Thursday, August 05, 2010

പെണ്‍ പട്ടണം




കഥ: രഞ്ജിത്ത്‌
തിരക്കഥ, സംഭാഷണം: ടി. എ.റസാഖ്‌
സംവിധാനം: വി.എം. വിനു

നിര്‍മ്മാണം: മഹാ സുബൈര്‍


കുടുംബശ്രീ പ്രവര്‍ത്തകരായ നാല്‌ സ്ത്രീകളും അവരുടെ ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ വഴിത്തിരിവായി അവര്‍ക്ക്‌ ഉപേക്ഷിച്ച നിലയില്‍ കിട്ടുന്ന കുറേ ഹവാല പണവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ്‌ ഈ ചിത്രത്തിന്റെ കഥ.

റസാഖ്‌, വി എം വിനു എന്നിവരുടെ പതിവുശൈലിയില്‍ ജീവിത പ്രാരാബ്ധങ്ങള്‍, സ്നേഹം, തെറ്റിദ്ധരിക്കല്‍, ത്യാഗം തുടങ്ങിയവ വേണ്ട അനുപാതത്തില്‍ ചേര്‍ത്ത്‌ വലിയ മോശമാകാതെ കൊണ്ടവസാനിപ്പിച്ചിരിക്കുന്നു ഈ ചിത്രം.

കഥ പറച്ചിലിലെ അസഹനീയമായ ഇഴച്ചില്‍ പ്രേക്ഷകരെ വല്ലാതെ വെറുപ്പിക്കാന്‍ പ്രാപ്തമായിരുന്നു. സെന്റിമെന്റ്സ്‌ ഇടയ്ക്കിടെ പുട്ടിന്‌ തേങ്ങപോലെ കുത്തിക്കയറ്റിയിട്ടുണ്ടെങ്കിലും ശരിക്കങ്ങ്‌ ഏശുന്നില്ല.

പാട്ടിനും നൃത്തത്തിനും പേരുദോഷമുണ്ടാക്കാനായി അതും ഇതില്‍ ഫിറ്റ്‌ ചെയ്ത്‌ വഷളാക്കിയിട്ടുണ്ട്‌. ഒരു വിധം സഹിച്ച്‌ അടങ്ങിയിരിക്കുന്ന പ്രേക്ഷകനെ വെറുപ്പിച്ച്‌ ഓടിക്കാന്‍ ഇത്‌ വളരെ ഗുണം ചെയ്തു.

അഭിനയനിലവാരം തരക്കേടില്ലായിരുന്നു. എങ്കിലും ശ്വേത, രേവതി, നെടുമുടിവേണു എന്നിവര്‍ ഭേദപ്പെട്ട നിലവാരം പുലര്‍ത്തി. നെടുമുടി വേണുവിന്റെ വിക്കും, ശ്വേതയുടെ മാര്‍ഷ്യല്‍ ആര്‍ട്ട്സും അല്‍പം ഓവറായെങ്കിലെ ഉള്ളൂ..

അവസാനത്തെ 20 മിനുട്ട്‌ മാത്രമാണ്‌ ഈ ചിത്രത്തിനു കുറച്ചൊരു വേഗതയും ആസ്വാദനനിലവാരവും വന്നത്‌. എന്ന് കരുതി അത്ര ഗംഭീരമായി എന്നര്‍ത്ഥമില്ല.

എറണാക്കുളം സവിത തിയ്യറ്ററില്‍ ഇന്നലെ സെക്കന്‍ഡ്‌ ഷോയ്ക്ക്‌ 30% ആളുകളേ ഉണ്ടായിരുന്നുള്ളൂ.

Monday, August 02, 2010

രാമ രാവണന്‍



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബിജു വട്ടപ്പാറ

(മൂലകഥ: മാധവിക്കുട്ടിയുടെ' മനോമി' എന്ന നോവല്‍)

നിര്‍മ്മാണം: വല്‍സമ്മ ജോസഫ്‌

തമിഴ്‌ തീവ്രവാദ ഗ്രൂപ്പിന്റെ ആസ്ഥാന കവിയായ തിരുച്ചെല്‍ വം (സുരേഷ്‌ ഗോപി) ഒരിക്കല്‍ പരിക്കേറ്റ്‌ ഒളിവില്‍ താമസിച്ചപ്പോള്‍ വെള്ളം കൊടുക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത ഒരു സിംഹള വംശജയായ പെണ്‍കിടാവുമായി (മിത്രാ കുര്യന്‍) സ്നേഹത്തിലായെങ്കിലും തന്റെ കര്‍ത്തവ്യം തുടരാനായുള്ള യാത്രയില്‍ ആ സ്നേഹം വിവാഹജീവിതത്തില്‍ തളച്ചിടാതെ മുന്നോട്ടു പോകേണ്ടിവരുന്നു.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒളിവില്‍ താമസിക്കാനായി വീണ്ടും ഇതേ സ്ഥലത്തെത്തുമ്പോള്‍ ആ വിരഹം അദ്ദേഹത്തെ വേട്ടയാടുന്നു. പോലീസിന്റെ അന്വേഷണങ്ങല്‍ക്കിടയിലും പണ്ടേ ഇട്ടെറിഞ്ഞുപോയ അമ്മയേയും ഇടയ്ക്ക്‌ കിട്ടിയ പ്രണയത്തേയും ഒരിക്കലെങ്കിലും സന്ധിക്കണമെന്ന മോഹവുമായി അദ്ദേഹം ഇറങ്ങിത്തിരിക്കുന്നു.

