Sunday, May 01, 2011

സിറ്റി ഓഫ്‌ ഗോഡ്‌ (City of God)



കഥ, തിരക്കഥ, സംഭാഷണം: ബാബു ജനാര്‍ദ്ദനന്‍
സംവിധാനം: ലിജോ ജോസ്‌ പെല്ലിശ്ശേരി
നിര്‍മ്മാണം: എം അനിത, അനില്‍ മാത്യു

"സിനിമാരംഗത്ത്‌ വളര്‍ന്ന്‌ വരുന്ന ഒരു നടി (റീമാ കല്ലിങ്ങല്‍). അവരുടെ ഭര്‍ത്താവ്‌ തണ്റ്റെ ബിസിനസ്സിനോ മറ്റ്‌ പണത്തിണ്റ്റെ ഭീമമായ ആവശ്യങ്ങള്‍ക്കോ വേണ്ടി ഈ നടിയെ വളരെ അടുത്ത പലര്‍ക്കും കാഴ്ച വച്ചിട്ടുണ്ട്‌. അതില്‍ ഒരു പ്രധാനി റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ പ്രമുഖനായ ഒരാളാണ്‌. ഇയാല്‍ പണ്ട്‌ ഈ നടിയെ പ്രേമിച്ചിരുന്നതും പിന്നീട്‌ എന്തുകൊണ്ടോ വിവാഹം കഴിക്കാന്‍ സാധിക്കാതിരുന്നതുമാണെന്നും പറയുന്നുണ്ട്‌. ഇയാളുടെ അടുത്ത സുഹൃത്തും ഇദ്ദേഹത്തിനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്നതുമായ ക്രിമിനല്‍ പശ്ചാത്തലമുള്ള ജ്യോതിലാല്‍ (പൃഥ്വിരാജ്‌) ഒരു വസ്തുക്കച്ചവടം നടത്തുന്നതിനായി ഇടപെടുന്നു. അതിണ്റ്റെ തര്‍ക്കങ്ങളുടെ ഭാഗമായി മറ്റൊരു പ്രമുഖനായ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സുകാരനെ കൊലചെയ്യുന്നു. ഇയാളുടെ ഭാര്യ (ശ്വേതാ മേനോന്‍), പ്രതികാരത്തിനുവേണ്ടി ചിലരെ ഉപയോഗിക്കുന്നു.

തമിഴ്‌ തൊഴിലാളിയായ സ്വര്‍ണ്ണവേല്‍(ഇന്ദ്രജിത്‌) ആ കൂട്ടത്തിലെ മരതകവുമായി (പാര്‍വ്വതി) ഇഷ്ടത്തിലാണ്‌. മരതകം വിവാഹം കഴിഞ്ഞ്‌ ഒരു കുട്ടിയുള്ളതാണെങ്കിലും അവരുടെ ഭര്‍ത്താവ്‌ ദുഷ്ടനും ദുര്‍ന്നടപ്പുകാരനും കുറേ ചിന്നവീടുമുള്ള ഒരു പോലീസുകാരനാണ്‌. കുട്ടി നാട്ടില്‍ അമ്മൂമ്മയോടൊപ്പമാണ്‌. ഈ തമിഴ്‌ ഗ്രൂപ്പിലെ ഒരു പ്രധാനിയായ സ്ത്രീയായി രോഹിണിയുണ്ട്‌."


ഈ മുകളില്‍ പറഞ്ഞ പല കാര്യങ്ങളും പല പല കഷണങ്ങളായി മുറിച്ച്‌ പല ഭാഗങ്ങളില്‍നിന്നായി കൂട്ടിയോജിപ്പിച്ച്‌ കൊണ്ടുവരും. ഈ കൂട്ടിയോജിപ്പിക്കലുകള്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കും. അതിന്നിടയില്‍ പല ഡയലോഗുകളും വ്യക്തമാകില്ല. അതില്‍ ഇത്ര മനസ്സിലാക്കാനൊന്നുമില്ലെന്ന് തന്നെയാണ്‌ ഉദ്ദേശം എന്നുതോന്നുന്നു. അത്‌ മനസ്സിലാകാത്തതുകൊണ്ട്‌ സിനിമ വ്യക്തമായില്ലെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. വളരെ ബ്രില്ല്യണ്റ്റ്‌ സിനിമകള്‍ ചെയ്യുമ്പോള്‍ അങ്ങനെ വേണം. ഒറ്റ നോട്ടത്തില്‍ ആര്‍ക്കും ഒന്നും മനസ്സിലാകരുത്‌.

