റ്റുകളുമൊന്നുമില്ലെങ്കിലും പ്രേക്ഷകരെ കാര്യമായി ബോറടിപ്പിക്കാതെ, അത്യാവശ്യം വിനോദം നല്‍കുന്ന ഒരു സിനിമയാകുന്നു 'ജനപ്രിയന്‍' എന്ന ഈ ചിത്രം.

വളരെ നേര്‍ത്ത തോതില്‍ മാത്രം ഒന്ന് രണ്ട്‌ വട്ടം ഹൃദയത്തില്‍ തൊടാവുന്ന രംഗങ്ങളേ ഉള്ളുവെങ്കിലും പലപ്പോഴും മനസ്സില്‍ ആനന്ദം നല്‍കുന്ന നിഷ്കളങ്ക മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തിലുണ്ട്‌.

വളരെ സാധാരണമായ രീതിയിലുള്ള കഥാഗതിയായതിനാല്‍ അല്‍പം ബോറടിയും കൂട്ടിനുണ്ടാകുമെങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ഒരു ചിത്രം.

Rating: 5 / 10

3 comments:

സൂര്യോദയം said...

കാര്യമായ സംഭവവികാസങ്ങളും ട്വിസ്റ്റുകളുമൊന്നുമില്ലെങ്കിലും പ്രേക്ഷകരെ കാര്യമായി ബോറടിപ്പിക്കാതെ, അത്യാവശ്യം വിനോദം നല്‍കുന്ന ഒരു സിനിമയാകുന്നു 'ജനപ്രിയന്‍' എന്ന ഈ ചിത്രം.

വളരെ നേര്‍ത്ത തോതില്‍ മാത്രം ഒന്ന് രണ്ട്‌ വട്ടം ഹൃദയത്തില്‍ തൊടാവുന്ന രംഗങ്ങളേ ഉള്ളുവെങ്കിലും പലപ്പോഴും മനസ്സില്‍ ആനന്ദം നല്‍കുന്ന നിഷ്കളങ്ക മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തിലുണ്ട്‌.

വളരെ സാധാരണമായ രീതിയിലുള്ള കഥാഗതിയായതിനാല്‍ അല്‍പം ബോറടിയും കൂട്ടിനുണ്ടാകുമെങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ഒരു ചിത്രം.

മുകിൽ said...

nandi.

3dstar said...

ഈ പടം ബോരാകുന്നതെങ്ങനെ എന്ന് ഇതുവരെ മനസ്സിലായില്ല..കുറെ നാളുകള്‍ക്ക് ശേഷം ഒത്തിരി നന്മയുള്ള ഒരു ചിത്രം കണ്ടു..അത് ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന രീതിയില്‍ എടുക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുമുണ്ട്..പുതുമുഖസംവിധായകന്‍ എന്ന നിലയില്‍ ബോബന്‍ സാമുവേലിന് അഭിമാനിക്കാവുന്ന ചിത്രം..ഒപ്പം ജയസൂര്യക്കും. മമ്മൂട്ടിയുടെ ഒക്കെ ഒപ്പം നില്‍ക്കാവുന്ന തരത്തില്‍ ജയസൂര്യ വന്‍ പ്രകടനം കാഴ്ച വച്ചിരിക്കുന്നു. പ്രേക്ഷക ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രം തന്നെ ആണ് പ്രിയന്‍ എന്ന കഥാപാത്രം.ഇതൊക്കെ കാണാതെ കുറെ മുന്‍ധാരണകള്‍ വച്ച് പടം കണ്ടിട്ട് (അതോ കാണാതെയോ?) പടം ബോറാണെന്ന് പറഞ്ഞാല്‍ ഇതെന്തു നിരൂപണം ആണ്? നല്ല മലയാള പടങ്ങള്‍ ഇവിടെ ഉണ്ടാകാതതല്ല, ഉണ്ടാകുന്നതിനെ പ്രോല്സാഹിപ്പിക്കതതാണ് മലയാളസിനിമയുടെ ശാപം എന്നും മനസ്സിലായി..