പോലീസ്‌ ഓഫീസര്‍ സൂര്യനാരായണന്‍ (ബിജു മേനോന്‍) തിരുച്ചെല്‍ വത്തെ കണ്ടെത്താനുള്ള ഉത്തരവാദിത്വമേറ്റ്‌ കഷ്ടപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ മാധവിക്കുട്ടിയുടെ നോവലില്‍ കേട്ടിട്ടുള്ള തിരുച്ചെല്‍ വത്തെക്കുറിച്ച്‌ പറയുന്നു.

പിന്നീട്‌ ആ ഒരു സൂചന തിരുച്ചെല്‍ വത്തെ കണ്ടെത്തുന്നതിന്‌ സൂര്യനാരായണനെ സഹായിക്കുന്നു.


ഇങ്ങനെയൊക്കെ പോകുന്നു ഇതിന്റെ ഒരു കഥാസന്ദര്‍ഭം.

ഒട്ടും ആകാംക്ഷയോ ആസ്വാദ്യകരമായ സംഭവങ്ങളോ ഇല്ലാതെ വെറുതേ ഒരു സിനിമ. വിരഹവും ദുഖവും നിറഞ്ഞ ഒരു മുഖവും ബാര്‍ബര്‍ ഷോപ്പില്ലാത്ത നാടിന്റെ പ്രതീകമായ ഒരു തലയും വഹിച്ചുകൊണ്ട്‌ തിരുച്ചെല്‍ വം ഇങ്ങനെ നടക്കുന്നു.

'ഏഴൈ സ്വര്‍ഗ്ഗം വരുമാ..' എന്ന ഒരു ഹൃദയസ്പര്‍ശിയായ ചോദ്യത്തിന്റെ പൊരുള്‍ ഒരല്‍പം സ്വാധീനിച്ചതല്ലാതെ വേറെ ഒരു വികാരതീവ്രതയോ ഭാവതലങ്ങളോ ആരെയും സ്പര്‍ശിക്കുമെന്ന് തോന്നുന്നില്ല.

സിനിമയല്ലേ, അതിനാല്‍ ഇരിക്കട്ടെ രണ്ട്‌ പാട്ട്‌ എന്ന പേരില്‍ രണ്ട്‌ ഗാങ്ങങ്ങള്‍, അതിന്റെ കോപ്രായങ്ങളുമായി അവസാനിച്ചപ്പോള്‍ മൂന്നാമതൊരു ഗാനം ബോറടിച്ചവനെ കാറിടിപ്പിച്ചപോലെ ആയിപ്പോയി.

ഈ ചിത്രത്തിന്റെ കഥയുടെ ഒരു ഗുട്ടന്‍സ്‌ ശരിക്കും പിടി കിട്ടാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്‌.

അതായത്‌, മാധവിക്കുട്ടി എന്ന കഥാകാരി മനോമി എന്ന പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്ന കാര്യങ്ങള്‍ സത്യത്തില്‍ സംഭവിച്ചതാണെന്നുവേണം ഈ സിനിമയില്‍ നിന്നും മനസ്സിലാക്കേണ്ടത്‌. കാരണം, ആ കഥയുടെ കാര്യങ്ങള്‍ വച്ചാണ്‌ സൂര്യനാരായണന്‍ എന്ന പോലീസ്‌ ഓഫീസര്‍ എല്ലാം കണ്ടെത്തുന്നത്‌ എന്നത്‌ തന്നെ.

നിര്‍ജ്ജീവമായി ഇരുന്ന് കണ്ട്‌, ജീവച്ഛവമായി എഴുന്നേറ്റ്‌ പോരേണ്ടിവന്നപ്പോഴും ഈ സിനിമ എന്തിനായിരുന്നു എന്നു തോന്നിയതല്ലാതെ ദേഷ്യം തോന്നിയില്ല. കാരണം, ഈയൊരു നിലവാരമേ പ്രതീക്ഷിച്ചിരുന്നുള്ളൂ...

റിവ്യൂ എഴുതുന്ന കാര്യം ആലോചിച്ചപ്പോള്‍ അല്‍പം ദേഷ്യം വന്നു... കാരണം, ഇതിനൊക്കെ എന്ത്‌ റിവ്യൂ എഴുതാനാണ്‌? പിന്നെ, എന്തെങ്കിലുമാകട്ടെ എന്നു കരുതി ഇതിവിടെ കുറിക്കുന്നു..

Rating: 2.5 / 10