കൊച്ച്‌ കുട്ടികളുടെ ബുദ്ധി നിലവാരം വികസിപ്പിക്കുന്നതിന്‌ വലിയ ഒരു ഇമേജ്‌ കുറേ കഷണങ്ങളാക്കി കൊടുത്ത്‌ ഒന്നിപ്പിച്ചെടുക്കാന്‍ പറയുന്ന ഒരു സംഗതിയുണ്ട്‌. അതുപോലെ, ഈ സിനിമയിലും ചിതറിക്കിടക്കുന്ന സീനുകളെ ഇടയ്ക്കിടയ്ക്ക്‌ പല കഥാപാത്രങ്ങളുടെ ജീവിതകോണില്‍ നിന്നോ ജീവിത സന്ദര്‍ഭങ്ങളില്‍നിന്നോ കൊണ്ടുവന്ന് കൂട്ടിയോജിപ്പിച്ച്‌ ഒരിടത്തെത്തിക്കും. പിന്നീട്‌ ഒരു ബന്ധവുമില്ലാത്ത വേറൊരു സംഭവം കാണിക്കും. ആ സംഭവത്തെ പ്രധാന കഥയുമായി ബന്ധിപ്പിക്കാനായി വീണ്ടും പല ഭാഗത്തുനിന്നും കഥാസന്ദര്‍ഭങ്ങളെയോ സംഭവങ്ങളേയോ കൊണ്ട്‌ വന്ന് യോജിപ്പിക്കും. ഈ കൂട്ടിയോജിപ്പിക്കല്‍ പ്രക്രിയ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കും. ഇതാണ്‌ സിറ്റി ഒാഫ്‌ ഗോഡ്‌ എന്ന ഈ സിനിമ.

വ്യത്യസ്തമായ ഒരു അവതരണരീതി ഈ ചിത്രത്തില്‍ പരീക്ഷിച്ചിരിക്കുന്നു. കാര്യങ്ങള്‍ നേരെ ചൊവ്വേ പറയാതെ ഇങ്ങനേയും പറയാം എന്ന് ഈ ചിത്രം മനസ്സിലാക്കിത്തരുന്നു. പക്ഷേ, എന്തിനായിരുന്നു ഇങ്ങനെയൊരു കൃത്യം എന്ന് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്‌ മനസ്സിലാകാതെ അവന്‍ അന്തം വിട്ട്‌ കഷ്ടപ്പെടും.

വളരെ സാധാരണക്കാരായ പ്രേക്ഷകര്‍ക്ക്‌ ഒന്നും മനസ്സിലാകില്ല. 'ഇതെന്താ സംഭവം? ഇതെന്താ കാണിച്ചത്‌ തന്നെ കാണിക്കുന്നേ?' എന്ന് അവന്‍ മണ്ടനെപ്പോലെ പലപ്രാവശ്യം ചോദിച്ചുകൊണ്ടിരിക്കും. (എണ്റ്റെ ഒരു കസിന്‍ കൂടെയുണ്ടായിരുന്നതുകൊണ്ട്‌ ഇത്‌ എണ്റ്റെ നേരിട്ടുള്ള അനുഭവമാണ്‌). സാമാന്യമായ കലാസ്വാദനകഴിവില്ലാത്ത പാവം മണ്ടന്‍ പ്രേക്ഷകന്‍. ആദ്യമൊക്കെ ഈ ചോദ്യം ചോദിക്കുന്നത്‌ നല്ല സിനിമ ഗ്രഹിക്കാനുള്ള കഴിവുകേടാണെന്ന് തോന്നുന്നതിനാള്‍ അതിനുവേണ്ട വിശദീകരണം കൊടുക്കാന്‍ ബുദ്ധിമുട്ടില്ല. 'ഒരേ സന്ദര്‍ഭത്തെ പല കഥാപത്രങ്ങളുടെ ആങ്കിളുകളില്‍ നിന്നും അവരുടെ ജീവിതസന്ദര്‍ഭങ്ങളില്‍ നിന്നും കൊണ്ടുവന്ന് സംയോജിപ്പിക്കുന്നതാണ്‌' എന്ന് പറഞ്ഞ്‌ മനസ്സിലാക്കിക്കൊടുക്കാം. പക്ഷേ, ഈ സംഗതികള്‍ തുടരുകയും ഇതേ ചോദ്യം തുടരുകയും ചെയ്യുമ്പോള്‍ ബുദ്ധിനിലവാരവും ആസ്വാദനക്ഷമതയും കൂടുതലുണ്ടെന്ന് അഹങ്കരിക്കുന്ന പ്രേക്ഷകന്‍ (ഉദാഹരണത്തിന്‌ 'ഞാന്‍' എന്ന് വയ്ക്കുക) കുറച്ച്‌ ആവലാതിയോടെ തല ചൊറിഞ്ഞ്‌ ടെന്‍ഷനടിക്കും.

