Monday, June 21, 2010

രാവണന്‍ (തമിഴ്‌)




കഥ, തിരക്കഥ സംവിധാനം: മണിരത്നം
സംഭാഷണം: സുഹാസിനി മണിരത്നം
മ്യൂസിക്‌: ഏ.ആര്‍. റഹ്‌ മാന്‍


രാമായണകഥയിലെ ഒരു ഏട്‌, ഇന്നത്തെ കാലഘട്ടത്തിലെ സംഭവങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും മറ്റൊരു വീക്ഷണകോണിലൂടെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ്‌ ഈ സിനിമയുടെ പ്രത്യേകത.

രാമായണകഥയിലെ പല കഥാപാത്രങ്ങള്‍ക്കും സമാനമായ കഥാപാത്രങ്ങളും സ്വഭാവസവിശേഷതകളും പ്രതിഫലിപ്പിച്ചിട്ടുണ്ടെങ്കിലും പല ഭേദഗതികളും വ്യത്യസ്തമായ വികാരതലങ്ങളും ഉള്‍പ്പെടുത്തി മറ്റൊരു അര്‍ത്ഥതലം നല്‍കാനാണ്‌ ഇവിടെ ശ്രമിച്ചിരിക്കുന്നത്‌.

ഈ ചിത്രത്തിലൂടെ രാമായണകഥയുടെ പുതിയ അവതരണം താഴെ പറയുന്നതുപോലെ വിവരിക്കാം..

രാവണന്‍ തന്റെ വനമേഖലയിലും മറ്റുമായി സ്വന്തമായ നിയമവും ഭരണവുമായി ജീവിക്കുന്നിടത്തേക്ക്‌ നിയമവാഴ്ചയും പൊതുജീവിതവും നിയന്ത്രണത്തിലാക്കാന്‍ രാമന്‍ സൈന്യവുമായി എത്തുന്നു.

രാവണനെ പിടിക്കാനുള്ള ശ്രമത്തിന്റെ ഫലമായി അദ്ദേഹത്തിന്റെ സഹോദരി ശൂര്‍പ്പണഖ രാമന്റെ സേനയിലെ ചില പ്രധാനികളുള്‍പ്പെടെയുള്ളവരുടെ പീഢനത്തിനിരയാകുന്നു. അപമാനം താങ്ങാതെ ശൂര്‍പ്പണഖ ആത്മാഹൂതി ചെയ്യുന്നു. രാവണന്‍ സഹോദരങ്ങളായ കുംഭകര്‍ണ്ണനും വിഭീഷണനും കൂട്ടാളികളുമായി പ്രതികാരമനസ്സോടെ സൈന്യത്തെ കൊന്നൊടുക്കുന്ന പ്രവണതയിലെത്തുന്നു. മാത്രമല്ല, രാമന്റെ പ്രിയപത്നിയായ സീതയെ കാട്ടിലേയ്ക്ക്‌ തട്ടിക്കൊണ്ടുപോകുന്നു.

രാമന്‍ സൈന്യവുമായി സീതയെ മോചിപ്പിക്കാനും രാവണരാജ്യം അമര്‍ച്ചചെയ്യാനുമായി കാട്‌ കയറുന്നു. രാമനും സൈന്യത്തിനും വഴികാട്ടിയായി വനവുമായി അടുത്ത്‌ പരിചയമുള്ള ഹനുമാന്‍ സഹായത്തിനെത്തുന്നു.

സീത അല്‍പ്പം പോലും ഭയക്കാതെ രാവണനെ അത്ഭുതപ്പെടുത്തുന്നു. തന്റെ ഭര്‍ത്താവ്‌ തന്നെ തേടി എത്തുമെന്നും രാവണനെ വധിച്ച്‌ തന്നെ മോചിപ്പിക്കുമെന്നും വിശ്വസിക്കുന്നു.

തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ രാവണനിലെ നന്മയും തന്റെ അപഹരണത്തിലെത്തുവാനുണ്ടായ കാരണങ്ങളും സീതയില്‍ രാവണനോടുള്ള മനോഭാവത്തില്‍ മാറ്റം സൃഷ്ടിക്കുന്നു. അതേ സമയം താന്‍ ഈശ്വരതുല്ല്യനായി കരുതിയിരുന്ന ഭര്‍ത്താവായ രാമന്റെ പ്രവൃത്തികളില്‍ പൂര്‍ണ്ണമായ വിശ്വാസം കുറയുന്നു.

അവസാനഘട്ടത്തിലെ രാമ രാവണയുദ്ധവും, നന്മ പ്രതീക്ഷിക്കുന്നിടത്ത്‌ തിന്മയും, തിന്മയുടെ സ്ഥാനത്ത്‌ നന്മയും സീതയെപ്പോലെ പ്രേക്ഷകരെയും മാനസികപിരിമുറുക്കത്തിലാക്കുന്നു.


വനമേഖലയിലെ പ്രകൃതിസൗന്ദര്യങ്ങളിലൂടെ നല്ലൊരു ദൃശ്യാനുഭവം നല്‍കുവാനായി ഈ ചിത്രത്തിന്‌ സാധിച്ചിരിക്കുന്നു. വിക്രം അവതരിപ്പിച്ച രാവണപരിവേഷവും ഐശ്വര്യറായുടെ സീതയും അഭിനയമികവ്‌ പുലര്‍ത്തി. ഹനുമാന്റെ ഭാവ വേഷ പ്രകടങ്ങളിലൂടെ കാര്‍ത്തിക്‌ പ്രേക്ഷകരെ ആകര്‍ഷിച്ചു. സഹോദരനൊപ്പം എന്തിനും ഉറച്ചുനില്‍ക്കുന്ന കുംഭകര്‍ണ്ണനായി പ്രഭുവും മികവ്‌ പുലര്‍ത്തി. സമാധാനപ്രിയനായ രാവണന്റെ മറ്റൊരു സഹോദരന്‍ വിഭീഷണനായി സാമ്യം പുലര്‍ത്തിയ നടനും മോശമായില്ല.

പൃഥ്യിരാജിന്റെ രാമതുല്ല്യനായ പോലീസ്‌ ഓഫീസര്‍ അത്ര അഭിനയസാദ്ധ്യതകളില്ലാത്തതിനാല്‍ എടുത്തുപറയത്തക്ക മികവ്‌ പുലര്‍ത്തിയതായി തോന്നിയില്ല.. എങ്കിലും തന്റെ റോളിനോട്‌ നീതി പുലര്‍ത്തിയെന്ന് തന്നെ പറയാം.

മ്യൂസിക്കും ഛായാഗ്രഹണവും നല്ല നിലവാരം പുലര്‍ത്തി.

ഇതൊക്കെയാണെങ്കിലും, ന്യൂനതകളുടെ കാര്യത്തിലും ഈ ചിത്രം ഒട്ടും പിന്നിലല്ല.
തട്ടിക്കൊണ്ട്‌ വന്നതിനുശേഷം വീരയുമായി (വിക്രം) രാഗിണി (ഐശ്വര്യ) സംസാരിക്കുന്നത്‌ ഒരു അക്ഷരശ്ലോകമല്‍സരമാക്കിയതെന്തിനാണെന്ന് ആര്‍ക്കും മനസ്സിലായില്ല. സംഭാഷണമെഴുതിയ സുഹാസിനി തന്റെ കഴിവ്‌ പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗം പക്ഷേ പ്രേക്ഷകമനസ്സിനെ അലോസരപ്പെടുത്തി എന്നതാണ്‌ സത്യം.

അതുപോലെ തന്നെ, ഈ ചിത്രത്തിന്റെ പലഘട്ടങ്ങളിലും അതിഭാവുകത്വങ്ങളും നാടകീയതയും പ്രകടമായിരുന്നു. വിക്രമിന്റെ കഥാപാത്രങ്ങളില്‍ ഈ അതിഭാവുകത്വം കണ്ട്‌ മടുത്ത പ്രേക്ഷകര്‍ക്ക്‌ വീണ്ടും അത്തരത്തിലുള്ള ഒരെണ്ണം കൂടി കാണുമ്പോഴുണ്ടാകുന്ന ഒരു വിരസത സ്വാഭാവികം മാത്രം.

ആദ്യഘട്ടങ്ങളില്‍ വല്ലാത്ത ലാഗ്‌ അനുഭവപ്പെടുകയും ബാക്ക്‌ ഗ്രൗണ്ട്‌ മ്യൂസിക്കിന്റെ ഭാഗമായ കവിതാപാരായണരീതിയിലുള്ള ഗാനാലാപനം കര്‍ണ്ണകഠോരമായി തോന്നുകയും ചെയ്തു. കഥാഗതി ഏകദേശം നിര്‍ണ്ണയിക്കാവുന്ന രീതിയിലാണ്‌ ചിത്രം പുരോഗമിക്കുന്നത്‌. എങ്കിലും ചിത്രത്തിന്റെ അവസാനഘട്ടം പ്രേക്ഷകമനസ്സിനെ സ്വാധീനിക്കുന്നതായി.

പൊതുവേ, ഒരു വന്‍ പ്രതീക്ഷയുണര്‍ത്തിയിരുന്ന ഒരു മണിരത്നം സിനിമയായിരുന്നു ഇതെങ്കിലും, പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത്‌ ഉയരാന്‍ ഈ ചിത്രത്തിന്‌ ആയിട്ടില്ലെന്ന് വ്യക്തം. ഈ ചിത്രം ഉണ്ടാക്കുവാന്‍ വേണ്ടി എടുത്ത സമയവും സാഹസികതകളും ബുദ്ധിമുട്ടുകളും കണക്കിലെടുത്ത്‌ നോക്കിയാല്‍ ഇതൊരു വന്‍ പരാജയമാണെങ്കിലും, അത്തരം ഘടകങ്ങളൊന്നും കണക്കാക്കാതേ, വന്‍ പ്രതീക്ഷകളില്ലാതെ സമീപിച്ചാല്‍, അത്യാവശ്യം കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ്‌ രാവണന്‍.