സ്വര്‍ണ്ണവേ‍ലുവും മരതകവും അടങ്ങുന്ന കഥാതന്തുവിലെ പല രംഗങ്ങളും നീണ്ട്‌ നീണ്ട്‌ ബോറടിപ്പിച്ച്‌ അവശരാക്കും.

അഭിനയം എല്ലാവരുടേയും മികച്ചതായിരുന്നു. കഥയും സന്ദര്‍ഭങ്ങളും അതിമാനുഷികതകളോ യുക്തിക്കുറവുകളോ അനാവശ്യതിരുകലുകളോ കാര്യമായില്ലാതെ കൊണ്ടുപോകാനായി എന്നതാണ്‌ മറ്റൊരു പ്രത്യേകത. പൊതുവേ ഒരു നിലവാരം കാത്തുസൂക്ഷിച്ചു എന്നതാണ്‌ ലിജോ എന്ന സംവിധായകണ്റ്റെ കഴിവായി എടുത്ത്‌ പറയാവുന്നത്‌.

പക്ഷേ, വ്യത്യസ്തതയ്ക്കുവേണ്ടി ഇത്തരം പരീക്ഷണങ്ങള്‍ ചെയ്യുമ്പോള്‍ ആ സിനിമ സാധാരണ പ്രേക്ഷകന്‍ കണ്ടില്ലേലും മനസ്സിലായില്ലേലും വിരോധമില്ല എന്ന് തോന്നുകയോ പ്രേക്ഷകര്‍ ഇത്തരം സിനിമകള്‍ കാണാന്‍ അഭിരുചി ഉണ്ടാക്കിയെടുത്തേ പറ്റൂ എന്ന ധാരണയോ അപകടമാണ്‌.

ഒരാഴ്ച പിന്നിട്ടപ്പോഴേയ്ക്കും ഈ സിനിമ കാണാനായി തീയ്യറ്റര്‍ തപ്പി കണ്ടുപിടിക്കേണ്ടി വരികയും ശുഷ്കമായ ഷോ മാത്രമുള്ളതില്‍ ഒരു ഷോയ്ക്ക്‌ കയറി വിരളമായ പ്രേക്ഷകര്‍ക്കിടയിലിരുന്ന് കണ്ടുകൊണ്ടിരിക്കുമ്പോള്‍ സ്ത്രീകളടങ്ങുന്ന ചില കുടുംബപ്രേക്ഷകര്‍ ഇടയ്ക്ക്‌ വച്ച്‌ ഇറങ്ങിപ്പോകുന്ന കാഴ്ച ഈ അപകടാവസ്ഥയുടെ സൂചനയാണ്‌. അതുപോലെ തന്നെ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഈ കൂട്ടിയോജിപ്പിക്കല്‍ പ്രക്രിയകണ്ട്‌ അന്തം വിട്ട്‌ ചിരിക്കുകയും സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ 'ഈ സിനിമ എന്തൂട്ടാ? എന്താ ഇതിണ്റ്റെ കഥ?' എന്ന് ചോദിക്കുകയും ചെയ്യുന്ന പാവപ്പെട്ട മണ്ടന്‍ പ്രേക്ഷകരാണ്‌ പൊതുവേ തീയ്യറ്ററുകളില്‍ കൂടുതലായും എത്തുന്നത്‌ എന്ന സത്യവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു.

Rating: 5 / 10

7 comments:

സൂര്യോദയം said...

കഥയും സന്ദര്‍ഭങ്ങളും അതിമാനുഷികതകളോ യുക്തിക്കുറവുകളോ അനാവശ്യതിരുകലുകളോ കാര്യമായില്ലാതെ കൊണ്ടുപോകാനായി എന്നതാണ്‌ മറ്റൊരു പ്രത്യേകത. പൊതുവേ ഒരു നിലവാരം കാത്തുസൂക്ഷിച്ചു എന്നതാണ്‌ ലിജോ എന്ന സംവിധായകണ്റ്റെ കഴിവായി എടുത്ത്‌ പറയാവുന്നത്‌. പക്ഷേ, വ്യത്യസ്തതയ്ക്കുവേണ്ടി ഇത്തരം പരീക്ഷണങ്ങള്‍ ചെയ്യുമ്പോള്‍ ആ സിനിമ സാധാരണ പ്രേക്ഷകന്‍ കണ്ടില്ലേലും മനസ്സിലായില്ലേലും വിരോധമില്ല എന്ന് തോന്നുകയോ പ്രേക്ഷകര്‍ ഇത്തരം സിനിമകള്‍ കാണാന്‍ അഭിരുചി ഉണ്ടാക്കിയെടുത്തേ പറ്റൂ എന്ന ധാരണയോ അകടമാണ്‌.

Unknown said...

endu parajalum ithu thali poli padamanu ethil oru nallakadayo orthu vekkunatharathili oru katha patramo ella vetyasthata ennu paraju endum kanichu kutharuth maniraknathinde ayuthameyuth poleyanu ethile therakkatha eyuth

Haree said...

തങ്കവേലല്ലാന്നേ, സ്വര്‍ണവേല്‍! :)

സൂര്യോദയം said...

ഹരീ.. നന്ദി... തങ്കത്തെ സ്വര്‍ണ്ണമാക്കിയിട്ടുണ്ട്‌ :)

Mr. സംഭവം (ചുള്ളൻ) said...

ഒരു നെഗറ്റീവ് റിവ്യൂ എഴുതിയെച്ചു 5/10 എന്തിനു കൊടുത്തു എന്ന് മാത്രം മനസിലാകുന്നില്ല !!

സുബൈദ said...

മലയാളം ബുലോകമേ നിന്നെ ഇവര്‍ അപമാനിച്ചിരിക്കുന്നു., നീ ലജ്ജിച്ചു തലതാഴ്ത്തുക.

salil | drishyan said...

പടം ഇന്നലെ കണ്ടു. എനിക്ക് ഇഷ്ടപ്പെട്ടു. സ്ഥിരം കോമാളിക്കളികളേക്കാള്‍ എത്രയോ ഭേദം.

Non-linear narration ഇതിനു മുന്‍പേ കണ്ട് ശീലമുള്ളതിനാല്‍ കണ്‍ഫൂഷ്യന്‍ ഒന്നുമുണ്ടായില്ല. എല്ലാ കഥകളും കൂടി ചേര്‍ന്നതിനു ശേഷം പിന്നെ പ്രത്യേകിച്ച് ഒരു ഡ്രാമയും ഉണ്ടായില്ല എന്നതാണ് എനിക്ക് ഒരു പോരായ്മയാണ് തോന്നിയത്. പിന്നെ ആദ്യത്തെ 20 മിനിറ്റ് അനാവശ്യമായി റിപീറ്റഡ് സീക്വന്‍സുകള്‍ ഉണ്ടായി എന്നും തോന്നി. ചില രംഗങ്ങളില്‍ ക്യാമറയുടെ ഇളക്കം ഇത്തിരി കൂടുതലല്ലേ എന്നും സംശയിച്ചു.

സസ്നേഹം
സലില്‍